14 December 2025, Sunday

Related news

October 21, 2025
October 20, 2025
October 13, 2025
October 12, 2025
October 10, 2025
September 29, 2025
September 29, 2025
September 28, 2025
September 28, 2025
September 16, 2025

പ്രധാനമന്ത്രിയുടെ ബിരുദവും കുത്തഴിഞ്ഞ ഉന്നതവിദ്യാഭ്യാസ രംഗവും

വി ദത്തന്‍
March 5, 2025 4:45 am

“കാകനിരിക്കാൻ കൊമ്പു കൊടുത്താൽ
മേലിൽ നമുക്കൊരു ദൂഷണമുണ്ടാം” എന്ന് കുഞ്ചൻ നമ്പ്യാർ പറഞ്ഞത് എത്ര വാസ്തവമാണെന്ന് ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് നടക്കുന്ന പരിഷ്കരണ പരിപാടികൾ കാണുമ്പോൾ ബോധ്യമാകും. 

പ്രധാനമന്ത്രിയുടെ ബിരുദം സംബന്ധിച്ചുണ്ടായ വിവാദങ്ങൾക്കും സംശയങ്ങൾക്കും കൃത്യമായ മറുപടി പ്രധാനമന്ത്രിയോ ബന്ധപ്പെട്ട സർവകലാശാലകളോ നല്കാത്തിടത്തോളം അതിന്റെ സത്യാവസ്ഥ സംശയാസ്പദമായി തന്നെ തുടരും. അരുൺ ജയ്റ്റ്ലിയും അമിത് ഷായും കൂടി മോഡിയുടേതെന്ന് അവകാശപ്പെട്ട് പൊതുജനങ്ങൾക്ക് മുമ്പിൽ പ്രദർശിപ്പിച്ച ബിരുദങ്ങളുടെ പകർപ്പുകൾ ഒറ്റനോട്ടത്തിൽ തന്നെ വ്യാജമാണെന്ന് വ്യക്തമാണ്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാൻ പ്രധാനമന്ത്രിയുടെ ഓഫിസും ബന്ധപ്പെട്ട സർവകലാശാലകളും വിസമ്മതിക്കുകയും അതേക്കുറിച്ച് അന്വേഷിക്കുന്നവർക്ക് പിഴയിടുന്നത് പതിവാകുകയും ചെയ്തതോടെ ഫലത്തിൽ പ്രധാനമന്ത്രിയുടെ ബിരുദം വ്യാജമാണെന്ന ആരോപണം ബലപ്പെടുകയാണുണ്ടായത്. 

പ്രധാനമന്ത്രിയാകാൻ സാമാന്യ വിദ്യാഭ്യാസം പോലും ആവശ്യമല്ലെന്നിരിക്കെ അദ്ദേഹത്തിന്റെ ബിരുദം വ്യാജമായാലും അല്ലെങ്കിലും ഒരു പ്രശ്നവുമില്ല എന്നാണ് അദ്ദേഹത്തിന്റെയും വ്യാജ ബിരുദപക്ഷപാതികളുടെയും ന്യായീകരണം. പ്രധാനമന്ത്രിയാകാൻ ബിരുദം അനുപേക്ഷണീയ ഘടകമല്ലാത്തിടത്തോളം അവരുടെ വാദഗതി കുറച്ചൊക്കെ ശരിയാണെന്ന് തോന്നിയേക്കാം. പക്ഷെ വ്യാജ ബിരുദം നിർമ്മിക്കുന്നതും കൈവശം വയ്ക്കുന്നതും ഗുരുതരമായ ക്രിമിനൽ കുറ്റമാണ്. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം തടവും പിഴയും ഇത്തരം കുറ്റവാളികൾ അർഹിക്കുന്നു. പ്രധാന മന്ത്രിയായാലും പ്രസിഡന്റായാലും ശിക്ഷാർഹരാണ് എന്ന് സാരം. 

അധികാരത്തിന്റെയും ഭരണ സ്വാധീനത്തിന്റെയും ബലത്തിൽ ഈ കുറ്റകൃത്യത്തിൽ നിന്നും രക്ഷപ്പെടാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും കഴിഞ്ഞേക്കാം. പക്ഷേ ഇത്തരക്കാർ അധികാരത്തിലെത്തിയാൽ അവരുണ്ടാക്കുന്ന കെടുതി നമുക്ക് ഊഹിക്കാവുന്നതിനും അപ്പുറമായിരിക്കും. പഠിച്ചു പരീക്ഷ എഴുതി ബിരുദം കരസ്ഥമാക്കിയവരോടും അത്തരം സമ്പ്രദായങ്ങളോടും ഇക്കൂട്ടർക്ക് വെറുപ്പും പുച്ഛവുമായിരിക്കും. ബോധപൂർവമായോ അല്ലാതെയോ അവർ ഈ രീതികളെ തകർക്കാനും ദുർബലപ്പെടുത്താനും ശ്രമിക്കും. ഭാരതത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് അതാണ്. യൂണിയൻ സർക്കാർ കൊണ്ടുവരാൻ പോകുന്ന യുജിസി റെഗുലേഷനുകൾ അതിനുദാഹരണമാണ്. ആദ്യത്തെ മോഡി സർക്കാരിലെ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിരുന്ന സഹമന്ത്രിണി അന്ന് ചെയ്ത കടുംകൈകൾ ആരും മറന്നിട്ടില്ല. ഹൈദരാബാദിലെ കേന്ദ്ര യൂണിവേഴ്സിറ്റിയിലെ ഗവേഷണ വിദ്യാർത്ഥി രോഹിത് വെമുല ആത്മഹത്യ ചെയ്തതിന് ഉത്തരവാദി എന്ന് ആരോപിക്കപ്പെട്ട അവരും തെരഞ്ഞടുപ്പിൽ മത്സരിക്കാൻ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് കള്ള സത്യവാങ്‌മൂലമായിരുന്നു നൽകിയത്. പ്ലസ് ടു മാത്രം വിദ്യാഭ്യാസമുള്ള അവർ, ആദ്യം ബികോം ബിരുദധാരിയാണെന്ന് അവകാശപ്പെട്ടു. വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചപ്പോൾ അത് കള്ളമാണെന്ന് തെളിഞ്ഞു. ഉടനെ ബിഎ ബിരുദമാണ് ഉള്ളതെന്നായി. അന്വേഷണത്തിൽ അതും പൊളിയാണെന്നു തെളിഞ്ഞു. 

വിദ്യാഭ്യാസ യോഗ്യതയെകുറിച്ച് കള്ളം പറഞ്ഞ ഒരു വ്യക്തിയെ ഉന്നതവിദ്യാഭ്യാസം ഉൾപ്പെടെ ഭാരതത്തിന്റെ വിദ്യാഭ്യാസമേഖലയെ നിയന്ത്രിക്കാനുള്ള ചുമതല നൽകിയ പ്രധാനമന്ത്രി ശരിക്കും സമാന തൂവൽപക്ഷിയെ തിരിച്ചറിയുകയായിരുന്നു എന്നുവേണം കരുതാൻ. അർഹതയും യോഗ്യതയുമില്ലാത്ത ഒരാളെ വിദ്യാഭ്യാസ വകുപ്പ് (മാനവ വിഭവശേഷിവകുപ്പ്) ഏല്പിച്ചതിന്റെ കെടുതികളാണ് വിദ്യാഭ്യാസരംഗത്തെ ഇപ്പോഴും പിന്തുടരുന്നത്. സംഘികൾക്ക് പോലും സഹിക്കാൻ കഴിയാത്തവിധം വകുപ്പ് നാമാവശേഷമാക്കിയപ്പോൾ അവരെ അവിടെ നിന്നും മാറ്റി വേറൊരു വകുപ്പ് നൽകാൻ മോഡി നിർബന്ധിതനായി. 

വിദ്യാഭ്യാസമേഖലയെ ഒന്നാകെ അലങ്കോലപ്പെടുത്താൻ, അധികാരത്തിൽ കയറുന്നതിനു മുമ്പേ മോഡി ആസൂത്രണങ്ങൾ നടത്തിയിരുന്നു എന്ന് വേണം അനുമാനിക്കാൻ. തനിക്കോ നേരെ ചൊവ്വേ പഠിച്ചു ഡിഗ്രി സമ്പാദിക്കാൻ കഴിഞ്ഞില്ല; എങ്കിൽ ഒരുത്തനും വലിയ വിദ്യാഭ്യാസം ലഭിച്ചു ഞെളിയണ്ടാ എന്ന മനഃശാസ്ത്ര തത്ത്വമാണ് ഇവിടെ പ്രവർത്തിച്ചിട്ടുള്ളത്. അതിനുവേണ്ടിയുള്ള ബോധപൂർവമായ ശ്രമം നടന്നതിന്റെ തെളിവാണ് 2018ൽ യുജിസിക്ക് പകരമായി പാർലമെന്റിൽ അവതരിപ്പിച്ച “ഹയർ എജ്യുക്കേഷൻ കമ്മിഷൻ ഓഫ് ഇന്ത്യ” ബിൽ. 

1956ൽ പാർലമെന്റ് പാസാക്കിയ നിയമപ്രകാരം നിലവിൽ വന്ന യുജിസിയെ ഇല്ലാതാക്കി പകരം മോഡി സർക്കാർ 2018 ജൂണിൽ കൊണ്ടുവന്ന “ഹയർ എജ്യുക്കേഷൻ കമ്മിഷൻ ഓഫ് ഇന്ത്യ ആക്റ്റ്’’ അകാല ചരമം പ്രാപിച്ചതിൽ നിന്നും ഈ സർക്കാർ ഉന്നതവിദ്യാഭ്യാസ മേഖലയെ എത്ര ഉദാസീനമായും അലക്ഷ്യമായും ആണ് വീക്ഷിക്കുന്നത് എന്ന് വ്യക്തമാണ്. 2018ൽ ആണ് പ്രൊഫസർമാരുടെയും വൈസ് ചാൻസലർമാരുടെയും വിദ്യഭ്യാസയോഗ്യതയും നിയമന രീതിയും പരിഷ്കരിച്ച് പുതിയ റെഗുലേഷൻ യുജിസി പുറപ്പെടുവിച്ചത്. അതിന്റെ മഷിയുണങ്ങുന്നതിന് മുമ്പ്, ഏഴു പതിറ്റാണ്ട് വലിയ പരാതികളൊന്നും കൂടാതെ പ്രവർത്തിക്കുവാൻ യുജിസിയെ സഹായിച്ച ഒരു നിയമത്തിനു പകരം മറ്റൊരു നിയമം നിർമ്മിക്കാനൊരുങ്ങുകയും അതും പാതിവഴിയിൽ ഉപേക്ഷിക്കുകയും ചെയ്തതിന്റെ പിന്നിലെ ചേതോവികാരം എന്താണെന്നും വ്യക്തമല്ല. എന്തായാലും യുജിസിയെയോ ഉന്നതവിദ്യാഭ്യാസ മേഖലയേയോ ശക്തിപ്പെടുത്താനോ നവീകരിക്കാനോ ആയിരുന്നില്ല എന്ന് സ്പഷ്ടം. 

വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അതനുസരിച്ച് സർവകലാശാലകൾ സ്ഥാപിക്കാനും അവയ്ക്കാവശ്യമായ നിയമം നിർമ്മിക്കാനുമുള്ള അധികാരം അതാതു സംസ്ഥാനങ്ങൾക്കാണ്. ഈ അധികാരങ്ങൾ കവർന്നെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ യുജിസി നിയമഭേദഗതി. യൂണിയൻ സർക്കാരിന്റെ കിങ്കരന്മാരായ ഗവർണർമാർക്ക് വളയമില്ലാതെ ചാടാൻ നിലവിലെ നിയമം തടസമാണെന്നു കോടതി ഇടപെടലുകളിൽ നിന്നും ബോധ്യമായതും നിയമ ഭേദഗതിക്ക് സർക്കാരിനെ പ്രേരിപ്പിച്ചിട്ടുണ്ടാകും. ഫലത്തിൽ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് പ്രദർശിപ്പിക്കുന്ന പ്രധാനമന്ത്രിക്ക് കീഴിൽ കുത്തഴിഞ്ഞ ഉന്നതവിദ്യാഭ്യാസ രംഗത്തെയാണ് രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്. 

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.