19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 3, 2024
November 17, 2024
October 22, 2024
October 8, 2024
September 24, 2024
September 23, 2024
September 10, 2024
September 6, 2024
September 6, 2024
July 21, 2024

പഴശ്ശി പദ്ധതി പ്രധാന കനാലിലൂടെ വീണ്ടും വെള്ളമൊഴുകും; ട്രയൽറൺ 20ന്

Janayugom Webdesk
കണ്ണൂർ
April 18, 2022 6:52 pm

നീണ്ട കാത്തിരിപ്പിനൊടുവിൽ പഴശ്ശി പദ്ധതിയുടെ പ്രധാന കനാലിലൂടെ വീണ്ടും വെള്ളമൊഴുകും. പഴശ്ശി ഡാം മുതൽ കീച്ചേരി വരെയുള്ള പ്രധാന കനാലിലെ ആദ്യ അഞ്ചര കിലോമീറ്ററിലെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി. ജലവിതരണം പുനസ്ഥാപിക്കുന്നതിന് മുന്നോടിയായി കനാലിലൂടെ വെള്ളം ഒഴുക്കി വിടുന്നതിനുള്ള ട്രയൽറൺ ഉദ്ഘാടനം ഏപ്രിൽ 20ന് ഉച്ച രണ്ടിന് വെളിയമ്പ്ര പഴശ്ശി ഗാർഡനിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. പഴശ്ശി ജലസേചന പദ്ധതിയുടെ സബ്ഡിവിഷൻ ഓഫിസിന്റെ ഉദ്ഘാടനവും ഹെഡ്ക്വാർട്ടേഴ്സ് സെക്ഷൻ പുതിയ ഓഫിസ് ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. ഈ ദിവസം കനാലിലൂടെ വെള്ളമൊഴുക്കി വിടുന്നതിനാൽ പഴശ്ശി ഡാം മുതൽ കീച്ചേരി വരെ മെയിൻ കനാലിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണം.

ജില്ലയിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയും 12 ശുദ്ധജല വിതരണ പദ്ധതികളുടെ ജലസ്രോതസ്സുമാണ് പഴശ്ശി പദ്ധതി. 46 കിലോ മീറ്റർ നീളമുള്ള മെയിൻ കനാലും ആറ് ബ്രാഞ്ച് കനാലും ഉൾപ്പെടെ ആകെ 440 കിലോ മീറ്റർ ദൈർഘ്യമുള്ള കനാൽ ശൃംഖലയും ഡാമും ഉൾപ്പെട്ട പദ്ധതി 1998ലാണ് പൂർണമായി കമ്മീഷൻ ചെയ്യപ്പെട്ടത്. ഡാം ഷട്ടറുകളുടെയും കനാലുകളുടെയും ചോർച്ച മൂലം റിസർവോയറിന് പൂർണ സംഭരണ ശേഷി ആർജിക്കാൻ സാധിച്ചില്ല. ഇതുമൂലം കാര്യക്ഷമമായ ജലവിതരണം നിർവഹിക്കാൻ കഴിഞ്ഞിരുന്നില്ല. 2008ലാണ് അവസാനമായി ജലവിതരണം നടന്നത്.

2012ലെ മിന്നൽ പ്രളയത്തിൽ ഡാം കര കവിഞ്ഞ് അധികജലം മെയിൻ കനാലിലൂടെ ഒഴുകിയതു മൂലം ഡാമിന്റെ ഘടനയ്ക്ക് സാരമായ കേടുപാടുണ്ടായി. മെയിൻ കനാലിൽ രണ്ടിടത്ത് ഭീമമായ വിള്ളലുകൾ രൂപപ്പെടുകയും ചെയ്തു. 2018ലെ വെള്ളപ്പൊക്കത്തിൽ കനാലുകളിൽ കൂടുതൽ സ്ഥലങ്ങളിൽ ചോർച്ച രൂപപ്പെട്ടു. 2019ലെ വെള്ളപ്പൊക്കത്തിൽ രണ്ടിടത്ത് വീണ്ടും വിള്ളലുണ്ടായി. ടണൽ ചെളി മൂടി അടയപ്പെടുകയും ചെയ്തു.
ലോക ബാങ്ക് സഹായത്തോടെ നടപ്പിലാക്കിയ ഡ്രിപ് പദ്ധതിയിലൂടെ ഡാമിലെ കേടുപാടുകൾ പൂർണമായി പരിഹരിച്ച് പൂർണ സംഭരണ ശേഷിയിൽ വെള്ളം സംഭരിക്കാനുള്ള ശേഷി ആർജിച്ചിട്ടുണ്ട്. ഈ പ്രവൃത്തി 6.76 കോടി രൂപ ചെലവിൽ 2018ൽ പൂർത്തീകരിച്ചു. 2018ലെ വെള്ളപ്പൊക്കത്തിലുണ്ടായ കെടുതികൾ 17.1599 കോടി രൂപ ചെലവിൽ എസ്ഡിആർഎഫ് സ്‌കീം മുഖേന പൂർത്തീകരിച്ചുവരുന്നു. 93 പ്രവൃത്തികൾക്ക് അംഗീകാരം ലഭിച്ചതിൽ 81 പ്രവൃത്തികൾ പൂർത്തീകരിച്ചു. 12.44 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്.

2019ലെ വെള്ളപ്പൊക്കത്തിൽ മെയിൻ കനാലിലെ അണ്ടർ ടണൽ, 110 കിലോ മീറ്ററോളം നീളത്തിൽ കനാൽ ഭിത്തി എന്നിവ തകർന്നത് റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി അഞ്ച് കോടി രൂപ ചെലവിൽ പുനരുദ്ധരിച്ചുവരികയാണ്. ഈ പ്രവൃത്തി 82 ശതമാനം പൂർത്തീകരിച്ചിട്ടുണ്ട്. പൂർത്തീകരണ കാലാവധി 2022 മെയ് 31 വരെയാണ്.

നിലവിൽ ലഭ്യമായ ഫണ്ടുപയോഗിച്ച് 46 കിലോമീറ്റർ വരുന്ന പ്രധാന കനാലും 23 കി.മീ വരുന്ന മാഹി ഉപകനാലും ഉപയോഗ യോഗ്യമാക്കാനുള്ള തീവ്ര ശ്രമത്തിലാണെന്ന് സൂപ്രണ്ടിംഗ് എൻജിനീയർ അറിയിച്ചു. ഡാമിൽ നിന്നു 300 മീറ്റർ അകലെയും 1.3 കിലോമീറ്ററിലുമുണ്ടായ തകർച്ച പരിഹരിച്ചു. അരികു കെട്ടി ബലപ്പെടുത്തിയും കോൺക്രീറ്റ് ചെയ്തുമാണ് കനാൽ നവീകരിച്ചത്. മെയിൻ കനാലിന്റെ രണ്ടു കിലോമീറ്റർ മുതൽ 3.4 കിലോമീറ്റർ വരെയുള്ള 1.4 കിലോമീറ്റർ നീളമുള്ള തുരങ്കവും മണ്ണ് നീക്കി വെള്ളമൊഴുകാൻ സജ്ജമാക്കി.

മാഹി ബ്രാഞ്ച് കനാലിൽ നിന്നും കീഴല്ലൂർ, വേങ്ങാട്, മാങ്ങാട്ടിടം, കോട്ടയം, പിണറായി, മൊകേരി, കതിരൂർ, എരഞ്ഞോളി, തൃപ്പങ്ങോട്ടൂർ, ചൊക്ലി, കുന്നോത്തുപറമ്പ്, ന്യൂമാഹി പഞ്ചായത്തുകളിലും കൂത്തുപറമ്പ്, പാനൂർ, തലശ്ശേരി നഗരസഭകളിലുമായി 2476 ഹെക്ടർ നിലവും മെയിൻ കനാലിൽ നിന്നും ഇരിട്ടി, മട്ടന്നൂർ, ആന്തൂർ, നഗരസഭകളിലും കീഴല്ലൂർ, വേങ്ങാട്, അഞ്ചരക്കണ്ടി, മുണ്ടേരി, കൂടാളി, കുറ്റിയാട്ടൂർ, മയ്യിൽ, കൊളച്ചേരി എന്നീ പഞ്ചായത്തുകളിലുമായി 569 ഹെക്ടർ നിലവും ജലസേചന യോഗ്യമാക്കും.

വളപട്ടണം പുഴക്ക് കുറുകെ കുയിലൂരിൽ അണകെട്ടി (ബാരേജ്) ജലനിരപ്പ് ഉയർത്തി പുഴവെള്ളം കനാലുകൾ വഴി വയലുകളിൽ എത്തിക്കുകയാണ് പഴശ്ശി ജലസേചന പദ്ധതി. കണ്ണൂർ ജില്ലയിലെ ഇരിട്ടി, തളിപ്പറമ്പ, കണ്ണൂർ, തലശ്ശേരി എന്നീ താലൂക്കുകളിലായി 46.26 കിലോമീറ്റർ പ്രധാന കനാലും, 78.824 കിലോമീറ്റർ ശാഖകനാലും, 142.039 കിലോമീറ്റർ വിതരണകനാലും, 150 കിലോമീറ്റർ നീർചാലുകളുമായി ആകെ 413.123 കിലോമീറ്റർ നീളത്തിൽ പഴശ്ശി പദ്ധതി വ്യാപിച്ചുകിടക്കുകയാണ്.

ജില്ലയിലെ 11525 ഹെക്ടർ സ്ഥലത്തു രണ്ടും മൂന്നും വിളകൾക്ക് ജലസേചനം നൽകുന്നതിനാണ് പദ്ധതി കൊണ്ട് ലക്ഷ്യമിട്ടിട്ടുള്ളത്. കേരള വാട്ടർ അതോറിറ്റി കണ്ണൂർ ജില്ലയുടെ കുടിവെള്ള സ്രോതസ്സിനായി ആശ്രയിക്കുന്നത് പഴശ്ശി പദ്ധതിയെയാണ്. കൂടാതെ ജപ്പാൻ കുടിവെള്ള പദ്ധതിയും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളവും പഴശ്ശി ജലമാണ് വിനിയോഗിക്കുന്നത്. ഇതിനു പുറമെ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ഈ പദ്ധതിയിലെ വെള്ളത്തെ വിനിയോഗിച്ച് ചെറുകിട ജലവൈദ്യുത പദ്ധതിയും വിഭാവനം ചെയ്തിരിക്കുന്നു. ഇതിൻറെ പ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

Eng­lish summary;The Pazhas­si project will re-flow water through the main canal; tri­al run on 20

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.