‘കൊടുംപാപി’ വിളയാടി നിന്ന ഒരു പാലക്കാടന്‍ ഉച്ചയ്ക്കാണ്, വീട്ടില്‍ വന്ന് കുപ്പയെടുക്കുന്ന ഒരു ‘ആശ’ തൊഴിലാളിയെ ഞാന്‍ ശ്രദ്ധിച്ചത്. നന്നെ തളര്‍ന്നിരുന്നു. കുടിക്കാന്‍ വെള്ളം ചോദിച്ചത് കൊടുത്ത ശേഷം തണലത്തിരുന്ന് അവര്‍ ദുരിതം പറഞ്ഞു. വളരെ തുച്ഛമായ വരുമാനമേയുള്ളു. കുട്ടികള്‍ക്ക് ഉച്ചയ്ക്കുള്ള കഞ്ഞികൂടി ഉണ്ടാക്കിവച്ചാണ്, വീടുവീടാന്തരം അലയുന്നത്. വെയിലും മഴയുമില്ല. ഒരു ദിവസം തെറ്റിയാല്‍ വഴക്കിടുന്ന യജമാനത്തിമാര്‍ മുപ്പതു ദിവസത്തിന് ഒരു വീട് കൊടുക്കുന്നത് നൂറ് രൂപ മാത്രം. കോവിഡ് കാലത്ത് ‘ആശ’ പ്രവര്‍ത്തകര്‍ ചെയ്ത സേവനം നിസ്തുലമായിരുന്നു. അധ്വാനവും ആശങ്കയും നിറഞ്ഞ ജീവിതം. എന്നിട്ടും അവര്‍ സമൂഹത്തെ പരിപാലിച്ചു. എന്നാല്‍ ഇവരോട് നാം കാണിക്കുന്നതോ? അക്രഡിറ്റഡ് സോഷ്യല്‍ ഹെല്‍ത്ത് ആക്ടിവിസ്റ്റഡ് (എഎസ്എച്ച്എ) എന്നാണ് ‘ആശ’ എന്ന പദത്തിനര്‍ത്ഥം. കഴിഞ്ഞ പാന്‍ഡമിക് കാലത്ത് ഗ്രാമീണ‑നഗരതലങ്ങളില്‍ മുന്നിരക്കാരായിരുന്ന 10 ലക്ഷത്തിലധികം വരുന്ന ഇവരുടെ സേവനവും ത്യാഗവും അന്താരാഷ്ട്രതലത്തില്‍ കൂടി അംഗീകരിക്കപ്പെട്ടതായിരുന്നു. എന്നാല്‍ നിരന്തരം ഇവരെ പണിയെടുപ്പിക്കുകയല്ലാതെ, മാന്യമായ വേതനമോ ജോലി സുരക്ഷയോ ഇവര്‍ക്ക് നല്കാന് സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല. ഒരു തൊഴിലുമില്ലാത്ത ഈ കൂട്ടര്‍ക്ക് കിട്ടിയത് ലാഭമല്ലേ എന്ന ദുഷ്ട മനോഭാവമാണ് അധികാരികളുടേത്. ഇങ്ങനെയൊരു മഹാവിഭാഗത്തിന് ന്യായമായ സേവന‑വേതന വ്യവസ്ഥ വേണമെന്നു ചിന്തിച്ചതേയില്ല. കോവിഡ് കഴിഞ്ഞിട്ടില്ല. എത്ര തരംഗങ്ങള്‍ പിന്നിലുണ്ടെന്നറിയില്ല. എന്നിട്ടും ഇവര്‍ക്ക് നല്‍കിയിരുന്ന കോവിഡ് കോമ്പന്‍സേഷന്‍ അലവന്‍സായ തുച്ഛമായ 1000 രൂപ പോലും പിന്‍വലിച്ചു. തുടര്‍ന്നാണ് അവര്‍ സമരം ചെയ്തത്. അത് വീണ്ടും നല്‍കിയെങ്കിലും അതും ഈ മാര്‍ച്ചോടെ തീരും. ‘ആശ’ പ്രവര്‍ത്തകര്‍ വലിയ റിസ്കിലാണ് പ്രവര്‍ത്തിക്കുന്നത്. വീട്ടുകാര്‍ പോലും വിട്ടുമാറി നില്‍ക്കുമ്പോഴാണ് രോഗം റിപ്പോര്‍ട്ട് ചെയ്യുവാനും മോണിറ്റര്‍ ചെയ്യാനും അവര്‍ വീടുകളിലെത്തുന്നത്. അവര്‍ക്കും സ്വന്തം വീടും കുട്ടികളുമുണ്ട്. കനത്ത ആശങ്കയോടെയാണവര്‍ ജോലി ചെയ്യുന്നതും. ഇതേക്കുറിച്ച് ഏതാനും ആഴത്തിലുള്ള പഠനങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. സേവനത്തിനിടെ രോഗബാധിതരായ ആശ വര്‍ക്കേഴ്സില്‍ പലര്‍ക്കും യാതൊരുവിധ വെെദ്യസഹായവും നല്‍കിയിട്ടില്ലെന്ന പരാതിയുണ്ട്. അവര്‍ക്കാവശ്യമായ പിപിഇ കിറ്റുകള്‍, സാനിറ്റെെസറുകള്‍ തുടങ്ങിയവപോലും സര്‍ക്കാര്‍ നല്‍കിയില്ലെന്ന് ഒഡിഷയില്‍ നിന്നു വ്യാപക പരാതിയുണ്ടായിരുന്നു. കോവിഡ് 19ന്റെ നിയന്ത്രണത്തിലെ ‘ക്രിട്ടിക്കല്‍ ലിങ്ക്’ ആയ ഇവര്‍ കടുത്ത അവഗണനയാണനുഭവിക്കുന്നത്. ഒരു ട്രേഡ് യൂണിയന് ഘടനയില്ലാത്തതുകൊണ്ട് അവകാശങ്ങള്‍ നേടാനുള്ള മാര്‍ഗങ്ങളും ശേഷിയും അവര്‍ക്കില്ല. സമൂഹവും പൊതു ആരോഗ്യ സംവിധാനവും സംയോജിപ്പിക്കുന്ന കണ്ണിയാണിവര്‍. ഈ സംവിധാനം 2005ല്‍ ഉണ്ടാക്കിയപ്പോള്‍ ഇവരെ സമൂഹത്തിലെ ഹെല്‍ത്ത് ആക്ടിവിസ്റ്റുകള്‍ എന്നാണ് വിശേഷിപ്പിച്ചത്. സമൂഹത്തെ ലോക്കല്‍ ആരോഗ്യ പ്ലാനിങ്ങിനോട് ചേര്‍ത്തുവയ്ക്കുന്നവര്‍ എന്നാണ് നിര്‍വചനവും. രോഗം, ജനന-മരണങ്ങള്, ആരോഗ്യകേന്ദ്രവുമായി ബന്ധിപ്പിക്കല്‍ തുടങ്ങിയ ഒട്ടേറെ ബാധ്യതകള്‍ ഇവര്‍ക്ക് നല്‍കിയിരുന്നു. ഗ്രാമാധിഷ്ഠിത ആരോഗ്യ പ്ലാന്‍ ആയിരുന്നു ഇവരുടെ പരിധി. ജില്ലാ ആരോഗ്യ സൊസെെറ്റി ആണ് ഇവരെ റിക്രൂട്ട് ചെയ്യുന്നത്. അന്നുതന്നെ അതില്‍ ചതിയുണ്ടായിരുന്നു. ഇവരെ സന്നദ്ധ പ്രവര്‍ത്തകരായി കണ്ടാണ് നിയമനം. അവര്‍ക്ക് കൃത്യ ശമ്പളമോ, അലവന്‍സോ ഇല്ല. ഒരുപാട് ഉത്തരവാദിത്തമുള്ള ഇവര്‍ സ്വജീവിതം എങ്ങനെ നയിക്കും.
കൃത്യ ജോലിസമയം നല്കിയാല് അതെങ്ങനെയാണ് സന്നദ്ധ പ്രവര്‍ത്തനമാവുക. ഇമ്യൂണെെസേഷന് ക്യാമ്പുകള്‍ സംഘടിപ്പിക്കല്‍, യോഗങ്ങള്‍ സംഘടിപ്പിക്കല്‍ തുടങ്ങി ഒട്ടേറെ ഭാരിച്ച പണികളും ഇവരെ ഏല്പിച്ചിട്ടുണ്ട്. ആഴ്ച മുഴുവനും ഏഴ്-എട്ട് മണിക്കൂറുകള്‍ തൊഴില്‍ ചെയ്യുന്ന ഇവര്‍ എന്തു സന്നദ്ധ പ്രവര്‍ത്തകരാണ്? അവര്‍ക്ക് സ്വന്തമായി വീടും കുടുംബവുമുള്ളതെന്തു ചെയ്യുമെന്ന് ആരും ചിന്തിച്ചിട്ടില്ല. ഒരു ഗതിയുമില്ലാതെ ഇതില്‍ വന്നെത്തിയ ഇവരെ, നിത്യ അവഗണനയിലേക്കാണ് എടുത്തെറിഞ്ഞത്. ഇപ്പോഴത്തെ അവസ്ഥയില്‍ പലര്‍ക്കും 5000–10000ത്തിനുമിടയിലാണ്. ഏഴ് ദിവസവും രാപ്പകല്‍ പണിയെടുത്താല്‍ കിട്ടുന്നത്. ഒരു ദിവസം രണ്ടോ മൂന്നോ മണിക്കൂര്‍ പണി മാത്രമെ ഉണ്ടാവു എന്ന് ധരിപ്പിച്ചാണ് ഇവരെ കനത്ത വര്‍ക് ഷെഡ്യൂളില്‍ എത്തിച്ചത്. അതൊക്കെ തകിടംമറിച്ചാണ് ഇവരുടെ പ്രവൃത്തി സമയം നിശ്ചയിച്ച്, ഇവരെ അമിത പ്രവൃത്തിഭാരം ഏല്പിക്കുന്നത്. രൂക്ഷമായ ചൂഷണമാണിത്. ഇവരില്‍ മിക്കവരും ദരിദ്ര കുടുംബങ്ങളില്‍ നിന്നു വന്നവരാകയാല്‍ വിട്ടുപോയാല്‍ മറ്റു മാര്ഗങ്ങളില്ലാത്തവരുമാണ്. ഇവര്‍ക്ക് നിലവില്‍ നിശ്ചിത ഓണറേറിയം പോലുമില്ല. ജോലിക്കനുസരിച്ചേ പണം നല്കുന്നുള്ളു. ജോലി കാരണമുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്ക്, അധിക പേയ്മെന്റ് നല്‍കുന്നില്ല. ആരോടും പറയാനില്ല. ഇവരുടെ തൊഴില്‍ അധികാരി ഒരു എന്‍ജിഒ സംഘടനയാണ്. ഇവര്‍ക്ക് ഒരു തൊഴില്‍ നിയമ ചട്ടക്കൂടുമായി ബന്ധപ്പെടാനുമാവില്ല. അങ്ങനെ തീര്‍ത്തും അരികുവല്കൃതമായൊരു അവസ്ഥയിലാണ്, ആരോഗ്യസേന എന്നറിയപ്പെടുന്ന ഇക്കൂട്ടര്‍ പ്രവര്‍ത്തിക്കുന്നത്. ഓര്‍ക്കുക, അവര്‍ ഏതാണ്ട് 10 ലക്ഷത്തിലിധികം വരും. എന്നിട്ടും ഒരു തൊഴിലാളി സംഘടനയ്ക്കുവേണ്ട ഘടനയൊ, വേതന വ്യവസ്ഥയൊ ഒന്നുമില്ല. ഇവര്‍ക്കുവേണ്ട ആനുകൂല്യങ്ങള്‍ ഒരു ഉറവിടത്തില്‍ നിന്നല്ല വരുന്നത്. ഒട്ടേറെ ആരോഗ്യപദ്ധതികളില്‍ നിന്നു വരേണ്ടതിനാല്‍ അവര്‍ക്ക് വേണ്ട സമയത്ത് ഒന്നും കിട്ടുന്നില്ല. അവരുടെ വേതനം സ്ഥിരം വ്യവസ്ഥയുമല്ല. അതുകാരണം പലപ്പോഴും മുടങ്ങുന്നു. ചോദിക്കാന്‍ ഒരു ഏജന്സിയുമില്ലതാനും. അവര്‍ സ്ഥിരം താല്‍ക്കാലിക തൊഴിലാളികളാണ്. കേന്ദ്രസര്‍ക്കാര്‍ നാഷണല്‍ ഹെല്‍ത്ത് മിഷനുള്ള സംഖ്യ 75 ശതമാനത്തില്‍ നിന്ന് 60 ശതമാനം കുറച്ചു. ആന്ധ്രയിലും മഹാരാഷ്ട്രയിലും ആശ പ്രവര്‍ത്തകര്‍ വന്‍ പ്രക്ഷോഭങ്ങള്‍ നടത്തി. കേന്ദ്രം, ഇവരുടെ ഉത്തരവാദിത്തം സംസ്ഥാനങ്ങള്‍ക്ക് കെെമാറി. ജിഎസ്ടി കാരണമുണ്ടായ വരുമാന നഷ്ടം, കോവിഡ് 19 ചെലവുകള്‍ എന്നിവ കാരണം സംസ്ഥാനങ്ങള്‍ വല്ലാത്ത ഞെരുക്കത്തിലുമാണ്. ഇതു കാരണമാണ് ആശ തൊഴിലാളികള്‍ സമരമുഖത്തെത്തി നില്‍ക്കുന്നത്. സ്ഥിരം തൊഴിലാളികളായി അംഗീകരിക്കാനാണവര് ആവശ്യപ്പെടുന്നത്. കോവിഡ് 19 കാലത്ത് ഇവരെ എല്ലാവരും പ്രശംസിച്ചെങ്കിലും അവരുടെ അത്യാവശ്യങ്ങള്‍ നിറവേറ്റാനുള്ള വേതന, ജോലി വ്യവസ്ഥകള്‍ ഉറപ്പുവരുത്താന്‍ ആരും ശ്രദ്ധിച്ചിട്ടില്ല. അവര്‍ തൊഴിലാളി സംഘടനയായി രൂപംകൊണ്ട്, മിനിമം ആനുകൂല്യങ്ങള്‍ക്കായുള്ള സമരത്തിലേക്ക് നീങ്ങുകയാണ്. വ്യാപകമായ തൊഴിലാളി സംഘടനകളും സമരങ്ങളുമായി കൂട്ടുചേരാന്‍ അവര്‍ക്കു സാധിച്ചു. ദേശീയ കര്‍ഷക പ്രക്ഷോഭത്തിലും അവര്‍ ഭാഗമായിരുന്നു. ഏറ്റവും ശക്തവും ഉപകാരപ്രദവുമായ ഈ തൊഴില്‍ശക്തിയെ ഇനിയും അവഗണിക്കാനാവില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.