22 January 2026, Thursday

മലയാള സിനിമയില്‍ പുതുചരിത്രം കുറിച്ച് ‘ദ റിയല്‍ മഞ്ഞുമ്മല്‍ ബോയ്സ്’

ഷാജി ഇടപ്പള്ളി
March 3, 2024 8:33 am

ലയാള സിനിമ മേഖലയിൽ ഒരു പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് മഞ്ഞുമ്മൽ ബോയ്സ്. ഒരു യഥാർത്ഥ സംഭവത്തെ പുനരവതരിപ്പിച്ച് യാതൊരു പരിക്കും ഇല്ലാതെ, വലിയ താരപരിവേഷമുള്ള നായകരെയും അണിനിരത്താതെ, അതിജീവനത്തിന്റെ ഗാഥയുമായി പ്രേക്ഷക ഹൃദയങ്ങളിൽ ഇടം പിടിക്കുവാൻ ഈ സിനിമക്ക് കഴിഞ്ഞു എന്നത് സംവിധായകൻ ചിദംബരത്തിന്റ പരീക്ഷണം വൻ വിജയമായതിന്റെ തെളിവാണ്. 

ഒരു സംഘം ചെറുപ്പക്കാരുടെ വിനോദയാത്രക്കിടയിൽ നേരിട്ട ഒരു സംഭവത്തെ അതുപോലെ പകർത്തിയെടുത്ത മഞ്ഞുമ്മൽ ബോയ്സ് റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ ബോക്സോഫീസ് കുതിപ്പ് തുടരുകയാണ്. ബോക്സോഫീസ് ട്രാക്കറിന്റെ കണക്ക് പ്രകാരം ആഭ്യന്തര ബോക്സോഫീസിൽ 22ന് റിലീസായ ചിത്രം നാലാമത്തെ ദിവസം 4.70 കോടിയാണ് നേടിയത്. ആഗോളതലത്തിൽ ഇതിനോടകം മികച്ച കളക്ഷനാണ് മഞ്ഞുമ്മൽ ബോയ്സ് കരസ്ഥമാക്കിയിട്ടുള്ളത്.
എറണാകുളം മഞ്ഞുമ്മൽ അമ്പലത്തിന് സമീപം മാടപ്പാട്ടുള്ള ചെറുപ്പക്കാർ 2006ൽ സുഹൃത്തിന്റെ വാഹനത്തിൽ കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയപ്പോൾ ഗുണാ കേവ് സന്ദർശിക്കുന്നതിനിടെ 11അംഗ സംഘത്തിൽ സുഭാഷ് എന്ന സുഹൃത്ത് ഗുഹയുടെ അഗാധ ഗർത്തിലേക്ക് വീഴുന്നു. ഈ സുഹൃത്തിനെ രക്ഷപ്പെടുത്താനുള്ള സുഹൃത്തുക്കളുടെ പരിശ്രമവും അതിനുള്ള ഇടപെടലും അപ്പോൾ സംഭവിക്കുന്ന പ്രതികൂലമായ അനുഭവങ്ങളും നേരിടുന്ന വെല്ലുവിളികളും മാനസിക പ്രയാസങ്ങളുമെല്ലാം വളരെ കൃത്യമായി സംവിധായകൻ ചിദംബരം അവതരിപ്പിക്കുന്നു. ഈ ഗുഹയിൽ വീണവർ ആരും രക്ഷപെട്ടിട്ടില്ല എന്നതാണ് ചരിത്രം. ഇതിന് മുൻപ് 13പേർ വീണതായി ഔദ്യോഗിക കണക്ക്. അതിലെത്രയോ പേർ അകപ്പെട്ടിട്ടുണ്ടാകാം എന്ന് സംശയവുമുണ്ട്.
പറവ ഫിലിംസിന്റ ബാനറിൽ സൗബിൻ ഷാഹിർ, ഷോൺ ആൻറണി എന്നിവർ ചേർന്ന് നിർമ്മിച്ച് ചിദംബരം തിരക്കഥയും സംവിധാനവും നിർവഹിച്ചിട്ടുള്ള ബിഗ് ബജറ്റ് ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ശ്രീഗോകുലം മൂവീസിനുവേണ്ടി ഡ്രീം ബിഗ് ഫിലിംസ് പ്രദർശനത്തിനെത്തിച്ചിട്ടുള്ള ഈ ചിത്രം വ്യത്യസ്തമായൊരു ദൃശ്യാനുഭവം തന്നെയാണ് പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുള്ളത്. 

ചിത്രത്തിന്റെ ഓരോ സീനും തികഞ്ഞ ആകാംക്ഷ ജനിപ്പിക്കുന്നതാണ്. തങ്ങളും ആ ഗുഹക്കുള്ളിൽ അകപ്പെട്ടുപോയ പ്രതീതിയിൽ പ്രേക്ഷകനെ പിടിച്ചിരുത്താൻ സിനിമക്ക് കഴിഞ്ഞിട്ടുണ്ട്. കേരളത്തിലും തമിഴ്‌നാട്ടിലുമായാണ് ചിത്രീകരണം പൂർത്തിയാക്കിയിട്ടുള്ളത്. 2006 ൽ നടന്ന ഈ സംഭവം കേട്ടറിഞ്ഞവരും സിനിമയാക്കാൻ താല്പര്യമുള്ളവരും പലരും ഈ കാലയളവിൽ ഇവരെ സമീപിക്കുകയുണ്ടായി. കഥ കേട്ടവർക്ക് സിനിമയാക്കാൻ ആഗ്രഹമുണ്ടായെങ്കിലും വലിയ ബജറ്റ് ആവശ്യമായതിനാലും ഒരു വലിയ സംഭവത്തെ എങ്ങിനെ ഒരു സിനിമയിലൂടെ അവതരിപ്പിക്കാൻ കഴിയുമോയെന്ന ആശങ്കയും ഇവരുമായി പങ്കുവെച്ചിരുന്നു.
ജീവിതത്തിൽ അനുഭവിച്ച വേദനകളും ആ സമയത്ത് നേരിട്ട വിഷമങ്ങളും തങ്ങൾ കരുതിയതിലും ജീവസ്പർശിയായി ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ടെന്ന് നിർമ്മാതാവിനോടും സംവിധായകനോടും കഥ പറഞ്ഞു കൊടുത്ത റോണിഷ് ആൻറണി വേലശ്ശേരി പറഞ്ഞു. അത്രയും ആഴത്തിൽ പഠിച്ചുതന്നെയാണ് ചിത്രീകരണം നടത്തിയിട്ടുള്ളത്. അതിനാൽ ചിത്രം കണ്ടവർക്ക് അത് നൽകുന്ന ഒരുനുഭവം വിവരണാതീതമാണ്. സംഭവത്തെക്കുറിച്ച് എല്ലാം അറിയാമായിരുന്നിട്ടും തീയേറ്ററിൽ സിനിമ കണ്ടപ്പോൾ മനസ് വേദനിക്കുകയും കണ്ണുകൾ ഈറനണിയുകയും ചെയ്തുവെന്നും അവർ വെളിപ്പെടുത്തുന്നു.
ഗുഹയിൽ വീണുപോകുന്ന സുഭാഷായി വേഷമിടുന്നത് ശ്രീനാഥ് ഭാസിയാണ്. മികച്ച അഭിനയമാണ് ശ്രീനാഥ് കാഴ്ചവെച്ചിട്ടുള്ളത്. സൗബിൻ ഷാഹിർ, ബാലു വർഗീസ്, ഗണപതി, ജീൻ പോൾ ലാൽ, ചന്തു സലിംകുമാർ, അഭിരാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, അരുൺ കുര്യൻ, വിഷ്ണു രഘു, ഖാലിദ് റഹ്‌മാൻ എന്നിവരും മിന്നുന്ന പ്രകടനമാണ് നടത്തിയിട്ടുള്ളത്. 

സാധാരണ നാട്ടിൻപുറത്തുകാരായ ചെറുപ്പക്കാരുടെ കൂട്ടും കൂട്ടുകൂടിയുള്ള യാത്രകളും കൂടിച്ചേരലുകളുമെല്ലാം ഏവരുടെയും മനസുകളിലുമുള്ള ഓർമ്മകളാണല്ലോ. അതുപോലെ ഈ ചിത്രം കാണുമ്പോൾ ഓരോരുത്തരും തങ്ങളുടെ സൗഹൃദ ബന്ധങ്ങളിലേക്ക് അറിയാതെ നടന്നടുക്കും. പിന്നെ പലരും നേരിട്ടുള്ള അനുഭവമാണ് ചിത്രം പറയുന്നത്. കുളിക്കാൻ ഒരുമിച്ചു പോയപ്പോൾ പുഴയിൽ വീണുപോയ സുഹൃത്തിനെ രക്ഷപെടുത്തിയതും രക്ഷപ്പെടുത്താനുള്ള ശ്രമം വിഫലമായി കണ്മുൻപിൽ അവൻ ഒഴുകിപോകുന്നതും കണ്ടു നിന്നിട്ടുള്ള എത്രയോ പേരുണ്ട്. ബീച്ചിൽ… യാത്രകളിൽ… അങ്ങനെ പല പല അനുഭവങ്ങൾ പങ്കുവയ്ക്കാനുണ്ടാകും. ദുരന്തമുഖത്ത് നിന്നും നാട്ടിലേക്ക് എങ്ങിനെ മടങ്ങുമെന്ന് അറിയാതെ അലറി കരഞ്ഞിട്ടുള്ള, തളർന്നു വീണുപോയിട്ടുള്ള അതുപോലെ ജീവിതത്തിൽ പലരും നേരിട്ടിട്ടുള്ള യാഥാർഥ്യങ്ങളിലൂടയാണ് മഞ്ഞുമ്മൽ ബോയ്സ് നടന്നു നീങ്ങുന്നത്. 

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.