രാജ്യത്ത് ഉയര്‍ന്ന നിലയില്‍ തുടരുന്ന വിലക്കയറ്റം അടുക്കളകളെ കൂടുതല്‍ ദരിദ്രമാക്കുന്നു. ചില്ലറ വില്പന പണപ്പെരുപ്പം നേരിയ തോതിൽ കുറഞ്ഞെങ്കിലും തുടർച്ചയായ മൂന്നാം മാസവും ഏഴ് ശതമാനത്തിനു മുകളിലാണ്. ധാന്യങ്ങൾ, പച്ചക്കറികൾ, പാൽ, മാംസം എന്നിവയുടെ വില കുതിച്ചുയരുന്നതിനാൽ ഭക്ഷ്യ വിലക്കയറ്റം ജൂണിൽ 7.56 ശതമാനമായി ഉയർന്നു. ഭക്ഷ്യ എണ്ണയുടെ വില മാത്രം 2021 സാമ്പത്തിക വർഷത്തിൽ 35 ശതമാനവും 2022 ൽ 40 ശതമാനവും വർധിച്ചു. ഇത് ദശലക്ഷക്കണക്കിന് ഇന്ത്യൻ കുടുംബങ്ങളിലെ ഭക്ഷ്യ ബജറ്റിനെ താളം തെറ്റിച്ചു.
ചില്ലറ വിലക്കയറ്റത്തിന്റെ ദുരന്തം സാധാരണക്കാരെയാണ് കൂടുതൽ ബാധിക്കുക. എന്നാൽ പണപ്പെരുപ്പം രാജ്യത്തെ ദരിദ്രരെ ബാധിച്ചില്ലെന്ന പ്രസ്താവനയുമായി കേന്ദ്ര മന്ത്രി നിർമ്മലാ സീതാരാമൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയത് വിമർശനങ്ങള്‍ക്കിടയാക്കി. മോഡി സർക്കാർ നടപ്പാക്കിയ പദ്ധതികൾ പാവപ്പെട്ടവരെ രക്ഷിച്ചെന്നായിരുന്നു മന്ത്രി ട്വീറ്റ് ചെയ്തത്. ജൂണിലെ പണപ്പെരുപ്പം 7.01 ശതമാനം എന്ന ആശങ്കാജനകമായ സ്ഥിതിയിലുള്ളപ്പോഴായിരുന്നു മന്ത്രി പുതിയ അവകാശവാദവുമായി രംഗത്തെത്തിയത്. മേയിൽ ഇത് 7.04 ശതമാനമായിരുന്നു. 0. 03 ശതമാനത്തിന്റെ നേരിയ കുറവുണ്ടെങ്കിലും ആർബിഐയുടെ പ്രതീക്ഷിത നിരക്കിന് മുകളിൽ തന്നെയാണ് പണപ്പെരുപ്പത്തോതുള്ളത്.
റഷ്യ‑ഉക്രെയ്ൻ യുദ്ധം മൂലം ആഗോളതലത്തിൽ ചരക്ക് വിലയും ക്രൂഡ് ഓയിൽ വിലയും ഉയർന്നത് പണപ്പെരുപ്പം കൂടാൻ കാരണമായി. ജൂണിൽ, ഭക്ഷ്യ മേഖലയിലെ പണപ്പെരുപ്പം 7.75 ശതമാനമാണ്. ഗതാഗതച്ചെലവും ഉഷ്ണതരംഗം സൃഷ്ടിച്ച നാശനഷ്ടങ്ങളും പച്ചക്കറി വില കുത്തനെ ഉയർത്തി. കഴിഞ്ഞ പന്ത്രണ്ട് മാസത്തിൽ പച്ചക്കറികളിൽ തക്കാളി വിലയിൽ അവിശ്വസനീയമായ വർധനയാണുണ്ടായത്. റേറ്റിങ് ഏജൻസിയായ കെയർഎഡ്ജിന്റെ കണക്കനുസരിച്ച് ജൂണിൽ തക്കാളിയുടെ ചില്ലറ വില്പന വില, ഒരു വർഷം മുമ്പുണ്ടായതിൽ നിന്ന് ഏകദേശം 145 ശതമാനം വർധിച്ചു. മാംസത്തിന്റെയും പാലിന്റെയും വില ഉയർന്നു.
ജൂണിൽ ഭക്ഷണത്തിന്റെയും പാനീയങ്ങളുടെയും സൂചിക 0. 9 ശതമാനം വർധിച്ചു. മുട്ട (5.2), പച്ചക്കറികൾ (+4.3), സുഗന്ധവ്യഞ്ജനങ്ങൾ (+1.2), ധാന്യങ്ങൾക്കും ഉല്പന്നങ്ങൾക്കും (5.3–5.7), മാംസം, മത്സ്യം (+8.2 ‑8.6), പഴങ്ങൾ (2.3–3.1), പാലും ഉല്പന്നങ്ങളും (5.6–6.1) ശതമാനം എന്നിങ്ങനെയാണ് വിലക്കയറ്റം. ഭക്ഷ്യോല്പന്ന വിലക്കയറ്റം സാധാരണക്കാരനെ മാത്രമല്ല ബാധിക്കുക. സ്വതന്ത്ര ഏജൻസിയായ ക്രിസിൽ നടത്തിയ പഠനമനുസരിച്ച് കാർഷികോല്പന്നങ്ങളുടെ വില ഭക്ഷ്യോല്പാദകകമ്പനികളെയും ദോഷകരമായി ബാധിക്കും.
ഗോതമ്പിന്റെയും മൈദയുടെയും വില 7–8 ശതമാനം വരെയും ഗ്രാമ്പു, ചെറുപയർ എന്നിവയുടെ വില 6–7 ശതമാനവും ഉയരുമെന്നും പഠനം പറയുന്നു. പാൽ, പഞ്ചസാര എന്നിവയുടെ വില ഒരു ശതമാനമെങ്കിലും ഉയരുമെന്നും ക്രിസിൽ റിസർച്ച് പ്രതീക്ഷിക്കുന്നു. ഇന്ത്യയിലെ സാധാരണ കുടുംബങ്ങളിലെ പ്രതിമാസ ബജറ്റ് തകർത്തുകൊണ്ടാണ് പാം, സോയ ഓയിൽ എന്നിവയുടെ വില ഉയർന്നത്. ഇവയുടെ വില 10–17 വരെ കുറയാനിടയുണ്ടെന്നും പ്രതീക്ഷിക്കുന്നു.
English Summary:The rise in food prices is a huge blow to common people
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.