22 December 2024, Sunday
KSFE Galaxy Chits Banner 2

‘ബംഗാളി’ കേസിൽ സംവിധായകൻ ഊരും

തിരിച്ചടിയായി യുവാവിന്റെ വെളിപ്പെടുത്തൽ 

തെളിവ് ശേഖരണം അന്വേഷണ സംഘത്തിന് വെല്ലുവിളി 
ടി കെ അനിൽകുമാർ 
തിരുവനന്തപുരം
August 31, 2024 6:44 pm

സംവിധായകൻ രഞ്ജിത്തിനെതിരെ ബംഗാളി താരം ശ്രീലേഖ മിത്ര നൽകിയ പരാതിയിലെ വകുപ്പുകളും കുറ്റങ്ങളും ദുർബലം. കോടതിയിൽ നിന്ന് ജാമ്യം ലഭിക്കുവാനും വിചാരണക്ക് ശേഷം കുറ്റവിമുക്തനാകാൻ സാധ്യതയുള്ള ദുർബലമായ ആരോപണങ്ങളാണ് നിലവിൽ എഫ്ഐആറിൽ ഉള്ളത്. ശ്രീലേഖയെ രഞ്ജിത്തിന് പരിചയപ്പെടുത്തി കൊടുത്ത ബംഗാളി പശ്ചാത്തലമുള്ള ചലച്ചിത്രകാരൻ ജോഷി ജോസഫ് ഇന്നലെ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ജി പത്മകുമാർ മുൻപാകെ നൽകിയ രഹസ്യ മൊഴിയും ഈ വസ്‌തുത അടിവരയിടുന്നതാണ്. രഞ്ജിത്ത് ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചതായുള്ള ആരോപണങ്ങൾ ഒന്നും തന്നെ ശ്രീലേഖയും ജോഷി ജോസഫും ഉന്നയിച്ചിട്ടില്ല. ശ്രീലേഖയുടെ കയ്യിൽ കടന്നു പിടിക്കുകയും മുടിയിൽ തലോടുകയും ചെയ്‌തതാണ്‌ രഞ്ജിത്ത് ചെയ്ത കുറ്റം. ഇന്ത്യൻ ശിക്ഷാനിയമം 354 പ്രകാരം സ്‌ത്രീത്വത്തെ അപമാനിച്ചു എന്ന തരത്തിൽ മാത്രമേ ഈ കേസ് പരിഗണിക്കു. സംഭവം നടന്നത് 2009ലാണെന്ന് ശ്രീലേഖ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പിന്നീട് മൊഴിമാറ്റി പറയാൻ പറ്റാത്ത വിധം പാലേരിമാണിക്യം സിനിമയുടെ ഷൂട്ടിങ്ങിന് മുൻപാണെന്നും ശ്രീലേഖ മാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു. 

സംഭവം നടന്ന 2009 ൽ ഈ കുറ്റത്തിനുള്ള പരമാവധി ശിക്ഷ മൂന്ന് വർഷം വരെ തടവ് ആയിരുന്നു. അന്ന് ഇത് ജാമ്യം ലഭിക്കാവുന്ന വകുപ്പും ആയിരുന്നു . പിന്നീട് 2013 ൽ ശിക്ഷ കാലാവധി ഉയർത്തി ജാമ്യം ലഭിക്കാത്ത വകുപ്പായി കേന്ദ്ര സർക്കാർ നിയമം ഭേദഗതി ചെയ്‌തു. വിവരം പുറത്ത് വന്നത് ഇപ്പോഴാണെങ്കിലും 2009 ലെ ചട്ടപ്രകാരം മാത്രമേ കേസെടുക്കാൻ പറ്റു . മാത്രവുമല്ല 2009 ലെ നിലവെച്ചുള്ള ഐപിസി 354 വകുപ്പ് പ്രകാരമുള്ള കേസുകൾക്ക് കാലഹരണദോഷവും ഉണ്ടായിരിക്കും. ശ്രീലേഖമിത്ര രഞ്ജിത്തിനെതിരെ പരാതി നൽകിയത് 15 വർഷത്തിന് ശേഷമാണ്. കുറ്റകൃത്യം നടന്ന വിവരം അറിഞ്ഞത് മുതൽ 3 വർഷം വരെയെന്നും ചട്ടം വ്യാഖ്യനിക്കാം . എന്നാൽ ഇരയും പരാതിക്കാരിയും ഒരാൾ തന്നെ ആയതിനാൽ ഈ വ്യവസ്ഥബാധകമാകില്ല. പ്രതി ഭീഷണിപ്പെടുത്തുകയോ ജീവാപായം വരുത്താൻ ശ്രമിക്കുകയോ ചെയ്യുമെന്ന ഭീതിമൂലം ഇരകൾ പലപ്പോഴും കുറ്റം നടന്ന കാര്യം പുറത്ത് പറയാൻ മടിക്കാറുണ്ട് . അത്തരം സന്ദർഭങ്ങൾ ഉണ്ടെന്ന് തെളിഞ്ഞാൽ കലഹരണ സമയത്തിൽ കോടതി ഇളവ് അനുവദിക്കാറുണ്ട്. എന്നാൽ രഞ്ജിത്ത് ഭീഷണിപ്പെടുത്തിയെന്നോ സിനിമയിലെ അവസരങ്ങൾ തടഞ്ഞതായോ ശ്രീലേഖ പൊലീസിനും അന്വേക്ഷണ സംഘത്തിനും നൽകിയ മൊഴിയിലും ജോഷിജോസഫ് മജിസ്‌ട്രേറ്റിന് നൽകിയ രഹസ്യ മൊഴിയിലും വെളിപ്പെടുത്തിയിട്ടില്ല. രഞ്ജിത്ത് അപമാനിക്കാൻ ശ്രമിച്ചപ്പോൾ വിലക്കിയതായോ ഓടി രക്ഷപെടുവാൻ ശ്രമിച്ചതായോ ഇരുവരുടെയും പറഞ്ഞിട്ടില്ല. രഞ്ജിത്ത് ശരീരത്തിൽ സ്പർശിച്ചപ്പോൾ ശ്രീലേഖ തന്ത്രപരമായി പുറത്ത് പോയതാണെന്നും ഇരുവരുടെയും മൊഴിയിൽ അടിവരയിട്ട് പറയുന്നു.

മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ എല്ലാ തന്നെ ജാമ്യം ലഭിക്കാവുന്നതും കാലഹരണ ദോഷവും ഉള്ളതുമാണ് . എന്നാൽ ഈ പട്ടികയിൽ നിന്ന് കേന്ദ്രസർക്കാർ ഇന്ത്യൻ ശിക്ഷാനിയമം 354നെ ഒഴിവാക്കി ഈ വകുപ്പിനെ ജാമ്യമില്ലാ കുറ്റമാക്കി ശിക്ഷ കൂടുതൽ കടുപ്പിക്കുകയും ചെയ്‌തു. നിർഭയ കേസിനെ തുടർന്നായിരുന്നു ഈ നടപടി. സംഭവം നടന്നത് 2009 ൽ ആയതിനാൽ നിയമത്തിന്റെ പിൻബലം രഞ്ജിത്തിന് അനുകൂലമാണ്. 

ഹോട്ടൽ മുറിയിൽ വെച്ച് നഗ്നനാക്കി പീഡിപ്പിച്ചുവെന്ന് രഞ്ജിത്തിനെതിരെ യുവാവ് കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി നിയമത്തിന് മുന്നിൽ വാളായി നിൽക്കുകയാണ്. ഇരയായ യുവാവ് വിവിധ മാധ്യമങ്ങൾ വഴിയും സോഷ്യൽ മീഡിയ വഴിയും നടത്തിയ വെളിപ്പെടുത്തലുകൾ തന്നെ തെളിവായി മാറിയപ്പോൾ രഞ്ജിത്തിന് അത് ഊരാക്കുടുക്കായി മാറിയേക്കും. ഐപിസി 377-ാം വകുപ്പ് (പ്രകൃതി വിരുദ്ധ പീഡനം) അനുസരിച്ചും ഐ ടി ആക്ടിലെ ചില വകുപ്പുകളും ചേർത്താണ് കേസെടുത്തിരിക്കുന്നത് . ഈ പരാതിയും അന്വേക്ഷണ സംഘത്തിന്റെ പരിഗണനയിലുണ്ട്. മറ്റ് ചലച്ചിത്ര താരങ്ങൾക്ക് പരാതിനൽകിയ നടിമാർക്ക് ഹേമ കമ്മറ്റി റിപ്പോർട്ട് ധൈര്യം പകർന്നുവെങ്കിൽ 2012ൽ നടന്ന സംഭവം യുവാവ് എന്തിന് മറച്ചുവെച്ചു എന്ന ചോദ്യം സ്വാഭാവികമായി ഉയരും . ഇതിനാൽ പരാതി ഉന്നയിക്കുന്നതിൽ ഉണ്ടായ കാലവിളംബത്തിന്റെ ആനുകൂല്യം പ്രതിഭാഗത്തിനായിരുക്കുമെന്ന ക്രിമിനൽ നിയമത്തിലെ തത്വങ്ങൾ ഇവിടെയും രഞ്ജിത്തിന് തുണയായി കൂടെന്നില്ല . പ്രതിപക്ഷവും മഹിളാ സംഘടനകളും മുറവിളി കൂട്ടുന്നുണ്ടെങ്കിലും മതിയായ തെളിവുകൾ ഇല്ലെങ്കിൽ പ്രതികൾ കുറ്റവിമുക്തരായേക്കും . അത് ഒഴിവാക്കാനുള്ള പരിശ്രമത്തിലാണ് അന്വേക്ഷണ സംഘം . 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.