23 January 2026, Friday

അതിസമ്പന്നര്‍ കൂടുന്നു; അസമത്വം വര്‍ധിക്കുന്നതായും പഠനം

Janayugom Webdesk
ന്യൂഡല്‍ഹി
July 6, 2023 11:29 pm

രാജ്യത്തെ അതിസമ്പന്നരുടെ എണ്ണത്തില്‍ അഞ്ചിരട്ടി വര്‍ധനയുണ്ടായേക്കുമെന്നും അതില്‍ ഭൂരിഭാഗവും ഗ്രാമീണ മേഖലയില്‍ നിന്നായിരിക്കുമെന്നും പഠനം. 2021 വരെയുള്ള കണക്കനുസരിച്ച് രണ്ട് കോടിയിലധികം വാര്‍ഷിക വരുമാനമുള്ള അതിസമ്പന്ന കുടുംബങ്ങളുടെ എണ്ണം അഞ്ചു വര്‍ഷതം കൊണ്ട് 18 ലക്ഷമായി വര്‍ധിച്ചതായും പീപ്പിള്‍സ് റിസര്‍ച്ച് ഓണ്‍ ഇന്ത്യാസ് കണ്‍സ്യൂമര്‍ ഇക്കോണമി ആന്റ് ഇന്ത്യാസ് സിറ്റിസണ്‍ എൻവയോണ്‍മെന്റ് വ്യക്തമാക്കി. അതിസമ്പന്ന കുടുംബങ്ങളുടെ എണ്ണം നഗരങ്ങളില്‍ 10.6ശതമാനവും ഗ്രാമങ്ങളില്‍ 14.2ശതമാനവും വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്.

2031ഓടെ അതിസമ്പന്ന കുടുംബങ്ങളുടെ എണ്ണം 91 ലക്ഷം ആയി ഉയരുമെന്നും ഗ്രാമീണ മേഖലയിലെ വേഗത്തിലുള്ള വളര്‍ച്ചയാണ് ഇതിന് കാരണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 25 സംസ്ഥാനങ്ങളിലെ 40,000 പേരെയാണ് പഠനത്തില്‍ ഉള്‍ക്കൊള്ളിച്ചത്. ഗ്രാമീണ മേഖലയില്‍ ജനങ്ങള്‍ കാര്‍ഷിക‑കാര്‍ഷികേതര വ്യാപാരങ്ങളില്‍ സജീവമാകുന്നതായും സംരംഭകര്‍ ഗ്രാമീണ മേഖലകള്‍ കൂടുതലായി തെരഞ്ഞെടുക്കുന്നതായും ഇത് മേഖലയില്‍ തൊഴിലവസരങ്ങളും ചെറു വ്യാപാരങ്ങളും സൃഷ്ടിക്കുന്നതായും സംഘടന ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ രാജേഷ് ശുക്ല വ്യക്തമാക്കി. 

അതിസമ്പന്നര്‍ വര്‍ധിക്കുന്നതനുസരിച്ച് സാമ്പത്തിക നിര്‍വഹണ സംഘടനകളും വിദേശ ബാങ്കുകളും രാജ്യത്ത് വര്‍ധിക്കുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2018 മുതല്‍ 2022വരെ രാജ്യത്ത് 70 പുതിയ അതിസമ്പന്നര്‍ സൃഷ്ടിക്കപ്പെടുന്നതായി ഓക്സ്ഫാം ഇന്റര്‍നാഷണല്‍ കണക്കാക്കുന്നു. രാജ്യത്തെ മധ്യവര്‍ഗ കുടുംബങ്ങള്‍ വിലകൂടിയ കാറുകള്‍ക്കും വിദേശരാജ്യ സന്ദര്‍ശനങ്ങള്‍ക്കുമായി പണം ചെലവഴിക്കുമ്പോള്‍ ഗൗതം അഡാനിയെപോലുള്ള അതിസമ്പന്നര്‍ ചുരുങ്ങിയ കാലയളവില്‍ സൃഷ്ടിക്കപ്പെടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏഷ്യയിലെ മൂന്നാമത്തെ സമ്പന്ന രാജ്യമായ ഇന്ത്യയുടെ വളര്‍ച്ചാ സാധ്യതയിലേക്കാണ് ഇത് വിരള്‍ചൂണ്ടുന്നതെങ്കിലും രാജ്യത്ത് അസമത്വം വര്‍ധിക്കുന്നതിന്റെ ലക്ഷണമായും ഇത് വിലയിരുത്തപ്പെടുന്നു. 

രാജ്യത്ത് നിലവില്‍ 43.2 കോടി മധ്യവര്‍ഗക്കാരാണ് ഉള്ളതെന്നും 2031ല്‍ ഇത് 71.5 കോടിയായി ഉയരുമെന്നും സര്‍വേ വ്യക്തമാക്കുന്നു. 6,000 ഡോളര്‍ മുതല്‍ 36,000 ഡോളര്‍ വരെയാണ് ഇവരുടെ വാര്‍ഷിക വരുമാനം. 1,520 ഡോളറില്‍ താഴെ വരുമാനമുള്ള അതിദരിദ്രരുടെ എണ്ണം 7.9 കോടിയായി കുറയുമെന്നും റിപ്പോര്‍ട്ടുണ്ട്.

Eng­lish Summary:The super rich are get­ting big­ger; The study also found that inequal­i­ty is increasing

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.