23 January 2026, Friday

Related news

January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 21, 2026
January 19, 2026
January 19, 2026

അധ്യാപക-സര്‍വീസ് സംഘടനാ സമരസമിതി പണിമുടക്ക് വന്‍ വിജയം

Janayugom Webdesk
തിരുവനന്തപുരം
January 22, 2025 10:44 pm

അധ്യാപക-സര്‍വീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തില്‍ ജീവനക്കാരും അധ്യാപകരും നടത്തിയ പണിമുടക്ക് വന്‍ വിജയം. ജില്ലാ-താലൂക്ക് ആസ്ഥാനങ്ങളിലും പ്രാദേശിക തലത്തില്‍ വില്ലേജ് ഓഫിസുകള്‍, കൃഷിഭവനുകള്‍, മൃഗസംരക്ഷണ ഓഫിസുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസുകള്‍, പൊതുവിതരണം, അളവ് തൂക്കം, ക്ഷീരവികസന വകുപ്പിലെ ജില്ലാ, ബ്ലോക്ക് ഓഫിസുകള്‍ ഉള്‍പ്പെടെ പൂര്‍ണമായും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍, എംപ്ലോയ്‌മെന്റ് ഓഫിസുകള്‍, രജിസ്‌ട്രേഷന്‍ ഓഫിസുകള്‍, ജലസേചന വകുപ്പ്, ഗതാഗത വകുപ്പ് തുടങ്ങിയവ ഭാഗികമായും അടഞ്ഞു കിടന്നു.

സെക്രട്ടേറിയറ്റ്, പിഎസ്‌സി, നിയമസഭ തുടങ്ങിയ കേന്ദ്രങ്ങളില്‍ പ്രതീക്ഷിച്ചതിനേക്കാളേറെ ജീവനക്കാര്‍ പങ്കെടുത്തു. വിദ്യാലയങ്ങളുടെ പ്രവര്‍ത്തനത്തെയും പണിമുടക്ക് സാരമായി ബാധിച്ചു. ഓണ്‍ലൈന്‍ സ്ഥലംമാറ്റം നടപ്പിലാക്കിയ വകുപ്പുകളിലെ പണിമുടക്ക് വിജയമാണ് ശ്രദ്ധേയമായത്. 65 ശതമാനത്തിലേറെ പേര്‍ പങ്കെടുത്തു എന്നാണ് വിലയിരുത്തല്‍. അവിശുദ്ധ കൂട്ടുകെട്ടുകള്‍ സൃഷ്ടിച്ചും തെറ്റായ പ്രചരണം അഴിച്ചുവിട്ടും ഭീഷണികള്‍ മുഴക്കിയും പണിമുടക്ക് പരാജയപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്ക് ജീവനക്കാര്‍ തക്കതായ മറുപടിയാണ് നല്‍കിയത്. ഡയസ്‌നോണ്‍ ഉള്‍പ്പെടെ കര്‍ശന നിയന്ത്രണങ്ങളെ മറികടക്കാന്‍ സാധിച്ചു.
സിവില്‍ സര്‍വീസിലെ ഭൂരിപക്ഷമെന്ന് വീമ്പിളക്കി നടന്നവര്‍ സൂചനാ പണിമുടക്ക് നല്‍കുന്ന പാഠം ഉള്‍ക്കൊള്ളാന്‍ തയ്യാറാകണമെന്ന് സമരസമിതി ചെയര്‍മാന്‍ ഒ കെ ജയകൃഷ്ണനും ജനറല്‍ കണ്‍വീനര്‍ ജയശ്ചന്ദ്രന്‍ കല്ലിംഗലും പ്രസ്താവനയില്‍ പറഞ്ഞു. ഇന്നലെ ധനകാര്യ മന്ത്രി നടത്തിയ പ്രസ്താവന യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതാണെന്നും ജീവനക്കാരെ പൊതുസമൂഹത്തിന് മുന്നില്‍ ഒറ്റപ്പെടുത്തുന്നതിനുള്ള സ്ഥിരം തന്ത്രത്തിന്റെ ഭാഗമാണെന്നും അവര്‍ പറഞ്ഞു. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക എന്ന ഇടതുപക്ഷ നയത്തെ തള്ളിപ്പറയുന്ന സമീപനമാണ് ധനമന്ത്രി സ്വീകരിച്ചതെന്നും നേതാക്കള്‍ പറഞ്ഞു.

പണിമുടക്കിന്റെ വിജയം ഉള്‍ക്കൊണ്ട് തെറ്റുതിരുത്തി ശരിയായ ധന മാനേജ്‌മെന്റിലൂടെ ജീവനക്കാരുടെയും അധ്യാപകരുടെയും കവര്‍ന്നെടുത്ത വേതന ആനുകൂല്യങ്ങള്‍ അനുവദിക്കുവാന്‍ തയ്യാറാകണം. പഴയ പെന്‍ഷന്‍ പുനഃസ്ഥാപിക്കുന്നതിന് വീണ്ടും കമ്മിറ്റിയെ നിയമിച്ച് തീരുമാനം നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമം അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. 

അധ്യാപക-സര്‍വീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് നടയിലും മറ്റ് ജില്ലാ കേന്ദ്രങ്ങളിലും പണിമുടക്ക് വിജയിച്ചതിന്റെ ആഹ്ലാദപ്രകടനം സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ ആഹ്ലാദ പ്രകടനം ഉദ്ഘാടനം ചെയ്തു. ഒ കെ ജയകൃഷ്ണന്‍ അധ്യക്ഷനായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.