
റെയില്‍വേ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചതായി കേന്ദ്രസര്‍ക്കാര്‍ രേഖ. ജീവനക്കാരുടെ അപര്യാപ്തതയും സാങ്കേതിക പരിഷ്കരണമില്ലാത്തതും മൂലം ട്രെയിന്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നതിനിടെയാണ് സര്‍ക്കാര്‍ പുതിയ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഏറ്റവും കൂടുതല്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുള്ളത് റെയില്‍വേയിലാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഒന്നിന് 12.37 ലക്ഷം പേരാണ് റെയില്‍വേയില്‍ ജോലി ചെയ്തിരുന്നതെങ്കില്‍ അടുത്ത മാസം 31 ഓടെ ഇത് 12.15 ലക്ഷമായി കുറയും. എന്നാല്‍ വരും വര്‍ഷം ഇത് 12.36 ആക്കാനാണ് നീക്കമെന്ന് കേന്ദ്രം പറയുന്നു. കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ വാര്‍ഷിക ശമ്പള, അലവന്‍സ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.
2014 മുതല്‍ 24 വരെയുള്ള കാലയളവില്‍ അഞ്ച് ലക്ഷം ഒഴിവുകള്‍ നികത്തിയെന്ന് റെയില്‍വേ മന്ത്രാലയം കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ഒഴിവ് നികത്തല്‍ തുടര്‍ച്ചയായി നടന്നുവരുന്ന ഒരു പ്രക്രിയയാണെന്നുമായിരുന്നു റെയില്‍വെയുടെ പ്രതികരണം. 33 ലക്ഷം പേര്‍ കേന്ദ്രസര്‍ക്കാരിന് കീഴില്‍ ജോലി ചെയ്യുന്നുവെന്നാണ് ധനകാര്യ മന്ത്രാലയത്തിന്റെ രേഖകള്‍ പറയുന്നത്. കേന്ദ്ര ഭരണപ്രദേശങ്ങളിലുള്‍പ്പെടെയായി 40 ലക്ഷം ജീവനക്കാരുടെ സേവനം ആവശ്യമാണെന്നാണ് കണക്കാക്കിയിരിക്കുന്നത്.
2023 മാര്‍ച്ച് ഒന്നിന് 30.62 ലക്ഷമായിരുന്നു ജീവനക്കാരുടെ എണ്ണം. 24 ശതമാനത്തോളം തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. അടുത്ത മാസം 31 ഓടെ 36.58 ലക്ഷമായും അടുത്ത വര്‍ഷം 36.97 ലക്ഷമായും ഉയര്‍ത്തുമെന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്. തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതിന് റിപ്പോര്‍ട്ടില്‍ പ്രത്യേക കാരണമൊന്നും പറയുന്നില്ല. വിരമിക്കുന്നതിന് ആനുപാതികമായ നിയമനം നടക്കാത്തതും പല ജോലികളും പുറംകരാര്‍ നല്‍കുന്നതും ഒഴിവ് നികത്താത്തതിനുള്ള കാരണങ്ങളാണ്. തസ്തികകള്‍ നികത്താനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും തൊഴില്‍മേളകള്‍ നടത്തിവരികയാണെന്നുമാണ് കേന്ദ്രത്തിന്റെ വിശദീകരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.