10 January 2026, Saturday

തലമുറയുടെ രാഷ്ട്രീയ മരണം ഫാസിസത്തിന്റെ അജണ്ടയാണ്

അമീന്‍ മസിന്‍
June 22, 2025 4:30 am

”എനിക്ക് താല്പര്യം ഉളവാക്കുന്നവയെക്കുറിച്ച് ഞാൻ ബോധവാനല്ലെങ്കിലും, എന്നിൽ മുഷിപ്പ് ഉണ്ടാക്കുന്നത് ഏതെന്നതിനെക്കുറിച്ച് ഞാൻ ബോധവാനാണ്”. ലോകസാഹിത്യത്തിൽ അസ്തിത്വവാദത്തിൽ തന്റേതായ കയ്യൊപ്പ് ചാർത്തിയ ആൽബേർ കാമുവിന്റെ ‘ദ സ്ട്രേഞ്ചർ’ എന്ന നോവലിൽ, മുഖ്യ കഥാപാത്രം മേഴ്സൊവ് പള്ളി വികാരിയോട് പറയുന്നതാണിത്. തൂക്കിലേറ്റാൻ പോകുന്നതിന് മുമ്പുള്ള അവസരത്തിലാണ് ധാർമ്മികത, മതങ്ങൾ എന്നിവയെക്കുറിച്ചുള്ള ഈ സംഭാഷണം നടക്കുന്നത്. യുവതലമുറയുടെ രാഷ്ട്രീയത്തോടുള്ള അനിഷ്ടവും പുച്ഛവും കൂടുമ്പോൾ മേഴ്സൊവിനെ ഓർക്കാതെ വയ്യ. കണക്കും ഫിസിക്സും പണ്ട് വിദ്യാർത്ഥികളെ ഭയപ്പെടുത്തിയത് പോലെയല്ല ഇന്ന്. ഞാൻ എന്നതിലേക്ക് ചുരുങ്ങുകയും ‘ഡോക്ടറും എൻജിനീയറുമാകാൻ’ അവ അഭികാമ്യമെന്ന് കരുതുകയും ചെയ്യുന്നതുതന്നെ കാരണം. തങ്ങൾ ഉടുക്കുന്ന വസ്ത്രവും ഭക്ഷിക്കുന്ന അരിയുടെ നിറവും അളവും തങ്ങൾ വ്യാപൃതരാകാൻ പോകുന്ന ജോലി വരെ നിർണയിക്കുന്ന രാഷ്ട്രീയം എന്ന വാക്ക് യുവതയിൽ ബഹുഭൂരിപക്ഷത്തെയും അസ്വസ്ഥരാക്കുന്നുവെന്നുള്ളത് ഭയപ്പെടുത്തുന്ന യാഥാർത്ഥ്യമാണ്. ‘ഞങ്ങൾ റീൽസ് കാണും, അശ്ലീലം കാണും, ലഹരിക്കടിമപ്പെടും, വാഹനങ്ങളെയും മൊബൈൽ ഫോണുകളെയും കുറിച്ച് ഘോരഘോരം വാചാലരാകും, ഇതിനപ്പുറത്തെ ഒരു ലോകം സങ്കല്പിക്കുന്നത് പോലും അസാധ്യമാണ്. എന്തെന്നാൽ ഞങ്ങളുടെ ജീവിതാഭിലാഷം കോർപറേറ്റ് വിദ്യാഭ്യാസം നേടുകയും സെറ്റിൽ ചെയ്യുകയുമാണ്’. ഈ ഒരു വികൃത ചിന്താഗതിയാൽ സ്വാധീനിക്കപ്പെടുന്ന യുവാക്കൾ അനുദിനം വർധിച്ചുവരികയാണ്. 

തങ്ങളുടെ കാൽക്കീഴിൽ പന്താടുന്ന യുവതലമുറയെ വാർത്തെടുക്കുന്നതിനുള്ള ഫാസിസ്റ്റുകളുടെ ലക്ഷ്യമാണ് വിദ്യാർത്ഥി സമൂഹത്തിന്റെ അരാഷ്ട്രീയവൽക്കരണം. ചരിത്രത്തെ വളച്ചൊടിച്ച്, മുഗൾ കാലഘട്ടത്തിലെ മുസ്ലിം ഭരണാധികാരികളെ കരിവാരിത്തേച്ച് വികൃതമാക്കുന്ന സംഘ്പരിവാർ, ഭാവിയും തങ്ങളുടെ കയ്യിൽ ഭദ്രമാക്കാൻ യുവതലമുറയെ കപടതയിൽ വാർത്തെടുത്തുകൊണ്ടേയിരിക്കുകയാണ്. എൻസിഇആർടി പാഠപുസ്തകങ്ങളിൽ നിന്ന് മതേതരത്വം, ഫെഡറലിസം, ജനാധിപത്യം എന്നിവ പുറന്തള്ളിയത് പ്രിന്റിങ് പ്രസിലെ മഷി തീർന്നതുകൊണ്ടല്ലെന്ന് സുവ്യക്തം. രാജ്യത്തെ പ്രമുഖ സാമൂഹ്യ ശാസ്ത്ര വിദ്യാഭ്യാസ സ്ഥാപനമായ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസി (ടിഐഎസ്എസ്) ൽ പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനങ്ങളെ കഴുത്തറക്കുന്നതും അച്ചടക്കത്തിന്റെയും ഹാജരിന്റെയും പേരിൽ വിദ്യാർത്ഥി പ്രവർത്തകരെ വേട്ടയാടുന്നതും വിരൽചൂണ്ടുന്നത് ശൂന്യതയിലേക്കല്ല, അടിച്ചമർത്തലിലേക്കും ഭരിക്കപ്പെടുക മാത്രംചെയ്യുന്ന സാമൂഹ്യഘടനയുടെ നിർമ്മിതിയിലേക്കുമാണ്.
ഭഗത് സിങ്, അടിയന്തരാവസ്ഥയ്ക്കെതിരെയുള്ള ചെറുത്തുനില്പ്, അമേരിക്കൻ സാമ്രാജ്യത്തെ പിടിച്ചുകുലുക്കിയ ബ്ലാക്ക് ലൈഫ്സ് മാറ്റേഴ്സ്, എന്തിനേറെ ഫാസിസ്റ്റ് ഹിന്ദുത്വ അധിപന്മാരുടെ കോട്ടക്കൊത്തളങ്ങൾ ഇളകിമറിഞ്ഞ പൗരത്വ ഭേദഗതി വിരുദ്ധ സമരം എല്ലാം വിദ്യാർത്ഥി — യുവതയുടെ അപൂർവങ്ങളിൽ മാത്രം സംഭവിക്കുന്ന സംഘടിത ശക്തിയുടെ പരിണിത ഫലമാണ്. ഇവയുടെ തീക്ഷ്ണാനുഭവ പരിചയം ഉള്ളതുകൊണ്ടാണ് ബിജെപി സർക്കാർ യുവാക്കൾക്കിടയിൽ ഭയത്തിന്റെ, അരക്ഷിതാവസ്ഥയുടെ പ്രതീതി സൃഷ്ടിക്കുവാനും അവരെ അരാഷ്ട്രീയവൽക്കരിക്കാനും ശ്രമിക്കുന്നത്.
ജവഹർലാൽ നെഹ്രു സർവകലാശാല (ജെഎൻയു) തിളയ്ക്കുമ്പോൾ ഇന്ത്യ തിളയ്ക്കുന്നു എന്നാണല്ലോ പൊതുവയ്പ്. എന്നാൽ രാജ്യത്തെ പരമോന്നത വിദ്യാഭ്യാസ സ്ഥാപനവും വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ പറുദീസയുമായ ജെഎൻയുവിൽ പോലും സാമൂഹ്യബോധമുള്ള തലമുറയെ വാർത്തെടുക്കേണ്ട അധ്യാപകർ ആദ്യ ക്ലാസുകളിൽ നൽകുന്ന ഉപദേശങ്ങളുടെ കൂട്ടത്തിൽ മുൻപന്തിയിലുള്ളത്; നിങ്ങൾ സ്വാർത്ഥരാവുക എന്നാണ്. അവിടെ വിദ്യാർത്ഥിയായിരുന്ന ഒരാളുടെ അനുഭവത്തിൽ നിന്ന് പറയുന്നതാണിത്. നിങ്ങൾ രാഷ്ട്രീയത്തിൽ അഥവാ ജനങ്ങളുടെ ജീവിതപ്രശ്നങ്ങളിൽ വ്യാകുലപ്പെടാൻ പാടില്ലെന്നതിനൊപ്പം തങ്ങളുടെ ഉപദേശം തിരസ്കരിച്ചാലുള്ള ഭവിഷ്യത്തിനെക്കുറിച്ചുള്ള ക്ലാസിക് വിരട്ടലുമുണ്ട്. 

ഷർജീൽ ഇമാം, ഉമർ ഖാലിദ്, നതാഷ നർവാൾ, ആസിഫ് ഇക്ബാൽ, ഈ യുവാക്കളെല്ലാം തടങ്കലിൽ നരകയാതന അനുഭവിക്കുന്നത് അനീതിക്കെതിരെ ശബ്ദിക്കുക, അസത്യം സത്യമാകുന്നിടത്ത് യഥാർത്ഥ സത്യം ഉറക്കെ വിളിച്ചുപറയുക എന്ന മഹാ അപരാധത്തിനാണ്. ഇതിനുമപ്പുറം ക്ലർക്ക് മുതൽ വിസി വരെയുള്ള നിയമനവും സ്ഥാനക്കയറ്റവും കാവിക്കൂറിന്റെ അടിസ്ഥാനത്തിലാകുമ്പോൾ അരാഷ്ട്രീയം സ്വീകരിക്കുന്ന യുവതയെ എന്ത് പറയാൻ. സ്വകാര്യതയെ കാറ്റിൽപ്പറത്തി ഗ്രന്ഥശാല, ക്ലാസ് മുറി, എന്തിനേറെ ഹോസ്റ്റലിൽ വരെ ഡെമോക്ലസിന്റെ വാൾ പോലെ തൂങ്ങിക്കിടക്കുന്ന നിരീക്ഷണ കാമറകൾ (സിസിടിവി) ഈ ഫാസിസ്റ്റ് ഭരണത്തിന് കീഴിൽ സ്വാഭാവികം. പൊലീസ് സ്റ്റേഷനുകളിൽ പോലും ഫണ്ടിന്റെ അപര്യാപ്തതമൂലം സിസിടിവിയുടെ അഭാവം കാണാതെ പോകരുത്. അനീതിക്കെതിരെ പോരാടുന്ന വിദ്യാര്‍ത്ഥികളുടെ, അഥവാ പ്രായപൂർത്തിയായ സ്വതന്ത്ര പൗരന്മാരുടെ വീട്ടിലേക്ക് അധികാരസ്ഥാനങ്ങളിലുള്ളവരുടെ ‘സദുദ്ദേശ’ത്തോടെയുള്ള വിളികൾ ശവക്കല്ലറയുടെ മേലുള്ള അവസാനത്തെ ആണിയാണ്.
ഫീസ് വർധനവ് (ഡൽഹി സർവകലാശാല, ജെഎൻയു), സംവരണ അട്ടിമറി എന്നിവയെല്ലാം വിദ്യാർത്ഥി സമൂഹത്തെ ഷണ്ഡീകരിക്കാനുള്ള സംഘ്പരിവാർ അജണ്ടയെന്നുള്ളത് സുവ്യക്തമാണല്ലോ. പ്രിവിലേജ് ഉള്ളവർ എന്തിന് അതിനെതിരെ പോരാടണം എന്നതാണ് യുക്തി. പ്രത്യാശ, ശുഭാപ്തിവിശ്വാസം ഇവയൊന്നും കൊണ്ടുനടക്കേണ്ടതില്ല. ഇന്നത്തെ സാഹചര്യത്തിൽ ചലിക്കുന്ന വിദ്യാർത്ഥി സമൂഹം അടുത്ത ഹിറ്റ്ലർ, മുസോളിനിമാരെ മൗനത്തിലൂടെ സൃഷ്ടിക്കുന്ന കാലം വിദൂരമല്ല. ”അറിവില്ലായ്മയിൽ മുന്തിയത് രാഷ്ട്രീയ അറിവില്ലായ്മ”- ഇത് പറഞ്ഞ ജർമ്മൻ കവിയും തത്വചിന്തകനുമായ ബ്രെഹ്തോൾഡ് ബ്രെഹ്ത് എത്ര ദീർഘവീക്ഷണമുള്ളവൻ. അടുത്ത തലമുറ കേവലം പ്രേക്ഷകരായി, അടിമകളായി ഭരണകൂടത്തിന്റെ കുഴലൂത്തുകാരായി അധഃപതിക്കുന്നത് എത്ര ഭയാനകം.
ചരിത്രപരമായിത്തന്നെ യുവതയെ രാഷ്ട്രീയത്തിൽ നിന്ന് അകറ്റാനുള്ള ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. അമേരിക്കയിലെ വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ വഴിതിരിച്ചുവിടാനുള്ള ഗൂഢതന്ത്രമായിരുന്നു എൽഎസ്ഡി പോപ്പ് കൾച്ചർ എന്ന ഗൂഢാലോചനാ (കോൺസ്പിരസി) സിദ്ധാന്തം. ഗൂഢാലോചന മാത്രമായിരുന്നോ എന്നത് ശരിയോ തെറ്റോ ആകട്ടെ, ഫലം കണ്‍മുന്നിൽ. താരാരാധന, സ്ക്രീൻ അഡിക്ഷൻ, ഉപഭോഗ സംസ്കാരം, അൽഗോരിതം ആസ്പദമായി വ്യക്തിഗതമാക്കപ്പെട്ട വിനോദ ഉള്ളടക്കങ്ങൾ എന്നിവയെല്ലാം കാതലായ സാമൂഹ്യവിഷയങ്ങളിൽ നിന്ന് യുവതയെ അകറ്റുന്നു. സാമൂഹ്യ പോരാട്ടങ്ങളിൽ നിന്ന് മാറിനിൽക്കുവാൻ പ്രേരിപ്പിക്കുന്ന ലഹരി വ്യാപനവും എടുത്തുപറയേണ്ടത് തന്നെ. ആത്യന്തികമായി മനുഷ്യന്റെ ചിന്താശേഷിയെയാണല്ലോ ലഹരിയും ഫാസിസ്റ്റുകളും ലക്ഷ്യം വയ്ക്കുന്നത്. യുവാക്കളെ, വിശിഷ്യ, വിദ്യാർത്ഥികളെ തങ്ങളിലേക്ക് മാത്രം ചുരുക്കുന്ന പ്രവണത വർധിച്ചുവരുന്നു. ഇതിനെതിരായ ബോധപൂർവമായ ഇടപെടലുകളില്ലെങ്കിൽ നമ്മുടെ ഭാവി അപകടത്തിലാകുമെന്നതിൽ സംശയമില്ല.
”വിദ്യാർത്ഥികളേ, ചരിത്രത്തിലുടനീളം വഞ്ചിക്കപ്പെട്ട ജനവിഭാഗമാണ് നമ്മുടേത്. നമ്മുടെ സമ്പാദ്യം കേവലം ദാരിദ്ര്യവും, പട്ടിണിയുമാണ്. അറിവില്ലായ്മയിലും, അടിമത്തത്തിലും തടവിലിട്ടുകൊണ്ടാണ് അവർ ഇത് നേടിയെടുക്കുന്നത്. നമ്മുടെയെല്ലാം ജീവിതം നരകീയമാക്കി തീർത്തവർക്കെതിരെ ജീവൻ കൊടുത്തും നാം പോരാടണം” — എന്ന് പറഞ്ഞത് മാക്സിം ഗോർക്കിയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.