14 December 2025, Sunday

Related news

December 14, 2025
November 21, 2025
November 17, 2025
November 4, 2025
October 5, 2025
September 25, 2025
September 24, 2025
August 26, 2025
August 5, 2025
August 1, 2025

ഫെഡറൽ ഭരണ വ്യവസ്ഥയിൽ ഗവർണർ പദവി ഒഴിവാക്കണം

അ‍ഡ്വ. കെ പ്രകാശ്ബാബു
December 3, 2023 4:30 am

ഒരു ഫെഡറൽ ഭരണഘടന നിലനിൽക്കുന്ന ഇന്ത്യയിൽ കേന്ദ്ര‑സംസ്ഥാന തർക്കങ്ങൾ പുത്തരിയല്ല. എന്നാൽ സര്‍ക്കാരിന്റെ പ്രതിനിധിയായ ഗവർണർ ഇത്ര പ്രകടമായി രാഷ്ട്രീയ ഗോദയിൽ ഇറങ്ങിക്കളിക്കുന്നത് കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ വന്നതിനു ശേഷമാണ്. പഞ്ചാബ്, തമിഴ്‌നാട്, കേരളം, പശ്ചിമബംഗാൾ ഗവർണർമാരുടെ രാഷ്ട്രീയ നാടകങ്ങൾ മറനീക്കി പുറത്തുവന്നത് സുപ്രീം കോടതിയിൽ അവരുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുമ്പോഴാണ്. കോടതി പരാമർശങ്ങളും വിധികളും പൊതുസമൂഹത്തിനു കൂടി മനസിലാക്കാൻ കഴിയുന്നതുകൊണ്ട് ഗവർണർമാർ കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ ചട്ടുകങ്ങളായി മാറുന്നു എന്നതും പ്രകടമായി തെളിഞ്ഞു. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 200ൽ പറഞ്ഞിട്ടുള്ള ”കഴിയുന്നത്ര വേഗത്തിൽ” എന്ന വാക്കുകളെ ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന മൂന്നംഗ ബെഞ്ച് വിശകലനം ചെയ്തുകൊണ്ടാണ് ഗവർണർമാർക്ക് ഭരണഘടന നൽകുന്ന അധികാരം നിയമസഭ പാസാക്കുന്ന ബില്ലുകളിന്മേൽ അനുസ്യൂതം അടയിരിക്കാനുള്ളതല്ലായെന്ന് വ്യക്തമാക്കിയത്. തന്നെയുമല്ല ആർട്ടിക്കിൾ 200 ൽ ”ഒന്നുകിൽ ബില്ലിന് അനുമതി നൽകുക, അല്ലെങ്കിൽ അനുമതി തടഞ്ഞുവയ്ക്കുക അല്ലെങ്കിൽ ഇന്ത്യൻ പ്രസിഡന്റിന്റെ പരിഗണനയ്ക്ക് വേണ്ടി അയയ്ക്കുക” എന്ന നടപടി ക്രമത്തിന് മുമ്പ് ”Gov­er­nor shall declare’ എന്നു പറഞ്ഞിട്ടുള്ളതുകൊണ്ട്, ഇതിൽ ഏതെങ്കിലുമൊന്ന് ”നിർബന്ധമായും ഗവർണർ ചെയ്യണം” എന്നത് സുവ്യക്തമാണ്.

ബില്ല് അനുമതി നൽകാതെ തടഞ്ഞുവയ്ക്കുമ്പോൾ ഗവർണറുടെ എന്തെങ്കിലും സന്ദേശമോ ഭേദഗതിയോ ഉണ്ടെങ്കിൽ ആ ബില്ല് നിയമസഭയ്ക്ക് തിരിച്ചയയ്ക്കുകയും ഗവർണർ തിരിച്ചയച്ച ബില്ല് നിയമസഭ ഗവർണറുടെ നിർദേശങ്ങൾ ചർച്ച ചെയ്യുന്നതിലേക്ക് പുനരാലോചിക്കണമെന്നും ഭരണഘടന വ്യവസ്ഥ ചെയ്യുന്നു. അങ്ങനെ പുനരാലോചനയ്ക്കുശേഷം (ഗവർണറുടെ നിർദേശങ്ങൾ അംഗീകരിച്ചുകൊണ്ടോ അംഗീകരിക്കാതെയോ) ബില്ല് വീണ്ടും നിയമസഭ പാസാക്കി അനുമതിക്കായി സമർപ്പിച്ചാൽ ഗവർണർ അതിനുള്ള അനുമതി തടഞ്ഞുവയ്ക്കാൻ പാടില്ലായെ (Gov­er­nor shall not with­hold) ന്നും ഭരണഘടന വ്യക്തമാക്കുന്നു. ഇത് ഭരണഘടനാ നിർമ്മാണസഭയിലെ ചർച്ചകളിലും വ്യക്തമാക്കിയിട്ടുള്ളതാണ്. തമിഴ്‌നാട് ഗവർണർ ആർ എൻ രവി നിയമസഭ രണ്ടാമതും പാസാക്കിയ നിയമം രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി ഇപ്പോൾ അയച്ചത് തികച്ചും ഭരണഘടന വിരുദ്ധമായ നടപടിയാണ്. രാഷ്ട്രപതിയുടെ പരിഗണനയ്ക്കുവിടാൻ ഗവർണർക്ക് ഉദ്ദേശമുണ്ടായിരുന്നെങ്കിൽ ബില്ലുകൾ ഏറെക്കാലം തടഞ്ഞുവയ്ക്കുകയും പിന്നീട് നിയമസഭയ്ക്ക് പുനഃപരിശോധനയ്ക്ക് തിരിച്ചയച്ചതും എന്തിനാണ്. ഒരു ബില്ല് തന്നെ ആദ്യം നിയമസഭയ്ക്കും രണ്ടാമത് രാഷ്ട്രപതിക്കും അയയ്ക്കാൻ ഭരണഘടന ഗവർണർക്ക് അധികാരം നൽകുന്നില്ല. ജനങ്ങൾ തെരഞ്ഞെടുക്കുന്ന ജനപ്രതിനിധികൾ, പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയനുസരിച്ച് നിയമ നിർമ്മാണം നടത്തുന്നതിനെ, കേവലം പ്രസിഡന്റിനാൽ നിയമിക്കപ്പെടുന്ന ഒരു ഗവർണർ, അട്ടിമറിക്കാൻ ശ്രമിക്കുന്നത് വിശിഷ്ഠമായ ഭരണഘടനാ പദവിക്ക് തന്നെ കളങ്കം ചാർത്തുന്ന ഒന്നാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 361 ഇന്ത്യൻ പ്രസിഡന്റിനും ഗവർണർക്കും നൽകുന്ന ഇമ്മ്യൂണിറ്റി (കോടതി വ്യവഹാരങ്ങളിൽ നിന്നും ഒഴിവാക്കപ്പെടുവാനുള്ള അധികാരം) പ്രസിഡന്റ്/ഗവർണർ തന്റെ ഭരണഘടനാപരമായ അധികാരങ്ങളും ചുമതലകളും നിർവഹിക്കുമ്പോൾ മാത്രമുള്ളതാണ്.


ഇതുകൂടി വായിക്കൂ: നിര്‍ണായകമാവുന്ന സുപ്രീം കോടതി നിരീക്ഷണം


ഗവർണർമാരെ യൂണിവേഴ്സിറ്റികളുടെ ചാൻസലർമാരായി നിയമിക്കുന്നത് നിയമസഭ നിർമ്മിക്കുന്ന നിയമങ്ങളിൽക്കൂടിയാണ്. ചാൻസലർ എന്ന നിലയിലുള്ള പ്രവൃത്തികൾക്ക് ഒരു ഭരണഘടനാ ഇമ്മ്യൂണിറ്റിയും ഗവർണർക്കില്ല. സിവിലായോ ക്രിമിനലായോ ഉള്ള കുറ്റങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അതിനും ഗവർണര്‍ക്ക് ഒരു ഇമ്മ്യൂണിറ്റിയും ഇല്ല. എന്തായാലും ഗവർണർമാരെ ഉപയോഗിച്ച് നെറികെട്ട രാഷ്ട്രീയം കളിക്കുന്ന ബിജെപി ക്കും കേന്ദ്ര സർക്കാരിനും ഗവർണർമാർ കേവലം രാഷ്ട്രീയ ഉപകരണങ്ങൾ മാത്രമാണ്. അതുകൊണ്ട് ഗവർണർ പദവി പാർലമെന്ററി ജനാധിപത്യവ്യവസ്ഥയിൽ ആവശ്യമുണ്ടോയെന്നത് പൊതുസമൂഹം സജീവമായി ചർച്ച ചെയ്യണം. സർവകലാശാലകളുടെ ചാൻസലർ പദവി ഗവർണർക്കു നൽകിയത് അതാതു സംസ്ഥാനങ്ങൾ പാസാക്കുന്ന നിയമങ്ങളുടെ വ്യവസ്ഥയനുസരിച്ചാണ്. ചാൻസലറായി ഗവർണർ വേണോ, മുഖ്യമന്ത്രി വേണോ, മറ്റാരെങ്കിലും വേണോ എന്നത് നിയമനിർമ്മാണത്തിൽക്കൂടിയാണ് തീരുമാനിക്കുന്നത്.

രാഷ്ട്രീയ ചട്ടുകങ്ങളായ ഗവർണർമാരെ സർവകലാശാല ചാൻസലർ ആയി നിയമിക്കുന്നതിന് ഒരു യുക്തിയുമില്ല. അത് നിയമ നിർമ്മാതാക്കൾ ആലോചിക്കണം. അതിനുള്ള നിയമ നിർമ്മാണം നടത്തുമ്പോഴും ഗവർണറുടെയോ രാഷ്ട്രപതിയുടെയോ അനുമതി ബില്ല് നിയമമാകുന്നതിന് ഇന്ന് ആവശ്യമാണ്. സമഗ്രമായ ചർച്ചകൾ നടക്കേണ്ടുന്നത് ഇവിടെയാണ്. നിയമസഭ പാസാക്കുന്ന ബില്ലുകൾ നിയമമാകുന്നതിന് നിയമസഭാ സ്പീക്കർ അനുമതി നൽകിയാൽ മതിയെന്ന ഒരു ഭേദഗതി ഭരണഘടനയിൽ കൊണ്ടുവരണം. സ്പീക്കർ ബില്ലുകളുടെ ചർച്ചയിൽ പങ്കെടുക്കുന്ന വ്യക്തിയല്ല. എന്നാൽ ചർച്ചകൾ എല്ലാം കേൾക്കുകയും കാണുകയും ചെയ്യുന്ന വ്യക്തിയാണ്. നിയമനിർമ്മാണ സഭയിലെ ജനവികാരവും ഉദ്ദേശശുദ്ധിയും മനസിലാക്കി ബില്ലുകൾ പാസായാൽ ചുരുങ്ങിയ മണിക്കൂറുകൾക്കുള്ളിലോ ദിവസങ്ങൾക്കുള്ളിലോ ബില്ലുകൾ നിയമമാകാൻ ഇതു സഹായിക്കും. പക്ഷെ പാർലമെന്റ് ഇതിനായി ഭരണഘടന ഭേദഗതി ചെയ്യണം. ജനപ്രതിനിധികൾ മാത്രം വിചാരിച്ചാൽ ഇതു നടക്കില്ല. ദേശീയ ലോ കമ്മിഷനുൾപ്പെടെയുള്ള സ്ഥാപനങ്ങളും കേന്ദ്ര‑സംസ്ഥാന ഗവണ്‍മെന്റുകളുടെ ഉന്നതമായ ജനാധിപത്യ ബോധവും രാഷ്ട്രീയ ഇച്ഛാശക്തിയും ഇതിനാവശ്യമാണ്.

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.