28 December 2025, Sunday

Related news

December 24, 2025
December 16, 2025
October 26, 2025
April 9, 2025
March 28, 2025
March 27, 2025
September 25, 2024
July 10, 2024
October 24, 2023
September 15, 2023

സംസ്ഥാനത്ത് എച്ച്ഐവി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു, ശ്രദ്ധിക്കാം…

ലിജി ബി തോമസ്
December 24, 2025 11:49 am

1980കളുടെ തുടക്കത്തിലാണ് ലോകത്താദ്യമായി എയ്ഡ്സ് രോഗം കണ്ടെത്തിയത്. അമേരിക്കയിലായിരുന്നു ആദ്യ കേസ്. 1990കളിൽ എത്തുമ്പോഴേക്കും എയ്ഡ്സ് ലോകത്തിന്റെ മറ്റു കോണുകളിലേക്കും പടർന്നു. ആദ്യകാലത്ത് എച്ച്ഐവി അണുബാധയെക്കുറിച്ചു കാര്യമായ അറിവ് ശാസ്ത്രലോകത്തിന് ഇല്ലായിരുന്നു. 1990കളുടെ അവസാനത്തോടെയാണ് ഇതിനെക്കുറിച്ചു പലരും പഠിച്ചുതുടങ്ങിയത്. ഇതിന്റെ തുടക്കം, അസുഖം പകരുന്ന രീതി, സുരക്ഷാമാർഗങ്ങൾ, ചികിത്സാരീതി തുടങ്ങിയ കാര്യങ്ങളിൽ പതിയെ വ്യക്തത വന്നുതുടങ്ങി. മരുന്നുകളും വിപണിയിൽ എത്തിത്തുടങ്ങി. രണ്ടായിരത്തിന്റെ തുടക്കത്തോടെ എച്ച്ഐവി ബാധിതരുടെ എണ്ണത്തിൽ കുറവു വരുത്താനും രോഗവ്യാപനത്തിൽ നിയന്ത്രണം കൊണ്ടുവരാനും ലോകരാജ്യങ്ങൾക്ക്, പ്രത്യേകിച്ച് ഇന്ത്യയ്ക്കു സാധിച്ചു. പാശ്ചാത്യരാജ്യങ്ങളെ അപേക്ഷിച്ച്, എച്ച്ഐവി നിയന്ത്രണത്തിൽ ഇന്ത്യ വളരെ മുന്നിലായിരുന്നു.

HIV-AIDS – AdvinHealthcare %

എയ്ഡ്സിന്റെ ഇപ്പോഴത്തെ ‘രണ്ടാം വരവിന്’ പ്രധാനമായും മൂന്നു കാരണങ്ങൾ പറയാം. ഒന്ന്: ചെറുപ്പക്കാർക്കിടയിലുള്ള ലഹരി ഉപയോഗം. പ്രധാനമായും ഐവി ഡ്രഗ് അബ്യൂസ് (സിറിഞ്ച് ഉപയോഗിച്ചു കുത്തിവയ്ക്കുന്ന ലഹരികൾ). നിലവിലെ കേസുകളിൽ 10 ശതമാനത്തോളവും ഇപ്രകാരമാണെന്നു കണക്കാക്കുന്നു. ഇതു കൂടിക്കൊണ്ടിരിക്കുന്നു. രണ്ട്: സ്വവർഗരതിയിലൂടെയുള്ള വ്യാപനം. സ്വവർഗാനുരാഗത്തിലെ ശരിതെറ്റുകൾക്കപ്പുറത്ത്, സുരക്ഷിതമല്ലാത്ത സ്വവർഗരതി മൂലമാണ് കേരളത്തിൽ ഇന്നു റിപ്പോർട്ട് ചെയ്യപ്പെടുന്ന 20% എയ്ഡ്സ് കേസുകളും. മൂന്ന്: ഏറ്റവും പ്രധാന കാരണം സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം തന്നെയാണ്. വ്യക്തിബന്ധങ്ങളിൽ ഉണ്ടായ കാലാനുസൃത മാറ്റമാകാം ഇതിനു കാരണം. ഗർഭധാരണം തടയാൻ മരുന്നുകഴിക്കാൻ ഭൂരിഭാഗം പേരും തയാറാണ്. എന്നാൽ, ലൈംഗിക ബന്ധത്തിലെ സുരക്ഷ ഉറപ്പാക്കാൻ ശ്രദ്ധിക്കുന്നില്ല. ടെസ്റ്റുകളുടെ എണ്ണം വർധിച്ചതും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാൻ കാരണമാണ്. മറ്റു ലൈംഗിക രോഗങ്ങളിലുണ്ടായ വർധനയും എയ്ഡ്സ് നിയന്ത്രണ ദൗത്യത്തെ പിന്നോട്ടുവലിക്കുന്നുണ്ട്. മറ്റൊരു കാരണം സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ നടക്കുന്ന ടാറ്റൂവും ഇപ്പോൾ എല്ലാ പ്രായക്കാർക്കിടയിലും വ്യാപകമായി കാണപ്പെടുന്നു. അണുവിമുക്തമാക്കാത്ത ഉപകരണങ്ങൾ ഉപയോഗിക്കുന്നതും ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന കേന്ദ്രങ്ങളുടെ വ്യാപനത്തിന് കാരണമാകുന്നു.

AIDS Overview: Symptoms, Causes, and Treatment

സമൂഹത്തിൽ തുറന്ന് പറയാൻ പറ്റാത്ത അസുഖമായാണ് പലരും എയ്ഡ്സിനെ കണക്കാക്കുന്നത്. അസുഖത്തേക്കാൾ കൂടുതലായി, സമൂഹത്തിലും കുടുംബത്തിലും ഒറ്റപ്പെടുമോയെന്ന ഭയമാണ് ഇതിന് കാരണം. വൈറസ് ബാധിതർ ചികിത്സ സ്വീകരിക്കാതെ, രോഗവ്യാപനത്തിനുള്ള സാഹചര്യം സൃഷ്ടിക്കുന്നവിധത്തിൽ ഇടപഴകുമ്പോഴാണ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നത്. കൂടാതെ, പലരും തങ്ങൾക്ക് രോഗബാധ ഉണ്ടായിരിക്കുന്നു എന്നതുതന്നെ തിരിച്ചറിയാതെ പോകുന്നത് രോഗവ്യാപനത്തിന്റെ മറ്റൊരു പ്രധാന കാരണമാണ്. രോഗം തുറന്നു പറയുന്നവരെ ചേർത്തുപിടിക്കുന്നുവഴി മാത്രമേ ഒരു സമൂഹമായി എച്ച്‌ഐവി ബാധയെ പൂർണമായും നേരിടാൻ കഴിയൂ. എച്ച്‌ഐവി വായുവിലൂടെയോ സ്പർശനത്തിലൂടെയോ പകരുന്ന ഒന്നല്ല. രോഗബാധിതരായ ആളുകളുടെ അടുത്തുകൂടി ഇരിക്കുന്നതുകൊണ്ടോ അവരെ സ്പർശിക്കുന്നതുകൊണ്ടോ ഒരേ പാത്രത്തിൽ ഭക്ഷണം കഴിക്കുന്നതിലൂടെയും രോഗം പകരില്ല.

എച്ച്‌ഐവി ബാധിതനുമായി രോഗവ്യാപന സാധ്യതയുള്ള രീതിയിൽ സമ്പർക്കം ഉണ്ടായതായി സംശയിക്കുന്നവർക്ക്, പ്രാരംഭ ഘട്ടത്തിൽ തന്നെ അണുബാധയെ ചെറുക്കാനുള്ള ചികിത്സയാണ് പോസ്റ്റ് എക്‌സ്‌പോഷർ പ്രൊഫൈലാക്സിസ് (പിഇപി). എത്ര നേരത്തെ ചികിത്സ തേടുന്നുവോ അത്ര ഫലപ്രദമായിരിക്കും. 72 മണിക്കൂറിന് ശേഷം ഈ ചികിത്സയ്ക്ക് പ്രയോജനം ലഭ്യമല്ല. മുൻകാലങ്ങളെ അപേക്ഷിച്ച് എയ്ഡ്സ് ജീവിതത്തിന്റെ അവസാനമല്ല. അശ്രദ്ധയും അജ്ഞതയും മൂലം ക്ഷണികമായ സുഖത്തിനായി സ്വന്തം ആരോഗ്യത്തെ ബലികഴിക്കാതിരിക്കുക എന്നതാണ് യുവതലമുറ ശ്രദ്ധിക്കേണ്ടത്.

HIV/AIDS Facts Everyone Should Know

സംസ്ഥാനത്ത് നിലവില്‍ 23,608 എച്ച്ഐവി ബാധിതരുണ്ട്. രാജ്യത്ത് ഇത് 25 ലക്ഷമാണ്. 2024‑ല്‍ മാത്രം 6300 പേരെ രാജ്യത്ത് കണ്ടെത്തി. സംസ്ഥാനത്ത് 1213. ഒരുമാസം ശരാശരി 100. ഇക്കൊല്ലം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍വരെ 818 പേര്‍ക്ക് കണ്ടെത്തി.2022 ഏപ്രില്‍മുതല്‍ 2025 വരെയുള്ള കണക്കനുസരിച്ച് അണുബാധിതരായ(4,477)വരില്‍ 62.5 ശതമാനം പേര്‍ക്കും ഒന്നിലധികം പങ്കാളികളുമായി സുരക്ഷിതമല്ലാത്ത ലൈംഗികബന്ധമുണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. 24.6 ശതമാനംപേര്‍ക്ക് സ്വവര്‍ഗരതിയിലൂടെയാണ് അണുബാധയുണ്ടായത്. 8.1 ശതമാനത്തിന് സൂചിപങ്കിട്ടുള്ള മയക്കുമരുന്നുപയോഗത്തിലൂടെയും. ഗര്‍ഭകാലത്ത് അമ്മമാരില്‍നിന്ന് പകര്‍ന്നത് 0.9 ശതമാനം ശിശുക്കള്‍ക്ക്. 3.7 ശതമാനത്തിന് അണുബാധയുണ്ടായത് എങ്ങനെയെന്നറിയില്ല.മൂന്നുവര്‍ഷത്തിനിടെ അണുബാധിതരായവരില്‍ 3393 പേര്‍ പുരുഷന്മാരും 1065 പേര്‍ സ്ത്രീകളും 19 പേര്‍ ട്രാന്‍സ്ജെന്‍ഡറുമാണ്. 90 പേര്‍ ഗര്‍ഭിണികളായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.