
2024 ഡിസംബർ നാലിനാണ് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്തത്. 2025 ഡിസംബർ നാലിന് രണ്ടു തിരിച്ചടികളും രാഹുൽ ഏറ്റുവാങ്ങി. ലൈംഗികാരോപണ കേസിൽ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവന്തപുരം വഞ്ചിയൂരിലെ ജില്ലാ കോടതി തള്ളി. അതിനുപിന്നാലെ കോൺഗ്രസിൽ നിന്നും പുറത്തായി.
2006ൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ പഠിക്കുമ്പോൾ കെ.എസ്.യു അംഗമായാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ രാഷ്ട്രീയ പ്രവേശനം. 2009 മുതൽ 2017 വരെ കെ.എസ്.യു പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി. 2017ൽ കെ.എസ്.യു പത്തനംതിട്ട ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 2020 ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി. 2023ൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തി. 2024ൽ പാലക്കാട് നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വളരെ വേഗത്തിലായിരുന്നു രാഷ്ട്രീയ രംഗത്ത് രാഹുലിന്റെ വളർച്ച.
കോൺഗ്രസ് വക്താവ് ചാനൽ ചർച്ചകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതോടെയാണ് ആളുകൾ രാഹുൽ മാങ്കൂട്ടത്തിലിനെ ശ്രദ്ധിച്ചുതുടങ്ങിയത്. വളരെ പെട്ടെന്നു തന്നെ രാഹുൽ നേതാക്കളുടെ പ്രിയപ്പെട്ടവനായിമാറി. ഇപ്പോൾ ആ നേതാക്കൾ തന്നെയാണ് രാഹുൽ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ഉന്നയിക്കുന്നതും.
2025 ആഗസ്റ്റ് 20നാണ് രാഹുലിനെതിരെ ആരോപണവുമായി യുവ നടി രംഗത്തുവരുന്നത്. രാഹുൽ മോശം സന്ദേശം അയച്ചുവെന്നായിരുന്നു ആരോപണം. അതിനു പിന്നാലെ ഒന്നൊന്നായി പരാതികൾ വന്നുകൊണ്ടിരുന്നു. ആരോപണങ്ങൾക്കൊടുവിൽ ആഗസ്റ്റ് 21ന് രാഹുൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. നവംബർ 27ന് യുവതി ലൈംഗികാരോപണമുന്നയിച്ച് രാഹുലിനെതിരെ പരാതി നൽകി. പൊലീസ് അന്വേഷണം തുടങ്ങിയതിനുപിന്നാലെ രാഹുൽ ഒളിവിൽ പോയി. എട്ട് ദിവസമായി ഒളിവിൽ തുടരുകയാണ് പാലക്കാട് എം.എൽ.എ രാഹുൽ. വലിയമല പൊലീസ് രജിസ്റ്റർ ചെയ്ത് നേമം പൊലീസിന് കൈമാറിയ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) സെക്ഷൻ 64(2)(എഫ്), 64(2)(എച്ച്), 64(2)(എം) ബലാത്സംഗം, 89 നിര്‍ബന്ധിത ഭ്രൂണഹത്യ, 115(2) കഠിനമായ ദേഹോപദ്രവം, 351(3) അതിക്രമം, 3(5) ഉപദ്രവം, ഐ.ടി ആക്ട് 66(ഇ) സ്വകാര്യതാ ലംഘനം എന്നീ വകുപ്പുകളാണ് ചുമത്തിയത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.