24 February 2025, Monday
KSFE Galaxy Chits Banner 2

ഇന്ത്യ കടക്കെണിയിൽ ആകാൻ കാരണം

സി ആർ ജോസ്‌പ്രകാശ്
January 31, 2025 4:45 am

2025–26 സാമ്പത്തികവർഷത്തെ കേന്ദ്രബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുകയാണ്. ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിക്കുന്ന എട്ടാമത്തെ ബജറ്റിനു മുമ്പ് 2024ലെ ‘ലോകരാഷ്ട്രങ്ങളുടെ കടം’ സംബന്ധിച്ച റിപ്പോർട്ട് പുറത്തുവന്ന് കഴിഞ്ഞു. ‘ഇന്റർനാഷണൽ ഡബ്റ്റ് റിപ്പോർട്ടി‘ല്‍ ഇന്ത്യ എത്തിയിരിക്കുന്ന കടബാധ്യതയുടെ വിശദാംശങ്ങൾ കൊടുത്തിട്ടുണ്ട്. മറ്റു രാജ്യങ്ങളുടെ കടബാധ്യത പരിശോധിക്കുമ്പോഴാണ്, സാമ്പത്തിക രംഗത്ത് ഇന്ത്യ ചെന്നെത്തിയിരിക്കുന്ന കുരുക്കിന്റെ ആഴം മനസിലാകുന്നത്. ഇന്ത്യയില്‍ സാമ്പത്തിക മാന്ദ്യമുണ്ടാകുമെന്ന പ്രവചനവും ചില സാമ്പത്തിക വിദഗ്ധര്‍‍ നടത്തുന്നു.
ലോകത്ത് ജനസംഖ്യ കൂടുതലുള്ള 30 രാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും വേഗത്തിൽ കടം വർധിച്ചു കൊണ്ടിരിക്കുന്നത് ഇന്ത്യയിലാണെന്ന് കാണാനാകും. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പ്രകാരം രാജ്യത്തിന്റെ കടം 186 ലക്ഷം കോടി രൂപയാണ്. 2014–15ല്‍ 55.87 ലക്ഷം കോടിയായിരുന്നതാണ്, 10 വര്‍ഷം കൊണ്ട് 186 ലക്ഷം കോടിയായി ഉയര്‍ന്നത്. രാജ്യത്തിന്റെ മൊത്തം വരവ് 32.07 ലക്ഷം കോടിയും ചെലവ് 48.21 ലക്ഷം കോടിയുമാണ്. 16.14 ലക്ഷം കോടി രൂപയുടെ വ്യത്യാസം. ഈ സ്ഥിതി മറികടക്കാന്‍ ഇതുവരെ എട്ടുലക്ഷം കോടിയിലധികം രൂപ സര്‍ക്കാര്‍ കടമെടുത്തുകഴിഞ്ഞു. എങ്ങനെയാണ് ഓരോ വർഷവും കടം കൂടുന്നതെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. മൊത്തം വരവിന്റെ 37ശതമാനം പലിശയടവിനായി മാറ്റിവയ്ക്കുന്ന സ്ഥിതിവിശേഷം ആശങ്കാജനകമാണ്. ഒരു വർഷം 11.90ലക്ഷം കോടി രൂപയാണ് പലിശ ചെലവ്. ദയനീയമായ ഈ സ്ഥിതി തുടരുമ്പോഴാണ്, രാജ്യം സാമ്പത്തികരംഗത്ത് കുതിച്ചു ചാട്ടം നടത്തിക്കൊണ്ടിരിക്കുന്നു, വളർച്ചാനിരക്ക് രണ്ടക്ക സംഖ്യയില്‍ എത്താൻ പോകുന്നു, ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി രാജ്യം മാറുന്നു തുടങ്ങി വലിയ അവകാശവാദങ്ങൾ ബജറ്റിലൂടെയും അല്ലാതെയും നരേന്ദ്ര മോഡിയും നിർമ്മലാ സീതാരാമനും അമിത് ഷായും പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്നത്. 

കടക്കെണിയുടെ ആഴക്കടലില്‍‍ രാജ്യം എത്തിച്ചേരാന്‍ കാരണമെന്താണ്? രാജ്യത്തെ ജനങ്ങളെ സഹായിക്കുന്നതിനുള്ള വന്‍ പദ്ധതികള്‍ നടപ്പിലാക്കിയതുകൊണ്ടാണ് ഇങ്ങനെ കടം കുത്തനെ കൂടിയതെങ്കില്‍ അതിന് ന്യായീകരണമുണ്ട്. എന്നാല്‍ രാജ്യത്തെ പട്ടിണി മാറിയിട്ടില്ല, തൊഴിലില്ലായ്മ കുറഞ്ഞില്ല, പകുതി കുടുംബങ്ങള്‍ക്കു പോലും ഭൂമിയും വീടും ലഭിച്ചില്ല. വീടുള്ളവര്‍ക്കെല്ലാം വൈദ്യുതി ലഭ്യമല്ല. അക്ഷരമറിയാത്തവരുടെ എണ്ണം കുറഞ്ഞില്ല. അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം സൗജന്യ ചികിത്സ കിട്ടുന്നില്ല. തൊഴിലുറപ്പ് പദ്ധതി തളര്‍ന്നു. എല്ലാവര്‍ക്കും കുടിവെള്ളം ലഭ്യമായില്ല. സാധാരണക്കാര്‍ക്ക് സഹായകരമായിരുന്ന സബ്സി‍‍‍‍‍ഡി നിരക്ക് കുറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങള്‍ ചെറുതായി. 

ജനസംഖ്യ കൂടുമ്പോള്‍ വിദ്യാഭ്യാസം, ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സൗജന്യ സേവനം ഉറപ്പാക്കാന്‍ ലോകത്തെവിടെയും സിവില്‍ സര്‍വീസ് വളരുകയും ജീവനക്കാരുടെയും അധ്യാപകരുടെയും എണ്ണം കൂടുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യയുടെ സ്ഥിതി ദയനീയമാണ്. കേന്ദ്ര സര്‍വീസില്‍ 10.34 ലക്ഷം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. ഇത് മൊത്തം സ്ഥിരം തസ്തികയുടെ 37 ശതമാനമാണ്. കേരളം ഒഴികെ എല്ലാ സംസ്ഥാനങ്ങളുടെയും സ്ഥിതി ഇതാണ്. രാജ്യത്താകെ 38 ലക്ഷം സ്ഥിരം തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. 

നൂറ്റാണ്ടുകളുടെ അവഗണനയും വേട്ടയാടലും അനുഭവിച്ച പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക സമുദായങ്ങളുടെ സംവരണാനുകൂല്യം പകുതിയിലധികം നഷ്ടപ്പെട്ടിരിക്കുന്നു. ജപ്പാന്‍ പോലെയുള്ള വികസിത രാജ്യങ്ങളിലെ ശരാശരി മനുഷ്യര്‍ ജീവിക്കുന്നതിനെക്കാള്‍ 16 വര്‍ഷം കുറച്ചേ ശരാശരി ഇന്ത്യക്കാര്‍ ജീവിക്കുന്നുള്ളു. 1980 വരെ ഇന്ത്യയിലെയും ചൈനയിലെയും ശരാശരി ആയുര്‍ദൈര്‍ഘ്യം തുല്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യക്കാരെക്കാള്‍ 10 വര്‍ഷം കൂടുതല്‍ ചൈനക്കാര്‍ ജീവിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ മനുഷ്യര്‍ നേരത്തെ മരിക്കുന്നവരുടെ രാജ്യമാണ് ഇന്ത്യ. ഈ സ്ഥിതിക്ക് ഒരു മാറ്റവും വന്നിട്ടില്ല.
കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കുള്ളില്‍ നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ 100 ശതമാനത്തില്‍ അധികം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ സാധാരണക്കാരുടെ വരുമാനത്തില്‍ ആനുപാതികമായ വര്‍ധനവ് ഉണ്ടായിട്ടില്ല. ഒളിമ്പിക്സ് മെഡല്‍ നിലയില്‍ ഇന്ത്യയുടെ സ്ഥാനം 71 ആണ്. ചൈനയ്ക്ക് 40 സ്വര്‍ണം ലഭിച്ചപ്പോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഇന്ത്യക്ക് 2024ല്‍ ഒരു സ്വര്‍ണം പോലും ലഭിക്കാതെ പോയി. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇടതുപക്ഷം മുന്നോട്ടുവയ്ക്കുകയും സര്‍ക്കാര്‍ നടപ്പിലാക്കുകയും ചെയ്ത ‘ഭക്ഷ്യ സുരക്ഷാനിയമം’ ബിജെപി സര്‍ക്കാര്‍ നിര്‍ത്തലാക്കിയില്ല എന്നതുമാത്രമാണ് ഏക ആശ്വാസം. എന്നാല്‍ രാജ്യത്തെ 90ശതമാനത്തിലധികം വരുന്ന ജനങ്ങളുടെ ജീവിതം ഒരു ചുവടുപോലും മുന്നോട്ടു പോയിട്ടില്ല.

രാജ്യം ഓരോ വര്‍ഷവും വലിയ വളര്‍ച്ച കൈവരിക്കുന്നുണ്ട്. പുത്തന്‍ സാമ്പത്തിക നയത്തിന്റെ വക്താക്കള്‍ പറയുന്നതുപോലെ അതിന്റെ നേട്ടം അരിച്ചരിച്ചെങ്കിലും സാധാരണക്കാരില്‍ എത്തുന്നില്ല. മറിച്ച് വളര്‍ച്ചയുടെ സിംഹഭാഗവും 10,000ത്തിന് താഴെ മാത്രം വരുന്ന കോര്‍പറേറ്റുകളില്‍ കേന്ദ്രീകരിക്കുന്നു എന്നത് ഇന്നൊരു തര്‍ക്കവിഷയമേ അല്ല. കഴിഞ്ഞ 10 വര്‍ഷം കോടീശ്വരന്‍മാരുടെ ആസ്തിയിലുണ്ടായ കുതിച്ചുചാട്ടത്തിന്റെ കണക്കുകള്‍ ഔദ്യോഗികമായിത്തന്നെ ലഭ്യമാണ്. ലോകവും രാജ്യവും സ്തംഭിച്ചു നിന്ന കോവിഡ് കാലത്തുപോലും അഡാനിമാരുടെ ആസ്തികള്‍ റോക്കറ്റ് വേഗത്തില്‍ ഉയരുകയായിരുന്നു.
പരിശോധിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കുള്ളില്‍ വെള്ളപ്പൊക്കം, വരള്‍ച്ച, മറ്റ് ദുരന്തങ്ങള്‍ എന്നിവ താരതമ്യേന രാജ്യത്ത് കുറവായിരുന്നു. അതേസമയം തന്നെ സര്‍ക്കാരിന്റെ വരുമാനത്തില്‍ വലിയ വര്‍ധനവ് ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. സെസ്, സര്‍ചാര്‍ജ് ഇവയിലൂടെ ലക്ഷക്കണക്കിന് കോടി രൂപയാണ് കേന്ദ്രസര്‍ക്കാരിന് ലഭിക്കുന്നത്. 2011–12ല്‍ കേന്ദ്രവരുമാനത്തിന്റെ 8.16 ശതമാനം മാത്രമായിരുന്നു സെസിലൂടെ ലഭിച്ചത്. ഇപ്പോള്‍ അത് 28.08 ശതമാനമായി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇതിലൂടെ കിട്ടിയത് 22.11 ലക്ഷം കോടിയാണ്. ഈ തുകയുടെ ഒരു ശതമാനം പോലും സംസ്ഥാനങ്ങള്‍ക്ക് പങ്കുവയ്ക്കുന്നില്ല. ഓഹരി വിറ്റഴിക്കുന്നതിലൂടെയും പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നതിലൂടെയും പതിനായിരക്കണക്കിന് കോടിയും ലഭിച്ചു. 

2017ല്‍ ജിഎസ്‌ടി പരിഷ്കാരം കൊണ്ടുവന്നതുമുതല്‍ സംസ്ഥാനങ്ങളുടെ വരുമാനം കുറയുകയും കേന്ദ്രവരുമാനം കൂടുകയും ചെയ്തു. നിലവിലുണ്ടായിരുന്ന മാനദണ്ഡം ഇല്ലാതാക്കി, റിസര്‍വ് ബാങ്കിന്റെ ലാഭവിഹിതം കേന്ദ്രസര്‍ക്കാര്‍ ഊറ്റിയെടുക്കുന്നു. സബ്സിഡികള്‍ ക്രമത്തില്‍ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. സംസ്ഥാനങ്ങളുടെ പദ്ധതി വിഹിതത്തില്‍ വലിയ കുറവ് വരുത്തി. വരുമാന നികുതി വന്‍തോതില്‍ ഉയരുന്നു. ജനസംഖ്യയുടെ 1.47 ശതമാനം മാത്രം വരുന്ന ആദായനികുതി അടയ്ക്കുന്നവരില്‍ നിന്ന് 10.64 ലക്ഷം കോടി രൂപയാണ് ഖജനാവില്‍ ഈ സാമ്പത്തികവര്‍ഷം ഇതുവരെ എത്തിയത്. വിദേശ ഇന്ത്യക്കാര്‍ അയയ്ക്കുന്ന പണത്തിന്റെ അളവ് കുതിച്ചുയരുന്നു. കേന്ദ്രസര്‍ക്കാര്‍ സര്‍വീസില്‍ ലക്ഷക്കണക്കിന് തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നതിനാല്‍ ശമ്പള ചെലവില്‍ വലിയ കുറവ് ഉണ്ടായിരിക്കുന്നു. ഇങ്ങനെ വരുമാനം വന്‍ തോതില്‍ ഉയരുകയും ചെലവ് കുറയുകയും ചെയ്യുമ്പോള്‍ കടബാധ്യത ഉയരാന്‍ പാടില്ലാത്തതാണ്.
ലോകത്ത് ഏത് രാജ്യത്തും കോര്‍പറേറ്റ് നികുതിയാണ് മൊത്തം വരുമാനത്തിന്റെ പ്രധാന സ്രോതസ്. എന്നാല്‍ മോഡി സര്‍ക്കാര്‍ കോര്‍പറേറ്റ് നികുതി 30 ശതമാനത്തില്‍ നിന്ന് 22 ആയി വെട്ടിക്കുറച്ചു. ഇതിലൂടെ ഓരോ വര്‍ഷവും രണ്ടുലക്ഷം കോടിയോളം രൂപ സര്‍ക്കാരിന് നഷ്ടമാകുകയും കോടീശ്വരന്മാര്‍ക്ക് ഇത് നേട്ടമായി മാറുകയും ചെയ്തു. ലോകത്ത് മറ്റൊരു രാജ്യവും കോര്‍പറേറ്റ് നികുതി ഇങ്ങനെ വെട്ടിക്കുറച്ചിട്ടില്ല. സര്‍ക്കാരിന്റെ നയവൈകല്യവും ദീര്‍ഘവീക്ഷണമില്ലായ്മയും കൊണ്ട് കയറ്റുമതി കുറയുകയും ഇറക്കുമതി കൂടുകയും ചെയ്യുന്നതിന്റെ ഫലമായി ആയിരക്കണക്കിന് കോടി രൂപ വിദേശത്തേക്ക് ഒഴുകിപ്പോകുന്നു. 9.90ലക്ഷം കോടിയുടെ ബാങ്ക് വായ്പ എഴുതിത്തള്ളിയതിന്റെ മുഖ്യ ഗുണഭോക്താക്കളും കോടീശ്വരന്മാര്‍ തന്നെ.
അഴിമതിയും കമ്മിഷന്‍ ഇടപാടുകളും രാജ്യത്ത് അരങ്ങ് തകര്‍ക്കുന്നു. അതിന്റെ പങ്ക് ബിജെപിക്കും ലഭിക്കുന്നു. ഇലക്ടറല്‍ ബോണ്ടിലൂടെ 2023–24 ലെ ഔദ്യോഗിക കണക്കുപ്രകാരം തന്നെ 1,685 കോടി രൂപയാണ് ബിജെപിക്ക് ലഭിച്ചത്. ഈ വസ്തുതകള്‍ വെളിപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാരിന്റെ കോര്‍പറേറ്റ് താല്പര്യങ്ങളും പിടിപ്പുകേടും ജനവിരുദ്ധതയും ആസൂത്രണമില്ലായ്മയുമാണ് രാജ്യത്തിന്റെ കടഭാരം കുതിച്ചുയരുന്നതിന് വഴിതെളിച്ചത് എന്നാണ്. രാജ്യത്തെ 143 കോടി ജനങ്ങളില്‍ 10 ശതമാനം ഒഴികെയുള്ളവരെല്ലാം ഇതിന് പിഴ മൂളേണ്ടി വന്നു എന്നതാണ് ദുരന്തം. വരും നാളുകളില്‍ ഈ സ്ഥിതി കൂടുതല്‍ മോശമാകാനാണ് സാധ്യത. 

ഗുരുതരമായ ഈ കാര്യങ്ങള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കാലത്തുപോലും രാജ്യത്ത് കാര്യമായി ചര്‍ച്ചയായില്ല എന്നതാണ് ദുഃഖകരമായ അവസ്ഥ.
ജാതിയും മതവും പണത്തിന്റെ കുത്തൊഴുക്കും ഭൂരിപക്ഷം മാധ്യമങ്ങളുടെയും കോര്‍പറേറ്റ് താല്പര്യങ്ങളും തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഭരണാനുകൂല സമീപനവും എല്ലാം ചേര്‍ന്ന് തെരഞ്ഞെടുപ്പ് സംവിധാനത്തെ തന്നെ ദുര്‍ബലമാക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. രാജ്യത്ത് നിലനില്‍ക്കുന്ന തെറ്റായ ഈ പ്രവണതകളെയെല്ലാം വെള്ളപൂശുന്ന ഒന്നായി ഫെബ്രുവരി ഒന്നിന്റെ കേന്ദ്രബജറ്റ് മാറാനാണ് സാധ്യത. കഴിഞ്ഞ 10വര്‍ഷത്തെ അനുഭവം നമ്മെ പഠിപ്പിക്കുന്നത് അതാണ്. ഈ സന്ദര്‍ഭത്തിലെങ്കിലും പൊതുസമൂഹം വലിയ ജാഗ്രത കാട്ടിയില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.