23 January 2026, Friday

Related news

January 23, 2026
January 23, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 21, 2026
January 21, 2026
January 19, 2026
January 18, 2026

കെപിസിസി അധ്യക്ഷ പദവി ക്രെെസ്തവ സമുദായത്തിന്

അനില്‍കുമാര്‍ ഒഞ്ചിയം
കോഴിക്കോട്
April 8, 2025 10:09 pm

യുഡിഎഫിനെയും പാര്‍ട്ടിയെയും കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങള്‍ കയ്യൊഴിയുന്നുവെന്ന ധാരണയില്‍ തന്ത്രങ്ങള്‍ക്ക് രൂപം നല്‍കി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. കെപിസിസി അധ്യക്ഷ പദവിയില്‍ ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള ഒരു നേതാവിനെ നിയോഗിക്കുന്നതിലൂടെ നഷ്ടപ്പെട്ട വിശ്വാസ്യത നേടിയെടുക്കാമെന്ന കണക്കുകൂട്ടലിലാണ് ദേശീയ നേതൃത്വം. ക്രൈസ്തവ വിഭാഗം കോണ്‍ഗ്രസിനെ കൈവിടുന്നത് ബിജെപിയാണ് മുതലെടുക്കുന്നതെന്നും അതിന് തടയിടാന്‍ സത്വര നടപടികള്‍ വേണമെന്നും ഹൈക്കമാന്‍ഡ് സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരുന്നു. അതിനുവേണ്ടി കേരളത്തിലെ പാർട്ടിക്കുള്ളിൽ പൊതു അഭിപ്രായം രൂപപ്പെടുത്തുന്നതിനായി ഏറെനാളായി പരിശ്രമത്തിലായിരുന്നു. വിവിധ ഗ്രൂപ്പുനേതാക്കളെ പ്രത്യേകം കണ്ട് പാര്‍ട്ടിയുടെ അവസ്ഥ ബോധ്യപ്പെടുത്തിയെങ്കിലും പദവി ആര്‍ക്ക് നല്‍കുമെന്ന കാര്യത്തില്‍ സമവായത്തിലെത്താന്‍ കഴിഞ്ഞില്ല. ഇതിനിടെയാണ് അഹമ്മദാബാദില്‍ നടക്കുന്ന എഐസിസി സമ്മേളന വേദിയില്‍ കേരള നേതാക്കളുമായി ദേശീയ നേതൃത്വം ചര്‍ച്ച നടത്തിയത്. 

ആന്റോ ആന്റണിയെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നാണ് ഹൈക്കമാന്‍ഡില്‍ ഭൂരിപക്ഷത്തിന്റെയും താല്പര്യം. ബെന്നി ബെഹനാനെയും ചില നേതാക്കള്‍ നിര്‍ദേശിച്ചു. സണ്ണി ജോസഫ്, റോജി എം ജോണ്‍ എന്നിവരുടെ പേരുകളും സംസ്ഥാന നേതൃത്വം മുന്നോട്ടുവച്ചിട്ടുണ്ട്.
അധ്യക്ഷ പദവിയില്‍ തുടരാന്‍ താല്പര്യമുണ്ടെന്നുള്ള കെ സുധാകരന്റെ അഭിപ്രായം ഹൈക്കമാന്‍ഡ് തള്ളിക്കളയുകയായിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പുകള്‍ അടുത്തുവരുന്ന പശ്ചാത്തലത്തില്‍ സുധാകരനെവച്ചുള്ള പരീക്ഷണം ഗുണം ചെയ്യില്ലെന്നുള്ള വിലയിരുത്തലിലാണ് നേതൃത്വം. 

കെപിസിസി അധ്യക്ഷനെ നിശ്ചയിക്കുന്നതോടൊപ്പം പാർട്ടിയിൽ അടിമുടി അഴിച്ചുപണിയും ഹൈക്കമാന്‍ഡ് ലക്ഷ്യമിടുന്നു. തെരഞ്ഞെടുപ്പുകൾ നയിക്കാൻ പുതിയ നേതൃനിര വേണമെന്നും ഇതിനായി കോർ കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. മുൻ കെപിസിസി അധ്യക്ഷൻമാർ ഉൾപ്പെടെയുള്ള മുതിര്‍ന്ന 11 പേര്‍ അടങ്ങുന്നതായിരിക്കണം കമ്മിറ്റിയെന്നും നിര്‍ദേശിച്ചിട്ടുണ്ട്. യുഡിഎഫിലും മാറ്റം വരുത്തും. കൺവീനര്‍ സ്ഥാനത്തുനിന്നും എം എം ഹസനെ മാറ്റാന്‍ ഏറെക്കുറെ തീരുമാനിച്ചിട്ടുണ്ട്. കെ മുരളീധരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവരുടെ പേരുകളാണ് പകരം ഉയര്‍ന്നുവന്നത്. എന്നാല്‍ യുഡിഎഫ് കണ്‍വീനറെ പുതിയ കെപിസിസി നേതൃത്വം നിശ്ചയിക്കട്ടെയെന്നാണ് നേതാക്കളില്‍ ഒരുവിഭാഗത്തിന്റെ അഭിപ്രായം. ഇതിനിടെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ തള്ളി ആന്റോ ആന്റണി എംപി രംഗത്തെത്തി. പ്രചരിക്കുന്നത് ഊഹാപോഹമാണെന്നും നിലവിൽ കെപിസിക്ക് അധ്യക്ഷനും ഭാരവാഹികളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.