ഹോളി ആഘോവേളയിലെ ഡിമാന്‍ഡ് മുൻ നിർത്തി ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ സുഗന്ധവ്യഞ്‌ജനങ്ങളിൽ താല്പര്യം കാണിച്ചു, കുരുമുളക് വില ഉയർന്നു. ടയർ ലോബിയുടെ സംഘടിത നീക്കം റബ്ബർ വില വീണ്ടും താഴ്‌ത്തി. ഏലക്ക ഈ വർഷത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ. വെളിച്ചെണ്ണ വിലയിൽ മാറ്റമില്ല.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സുഗന്ധവ്യഞ്ജനങ്ങൾക്ക് ആവശ്യം വർദ്ധിച്ചു. കുരുമുളകിനായി അവർ കാണിച്ച താല്പര്യത്തെ തുടർന്ന് ഉല്പാദന മേഖലകളിൽ നിന്നും ഉയർന്ന അളവിൽ ചരക്ക് ഉരത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലേയ്ക്ക് കയറ്റിപോയി. വിളവെടുപ്പ് അവസാനിച്ചെങ്കിലും ടെർമിനൽ മാർക്കറ്റിൽ വരവ് ചുരുങ്ങിയതാണ് കാർഷിക മേഖലകളിൽ നേരിട്ട് ഇറങ്ങി ചരക്ക് ശേഖരിക്കാൻ ചില വാങ്ങലുകാരെ പ്രേരിപ്പിച്ചത്.
കർണാടകത്തിൽ വിളവെടുപ്പ് പുരോഗമിക്കുകയാണെങ്കിലും പുതിയ ചരക്ക് തിരക്ക് വില്പനകൾക്ക് അവർ താല്പര്യം കാണിക്കുന്നില്ല. സാമ്പത്തിക ശേഷിയുള്ള വൻകിട തോട്ടങ്ങളായതിനാൽ നിരക്ക് കൂടുതൽ ഉയരട്ടേയെന്ന നിലപാടിലാണ്. എന്നാൽ ചെറുകിട കർഷകർ മുളക് വില്പനയ്‌ക്ക് ഇറക്കുന്നുണ്ട്. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് വില 48,700 രൂപയിൽ നിന്നും 49,200 രൂപയായി ഉയർന്നു.
അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ കയറ്റുമതി സമൂഹം ടണ്ണിന് 6500 ഡോളറാണ് ആവശ്യപ്പെടുന്നത്. വിയറ്റ്‌നാം 3450 ഡോളറിനും ഇന്തോനേഷ്യ 3600 ഡോളറിനും ബ്രസീലിൽ 3350 ഡോളറിനും ക്വാട്ടേഷൻ ഇറക്കി.
പകൽചൂട് ഉയർന്നതോടെ റബ്ബർ മരങ്ങളിൽ നിന്നുള്ള പാൽ ലഭ്യത ചുരുങ്ങി. നിലവിലെ കാലാവസ്ഥ കണക്കിലെടുത്താൽ മാസാവസാനതോടെ ഒട്ടുമിക്ക തോട്ടങ്ങളിൽ നിന്നും പിൻമാറാൻ ഉല്പാദകർ നിർബന്ധിതരാവും. ഇതിനിടയിൽ വിദേശ വിപണികളിലെ തളർച്ച മറയാക്കി ഇന്ത്യന്‍ വ്യവസായികൾ ആഭ്യന്തര വില ഇടിച്ചു. നാലാം ഗ്രേഡ് റബ്ബർ 14,200 രൂപയായും അഞ്ചാം ഗ്രേഡ് 13,900–14,100ൽ നിന്നും 13,500–14,000 രൂപയായും കുറച്ചു. നിരക്ക് ഇടിഞ്ഞതിനാൽ കർഷകരും സ്‌റ്റോക്കിസ്റ്റുകളും വില്പനയിൽ നിന്നും പിന്നോക്കം മാറിയത് വ്യവസായികളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. പുതിയ സാഹചര്യത്തിൽ അവർ ഈ വാരം വില വീണ്ടും ഉയർത്താൻ നീക്കം നടത്തുമെന്ന വിശ്വാസത്തിലാണ് കാർഷിക മേഖല.
വെളിച്ചെണ്ണ വില്പനയിലെ മാന്ദ്യം മൂലം വൻകിട‑ചെറുകിട കൊപ്രയാട്ട് വ്യവസായികൾ നാളികേര വിപണിയിൽ സജീവമല്ല. വ്യവസായിക ഡിമാന്‍ഡ് മങ്ങിയതിനാൽ ഉല്പാദകരുടെ പ്രതീക്ഷയ്ക്ക് ഒത്ത് കൊപ്രയ്ക്ക് മുന്നേറാനാവുന്നില്ല. ഇതിനിടയിൽ വിവിധ ഭാഗങ്ങളിൽ വിളവെടുപ്പ് ഊർജിതമായ സാഹചര്യത്തിൽ പച്ചതേങ്ങ ലഭ്യത മാസാവസാനം ഉയരാൻ ഇടയുണ്ട്. കൊച്ചിയിൽ വെളിച്ചെണ്ണ 13,100ലും കൊപ്ര 8400 രൂപയിലുമാണ്. കാങ്കയത്ത് വില 8100 രൂപമാത്രമാണ്.
റംസാൻ നൊയമ്പ് കാല ആവശ്യങ്ങൾ മുൻ നിർത്തി പാംഓയിൽ കയറ്റുമതി നിയന്ത്രിക്കാൻ ഇന്തോനേഷ്യ ഒരുങ്ങുന്നു. ഇന്ത്യയിലേക്കുള്ള പാംഓയിൽ പ്രവാഹം കുറയും. ഇറക്കുമതി എണ്ണ വില ഉയരുന്നത് വില തകർച്ചയിൽ നിന്നും രക്ഷനേടാൻ വെളിച്ചെണ്ണയ്ക്ക് അവസരം ഒരുക്കാം.
മുഖ്യ ലേല കേന്ദ്രങ്ങളിൽ ഏലക്ക വില മുന്നേറുന്നു. ഇടപാടുകാർ ചരക്ക് സംഭരിക്കാൻ ലേലത്തിൽ കാണിച്ച ഉത്സാഹം വിലക്കയറ്റത്തിന് വേഗത സമ്മാനിച്ചു. ഉത്സവ ഡിമാന്‍ഡ് മുൻ നിർത്തിയുള്ള ചരക്ക് സംഭരണം വരും ആഴ്ചകളിലും തുടരാം. രാജ്യത്തിന്റെ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിൽ നിന്നുള്ള ഏലത്തിനായി വാങ്ങലുകാരുണ്ട്, പരമാവധി ഉല്പന്നം ശേഖരിക്കാൻ അവർ മത്സരിച്ചതോടെ മികച്ചയിനങ്ങളുടെ വില കിലോ 3001 രൂപ വരെ ഉയർന്നു.
English Summary: The price of pepper has gone up
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.