22 January 2026, Thursday

Related news

January 21, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026

ശബരി റെയിൽ പദ്ധതി രണ്ടുഘട്ടമായി നടപ്പാക്കും

Janayugom Webdesk
തിരുവനന്തപുരം
December 17, 2024 10:59 pm

ശബരി റെയിൽ പദ്ധതി രണ്ടുഘട്ടമായി വിപുലീകൃതമായ രീതിയിൽ നടപ്പാക്കുന്നതിന് കേന്ദ്ര സര്‍ക്കാരിനോട് അനുമതി തേടാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. 

ആദ്യഘട്ടത്തിൽ അങ്കമാലി-എരുമേലി-നിലയ്ക്കൽ പാത പൂർത്തീകരിക്കും. നിർമ്മാണ ചെലവിന്റെ 50 ശതമാനം തുക കിഫ്ബി വഹിക്കാമെന്ന സർക്കാർ തീരുമാനം തുടരും. ഈ തുക കടമെടുപ്പ് പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിച്ച് കിട്ടാൻ കേന്ദ്ര സർക്കാരുമായി ബന്ധപ്പെടും. ആർബിഐയുമായി ചേർന്നുള്ള ത്രികക്ഷി കരാർ വേണ്ടെന്ന നിലപാട് സ്വീകരിക്കും. നിലവിൽ സിം​ഗിൾ ലൈനുമായി മുന്നോട്ടുപോകും. വികസനഘട്ടത്തിൽ പാത ഇരട്ടിപ്പിക്കൽ പരി​ഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

അങ്കമാലി മുതൽ എരുമേലി വരെ 110 കിലോമീറ്റർ ദൈർഘ്യമുള്ള ശബരി റെയിൽവേ ലൈൻ 1997–98ലെ റെയിൽവേ ബജറ്റിലെ നിർദേശമാണ്. ഈ പദ്ധതിക്കായി എട്ടുകിലോമീറ്ററോളം സ്ഥലമെടുപ്പ് പൂർത്തിയായി. അങ്കമാലിക്കും കാലടിക്കും ഇടയിലുള്ള ഏഴ് കിലോമീറ്റർ പാതയുടെ നിർമ്മാണം വളരെ മുമ്പേ പൂർത്തീകരിച്ചു. ഈ ഭാഗത്ത് രണ്ട് മേൽപ്പാലങ്ങളുടെയും രണ്ട് അടിപ്പാതകളുടെയും നിർമ്മാണം വിഭാവനം ചെയ്തിരുന്നു. അടുത്ത 70 കിലോമീറ്റർ സ്ഥലമെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.
2019ലെ റെയിൽവേ ബോർഡിന്റെ കത്ത് മുഖാന്തരം പദ്ധതി മരവിപ്പിച്ചിരിക്കുകയാണെന്ന് അറിയിച്ചു. അതോടെ മേൽപ്പാലങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട തുടർനടപടികൾ നിർത്തിവച്ചു. അങ്കമാലി-ശബരി പദ്ധതിയുടെ 50 ശതമാനം തുക സർക്കാർ വഹിക്കണമെന്ന് റെയിൽവേ ആവശ്യപ്പെട്ടു. പൂർണമായും റെയിൽവേ ഫണ്ടിൽ തുടങ്ങിയ പദ്ധതിയാണെങ്കിലും 2,815 കോടി രൂപ ചെലവ് കണക്കാക്കിയ പദ്ധതിയുടെ 50 ശതമാനം കിഫ്ബി വഴി വഹിക്കാൻ കേരള സർക്കാർ തയ്യാറാണെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. 

പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം നിർമ്മാണ ചെലവ് 3,800.93 കോടി രൂപയായി വർധിച്ചു. റെയിൽവേ ബോർഡിന്റെ ആവശ്യപ്രകാരം പുതുക്കിയ എസ്റ്റിമേറ്റിനനുസൃതമായി 50 ശതമാനം തുക പങ്കിടുന്നതിനുള്ള സന്നദ്ധതയ്ക്കുള്ള സ്ഥിരീകരണം സംസ്ഥാന സർക്കാർ നൽകിയെങ്കിലും പദ്ധതി റെയിൽവേ പുനരുജ്ജീവിപ്പിച്ചിട്ടില്ല. കേരള വികസനത്തിന് വലിയ കുതിപ്പേകുംവിധം ശബരി റെയിൽ പദ്ധതി വിപുലീകരിക്കുന്നത് പരിഗണിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

നിലവിൽ കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുള്ള ചെങ്ങന്നൂർ‑പമ്പ പദ്ധതിക്ക് പകരം വിഴിഞ്ഞത്തെ ബന്ധിപ്പിക്കാവുന്ന പദ്ധതിയായി ഭാവിയിൽ ഇത് വികസിപ്പിക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തിൽ മന്ത്രി വി അബ്ദുറഹ്‌മാൻ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലാ കളക്ടര്‍മാരായ എൻ എസ് കെ ഉമേഷ്, വി വിഗ്നേശ്വരി, ജോൺ വി സാമുവൽ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.