4 May 2024, Saturday

തലയുയർത്തി നിൽക്കുന്നു, മണിച്ചിത്രത്താഴുള്ള ആലുംമൂട്ടിൽ മേട: മണിച്ചിത്രത്താഴ് പിറന്ന വഴി

ആർ ബാലചന്ദ്രൻ
ആലപ്പുഴ
August 16, 2023 12:49 pm

ഒരുനൂറ്റാണ്ടിന്റെ പാരമ്പര്യം പേറി തല ഉയർത്തി നിൽക്കുന്ന ഹരിപ്പാട് മുട്ടം പള്ളിപ്പാടിന് സമീപം സ്ഥിതിചെയ്യുന്ന ആലുംമൂട്ടിൽ മേട ഇന്ന് ചരിത്രാന്വേഷകരുടെ ഇഷ്ടമിടമാണ്. 1700 നും 1729 നും മധ്യേയാണ് ആലുംമൂട്ടിൽ തറവാട് സ്ഥാപിതമായത്. അയിത്തം നിലനിന്നിരുന്ന അക്കാലത്ത് തീയ്യർ സമുദായത്തിൽപ്പെട്ട ഈ കുടുംബത്തിന് തിരുവിതാംകൂറിൽ മഹാരാജാവ് ചാന്നാർ സ്ഥാനം നൽകി ആദരിച്ച ജന്മി തറവാട് കൂടിയാണ് ഇത്. ശ്രീനാരായണ ഗുരു, മഹാകവി കുമാരനാശാൻ, ടി കെ മാധവൻ എന്നിവരെ പോലുള്ള മഹാരഥൻമാരുടെ നിത്യ സന്ദർശനം കൊണ്ട് ധന്യമായി തീർന്ന ഈ തറവാട് അപ്രതീക്ഷിതമായി ഉണ്ടായ സംഭവ വികാസങ്ങളാൽ അനാഥമായി. കൊട്ടാര സദൃശ്യമായ മേടയുടെ കരുത്തനായ കാരണവർ കൊച്ചുകുഞ്ഞ് ചാന്നാർ 1920 ൽ കൊല്ലപ്പെട്ടതോടെ ആലുംമൂട് മേട പിന്നിടൊരു പ്രേതഭവനമായി അറിയപ്പെട്ടു. എസ്എൻഡിപി യോഗത്തിന്റെ സ്ഥാപക വൈസ് പ്രസിഡന്റും ശ്രീമുലം പ്രജാ സഭ അംഗവുമായ അദ്ദേഹം, മദ്രാസിൽ പോയപ്പോൾ കണ്ട ഒരു സൗധത്തിന്റെ പ്രചോദനം ഉൾക്കൊണ്ടാണ് മേട നിർമിച്ചത്. 1906ൽ ഇത് പൂർത്തിയാകുമ്പോൾ മേടയ്ക്ക് തുല്യം നിൽക്കാൻ രാജകൊട്ടാരം മാത്രമായിരുന്നു.

വളർച്ച എന്നും വിസ്മയം

ജാതിവ്യവസ്ഥകൾ നിലനിന്നിരുന്ന കാലത്ത് ഈഴവ സമുദായത്തിൽപ്പെട്ട ഈകുടുംബം എങ്ങനെ സമ്പത്ത്സമൃദ്ധി കൈവരിച്ചുവെന്നത് ഇന്നും ഒരു വിസ്മയമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിൽ തന്നെ ആലുംമൂട് മേടയിലെ ചാന്നാൻമാർ സമ്പത്തിന്റെയും പ്രൗഢിയുടെയും കൊടുമുടികളിലെത്തി. വിദ്യാഭ്യാസ‑സാമ്പത്തിക പരാധീനതകൾ ഏറെ അനുഭവിക്കേണ്ടി വന്ന ഈഴവ സമുദായത്തിന് കൊച്ച്കുഞ്ഞ് ചാന്നാർ എന്നും പ്രചോദനമായിരുന്നു. അക്കാലത്ത് സ്വന്തമായി ആഡംബര കാറും മോട്ടോർ സൈക്കളും ഉണ്ടായിരുന്നത് ആലുംമൂട് മേടയിൽ മാത്രമായിരുന്നു. അദ്ദേഹം തന്റെ കാറിൽ വരുമ്പോൾ ദിവാൻ എഴുന്നെള്ളുന്നുവെന്ന് ധരിച്ച് ജനങ്ങൾ കൈകൂപ്പി നിന്നതും ചരിത്രത്തിന്റെ ഭാഗമാണ്.
തിരുവിതാംകൂറിലെയും, മദ്രാസ് പ്രസിഡൻസിയിലെയും ഏറ്റവും വലിയ നികുതി ദായകനായിരുന്നു ആലുമ്മൂട്ടിൽ കൊച്ചുകുഞ്ഞു ചാന്നാർ. അദ്ദേഹം തിരുവിതാംകൂറിലെ ആയുധ, മദ്യ വ്യവസായിയും ആദ്യമായി കേരളത്തിന് പുറത്തു മേട വച്ച മലയാളിയും ആയിരുന്നു.
കേരളത്തിൽ അദ്ദേഹത്തിന് 5 മേടകൾ ഉണ്ടായിരുന്നു. ചാന്നാർ തറവാട്ടിലെ 11–ാമത്തെ കാർണവരായിരുന്നു കൊച്ചുകുഞ്ഞ് ചാന്നാൻ. അയിത്തം നിലനിന്നിരുന്ന കാലത്തായിരുന്നു ഈഴവ സമുദായത്തിൽപ്പെട്ട ഈ കുടുംബത്തിന് തിരുവിതാംകൂർ മഹാരാജാവ് ചാന്നാർ സ്ഥാനം നൽകിയത്. സ്വന്തമായി വിദേശത്തുനിന്ന് കാർ വരുത്തിയെങ്കിലും അക്കാലത്ത് ഈഴവർക്ക് സഞ്ചാര വിലക്കുള്ള കാലമായിരുന്നു. ആ വിലക്കിനെ മറികടക്കാൻ നായർ സമുദായത്തിലുള്ള ഒരാളെ ഡ്രൈവറായി വെക്കുകയും ചെയ്തു. തുടർന്ന് ടൗൺഹാൾ മുതൽ ഡാണപ്പടിവരെ സഞ്ചരിക്കാൻ സ്വന്തം ചെലവിൽ റോഡ‍ും സ്ഥാപിച്ചു. ആറോഡ് പിന്നീട് ദേശീയ പാതയുടെ ഭാഗമായി. വൈക്കം സത്യാഗ്രഹ പോരാളികളായ ടി കെ മാധവൻ, കെ പി ഉദയഭാനു എന്നിവർ ആലുംമൂട് കുടുംബാംഗങ്ങളായിരുന്നു. സമൂഹത്തിൽ സമൂലമായ വിദ്യാഭ്യാസ പരിഷ്ക്കാരങ്ങൾക്കായി പ്രവർത്തിച്ച ചരിത്രവും ആലുംമൂട്ടിൽ മേടക്ക് അവകാശപ്പെടാനുണ്ട്.
തിരുവിതാംകൂർ ഭരിച്ചിരുന്ന ശ്രീമുലം തിരുനാളിന്റെ ഉറ്റ സുഹൃത്തായിരുന്നു ആലൂംമൂട്ടിലെ കാരണവരായിരുന്ന ചാന്നാർ. രാജ്യത്തിന്റെ 37 ശതമാനം നികുതി ആലുംമൂട്ടിൽ തറവാടിൽ നിന്നുമാണ് അടച്ചിരുന്നത്. തിരൂവിതാകൂർ ബ്രിട്ടിഷുകാർക്ക് കൊടുക്കേണ്ട കപ്പം ഈ തറവാട്ടിൽ നിന്നുമാണ് രാജാവിന് നൽകിയത്. ആലൂംമൂട്ടിൽ ചാന്നാൻമാരുടെ തീണ്ടപ്പാട് അഞ്ചടി മാത്രമായിരുന്നു. ആലൂംമൂട്ടുകാരുടെ കണക്കപ്പിള്ളമാരിലും കാര്യസ്ഥൻമാരിലും കുശിനിക്കാരിൽ പോലും സവർണരും ഉണ്ടായിരുന്നു.

മേടയുടെ വാസ്തു സൗന്ദര്യം അവർണ്ണനീയം

മേടയുടെ വാസ്തു സൗന്ദര്യം അവർണ്ണനീയമാണ്. തറവാടിന്റെ രണ്ടു വശങ്ങളിലായി കേരളത്തിന്റെ തനതായ വാസ്തുവിദ്യ വിളിച്ചോതുന്ന എട്ടുകെട്ടും ധാന്യപ്പുരയും പഴയ പ്രതാപത്തോടെ ഇന്നും അവശേഷിക്കുന്നു. എട്ടുകെട്ടിന്റെ വരാന്തയിലേക്കു കയറിയാൽ കേരളീയ തച്ചുശാസ്ത്രത്തിന്റെ കരവിരുത് പ്രകടമാണ്. കാലം വിള്ളൽ വീഴ്ത്തിയ ജനാലപ്പഴുതിലൂടെ അകത്തേക്കു നോക്കിയപ്പോൾ ഉള്ളിലെ വരാന്തയിൽ വിലപിടിപ്പുള്ള പഴക്കം ചെന്ന ചില ഗൃഹോപകരണങ്ങൾ. അതിമനോഹരമായ കൊത്തുപണികളോടു കൂടിയ മേൽക്കൂരയും മുഖമണ്ഡപവും. അതിന്റെ വശങ്ങളിലായി നിലവറയിലേക്കുള്ള രഹസ്യവഴിയും കാണാം.

തറവാടിന്റെ പതിനൊന്നാം കാരണവർ

മുട്ടത്ത് ആദ്യമായി വായനശാല തുടങ്ങിയതും ആലുമൂട്ടിൽ തറവാട്ടുകാരായിരുന്നു. 1903മുതൽക്കാണ് ആലുംമൂട്ടിൽ തറവാടിന്റെ പതിനൊന്നാമത്തെ കാരണവരായി ഉഗ്രപ്രതാപശാലിയായ കൊച്ചുകുഞ്ഞു ചാന്നാർ സ്ഥാനമേൽക്കുന്നത്.
ആറടിയിൽ കൂടുതൽ പൊക്കവും, ഉറച്ച ശരീരവും, ഗാംഭീര്യം ഉള്ള മുഖവുമുണ്ടായിരുന്ന കൊച്ചുകുഞ്ഞു ചാന്നാരെ എല്ലാവർക്കും ബഹുമാനവും അതുപോലെ ഭയവുമായിരുന്നു. അദ്ദേഹം ആലുംമൂട്ടിൽ തറവാട്ടിലെ പൂർവ്വികരായ കാരണവന്മാരിൽ നിന്നും വ്യത്യസ്തനായി ആഡംബര പ്രിയനായിരുന്നെങ്കിലും, ഉദാരമതിയും, സമർത്ഥനും, ശ്രീനാരായണ ഗുരുദേവ ഭക്തനും, രാജ്യസ്നേഹിയുമായിരുന്നു. അദ്ദേഹത്തിന് സഞ്ചരിക്കാൻ കുതിരവണ്ടികളും, കുതിരകളുമുണ്ടായിരുന്നു. തിരുവിതാംകൂറിൽ മോട്ടോർകാറുകൾ ഇല്ലാതിരുന്നകാലത്ത് ആദ്യമായി ഇംഗ്ലണ്ടിൽ നിന്നും മോട്ടോർ കാർ ഇറക്കുമതി ചെയ്തതും ആലുംമൂട്ടിൽ കൊച്ചുകുഞ്ഞു ചാന്നാരായിരുന്നു. ശ്രീ മൂലം തിരുനാൾ തിരുവിതാകൂർ രാജാവായിരുന്നകാലത്ത് തിരുവിതാംകൂറിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ വരുമ്പോൾ പണം കടംകൊടുത്തു സഹായിച്ചിരുന്നത് ആലുംമൂട്ടിൽ കൊച്ചുകുഞ്ഞു ചാന്നാരായിരുന്നു. ആ സമയങ്ങളിലെല്ലാം കൊച്ചുകുഞ്ഞു ചാന്നാർ ബ്രിട്ടീഷുകാർക്ക് തിരുവിതാകൂർ നൽകേണ്ടതായ പണം മദ്രാസിൽ ആലുംമൂട്ടിൽ തറവാട്ടുകാർക്കുണ്ടായിരുന്ന മാളികയിൽ എത്തിച്ച് ബ്രിട്ടീഷുകാർക്ക് കൈമാറുമായിരുന്നു.
അക്കാരണത്താൽ ശ്രീമൂലം തിരുനാൾ രാജാവിന് കൊച്ചുകുഞ്ഞു ചാന്നാരോട് സ്നേഹവും ബഹുമാനവുമായിരുന്നു. അതുപോലെ തിരുവിതാംകൂറിൽ വെള്ളപ്പൊക്കംപോലുള്ള ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ സഹായിച്ചിരുന്നതും കൊച്ചുകുഞ്ഞു ചാന്നാരായിരുന്നു. അതുകാരണം തിരുവിതാകൂറിലെ അക്കാലത്തെ ജനങ്ങൾക്കും ആലുംമൂട്ടിൽ കൊച്ചുകുഞ്ഞു ചാന്നാരോട് വളരെ സ്നേഹമായിരുന്നു.

രക്തസാക്ഷിയായ ചാന്നാർ

മഹാപ്രതാപിയും ആജാനുബാഹുവുമായ കൊച്ചുകുഞ്ഞു ചാന്നാർ കാരണവർ മേടയിൽ വെച്ച് രക്തസാക്ഷിയായവുകയായിരുന്നു. അടവും തടയും മറ്റ് ആയോധനകലകളും വശമുണ്ടായിരുന്ന ചാന്നാറെ എളുപ്പം കീഴ്പ്പെടുത്തുക പ്രയാസമുള്ള കാര്യമായിരുന്നു. അത് നാട്ടിൽ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ വളരെ ആസുത്രിതമായിട്ടാണ് ചാന്നാറെ വകവരുത്തിയത്. 1921ൽ കാരണവരുടെ അനന്തിരവൻ എ പി ശ്രീധരൻ അദ്ദേഹത്തെ മാളികയിൽ കയറി വെട്ടിക്കൊല്ലുകയായിരുന്നു. മേടയുടെ താക്കോൽക്കൂട്ടം കാരണവരിൽനിന്ന് കൈവശപ്പെടുത്തി നിലവറ തുറന്ന് അവിടെ സൂക്ഷിച്ചിരുന്ന പണ്ടവും പണവുമെല്ലാം കൈക്കലാക്കി. ഈ സമയത്താണ് ഇതൊന്നുമറിയാതെ വേലക്കാരി പെൺകുട്ടി മേടയിലേക്കു കടന്നുവന്നത്. ഈ കൊലപാതകത്തിന് യാദൃച്ഛികമായി ദൃക്സാക്ഷിയാകേണ്ടിവന്ന അവളെയും തെളിവുകളില്ലാതാക്കാനായി ആ മേടയിലിട്ടുതന്നെ ക്രൂരമായി വെട്ടിക്കൊന്നു. പ്രതാപത്തിൽ തിളങ്ങി നിന്ന ആലുമ്മൂട്ടിൽ മേട ഈ കൊലപാതകങ്ങൾക്കു ശേഷം ക്രമേണ ഭയപ്പെടുത്തുന്ന പ്രേതഭവനമായി. പ്രതികളെല്ലാം പിടിക്കപ്പെടുകയും കൊലപാതകം നടത്തിയ അനന്തരവനെ തൂക്കിക്കൊല്ലുകയും ചെയ്തു.
ഇതോടെയാണ് അളവറ്റ സ്വത്ത് കുറഞ്ഞ് തുടങ്ങിയത്. 1920കളിലെ അവസാനം 18 കുടുംബ ശാഖകളായി അത് ഭാഗം വെച്ചു. ആലുംമൂട് കുടുംബത്തിന്റെ ആദ്യകാലം അന്ന് തിരുവിതാംകുറിന്റെ ഭാഗമായിരുന്നിട്ടില്ലാത്ത കായംകുളം രാജാവിന്റെ കീഴിൽ ആയിരുന്നതാകാം അവരുടെ വർധിച്ച സ്വത്തിന്റെ അടിസ്ഥാനമെന്നും ചരിത്രകാരൻമാർ വിശ്വസിക്കുന്നു. കായംകുളം രാജാവിന്റെ സൈനികരും ആയോധന അധ്യാപകരുമായിരുന്ന ആലുംമൂട്ടിൽ ചാന്നാൻമാർ സമ്പത്തിലും പ്രതാപത്തിലും അന്നേ മുന്നോട്ട് പോയിരുന്നു.
മാർത്താണ്ഡവർമ്മ രാജാവ് പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിൽ കായംകുളം കീഴടക്കിയതോടെ ആ സവിശേഷ പദവികൾ മേടക്ക് നഷ്ടമായി. കൊലപാതകത്തിന് ശേഷം തറവാട്ടിൽ സ്ഥിരമായി ദുർനിമിത്തങ്ങൾ ഉണ്ടായി. പിന്നീടവിടെ ആരും താമസിക്കാതായി. ഇതാണ് ആലുമ്മൂട്ടിൽ മേടയെ ചുറ്റിപ്പറ്റിയുള്ള ചരിത്രം. ദുരൂഹത തുളുമ്പുന്ന ആ അന്തരീക്ഷം ഉണർത്തി വിട്ട സങ്കൽപങ്ങളാണ് മേടയെ ആസ്പദമാക്കി മധുമുട്ടത്തിന് മണിച്ചിത്രത്താഴ് എന്ന മനോഹരമായ തിരക്കഥ എഴുതാൻ പ്രേരണയായത്.

ചാന്നാർ ചരിത്രം

പന്ത്രണ്ടാം നൂറ്റാണ്ടുവരെ തെക്കൻ തിരുവതാംകൂർ ഉൾപ്പെട്ട തമിഴകത്തെ പ്രബല സമുദായമായിരുന്നു ചാന്നാന്മാർ. നാടാർ, തീയ്യർ സമുദായത്തിന് നൽകിയിരുന്ന ഉയർന്ന സ്ഥാനമായിരുന്നു ചാന്നാർ. ആയ് രാജാക്കന്മാരുടെ ഭരണകാലത്ത് ഈ സമുദായത്തിനു രാജസദസുകളിൽ ഉയർന്ന സ്ഥാനമുണ്ടായിരുന്നു. ഖജനാവിലേക്കു കരംപിരിക്കാനായി ആയ് രാജാക്കന്മാർ ചാന്നാന്മാരെയാണ് ഉപയോഗിച്ചിരുന്നത്. ‘ചാന്റോർ’ എന്നപേരിൽ ഇവർ രാജസദസുകളിൽ അറിയപ്പെട്ടു.
ഹിന്ദുമതത്തിന്റെ ഭാഗമായിരുന്നു ചാന്നാന്മാർ. എന്നാൽ പന്ത്രണ്ടാം നൂറ്റാണ്ടിനുശേഷം ബ്രാഹ്മണാധിപത്യം ശക്തിപ്രാപിച്ചതോടെ ചാന്നാന്മാർ സാമൂഹികമായി പിന്തള്ളപ്പെട്ടു. ഇപ്പോൾ കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിർത്തികളോടു ചേർന്നു കിടക്കുന്ന പ്രദേശങ്ങളിൽ ജനസംഖ്യയിൽ ഭൂരിപക്ഷമാണ് ചാന്നാന്മാർ. എങ്കിലും ബ്രാഹ്മണ ന്യൂനപക്ഷത്തിനു കീഴ്പ്പ്പെട്ടു ജീവിക്കേണ്ടിവന്നു അവർക്ക്.

മണിച്ചിത്രത്താഴ് പിറന്ന വഴി

ആലുംമൂട് മേടയിൽ നടന്ന ദുരന്ത പശ്ചാത്തലത്തിൽ 1993‑ൽ ഫാസിൽ സംവിധാനം ചെയ്ത സൈക്കോ ത്രില്ലർ മലയാളചലചിത്രമായ മണിച്ചിത്രത്താഴ് വൻ ഹിറ്റായിരുന്നു. മധു മുട്ടം തിരക്കഥ രചിച്ച ഈ ചിത്രത്തിൽ മോഹൻലാൽ, ശോഭന, സുരേഷ് ഗോപി എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പത്തൊൻപതാം നൂറ്റാണ്ടിൽ മധ്യതിരുവിതാംകൂറിലെ ആലപ്പുഴ ജില്ലയിലെ മുട്ടം എന്ന സ്ഥലത്തെ പ്രശസ്തമായ ആലുമൂട്ടിൽ കൊട്ടാരത്തിലെ ഒരു ഈഴവ കുടുംബത്തിൽ നടന്ന ദുരന്തസംഭവം ഈ കഥയെ സ്വാധീനിച്ചിട്ടുണ്ട്. സിനിമക്ക് വേണ്ട രീതിയിലാണ് മേടയെ കുറിച്ചുള്ള കഥ വെള്ളിത്തിരയിൽ അവതരിപ്പിച്ചത്. സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചൻ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മനുഷ്യ മനോനിലയുമായി ബന്ധപ്പെട്ട സ്തോഭജനകമായ എന്നാൽ മലയാളചലച്ചിത്രത്തിൽ മുൻപെങ്ങുമില്ലാത്ത ഇതിവൃത്തമാണ് ഈ ചിത്രത്തിന്റേത്. ഈ ചിത്രത്തിന്റെ തകർപ്പൻ ജയം പത്തുവർഷങ്ങൾക്ക് ശേഷമാണെങ്കിലും ഇന്ത്യയിലെ വിവിധ ഭാഷകളിൽ പുനർനിർമ്മിക്കുവാൻ കാരണമായി. കന്നടയിൽ ആപ്തമിത്ര, തമിഴിലും തെലുങ്കിലും ചന്ദ്രമുഖി, ഹിന്ദിയിൽ ഭൂൽ ഭുലയ്യ എന്നീ പേരുകളിലാണിവ ഇറങ്ങിയത്. എല്ലാ ചിത്രങ്ങളും വൻ വിജയമാണ് നേടിയത്.

മേടയുടെ വാസ്തു സൗന്ദര്യം അവർണ്ണനീയം

മേടയുടെ വാസ്തു സൗന്ദര്യം അവർണ്ണനീയമാണ്. തറവാടിന്റെ രണ്ടു വശങ്ങളിലായി കേരളത്തിന്റെ തനതായ വാസ്തുവിദ്യ വിളിച്ചോതുന്ന എട്ടുകെട്ടും ധാന്യപ്പുരയും പഴയ പ്രതാപത്തോടെ ഇന്നും അവശേഷിക്കുന്നു. എട്ടുകെട്ടിന്റെ വരാന്തയിലേക്കു കയറിയാൽ കേരളീയ തച്ചുശാസ്ത്രത്തിന്റെ കരവിരുത് പ്രകടമാണ്. കാലം വിള്ളൽ വീഴ്ത്തിയ ജനാലപ്പഴുതിലൂടെ അകത്തേക്കു നോക്കിയപ്പോൾ ഉള്ളിലെ വരാന്തയിൽ വിലപിടിപ്പുള്ള പഴക്കം ചെന്ന ചില ഗൃഹോപകരണങ്ങൾ. അതിമനോഹരമായ കൊത്തുപണികളോടു കൂടിയ മേൽക്കൂരയും മുഖമണ്ഡപവും. അതിന്റെ വശങ്ങളിലായി നിലവറയിലേക്കുള്ള രഹസ്യവഴിയും കാണാം.

ഗുരുശാപം കൊലക്ക് കാരണമെന്ന് ബന്ധുക്കളുടെ വിശ്വാസം

ശ്രീനാരായണ ഗുരുവുമായി കൊച്ചുചാന്നാറിന് വളരെ അടുത്തബന്ധമായിരുന്നു. ചാന്നാന്റെ ഷഷ്ടിപൂർത്തി ആഘോഷങ്ങളിൽ ഗുരുവും പങ്കെടുത്തുവെന്നതാണ് ചരിത്രം. ആ ചടങ്ങിൽവെച്ച് തനിക്ക് മദ്രാസിലുണ്ടായിരുന്ന കുറേ ഭുമി എസ്എൻഡിപിക്ക് സൗജന്യമായി നൽകാമെന്ന് കാരണവർ ഗുരുവിനോട് വാഗ്ദാനം ചെയ്തു. പിന്നീട് ചാന്നാറിന് വാക്ക് പാലിക്കാതിരിക്കുകയും ഗുരുവിന് ഇത് വലിയ വിഷമമാകുകയും ഇതിലുള്ള ദുഖത്തിലും രോഷത്തിലും ആണ് അദ്ദേഹത്തിന്റെ ‘ദത്താപഹരണം’ എന്ന ശ്ലോകത്തിൽ വിഷയമാക്കുകയും ചെയ്തുവെന്നതും പറയുന്നു. മൂന്ന് വർഷം കഴിഞ്ഞപ്പോൾ കാരണവർ കൊല്ലപ്പെട്ടത് ഗുരുശാപമാണെന്ന് വിശ്വസിക്കുന്ന കുടുംബക്കാർ പ്രായശ്ചിത്തമെന്നോണം കുടുംബസ്വത്ത് പിൽക്കാലത്ത് ഭാഗം വെച്ചപ്പോൾ മദ്രാസിലെ അതേ ഭുമി എസ്എൻഡിപിക്ക് നൽകുകയും ചെയ്തു.

ഓണാട്ടുകരയുടെ സ്വന്തം എഴുത്തുകാരൻ

ഓണാട്ടുകരയുടെ സ്വന്തം എഴുത്തുകാരനാണ് മധു മുട്ടം. കായംകുളത്തിന് ഏഴുകിലോമീറ്റർ വടക്കുമാറിയാണ് മുട്ടം എന്ന കൊച്ചു ഗ്രാമം. അവിടെയൊരു കൊച്ചു വീട്ടിൽ ആഡംബരങ്ങളൊന്നുമില്ലാതെ, അവിവാഹിതനായി ഏകനായികഴിയുകയാണ് അദ്ദേഹം. കായംകുളം ബോയ്സ് ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം, നങ്ങ്യാർകുളങ്ങര ടി കെ എം എം കോളജിൽനിന്ന് ധന തത്ത്വശാസ്ത്രത്തിൽ മധു ബിരുദം നേടി. പിന്നീട് അധ്യാപകനായി.
കോളജ് മാഗസിനിൽ എഴുതിയ കഥ കണ്ട് അവിടത്തെ മലയാളം പ്രൊഫസറാണ് മധുവിന്, മധുമുട്ടം എന്ന പേരിട്ടത്. കുങ്കുമം വാരികയിലെഴുതിയ സർപ്പം തുള്ളൽ എന്ന കഥയാണ് സംവിധായകൻ ഫാസിൽ എന്നെന്നും കണ്ണേട്ടന്റെ എന്ന സിനിമയാക്കിയത്. പിന്നീട് കമൽ സംവിധാനം ചെയ്ത കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ എന്ന ചിത്രത്തിന്റെ കഥയെഴുതി. മധുവിന്റെ തറവാട്ടിൽ പുരാതന കാലത്ത് നടന്നതെന്ന് അമ്മ പറഞ്ഞറിഞ്ഞ കഥയെ അടിസ്ഥാനപ്പെടുത്തി മധു തന്നെ കഥയും തിരക്കഥയുമെഴുതി ഫാസിൽ സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായിരുന്നു മണിച്ചിത്രത്താഴ്.
മണിച്ചിത്രത്താഴ് തമിഴിലും, തെലുങ്കിലും, ഹിന്ദിയിലും റീമേക്ക്ചെയ്തപ്പോൾ തന്റെ അനുവാദം വാങ്ങുകയോ പ്രതിഫലം നൽകുകയോ ചെയ്തില്ലെന്ന പരാതിയുമായി മധുമുട്ടം കോടതിയിലെത്തി. അതിനു മുന്നേ, കഥാവകാശം ലക്ഷങ്ങൾക്കു വിറ്റുകഴിഞ്ഞിരുന്നു. എന്നാലതിന്റെ ഒരുവിഹിതവും മധുമുട്ടത്തിനു ലഭിച്ചില്ല. ഈ വിഷയത്തിൽ, സിനിമാ രംഗത്തുനിന്ന് ആരുമദ്ദേഹത്തെ പിന്തുണച്ചതുമില്ല. ഇതോടെ അദ്ദേഹം സിനിമാലോകത്തു നിന്നും മാറിനിന്നു.
എന്നെന്നും കണ്ണേട്ടന്റെ, മണിച്ചിത്രത്താഴ്, കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ, കാണാക്കൊമ്പത്ത്, ഭരതൻ എഫക്ട് എന്നീ അഞ്ചു ചിത്രങ്ങൾക്ക് മാത്രമാണ് അദ്ദേഹം കഥയും തിരക്കഥയും സംഭാഷണവും എഴുതിയത്. കൂട്ടത്തിൽ, സയൻസ് വിഷയം പ്രമേയമാക്കിയ ഭരതൻ എഫക്ട് മാത്രമാണ് ജനം സ്വീകരിക്കാതിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.