
സൂപ്പര്‍കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കേരള ബ്ലാസ്റ്റേഴസിന്റെ മുന്നൊരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഈ മാസം 30ന് രാജസ്ഥാന്‍ എഫ്‌സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴസിന്റെ ആദ്യ മത്സരം. വിദേശത്തുള്ള താരങ്ങള്‍ അടക്കം തിരികെ ഗോവയില്‍ ടീമിനൊപ്പം ചേര്‍ന്നുകഴിഞ്ഞു. ട്രോഫി ക്ഷാമം തീര്‍ക്കാന്‍ ഇക്കുറി ടീമിന് സാധിക്കുമെന്ന് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നുണ്ട്. ഈ മാസം ഏഴിനാണ് ടീം ഗോവയില്‍ എത്തിയത്. ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ അടക്കമുള്ള വിദേശതാരങ്ങള്‍ നേരിട്ട് ഗോവയിലേയ്ക്കാണ് എത്തിയത്. ട്രാന്‍സ്ഫര്‍ റൂമറുകള്‍ ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ലൂണ ടീം വിടുമോ എന്ന ആശങ്കയിലായിരുന്നു ആരാധകര്‍. എന്നാല്‍ ഗോവയില്‍ പരിശീലനം ആരംഭിച്ച ടീമിനൊപ്പം ലൂണ ചേര്‍ന്നതോടെ ആരാധകരും ആവേശത്തിലായി. പരിശീലകന്‍ ഡേവിഡ് കറ്റാലയുടെ നേതൃത്വത്തിലാണ് ക്യാംപ് പുരോഗമിക്കുന്നത്. വിദേശതാരങ്ങളുടെ സേവനം ടീമിന് ലഭ്യമാകുമെന്ന് നേരത്തെ തന്നെ മാനേജ്‌മെന്റ് അറിയിച്ചിരുന്നു. സ്‌പെയിനില്‍ നിന്ന് അടക്കം ചില പുതിയ വിദേശ താരങ്ങളെ ടീമില്‍ എത്തിക്കാന്‍ സാധിച്ച ബ്ലാസ്റ്റേഴ്സ് രണ്ടും കല്പിച്ച് തന്നെയാണ് സൂപ്പര്‍കപ്പിന് ഇറങ്ങുന്നതെന്ന് വ്യക്തമാക്കി കഴിഞ്ഞു.
ആദ്യ ദിനം പ്രധാനമായും ശാരീരിക ക്ഷമത കൈവരിക്കാനുള്ള വ്യായാമങ്ങളും പരിശീലനങ്ങളുമാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ചെയ്തത്. ലൂണ തന്നെ ഇക്കുറി ക്യാപ്റ്റന്‍ ബാന്‍ഡ് അണിയുമെന്ന് ഏറക്കുറെ ഉറപ്പാണ്. പരിശീലനത്തിനിടെ പരിശീലക സംഘവുമായി ലൂണ ഏറെ സമയം ചെലവഴിച്ചിരുന്നു. അഞ്ച് വര്‍ഷമായി ടീമിനൊപ്പം കളിക്കുന്ന ലൂണയില്‍ നിന്ന് പരിശീലകനും ഏറെ പ്രതീക്ഷിക്കുന്നുണ്ട്. നിലവില്‍ ടീമിലെ ഏറ്റവും സീനിയര്‍ താരവും മറ്റാരുമല്ല. ടീമിലെ പ്രധാന താരങ്ങളായ നോഹ സദോയിയുമായും ലഗോത്താറുമായെല്ലാം കറ്റാല ആശയവിനിമയം നടത്തി. ഇത്തവണ കെട്ടുറപ്പുള്ള താരനിരയാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്. ആദ്യ ദിനത്തില്‍ താരങ്ങള്‍ പരിശീലനം നടത്തിയപ്പോള്‍ മികച്ച പന്തടക്കം എല്ലാവരിലും കാണാനായി. ഇത് ഇവരുടെ ഫോം വ്യക്തമാക്കുന്നതാണ്. ഇന്ത്യയുടെ അണ്ടര്‍ 23 ടീമിനൊപ്പം കളിച്ചുകൊണ്ടിരുന്ന ആറ് താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് മുമ്പായി ടീമിലേക്ക് വിളിച്ചിട്ടുണ്ട്. നോവ സദോയിക്കൊപ്പം ഇക്കുറി ടീമിന്റെ മുന്നേറ്റനിരയില്‍ പന്ത് തട്ടുന്നത് സ്പാനീഷ് താരം കോള്‍ഡോ ഒബിയേറ്റയാണ്. വളരെ പ്രതീക്ഷയോടെ മാനേജ്‌മെന്റ് ടീമിലെത്തിച്ച താരമാണ് ഒബിയേറ്റ. സെന്‍ഡ്രല്‍ ഫോര്‍വേഡായ ഒബിയേറ്റ ആദ്യ പരിശീലന സെക്ഷനില്‍ തന്നെ ടീമുമായി ഒത്തിണങ്ങിയത് കാണാന്‍ സാധിച്ചു. ഇത്തവണ ഒബിയേറ്റയുടെ പ്രകടനം ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. അസാധ്യമായ ഇടങ്ങളില്‍ നിന്ന് പോലും ഗോള്‍ കണ്ടെത്തുന്നതില്‍ വിരുതനാണ് ഒബിയേറ്റ. ബോക്‌സിനുള്ളിലേക്ക് പന്ത് ലഭിച്ചാല്‍ ഹെഡ്ഡറിലൂടെ ഗോളാക്കി മാറ്റാന്‍ ആറടിക്കാരനായ ഒബിയേറ്റയ്ക്ക് സവിശേഷമായ മികവാണുള്ളത്.
3–4‑2–1 ഫോര്‍മേഷനില്‍ ടീമിനെ ഇറക്കാന്‍ ആഗ്രഹിക്കുന്ന പരിശീലകനാണ് കറ്റാല. ഈ ഫോര്‍മേഷനില്‍ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങാനുള്ള സാധ്യതയാണ് പരിശീലനത്തില്‍ നിന്ന് വ്യക്തമാകുന്നത്. വമ്പന്‍ ആരാധക പിന്തുണ ഉണ്ടായിട്ടും ഇതുവരെ കിരീടം നേടാന്‍ സാധിക്കാത്ത ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. എന്നാല്‍ ഇത്തവണ ആ ചീത്തപ്പേരിന് അവസാനം കുറിക്കാന്‍ പ്രാപ്തിയുള്ള താരനിരയെ തന്നെ മാനേജ്‌മെന്റ് അവതരിപ്പിച്ചിട്ടുണ്ട്. ശക്തരായ മുംബൈ സിറ്റി എഫ്‌സിയും ഹൈദരാബാദ് എഫ്‌സിയും രാജസ്ഥാന്‍ എഫ്‌സിയും ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഡിയിലാണ് കേരള ബ്ലാസ്റ്റേഴ്‌സുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.