23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 21, 2024
December 21, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

അടിയന്തര പ്രമേയത്തില്‍ വീണ്ടും ‘അടി’ വാങ്ങി പ്രതിപക്ഷം

സ്വന്തം ലേഖകന്‍
തിരുവനന്തപുരം
February 28, 2023 10:51 pm

പറഞ്ഞ് പഴകിയ ആരോപണങ്ങളും ഇഡിയുടെ വാദങ്ങളും അടിസ്ഥാനമാക്കി കെട്ടിപ്പൊക്കിയ അടിയന്തര പ്രമേയത്തില്‍ വീണ്ടും ‘അടി’ വാങ്ങി പ്രതിപക്ഷം. ലൈഫ് മിഷന്‍ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി മാത്യു കുഴല്‍നാടന്‍ നടത്തിയ പ്രസംഗത്തിലെ അതിരുകടന്ന പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരുമുള്‍പ്പെടെ ഭരണപക്ഷം ഒന്നാകെ രംഗത്തിറങ്ങിയതോടെ പ്രതിപക്ഷത്തിന് നില്‍ക്കക്കള്ളിയില്ലാതായി. നിയമസഭാ ചട്ടങ്ങളും ലംഘിച്ചുകൊണ്ടായിരുന്നു പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസെന്ന് മറുപടി നല്‍കിയ മന്ത്രി എം ബി രാജേഷും നിയമ വകുപ്പ് മന്ത്രിയുമുള്‍പ്പെടെ ചൂണ്ടിക്കാട്ടി. ദേശീയതലത്തില്‍ കോണ്‍ഗ്രസ് എതിര്‍ക്കുന്ന ഇഡിയുടെയും സിബിഐയുടെയും വക്കീലായി സഭയിലെത്തിയ കുഴല്‍നാടന് കണക്കിന് കിട്ടിയതോടെ പ്രതിപക്ഷത്തിന്റെ നില പരുങ്ങലിലായി.

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നയും മുഖ്യമന്ത്രിയും കോണ്‍സുലേറ്റ് ജനറലും കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ ആരോപണം. എന്നാല്‍ ഇത് പച്ചക്കള്ളമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. അത്തരത്തില്‍ ഒരു കൂടിക്കാഴ്ചയും നടന്നിട്ടില്ല. മാത്യു കുഴല്‍നാടന്‍ സഭയെ എന്തും വിളിച്ചുപറയാവുന്ന സ്ഥലമാക്കി മാറ്റിയെന്നും മുഖ്യമന്ത്രി വിമർശിച്ചു. സര്‍ക്കാരിന്റേതായ രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ തനിക്ക് സാധിക്കുമെന്നും അതിന് മാത്യു കുഴൽനാടന്റെ ഉപദേശം ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കി സംസാരിച്ച മന്ത്രി എം ബി രാജേഷും കോണ്‍ഗ്രസിന്റെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി. പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടുന്ന ഇഡിയും സിബിഐയും രാജ്യത്തുടനീളം നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളും അതിനോട് കോണ്‍ഗ്രസ് ദേശീയ നേതൃത്വം സ്വീകരിക്കുന്ന നിലപാടും മന്ത്രി അക്കമിട്ട് നിരത്തി. പ്ലീനറി സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിന്റെ മഷിയുണങ്ങുംമുമ്പ് നിയമസഭയില്‍ ഇഡിയുടെ വാദങ്ങള്‍ ഉയര്‍ത്തിക്കാട്ടി എത്തിയ കോണ്‍ഗ്രസ് നേതാക്കളുടെ ഇരട്ടത്താപ്പിനെ മന്ത്രി എം ബി രാജേഷ് തുറന്നുകാട്ടി.

ദേശീയ തലത്തിലും സംസ്ഥാനതലത്തിലുമായി രണ്ട് കോണ്‍ഗ്രസ് ആണോയെന്ന് തോന്നുന്നതായി അദ്ദേഹം പറഞ്ഞു. ഇവിടെ സിബിഐയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും സഖ്യകക്ഷികളായി പ്രവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസ്. അപകര്‍ഷതാബോധത്തിന്റെ ആഴത്തിലേക്കാണ് അവര്‍ ചെന്ന് പതിച്ചിരിക്കുന്നതെന്നും എം ബി രാജേഷ് ചൂണ്ടിക്കാട്ടി. ഇഡിയുടെ വാദങ്ങളുമായി സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാമെന്ന് ആഗ്രഹിച്ചെത്തിയ പ്രതിപക്ഷത്തിന് ഒടുവില്‍ പിന്മാറേണ്ടിവന്നു. ഇഡിയുടെ നിലപാടുകളും ഞങ്ങള്‍ക്ക് സംശയാസ്പദമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. വ്യാജ ആരോപണങ്ങളുയര്‍ത്തി സഭയില്‍ ബഹളമുണ്ടാക്കാമെന്ന് കരുതി എത്തിയ പ്രതിപക്ഷത്തിന് ഒടുവില്‍ മുഖം രക്ഷിക്കാന്‍ ഇറങ്ങിപ്പോക്ക് തന്നെ നടത്തേണ്ടിവന്നു.

ദുരിതാശ്വാസ നിധി: കഴിഞ്ഞവര്‍ഷം അനുവദിച്ചത് 462.62 കോടി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗവുമായി ബന്ധപ്പെട്ട് വിജിലൻസ് കണ്ടെത്തിയ തെറ്റായ പ്രവണതകളിൽ തുടർനടപടികൾ കൈ ക്കൊള്ളാൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ചില അപേക്ഷകൾ സർക്കാർ തലത്തിൽ പരിശോധിച്ചപ്പോൾ സംശയം തോന്നി. അതിന്റെ അടിസ്ഥാനത്തിലാണ് അക്കാര്യം പരിശോധിക്കാൻ വിജിലൻസ് ഡയറക്ടറോട് നിർദേശിച്ചത്. അവർ നടത്തിയ പരിശോധനയിൽ ചില തെറ്റായ പ്രവണതകൾ കണ്ടെത്തി.

2016 ജൂൺ മുതൽ ’21 മേയ് വരെ 6,82,569അപേക്ഷകളിൽ 918.95 കോടി അനുവദിച്ചിട്ടുണ്ട്. പ്രളയദുരിതാശ്വാസത്തിനായി 4970.29 കോടി ലഭിച്ചതിൽ 4627.64 കോടി ചെലവാക്കി. ഓഖി ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ലഭിച്ചത് 108.59 കോടിയാണെങ്കിലും 119.34 കോടിയാണ് ചെലവഴിച്ചത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ലഭിച്ച 1029.01 കോടിയിൽ 1028.06 കോടി ചെലവഴിച്ചിട്ടുണ്ട്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം കഴിഞ്ഞ ജനുവരി 31 വരെ 2,46,522 അപേക്ഷകളിൽ 462.62 കോടി അനുവദിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

Eng­lish Summary;The oppo­si­tion took a ‘hit’ again on the emer­gency resolution

You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.