
ഇന്ത്യയുടെ സമുദ്ര വാണിജ്യ ചരിത്രത്തിൽ പുതിയൊരു അധ്യായത്തിന്റെ തുടക്കമാണ് രാജ്യത്തെ പ്രഥമ ആഴക്കടൽ തുറമുഖവും ട്രാൻസ്ഷിപ്മെന്റ് ടെർമിനലും രാഷ്ട്രത്തിന് സമർപ്പിക്കുക വഴി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്നലെ വിഴിഞ്ഞത്ത് നിർവഹിച്ചത്. അത് ഒരേസമയം രാജ്യത്തിനും കേരളത്തിനും അഭിമാനനിമിഷമായി. മുഖ്യമന്ത്രി പിണറായി വിജയൻ വിശേഷിപ്പിച്ചതുപോലെ വിഴിഞ്ഞം രാജ്യത്തിന്റെ സമുദ്രവ്യാപാരത്തിന്റെ മഹാകവാടമായി മാറുകയാണ്. സ്വാഭാവിക ആഴക്കടൽ കപ്പൽച്ചാൽ, ലോകത്തെതന്നെ ഏറ്റവും തിരക്കേറിയ രാജ്യാന്തര സമുദ്രവ്യാപാര പാതയുമായുള്ള സാമീപ്യം, ഇപ്പോൾത്തന്നെ ലഭ്യമായിട്ടുള്ള ആധുനിക ചരക്കുകൈകാര്യ സംവിധാനങ്ങൾ, റെയിൽ‑റോഡ്-വ്യോമ ഗതാഗത സംവിധനങ്ങളുടെ ലഭ്യത എന്നിവയെല്ലാം ദക്ഷിണേന്ത്യയിലെ മാത്രമല്ല ദക്ഷിണേഷ്യയിലെത്തന്നെ തന്ത്രപ്രധാന തുറമുഖങ്ങളിൽ ഒന്നാക്കി വിഴിഞ്ഞത്തെ മാറ്റുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇപ്പോൾ മാതൃ-ചരക്കുകപ്പലുകൾ ദുബായ്, കൊളംബോ, സിംഗപ്പുർ തുടങ്ങിയ തുറമുഖങ്ങളിൽ എത്തിക്കുന്നതും അവിടങ്ങളിൽനിന്നും കയറ്റിഅയക്കപ്പെടുന്നതുമായ ചരക്കുകളുടെ കയറ്റിറക്കുമതി ഇനി ഇന്ത്യയുടെ സ്വന്തം തുറമുഖമായ വിഴിഞ്ഞത്തുനിന്നും സാധ്യമാകും എന്നത് ആഗോള വ്യാപാരരംഗത്ത് ഇന്ത്യയുടെ മത്സരക്ഷമത ഗണ്യമായി ഉയർത്തും. വൻകിട ആഡംബര നൗകകൾക്കുകൂടി അടുക്കാൻ കഴിയുന്ന തുറമുഖമായി വിഭാവനം ചെയ്യപ്പെട്ടിട്ടുള്ള വിഴിഞ്ഞം വൻതോതിൽ മേൽത്തട്ട് വിനോദസഞ്ചാരികളെ ആകർഷിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2028ഓടെ തുറമുഖ വികസനത്തിന്റെ അടുത്ത ഘട്ടവും 9,500 കോടി രൂപ ചെലവിൽ പൂർത്തിയാക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിഴിഞ്ഞം തുറമുഖത്തിന് കേരളത്തിന്റെയും രാജ്യത്തിന്റെയും വികസന സ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിൽ അതീവ നിർണായകവും തന്ത്രപ്രധാനവുമായ പങ്കാണ് നിർവഹിക്കാനുള്ളത്. കേരളം ചരിത്രാതീത കാലം മുതൽ ആഗോള സമുദ്രവ്യാപാരത്തിന്റെയും സാംസ്കാരിക വിനിമയത്തിന്റെയും സുപ്രധാന കേന്ദ്രങ്ങളിൽ ഒന്നായിരുന്നു. ആധുനിക ലോകത്തിന്റെ ആവശ്യങ്ങൾക്കും വെല്ലുവിളികൾക്കും ഇണങ്ങുംവിധം പരിവർത്തിതമായ പ്രൗഢിയിലേക്ക് കേരളത്തെ ഉയർത്താനുള്ള അസുലഭ സന്ദർഭമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത്.
വിഴിഞ്ഞം തുറമുഖപദ്ധതിയുടെ പൂർത്തീകരണത്തിൽ നിർണായക പങ്കും നേതൃത്വവും വഹിക്കാനായി എന്നത് കേരളത്തിനും അതിന്റെ മുഖ്യ ചാലകശക്തിയായ എൽഡിഎഫ് സർക്കാരിനും ചാരിതാർത്ഥ്യത്തിനും അഭിമാനത്തിനും വകനൽകുന്നു. തികച്ചും പ്രതികൂലമായ സാമ്പത്തിക, രാഷ്ട്രീയ അന്തരീക്ഷത്തിന്റെയും സംസ്ഥാനത്തോടുള്ള കേന്ദ്രത്തിന്റെ കടുത്ത വിവേചനത്തിന്റെയും പശ്ചാത്തലത്തിലാണ് ഇതെന്നും വിസ്മരിച്ചുകൂടാ. പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയാക്കാൻ ചെലവിട്ട 8,867 കോടി രൂപയിൽ 63 ശതമാനമായ 5,595 കോടിയും, കടുത്ത സാമ്പത്തിക ഞെരുക്കത്തിലും, സംസ്ഥാന സർക്കാരിന്റെ സംഭാവനയാണ്. പദ്ധതി പങ്കാളികളായ അഡാനി ഗ്രൂപ്പിന്റെ സംഭാവന 2,454 കോടിയാണ് (28 ശതമാനം). കേന്ദ്രസർക്കാരിന്റെ 818 കോടി രൂപയുടെ വയബിലിറ്റി ഗാപ് ഫണ്ട്-വിജിഎഫ് (ഒമ്പത് ശതമാനം) തിരിച്ചടയ്ക്കേണ്ട വായ്പയാണ്. തിരിച്ചടവ് പൂർത്തിയാകുമ്പോൾ കേരള ഖജനാവിൽനിന്നും കേന്ദ്രം ഊറ്റിയെടുക്കുക 10,000 കോടി മുതൽ 12,000 കോടി രൂപ വരെ ആയിരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. തൂത്തുക്കുടി പുറം തുറമുഖ പദ്ധതിക്ക് വിജിഎഫായി 1,411 കോടി രൂപ നൽകുമ്പോൾ ഇത്തരം നിബന്ധനകൾ ഉണ്ടായിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഇതിന് പുറമെയാണ് ബ്രേക്ക്‌വാട്ടർ നിർമ്മാണത്തിനായി കേരളം ചെലവിട്ട 1,350 കോടി രൂപയും റെയിൽബന്ധം സ്ഥാപിക്കാനായി ചെലവിടേണ്ട 1,482.92 കോടിയും. വിഴിഞ്ഞം തുറമുഖം പൂർണ സജ്ജമാകുന്നതോടെ കസ്റ്റംസ് ഡ്യൂട്ടി ഇനത്തിൽ പ്രതിവർഷം 10,000 കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ, ഇതിന്റെ 60 ശതമാനവും കേന്ദ്ര ഖജനാവിലേക്കായിരിക്കും പോകുക. വരുമാനമായി ലഭിക്കുന്ന ഓരോ രൂപയുടെയും 60 പൈസ കേന്ദ്രത്തിന് പോകുമ്പോൾ കേരളത്തിന് ഒന്നുമുതൽ മൂന്ന് പൈസ മാത്രമായിരിക്കും ലഭിക്കുക. വിഴിഞ്ഞംപോലെ ബൃഹത്തായ ഒരു പദ്ധതിയുമായി ബന്ധപ്പെട്ട വരുമാനം പങ്കിടുന്നതിൽ നിലനില്‍ക്കുന്ന കൊടിയ സാമ്പത്തിക അനീതിയിലേക്കാണ് ഈ കണക്കുകൾ വിരൽ ചൂണ്ടുന്നത്.
വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് വ്യവസായ, വാണിജ്യ, സേവന തുറകളിൽ വൻ കുതിപ്പാണ് സംസ്ഥാനസർക്കാരും കേരളവും പ്രതീക്ഷിക്കുന്നതും വിഭാവനം ചെയ്യുന്നതും. അത് സാധ്യമാവണമെങ്കിൽ അടിസ്ഥാനസൗകര്യ വികസനത്തിൽ വൻ നിക്ഷേപം അനിവാര്യമായിവരും. പദ്ധതി സാക്ഷാത്കാരത്തിൽ സംസ്ഥാനം നിർണായകമായ ഒരു ചുവടുവയ്പ് പൂർത്തീകരിച്ചുവെങ്കിലും അതുമൂലമുണ്ടായ തീരദേശ ജനതയുടെ സ്ഥാനഭ്രംശം, തൊഴിൽനഷ്ടം, പുനരധിവാസം, സംഭവിച്ചതും തുടർന്നേക്കാവുന്നതുമായ തീരശോഷണം തുടങ്ങി നിരവധി പ്രശ്നങ്ങൾക്ക് ഇനിയും പരിഹാരം കാണേണ്ടതുണ്ട്. അവയ്ക്ക് ഫലപ്രദമായ പരിഹാരം കാണാതെ വികസനത്തെക്കുറിച്ചുള്ള മേനിപറച്ചിലുകൾക്ക് പദ്ധതിയുടെ പ്രത്യാഘാതം നേരിടുന്ന ജനതയുടെ ജീവിതത്തിൽ യാതൊരു അർത്ഥവും ഉണ്ടാവില്ല. വികസനം അർത്ഥവത്താവുന്നത് അത് ജനജീവിതത്തിലും അവർ ജീവിക്കുന്ന പ്രകൃതിയിലും പരിസ്ഥിതിയിലും അവയുടെ നേട്ടം ഐശ്വര്യപൂർണവും സമതുലിതവുമായി പ്രതിഫലിക്കുമ്പോളാണെന്നത് വിസ്മരിച്ചുകൂടാ. ഇവിടെയാണ് കേന്ദ്രസർക്കാർ കേരളത്തോടും വികസനത്തോടുമുള്ള സമീപനം പുനർവിചിന്തനത്തിന് വിധേയമാക്കേണ്ടത്. കേന്ദ്ര സംസ്ഥാന ബന്ധങ്ങളെ നിയന്ത്രിക്കുന്ന രാഷ്ട്രീയവും സാമ്പത്തികവുമായ സഹകരണാത്മക ഫെഡറൽ തത്വങ്ങൾ സംബന്ധിച്ച ആരോഗ്യകരവും ഭരണഘടനാധിഷ്ഠിതവുമായ ചർച്ചകൾ വിഴിഞ്ഞം പദ്ധതിയുടെയും തുടർവികസന പരിപ്രേക്ഷ്യത്തിന്റെയും പശ്ചാത്തലത്തിൽ മുമ്പെന്നത്തേക്കാളും പ്രസക്തി കൈവരിച്ചിരിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.