24 January 2026, Saturday

Related news

January 22, 2026
January 22, 2026
January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 20, 2026
January 20, 2026
January 19, 2026
January 18, 2026

ശബരി റെയിൽ പദ്ധതി തള്ളിയതിന് പിന്നിൽ ടൂറിസം മാഫിയയുടെ സമ്മർദം

ബേബി ആലുവ
കൊച്ചി
August 9, 2024 9:04 pm

നിർമ്മാണത്തിന് തുടക്കമിട്ട അങ്കമാലി- എരുമേലി ശബരിറെയിൽ പദ്ധതി തള്ളി, അതിന്റെ മൂന്നിരട്ടി ചെലവ് വരുന്ന ചെങ്ങന്നൂർ‑പമ്പ ആകാശപാതയ്ക്കായുള്ള കേന്ദ്ര നീക്കത്തിനു പിന്നിൽ ടൂറിസം മാഫിയയുടെയും കേരളത്തിന്റെ റെയിൽവേ വികസനത്തെ അട്ടിമറിക്കാനുള്ള സ്ഥാപിത താല്പര്യക്കാരുടെയും സമ്മർദമെന്ന് ആക്ഷേപം. പരിസ്ഥിതി ദുർബല മേഖലയായ പമ്പാ നദിയിലും പെരിയാർ കടുവാ സങ്കേതത്തിലും തൂണുകൾ സ്ഥാപിച്ചാണ് പാതയൊരുക്കാൻ കേന്ദ്രം തയ്യാറെടുക്കുന്നത്. 

ശബരി പാതയുടെ ബാക്കി പണികൾ മുന്നോട്ടു കൊണ്ടുപോകില്ലെന്ന കഴിഞ്ഞ ദിവസത്തെ റെയിൽവേ മന്ത്രിയുടെ പ്രസ്താവന, പദ്ധതിക്കായി ഭൂമി ഏറ്റെടുത്ത വലിയൊരു പ്രദേശത്തെ സ്ഥലമുടമകളിൽ കടുത്ത ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. പദ്ധതി മരവിപ്പിച്ച 2019 മുതൽ ദുരിതത്തിലാണ് പ്രദേശവാസികൾ.
ചെങ്ങന്നൂർ — പമ്പ പാതയ്ക്കു വേണ്ടിയുള്ള കേന്ദ്ര നീക്കം യാഥാർത്ഥ്യ ബോധത്തോടുകൂടിയുള്ളതല്ലെന്ന വിമർശനമാണ് വിവിധ തലങ്ങളിൽ നിന്നുയുരുന്നത്. വനത്തിലൂടെ 19 കിലോമീറ്റർ സഞ്ചാരിച്ചാൽ മാത്രമേ പാത പമ്പയിലെത്തൂ. ഇതിന് വനം മന്ത്രാലയത്തിന്റെ അനുമതി കൂടിയേ തീരൂ. പമ്പ വരെ നീട്ടാൻ റെയിൽവേ ശുപാർശ ചെയ്ത ശബരി പാത മന്ത്രാലയത്തിന്റെ എതിർപ്പ് മൂലമാണ് എരുമേലിയിലേക്ക് ചുരുക്കാൻ നിർബന്ധിതമായത്. അനുമതി ലഭിച്ചാൽ പാത പമ്പയിലേക്ക് നീട്ടാവുന്നതേയുള്ളു. ചെങ്ങന്നൂർ — പമ്പ പാത ശബരിമല തീർത്ഥാടകർക്ക് ഏറെ പ്രാധാന്യമുള്ള എരുമേലിയിലേക്ക് എത്തുന്നില്ല എന്നത് അതിന്റെ പോരായ്മകളിലൊന്നാണ്. പാത പമ്പയിൽ അവസാനിക്കുന്നതിനാൽ തീർത്ഥാടന കാലയളവിൽ മാത്രമേ യാത്രക്കാരുണ്ടാവുകയുള്ളു. 

പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 111 കിലോ മീറ്റർ ദൈർഘ്യമുള്ള ശബരി പാതയുടെ ചെലവ് 3,810 കോടി രൂപയും 70 കിലോ മീറ്റർ നീളമുള്ള ചെങ്ങന്നൂർ — പമ്പ പാതയുടെ ‌ചെലവ് 9,000 കോടിയുമാണ്. ഇത് 13,000 കോടിയിലെത്തുമെന്നും റിപ്പോർട്ടുണ്ട്. ഏറിയാൽ വർഷത്തിൽ മൂന്ന് മാസം മാത്രമേ ഈ പാതകൊണ്ട് പ്രയോജനമുണ്ടാവൂ. ശബരിമല തീർത്ഥാടകർക്ക് ഏറെ പ്രാധാന്യമുള്ള എരുമേലിയിലേക്ക് പാത എത്തുകയുമില്ല. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലൂടെ കടന്നുപോകുന്നതും റെയിൽവേ ഇതുവരെ കടന്നുചെന്നിട്ടില്ലാത്ത മധ്യകേരളത്തിലെ മലയോര മേഖലയ്ക്ക് വലിയ തോതിൽ പ്രയോജനം ചെയ്യുന്നതുമാണ് ശബരി പാത. കിഴക്കൻ മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കും കാർഷിക‑വ്യവസായ‑വ്യാപാര മേഖലകൾക്കും പാത കൊണ്ട് വൻ നേട്ടമാണുണ്ടാവുക. 

പാത കടന്നുപോകുന്ന പ്രദേശങ്ങളിൽപ്പെടുന്ന കാലടി, മലയാറ്റൂർ, ഭരണങ്ങാനം, എരുമേലി തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങൾക്കും പ്രയോജനകരമാണ്. ഇതിനു പുറമെ, തീർത്ഥാടകരിൽ നല്ലൊരു പങ്കും പാലക്കാട് വഴി യാത്ര ചെയ്യുന്നതിനാൽ അവർക്ക് സഹായകവും അങ്കമാലി- എരുമേലി റെയിൽ പാതയാണ്.
ശബരി റെയിൽ വൈകിയപ്പോൾ ചെങ്ങന്നൂർ‑പമ്പ പാതയ്ക്കു വേണ്ടി ആവശ്യമുയർന്നു എന്നാണ് കഴിഞ്ഞ ദിവസം റയിൽവേ മന്ത്രി ലോക്‌സഭയിൽ പറഞ്ഞത്. എന്നാൽ, സംസ്ഥാന സർക്കാരോ, ഏതെങ്കിലും സംഘടനകളോ, ആ ഭാഗത്തെ ജനപ്രതിനിധികളോ ഇങ്ങനെയൊരാവശ്യം ഇതുവരെ ഉന്നയിച്ചിട്ടില്ലെന്ന് ശബരി പാതയ്ക്കു വേണ്ടിയുള്ള ആക്ഷൻ കൗൺസിലുകളുടെ സംസ്ഥാന ഫെഡറേഷന്റെ ജനറല്‍ കൺവീനറും മുൻ എംഎൽഎയുമായ ബാബു പോൾ പറഞ്ഞു. വിഷയത്തെക്കുറിച്ച് മൗനം പാലിക്കുന്ന ബിജെപിയും സംസ്ഥാനത്തെ കേന്ദ്ര മന്ത്രിമാരും നിലപാട് വ്യക്തമാക്കണമെന്നും ബാബു പോൾ ആവശ്യപ്പെട്ടു. 

Eng­lish Sum­ma­ry: The pres­sure of the tourism mafia behind the rejec­tion of the Sabari rail project

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.