23 December 2024, Monday
KSFE Galaxy Chits Banner 2

വടക്കേ മലബാറിലെ വൈദ്യുതി ക്ഷാമത്തിന് പരിഹാരമാകും

Janayugom Webdesk
കാസര്‍കോട്
January 23, 2022 10:15 pm

വടക്കന്‍ കേരളത്തിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള 1000 മെഗാവാട്ട് ഉഡുപ്പി-കരിന്തളം 400 കെവി വൈദ്യുതിലൈന്‍ നിര്‍മ്മാണം അതിവേഗത്തിലായി.വൈദ്യുതിലൈന്‍ പൂര്‍ത്തിയാവുന്നതോടെ കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വയനാട് ജില്ലകളിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാവും.ഉഡുപ്പി മുതല്‍ കരിന്തളം വരെ 115 കിലോ മീറ്റര്‍ നീളുന്നതാണ് ലൈന്‍. കേരളത്തില്‍ 47 കിലോമീറ്ററും കര്‍ണാടകയില്‍ 68 കിലോമീറ്ററുമാണ് പദ്ധതിയുടെ ദൈര്‍ഘ്യം. കാസര്‍കോട് ജില്ലയിലെ കരിന്തളത്താണ് 400 കെവി സബ്‌സ്റ്റേഷന്‍ സ്ഥാപിക്കുന്നത്. ഇതിനായി സര്‍ക്കാരില്‍ നിന്ന് പത്തേക്കര്‍ ഭൂമി പാട്ടത്തിനെടുത്തു.സബ്‌സ്‌റ്റേഷന് ആവശ്യമായ യന്ത്രസാമഗ്രികള്‍ക്ക് ഓര്‍ഡര്‍ നല്‍കി കഴിഞ്ഞു. ഉഡുപ്പി-കരിന്തളം ലൈന്‍ സ്ഥാപിക്കുന്നതിന് 225 ടവറുകളാണ് വേണ്ടത്. കേരളത്തില്‍ 103 ടവറും കര്‍ണാടകയില്‍ 122 എണ്ണവും.സംസ്ഥാനത്തെ പകുതിയലധികം ടവറുകളുടെ അടിത്തറ പൂര്‍ത്തിയാക്കി 35 ഓളം ടവര്‍ സ്ഥാപിച്ചു.എന്നാല്‍ കര്‍ണാടകയില്‍ ഇതിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാണ്. കഴിഞ്ഞ ദിവസം മാത്രമാണ് അവിടെ സര്‍വേ പൂര്‍ത്തിയായത്.

കേന്ദ്ര ഊര്‍ജ വകുപ്പിന്റെ 860 കോടി രൂപ ചെലവുള്ള പദ്ധതി ഈ വര്‍ഷം ഡിസംബറോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. ജില്ലയില്‍ 150 മെഗാവാട്ട് വൈദ്യുതി മതിയാകും. ബാക്കി മറ്റ് ജില്ലകളിലേക്ക് എത്തിക്കും. ഊര്‍ജവകുപ്പിന്റെ ഭാഗമായ ആര്‍ഇസി ട്രാന്‍സ്മിഷന്‍ പ്രോജക്ട് കമ്പനി ലിമിറ്റഡിന്റെ കീഴിലുള്ള പദ്ധതിയുടെ നിര്‍വഹണം ഡല്‍ഹിയിലെ സ്‌റ്റെര്‍ലൈറ്റ് പവര്‍ ട്രാന്‍സ്മിഷന്‍ ലിമിറ്റഡിനാണ്. നിലവില്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലകള്‍ ഉള്‍പ്പെടുന്ന ഉത്തരമലബാറിലേക്ക് വൈദ്യുതിയെത്തുന്നത് അരീക്കോട് 400 കെവി സബ്‌സ്‌റ്റേഷനില്‍ നിന്നാണ്. ഈ ലൈനുകളില്‍ തകരാറുണ്ടായാല്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ പുര്‍ണമായും ഇരുട്ടിലാകുന്ന സ്ഥിതിയാണ്. ഇതിനൊരു പരിഹാരമാണ് കരിന്തളം 400 കെവി സബ്‌സ്റ്റേഷന്‍.

കരിന്തളത്ത് നിന്ന് 220 കെവി ലൈന്‍ വഴി മൈലാട്ടി, അമ്പലത്തറ, കാഞ്ഞിരോട്, തളിപ്പറമ്പ്, നിര്‍മ്മാണം നടക്കുന്ന തലശേരി, നിര്‍മിക്കാന്‍ പോകുന്ന കാസര്‍കോട് വിദ്യാനഗര്‍ സബ് സ്റ്റേഷനുകളിലെത്തിക്കും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഭാവിയില്‍ കരിന്തളത്ത് നിന്ന് വയനാട്ടിലേക്ക് 400 കെവി ലൈന്‍ കൂടി നിര്‍മ്മിക്കും. ഇതോടെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള 400 കെവി പവര്‍ ഹൈവേ യാഥാര്‍ഥ്യമാകും.
eng­lish sum­ma­ry; The pow­er short­age in North Mal­abar will be solved
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.