19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 14, 2024
December 13, 2024
December 3, 2024
December 3, 2024
December 2, 2024
November 19, 2024
November 8, 2024
March 5, 2024
March 4, 2024

കര്‍ഷകപ്രക്ഷോഭം ഇടപെട്ട് സുപ്രീം കോടതി

മധ്യസ്ഥത വഹിക്കാന്‍ സമിതി
കര്‍ഷകര്‍ വഴിയോരങ്ങളില്‍ മരിച്ചുവീഴുന്നത് ആശങ്കാജനകം 
Janayugom Webdesk
ന്യൂഡല്‍ഹി
December 13, 2024 9:32 pm

ഡല്‍ഹി ചലോ മാര്‍ച്ചിനായി ഹരിയാനയിലെ ശംഭു, ഖനൗരി മേഖല അതിര്‍ത്തിയില്‍ സമരം തുടരുന്ന കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്താന്‍ ഉന്നതാധികാര സമിതിയോട് നിര്‍ദേശിച്ച് സുപ്രീം കോടതി. ദേശീയ പാത ഉപരോധിച്ചുള്ള സമരത്തില്‍ നിന്ന് കര്‍ഷകരെ പിന്തിരിപ്പിക്കാനും പ്രക്ഷോഭകരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും സമിതിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ശംഭുവില്‍ നിരാഹാര സമരം നടത്തുന്ന കര്‍ഷക നേതാവ് ജഗജിത്ത് സിങ് ദല്ലേവാളിന്റെ ആരോഗ്യസ്ഥിതി മോശമായതോടെയാണ് വിഷയത്തില്‍ ഉന്നതാധികാര സമിതി അടിയന്തര ഇടപെടല്‍ നടത്തണെമന്ന് കോടതി നിര്‍ദേശിച്ചത്. കര്‍ഷകര്‍ വഴിയോരങ്ങളില്‍ മരിച്ചുവീഴുന്ന സാഹചര്യം ആശങ്കാജനകമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. 

ദല്ലേവാളിന്റെ സമരം 18 ദിവസമായി തുടരുകയാണ്. പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടനപരമായി പ്രക്ഷോഭകര്‍ക്കുണ്ടെന്ന് നിരീക്ഷിച്ച ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്വല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഗാന്ധിയന്‍ തത്വം അനുസരിച്ച് സമാധാനപരമായ സമരം നടത്തണമെന്നും നിര്‍ദേശിച്ചു. പഞ്ചാബ്-ഹരിയാന ഹൈക്കോടതി മുന്‍ ജഡ്ജി നവാബ് സിങ്ങിനെ താങ്ങുവില അടക്കമുള്ള വിഷയങ്ങള്‍ മുന്‍ നിര്‍ത്തി പ്രതിഷേധ സമരം നടത്തുന്ന കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിശോധിക്കാന്‍ സുപ്രീം കോടതി നിയോഗിച്ചിരുന്നു. ഈ സമിതിയോടാണ് പരമോന്നത കോടതി വീണ്ടും സമവായ ചര്‍ച്ച നടത്താന്‍ ആവശ്യപ്പെട്ടത്.

അക്രമരഹിതമായി പൊതുക്രമം പാലിച്ച് സമരം നടത്താന്‍ കര്‍ഷകര്‍ക്ക് അവകാശമുണ്ടെന്ന് നിരീക്ഷിച്ച കോടതി എന്നാല്‍ ദേശീയ പാത ഉപരോധിച്ചുള്ള സമരം ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി. കര്‍ഷകര്‍ക്കെതിരെ പൊലീസ് ബലപ്രയോഗം നടത്താന്‍ പാടില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഉപരോധ സമരം കാരണം സംസ്ഥാനം സാമ്പത്തിക തകര്‍ച്ച നേരിടുന്നതായി പഞ്ചാബ് അഡ്വക്കേറ്റ് ജനറല്‍ ഗുര്‍മീന്ദര്‍ സിങ് കോടതിയെ ബോധിപ്പിച്ചു.
കര്‍ഷക സമരം നിര്‍ത്തി വയ്ക്കുക, സമരവേദി മാറ്റുക എന്നീ വിഷയങ്ങളായിരിക്കും നവാബ് സിങ് സമിതി കര്‍ഷകരുമായി ചര്‍ച്ച ചെയ്യുക. 2023 ഫെബ്രുവരി മുതല്‍ പഞ്ചാബ് ഹരിയാന അതിര്‍ത്തിയില്‍ പ്രക്ഷോഭം ആരംഭിച്ച കര്‍ഷക സമരവുമായി ബന്ധപ്പെട്ട് പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി സമവായം കണ്ടെത്താനാണ് സുപ്രീം കോടതി ഉന്നതാധികാര സമിതിയെ നിയോഗിച്ചത്. തുടര്‍ന്ന് കര്‍ഷക സമരം സംബന്ധിച്ച വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചിരുന്നു.

ജസ്റ്റിസ് നവാബ് സിങ് സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ രാജ്യത്തെ കര്‍ഷകരുടെ പ്രതിദിന വരുമാനം കേവലം 27 രൂപ മാത്രമായിരുന്നുവെന്ന റിപ്പോര്‍ട്ട് രാജ്യമാകെ ചര്‍ച്ചയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.