6 February 2026, Friday

Related news

February 6, 2026
February 5, 2026
February 4, 2026
February 3, 2026
February 2, 2026
February 1, 2026
January 31, 2026
January 30, 2026
January 29, 2026
January 28, 2026

ശബരിമല സ്വർണ മോഷണക്കേസും പിന്നിലെ രാഷ്ട്രീയ അന്തർധാരയും

Janayugom Webdesk
February 6, 2026 5:00 am

ബരിമല സ്വർണമോഷണക്കേസിന്റെ പേരിൽ കേരള നിയമസഭയുടെ 16-ാം സമ്മേളനം അപ്പാടെ അലങ്കോലപ്പെടുത്താനുള്ള ശ്രമം നിരന്തരം തുടരുന്ന പ്രതിപക്ഷ ഐക്യ ജനാധിപത്യ മുന്നണിയുടെ കുത്സിതശ്രമങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണ് കഴിഞ്ഞദിവസം കേരളാ ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് വിഷയത്തിൽ എസ്ഐടിയുടെ അന്വേഷണത്തെപ്പറ്റി നടത്തിയ നിരീക്ഷണം. ശബരിമല സ്വർണ മോഷണക്കേസിൽ യുഡിഎഫ് നിലപാടിനോട് സമാന സമീപനം അവലംബിക്കുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, വിശ്വഹിന്ദു പരിഷത്ത്, തന്ത്രിസമാജം തുടങ്ങിയവർ കേസന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിർണായക നിരീക്ഷണം. എസ്ഐടി അന്വേഷണം ശാസ്ത്രീയവും കുറ്റമറ്റതുമാണെന്ന് ജസ്റ്റിസുമാരായ വി രാജാ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് പൂർണ സംതൃപ്തി രേഖപ്പെടുത്തി. കേസന്വേഷണം പൂർണമായും ഹൈക്കോടതി മേൽനോട്ടത്തിലാണെന്നും അന്വേഷണ റിപ്പോർട്ട് എസ്ഐടി നേരിട്ട് ഹൈക്കോടതിക്കാണ് കൈമാറുന്നതെന്നും ആ വിവരം സംസ്ഥാന സർക്കാരിന് ലഭ്യമല്ലെന്നും കോടതി അസന്ദിഗ്ധം വ്യക്തമാക്കി. ‘സിബിഐ തന്നെ എല്ലാ കേസുകളും അന്വേഷിക്കണമെന്നില്ല. പൊലീസ് ഉദ്യോഗസ്ഥരാണ് ഡെപ്യൂട്ടേഷനിൽ സിബിഐയിൽ പോകുന്നത്. എസ്ഐടി തലവൻ സിബിഐയിൽ അഞ്ചുവർഷം സേവനം പൂർത്തിയാക്കിയ ആളാണ്. സിബിഐക്ക് മുകളിലാണ് ഹൈക്കോടതി’… എന്നിങ്ങനെ പോകുന്നു കോടതിയുടെ നിരീക്ഷണത്തിന്റെ പ്രസക്തഭാഗങ്ങൾ. കോടതിയുടെ ഈ നിരീക്ഷണങ്ങൾ ബിജെപിയും നിയമസഭയിലെ പ്രതിപക്ഷമായ യുഡിഎഫും ചാനൽ ചർച്ചാവിദഗ്ധരും എൽഡിഎഫ് സർക്കാരിനും എസ്ഐടിക്കും എതിരെ ഉന്നയിക്കുന്ന ആരോപണങ്ങളുടെയും വാദഗതികളുടെയും മുനയൊടിക്കാൻ പോന്നതാണ്. 

കേസിൽ പ്രതികളാക്കപ്പെട്ടവർക്കെതിരെ കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതും, അവർ 90 ദിവസത്തെ തടവ് പൂർത്തിയാക്കിയതിനെത്തുടർന്ന് നിയമപരമായ ജാമ്യം നേടുന്നതും എസ്ഐടിയുടെ മേൽ സർക്കാരിന്റെ, പ്രത്യേകിച്ചും ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയുടെ ഇടപെടലും സമ്മര്‍ദവും മൂലമാണെന്നാണ് പ്രതിപക്ഷ ആരോപണം. ‘കേസ് സങ്കീർണവും അസാധാരണ സ്വഭാവവും ഉള്ളതാണ്. എസ്ഐടി കൈകാര്യം ചെയ്യുന്നത് നിരവധി വ്യക്തികൾ ഉൾപ്പെട്ടതും, പല തലങ്ങളിലായി പല കൈമാറ്റങ്ങളും നടന്നിട്ടുള്ളതുമായ വിഷയമാണ്. നടപടിക്രമങ്ങൾ സംബന്ധിച്ചും മറ്റു വിശദാംശങ്ങളെപ്പറ്റിയും കുറ്റമറ്റ പരിശോധന ആവശ്യമാണ്. കുറ്റക്കാരാരും രക്ഷപ്പെടാത്തവിധം പഴുതടച്ച അന്വേഷണമാണ് നടക്കുന്നത്. പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നതിൽ പ്രശ്നമില്ല. അങ്ങയൊന്നും ആരും രക്ഷപ്പെടില്ല. എസ്ഐടിക്ക് അന്വേഷണം പൂർത്തിയാക്കാനും കുറ്റപത്രം സമർപ്പിക്കാനും കൂടുതൽ സമയം നൽകണം’. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കും ആശങ്കകൾക്കും വ്യക്തമായ മറുപടിയാണ് കോടതി നിരീക്ഷണം മുന്നോട്ടുവയ്ക്കുന്നത്. അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ഹൈക്കോടതി ബെഞ്ചിന്റെ ഈ നിരീക്ഷണങ്ങളെ മുഖവിലയ്ക്കെടുക്കാതെ പ്രതിപക്ഷ യുഡിഎഫ് സഭയ്ക്കുള്ളിലും സഭയിൽ പ്രാതിനിധ്യമില്ലാത്ത ബിജെപി പുറത്തും ചാനൽ ചർച്ചാവിദഗ്ധർ ടിവി സ്റ്റുഡിയോകളിലും തുടരുന്ന എൽഡിഎഫ് വിരുദ്ധ പരാക്രമങ്ങൾ വരാൻപോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്നിൽക്കണ്ടുള്ള രാഷ്ട്രീയ നാടകങ്ങളായി വേണം വിലയിരുത്താൻ. ശബരിമല സ്വർണമോഷണ വിഷയം സഭയിൽ ചർച്ചചെയ്യാനുള്ള സന്നദ്ധത സർക്കാർ പ്രകടിപ്പിച്ചിട്ടും അതിന് തയ്യാറാവാതെയാണ് സഭാനടപടികൾ അലങ്കോലപ്പെടുത്താനുള്ള ശ്രമം യുഡിഎഫ് തുടരുന്നത്. 15-ാം നിയമസഭയുടെ ഇതുവരെയുള്ള സമ്മേളനങ്ങൾ 18 അടിയന്തര പ്രമേയങ്ങൾ ചർച്ചക്കെടുത്തിട്ടുണ്ട്. സമാനരീതിയിൽ ശബരിമല സ്വർണമോഷണവും ചർച്ചയ്ക്കെടുക്കാനുള്ള സന്നദ്ധതയാണ് സർക്കാർ പ്രകടിപ്പിക്കുന്നത്. അതിന് മുതിരാതെ സഭാനടപടികൾ അലങ്കോലപ്പെടുത്തുന്നതിന് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ട്. അത് യുഡിഎഫിന്റെയും ബിജെപിയുടെയും പ്രതിലോമ ശക്തികളുടെയും നിക്ഷിപ്ത രാഷ്ട്രീയ ലക്ഷ്യമാണ്. 

ശബരിമല സ്വർണ മോഷണക്കേസിൽ ഉൾപ്പെട്ട മുഴുവൻ കുറ്റവാളികളെയും നിയമത്തിനുമുന്നിൽ കൊണ്ടുവരാനുള്ള നിശ്ചയദാർഢ്യം എൽഡി
എഫ് സർക്കാരും അതിന് നേതൃത്വം നൽകുന്ന രാഷ്ട്രീയപ്പാർട്ടികളും ആവർത്തിച്ചു വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാൽ നിയമാനുസൃതം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ആരംഭിച്ചിട്ടുള്ള അന്വേഷണവും നിയമനടപടിക്രമവും പൂർത്തിയാവുംമുമ്പ് ശിക്ഷാവിധി നടപ്പാക്കണമെന്ന വിചിത്ര വാദഗതിയാണ് എൽഡിഎഫ് വിരുദ്ധ രാഷ്ട്രീയ പാളയങ്ങളിൽനിന്നും ഉയരുന്നത്. അതിന് വഴങ്ങിക്കൊടുക്കാനുള്ള രാഷ്ട്രീയപാപ്പരത്തം എൽഡിഎഫിനുണ്ടെന്ന് കരുതുന്നവർ ജീവിക്കുന്നത് മൂഢസ്വർഗത്തിലാണ്. എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്നത് വികസനത്തിന്റെ രാഷ്ട്രീയമാണ്. രാജ്യം ഭരിക്കുന്ന ബിജെപിയാവട്ടെ കേരളത്തിന്റെ വികസനത്തെ ഏതുമാർഗത്തിലൂടെയും തടയാനും അതുവഴി എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന ബദൽ രാഷ്ട്രീയത്തെ തമസ്കരിക്കാനുമാണ് ശ്രമിക്കുന്നത്. രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യവും ഫെഡറൽ സമ്പദ്ഘടനയും അവയ്ക്ക് കരുത്തുപകരുന്ന ഭരണഘടനയും സംരക്ഷിക്കാൻ ഒരുമിച്ചുനിൽക്കേണ്ടവർ ബിജെപിപാളയത്തിൽ ചേക്കേറാനുള്ള തത്രപ്പാടിലാണെന്ന പ്രതീതിയാണ് ശബരിമല സ്വർണമോഷണ വിഷയത്തിൽ ബിജെപിയും യുഡിഎ‌ഫും പ്രകടിപ്പിക്കുന്ന യോജിപ്പും അതിനുപിന്നിൽ ഒളിപ്പിച്ച രാഷ്ട്രീയ അന്തർധാരയും തുറന്നുകാട്ടുന്നത്. കേന്ദ്ര ബജറ്റിൽ പ്രകടമായ കേരളത്തോടുള്ള നിന്ദ്യമായ അവഗണനയ്ക്കെതിരെ നിയമസഭ പാസാക്കിയ പ്രമേയത്തിൽ പങ്കെടുക്കാതെ മാറിനിന്ന യുഡിഎഫിന്റെ നിലപാടും ആ ഹീന രാഷ്ട്രീയമാണ് വെളിപ്പെടുത്തുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.