
ഇസ്രയേൽ ഗാസയിൽ കഴിഞ്ഞദിവസം കൊലപ്പെടുത്തിയത് അഞ്ച് മാധ്യമപ്രവർത്തകരെ. അൽ ജസീറ റിപ്പോർട്ടർ അനസ് അൽ ഷെരീഫും കാമറാമാന്മാരും ക്യാമ്പ് ചെയ്തിരുന്ന ടെന്റ് തകർത്താണ് കൊല നടത്തിയത്. ഗാസയിലെ അവസാന മാധ്യമപ്രവർത്തകൻ എന്നാണ് അൽ ജസീറ, അനസിന്റെ മരണവിവരം പുറത്തുവിട്ട അനുശോചനക്കുറിപ്പിൽ വ്യക്തമാക്കിയത്. സിഎൻഎൻ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുള്ള കണക്കുകളനുസരിച്ച് ഇതുവരെ 186 മാധ്യമപ്രവർത്തകർ ഗാസയിൽ കൊല്ലപ്പെട്ടിട്ടുണ്ട്. സംഘർഷമേഖലയിൽ തങ്ങിയ അവസാന മാധ്യമസംഘമാണ് അനസ് അൽ ഷെരീഫും ഒപ്പമുണ്ടായിരുന്നവരും. ഹമാസിന്റെ പിണിയാളുകളാണ് ഇവരെന്ന് ഇസ്രയേൽ സൈന്യം ആരോപിക്കുന്നു. ഹമാസിന്റെ അവശേഷിക്കുന്ന സായുധ യൂണിറ്റിനെ നയിച്ചിരുന്നത് അനസ് അൽ ഷെരീഫ് ആണെന്നും മാധ്യമപ്രവർത്തകരായി നടിക്കുകയാണെന്നും അതിനാലാണ് കൊലപ്പെടുത്തിയതെന്നുമാണ് ഇസ്രയേൽ സൈനിക വക്താക്കൾ നൽകിയ വിശദീകരണം. എന്നാൽ ഗാസാ മുനമ്പിൽ എന്താണ് സംഭവിക്കുന്നത് എന്ന് ലോകത്തെ അറിയിക്കാനുള്ള അവസാനത്തെ ശബ്ദമാണ് ഇരുപത്തിയെട്ടുകാരനായ അനസിനെ കൊലപ്പെടുത്തിയതിലൂടെ ഇസ്രയേൽ നിശബ്ദമാക്കിയത് എന്നായിരുന്നു അൽ ജസീറ പ്രതികരിച്ചത്. നിരന്തരം ആക്രമണം അരങ്ങേറുന്ന ഗാസയിൽ പ്രവർത്തിക്കാൻ അനുമതിയുണ്ടായിരുന്ന അംഗീകൃത മാധ്യമപ്രവർത്തകനായിരുന്നു അനസ് അൽ ഷരീഫ്. യുദ്ധം രൂക്ഷമായതോടെ അന്താരാഷ്ട്ര മാധ്യമങ്ങളെ ഗാസയിൽ കാലുകുത്താൻ ഇസ്രയേൽ അനുവദിച്ചിരുന്നില്ല. അവിടെനിന്നുള്ള വാർത്തകൾക്കായി അനസിനെയാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ആശ്രയിച്ചിരുന്നത്. അനസിന്റെ മരണത്തോടെ ഗാസ മാധ്യമശൂന്യമായ മേഖലയായി മാറിയെന്നാണ് അൽ ജസീറ വ്യക്തമാക്കുന്നത്.
തിരിച്ചടിക്കാൻ ശേഷിയില്ലാത്ത, പട്ടിണിയാലും പകർച്ചവ്യാധികളാലും നട്ടംതിരിയുന്ന നിസഹായരായ മനുഷ്യരുടെമേൽ അത്യന്താധുനിക യുദ്ധമുറകൾ പ്രയോഗിക്കുന്ന ഇസ്രയേലിനെതിരെ ലോകരാജ്യങ്ങൾക്കിടയിൽ വലിയ രോഷവും പ്രതിഷേധവും ഉയർന്നിട്ടുണ്ട്. എന്നാല്‍ ഗാസയ്ക്കുമേൽ തുടർച്ചയായി ആക്രമണം അഴിച്ചുവിടുന്ന ഇസ്രയേലിനും അവരെ പിന്തുണയ്ക്കുന്ന അമേരിക്കയ്ക്കും യാതൊരു മനംമാറ്റവുമുണ്ടായിട്ടില്ല. ഗാസ മുഴുവനും പിടിച്ചെടുക്കാനും ഭാവിയിൽ അതിന്റെ നിയന്ത്രണം ഹമാസിനെ എതിർക്കുന്ന സൗഹൃദ അറബ് സൈന്യത്തിന് വിട്ടുകൊടുക്കാനും ഇസ്രയേൽ സുരക്ഷാ കാബിനറ്റ് അനുമതി നൽകിയതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രസ്താവിച്ചിരുന്നു. ഇത് അമേരിക്ക ആസൂത്രണം ചെയ്ത പദ്ധതിയാണ്.
ഗാസയിൽ നിന്ന് പലസ്തീനികളെ തുടച്ചുനീക്കി അവിടം ഒരു കടലോര ആഡംബര വിശ്രമകേന്ദ്രമാക്കാനാണ് ആലോചിക്കുന്നതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയതാണ്. പലസ്തീൻ എന്ന ദേശത്തെയും, ജനതയെയും വംശത്തെയും ഭൂമുഖത്തുനിന്നും തുടച്ചുനീക്കുക എന്ന അജണ്ട വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കുകയാണ് ഇസ്രയേലും അമേരിക്കയും. ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇതുവരെയായി അറുപത്തിമൂവായിരം ആളുകളാണ് ഗാസയിൽ കൊല്ലപ്പെട്ടത്. ഗാസയിൽ ഭക്ഷണവും കുടിവെള്ളവും കിട്ടാക്കനിയായി. 80% ഗാസ നിവാസികളും കൊടുംപട്ടിണിയിലാണെന്ന് വിവരം പുറത്തുവന്നതോടെ ലോക രാജ്യങ്ങൾ സഹായമെത്തിക്കാൻ സന്നദ്ധമാണെങ്കിലും ഇസ്രയേൽ അനുവദിക്കുന്നില്ല. ഇതോടെ പട്ടിണിമരണം വർധിച്ചു. പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും അടക്കമുള്ളവർ ഇഞ്ചിഞ്ചായി മരിച്ചുകൊണ്ടിരിക്കുകയാണ്. ഔദ്യോഗികമായി പുറത്തുവരുന്ന കണക്കുകളനുസരിച്ച് തന്നെ 193 ആളുകൾ ഭക്ഷണവും കുടിവെള്ളവും കിട്ടാതെ ഗാസയിൽ മരിച്ചിട്ടുണ്ട്. പലസ്തീൻ പെലെ എന്നറിയപ്പെടുന്ന ഫുട്ബോൾ താരം സുലൈമാൻ അൽ ഉബൈദിന്റെ മരണവും ലോകത്തെമ്പാടുമുള്ള കായികപ്രേമികൾക്ക് വലിയ വേദനയുണ്ടാക്കിയിരുന്നു. സഹായവിതരണ കേന്ദ്രത്തിൽ ഭക്ഷണത്തിനായി കാത്തുനിൽക്കുമ്പോൾ ഇസ്രയേൽ വ്യോമാക്രമണത്തിലാണ് സുലൈമാൻ കൊല്ലപ്പെട്ടത്. 2007ൽ പലസ്തീൻ ദേശീയ ടീമിലെത്തിയ സുലൈമാൻ രാജ്യത്തിനായി 24 അന്തർദേശീയ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. വിമാനത്തിൽ നിന്നും താഴേയ്ക്കിട്ട ഭക്ഷണപ്പൊതി തലയിൽ വീണ് 15 വയസുകാരൻ മരിച്ചതും ദാരുണമായ വാർത്തയായിരുന്നു. മധ്യഗാസയിലെ നസ്രത്തിൽ മുഹമ്മദ് ഈദ് എന്ന കുട്ടിയാണ് വിമാനത്തിൽ നിന്ന് വീഴുന്ന ഭക്ഷണപ്പാക്കറ്റുകൾ എടുക്കാനായി ഓടുന്നതിനിടെ അതിലൊന്ന് തലയിൽ വീണ് മരിച്ചത്. പട്ടിണികിടന്ന് നട്ടംതിരിഞ്ഞവരുടെ തലയിൽ ഭക്ഷണം വീണ് മരിക്കുന്ന സംഭവം ഗാസയിൽ ഇതാദ്യമായല്ല.
ഭക്ഷണവിതരണ കേന്ദ്രങ്ങളിൽ കാത്തുനിൽക്കുന്നവർക്ക് നേരെ പോലും പലവട്ടം ഇസ്രയേൽ സൈന്യം ആക്രമണം നടത്തി നിരവധിയാളുകളെ കൊന്നൊടുക്കിയിട്ടുണ്ട്. നാലും അഞ്ചും നേരം ഭക്ഷണം കഴിക്കുന്ന ആഗോളമനുഷ്യരുടെ കൺമുന്നിലാണ് പിഞ്ചുകുഞ്ഞുങ്ങൾ പട്ടിണികിടന്ന് മരിക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനകാലത്ത് റഷ്യൻ പട്ടാളക്കാർ പോളണ്ട് അതിർത്തിയിലുള്ള ഓഷ്‌വിറ്റ്സ് അടക്കമുള്ള നാസി ക്യാമ്പുകൾ പിടിച്ചെടുത്ത് അവിടെ അവശേഷിച്ചിരുന്ന മനുഷ്യരെ മോചിപ്പിച്ച് പുറത്തേക്ക് കൊണ്ടുവരുന്ന ദൃശ്യങ്ങൾ ഇന്നും മനുഷ്യമനസില്‍ നിന്ന് മാഞ്ഞുപോയിട്ടില്ല. എല്ലുംതോലുമായി അരപ്രാണൻ മാത്രമുള്ള മനുഷ്യർ റഷ്യൻ പട്ടാളക്കാർക്കൊപ്പം വേച്ചുവേച്ചിറങ്ങിവന്ന കാഴ്ച ആരുടെയും കരളലിയിപ്പിക്കുന്നതായിരുന്നു. അവരിലേറെയും ജൂതന്മാരായിരുന്നു. ആ ചരിത്രത്തിന്റെ ആവര്‍ത്തനമെന്ന വിരോധാഭാസമാണ് ഗാസയിൽ ഇന്ന് കാണുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.