
ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ സ്വപ്നപദ്ധതികളിലൊന്നായ ലുലു ഐടി ട്വിൻ ടവറുകൾ കാക്കനാട് സ്മാർട്ട് സിറ്റിയിൽ 28ന് പ്രവർത്തനം ആരംഭിക്കുന്നു. ഐടി-ആർട്ടിഫിഷ്യൽ ഇന്റലിജന്‍സ് രംഗത്ത് ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച അടിസ്ഥാനസൗകര്യങ്ങളാണ് ലുലു ഐടി ട്വിൻ ടവറുകളിൽ ഒരുക്കിയിട്ടുള്ളത്. 1,500 കോടിയിലേറെ രൂപയുടെ മുതൽമുടക്കിലാണ് ഐടി സമുച്ചയം യാഥാർത്ഥ്യമായിരിക്കുന്നത്.മുഖ്യമന്ത്രി പിണറായി വിജയൻ ലുലു ഐടി ട്വിൻ ടവറുകളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമേറിയതും കേരളത്തിലെ ഏറ്റവും വലുതുമായ ഐടി ഓഫിസ് സമുച്ചയമാണ് ലുലു ഐടി ട്വിൻ ടവറുകൾ. 12.74 ഏക്കറിൽ 30 നിലകൾ വീതമുള്ള ലുലു ട്വിൻ ടവറുകളുടെ ഉയരം 152 മീറ്ററാണ്. 35 ലക്ഷം ചതുരശ്ര അടിയിലാണ് ട്വിൻ ടവറുകൾ നിർമിച്ചിരിക്കുന്നത്. ഇതിൽ 25 ലക്ഷം ചതുരശ്ര അടി ഐടി കമ്പനികൾക്കായുള്ള ഓഫിസ് സ്പേസാണ്. 30,000ത്തിലേറെ ടെക് പ്രൊഫഷണലുകൾക്ക് ജോലി ചെയ്യാനാകും.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓട്ടോമേറ്റഡ്-റോബോട്ടിക് പാർക്കിങ് സൗകര്യം, ഓൺസൈറ്റ് ഹെലിപ്പാഡ് തുടങ്ങി അത്യാധുനിക സൗകര്യങ്ങളാണ് ലുലു ഐടി ട്വിൻ ടവറുകളിൽ ഒരുക്കിയിട്ടുള്ളത്. 3200 കാറുകൾക്കുള്ള റോബോട്ടിക് പാർക്കിങ്ങ്, 1300 കൺവെൻഷണൽ പാർക്കിങ്ങ് അടക്കം മൂന്ന് നിലകളിലായി 4500 കാറുകൾക്ക് ഒരേസമയം പാർക്ക് ചെയ്യാനാകും. ഗ്രീൻ ബിൽഡിങ്ങ് മികവിനുള്ള ലീഡ് പ്ലാറ്റിനം പ്രീ-സർട്ടിഫൈഡ് ബിൽഡിങ്ങ് അംഗീകാരത്തോടെയാണ് ട്വിൻ ടവറുകൾ യാഥാർത്ഥ്യമായിരിക്കുന്നത്. നൂറ് ശതമാനം പവ്വർ ബാക്ക് അപ്പ്, 67 ഹൈ സ്പീഡ് ലിഫ്റ്റുകൾ, 12 എസ്കലേറ്ററുകൾ, 2500 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള ഫുഡ് കോർട്ട്, 600 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള അത്യാധുനിക കോൺഫറൻസ് ഹാൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. കൂടാതെ, ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിങ് പോയിന്റുകള്‍, ഡേറ്റ സെന്റര്‍ സൗകര്യം, ബാങ്കിങ്ങ് സൗകര്യങ്ങൾ കൺവീനിയൻസ് സ്റ്റോറുകൾ, ജിംനേഷ്യം, ഔട്ട്ഡോർ ഗാർഡൻ, ക്രെഷ്, ഓപ്പൺ സീറ്റിങ്ങ് സ്പേസ്, മഴവെള്ള സംഭരണി, മാലിന്യ സംസ്കരണ പ്ലാന്റ് തുടങ്ങിയവയുമുണ്ട്.
ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് ഉറപ്പാക്കിയിട്ടുള്ളതെന്നും കേരളത്തിന്റെ ഐടി വികസനത്തിന് കൂടുതൽ വേഗത പകരുകയാണ് ലുലു ട്വിൻ ടവറുകളെന്നും, ലുലു ഐടി പാർക്ക്സ് ഡയറക്ടർ ആൻഡ് സിഒഒ അബ്ദുൾ റഹ്മാൻ പറഞ്ഞു. ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ ആൻഡ് സിഇഒ നിഷാദ് എം എ, ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ ഫഹാസ് അഷറഫ്, ലുലു ഇന്ത്യ സിഒഒ രജിത്ത് രാധാകൃഷ്ണൻ, ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എൻ ബി സ്വരാജ്, ലുലു ഐടി പാർക്ക്സ് സിഎഫ്ഒ മൂർത്തി ബുഗാട്ട തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.