21 September 2024, Saturday
KSFE Galaxy Chits Banner 2

Related news

September 21, 2024
September 11, 2024
August 21, 2024
June 15, 2024
April 5, 2024
December 9, 2023
October 29, 2023
October 16, 2023

സ്വിസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മിന്നും മുന്നേറ്റം

കെ രംഗനാഥ്
സൂറിച്ച്
September 21, 2024 10:37 pm

ദീര്‍ഘമായ 84 വര്‍ഷത്തെ നിരോധനം പിന്‍വലിച്ചതോടെ പുനരുജ്ജീവിപ്പിക്കപ്പെട്ട സ്വിറ്റ്സര്‍ലാന്‍ഡ് റെവല്യൂഷണറി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വന്‍ മുന്നേറ്റം. ബേണിലെ ബര്‍ഗ്ഡോര്‍ഫില്‍ ഇക്കഴിഞ്ഞ മേയ് 13ന് ചേര്‍ന്ന പുനരുജ്ജീവന സമ്മേളനത്തില്‍ 342 പ്രതിനിധികളാണ് പങ്കെടുത്തിരുന്നത്. ചുരുങ്ങിയ നാലര മാസത്തിനുള്ളില്‍ പാര്‍ട്ടിയുടെ അംഗസംഖ്യ 37,642 ആയി ഉയര്‍ന്നു. സമ്മേളനം യുവനേതാവായ ഡെര്‍സു ഹെറിയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 1921 മാര്‍ച്ചില്‍ രൂപീകരിച്ച സ്വിറ്റ്സര്‍ലാന്‍ഡ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ 1940ല്‍ നിരോധിക്കുമ്പോള്‍ പാര്‍ട്ടിയുടെ വോട്ടുവിഹിതം 19.7 ആയിരുന്നു. ഈ വളര്‍ച്ച തുടര്‍ന്നാല്‍ സ്വിറ്റ്സര്‍ലാന്‍ഡ് ചുവക്കുമെന്ന പരിഭ്രാന്തിയില്‍ യുഎസ് ഇടപെടലോടെയാണ് പാര്‍ട്ടിയെ നിരോധിച്ചത്. കാലാവസ്ഥാ പ്രതിസന്ധിയും സാമ്രാജ്യത്വ യുദ്ധങ്ങളും രൂക്ഷമായ പണപ്പെരുപ്പവും കോവിഡാനന്തര സാമ്പത്തികത്തകര്‍ച്ചയുംമൂലം സ്വിറ്റ്സര്‍ലാന്‍ഡ് പതനത്തിലേക്കുള്ള പാതയിലാണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡെര്‍സു ഹെറി ടെലിഫോണ്‍ അഭിമുഖത്തില്‍ ‘ജനയുഗ’ത്തോട് പറഞ്ഞു. സ്കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍, വിവിധ മേഖലകളിലെ തൊഴിലാളികള്‍, കര്‍ഷകര്‍ എന്നിവരടക്കം പങ്കെടുത്ത പാര്‍ട്ടി രൂപീകരണ സമ്മേളനത്തില്‍ പങ്കാളികളായിരുന്നവരില്‍ 70 ശതമാനത്തിലേറെയും 35 വയസിന് താഴെയുള്ളവരാണെന്നത് ഭാവിയെപ്പറ്റി ഏറെ പ്രതീക്ഷ നല്‍കുന്നുവെന്ന് ഹെറി അഭിപ്രായപ്പെട്ടു.

ഇതിനകം നാനൂറോളം സീനിയര്‍ സ്കൂളുകളിലും എട്ട് യൂണിവേഴ്സിറ്റികളിലും പാര്‍ട്ടിയുടെ ഗ്രൂപ്പുകള്‍ രൂപീകരിച്ചുകഴിഞ്ഞു. പലസ്തീന്‍ അനുകൂലപ്രകടനങ്ങള്‍ രാജ്യവ്യാപകമായി സംഘടിപ്പിച്ചുവരുന്നു. പലസ്തീനെ രക്ഷിക്കുക, ഇസ്രയേലിന്റെ സയണിസ്റ്റ് യുദ്ധത്തെ തകര്‍ക്കുക തുടങ്ങിയ കമ്മ്യൂണിസ്റ്റ് മുദ്രാവാക്യങ്ങള്‍‍ സ്വിറ്റ്സര്‍ലാന്‍ഡിലെ മഹാനഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും വ്യാപകമാണ്.
രൂപീകരണ സമ്മേളനത്തിന് തൊട്ടുപിന്നാലെ ഇക്കഴിഞ്ഞ ജൂണ്‍ 10 മുതല്‍ 15 വരെ നടന്ന റെവല്യൂഷണറി കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ സമ്മേളനം ബഹുജനസാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി. 1940ല്‍ സ്വിസ് ഫെഡറല്‍ കോടതിയും സര്‍ക്കാരും ഒരുത്തരവിലൂടെ പാര്‍ട്ടിയെ നിരോധിക്കുമ്പോഴുണ്ടായിരുന്ന സംഘടനാശേഷി ഗണ്യമായി വര്‍ധിച്ചിരിക്കുന്നുവെന്നതിന്റെ വിളംബരമായി ഈ സമ്മേളനം. അക്രമാസക്തമായ സമരമുറകളിലൂടെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന തൊടുന്യായം പറഞ്ഞായിരുന്നു നിരോധനമെങ്കില്‍ സ്വിസ് ജനത ഇത്തരം തിട്ടൂരങ്ങളെ അപ്പാടെ തള്ളുന്നുവെന്ന പ്രഖ്യാപനമായിരുന്നു ജൂണിലെ മഹാസമ്മേളനവും സെമിനാറുകളുമെന്ന് ഹെറി പറഞ്ഞു. അടുത്ത വര്‍ഷത്തോടെ പാര്‍ട്ടിയുടെ അംഗസംഖ്യ അരലക്ഷമായി കുതിച്ചുയരുമെന്നും അദ്ദേഹം പ്രത്യാശിക്കുന്നു. 

അടുത്ത യൂണിവേഴ്സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എട്ട് സര്‍വകലാശാലകളില്‍ സ്വിറ്റ്സര്‍ലാന്‍ഡ് റവല്യൂഷണറി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആധിപത്യമുറപ്പിക്കുമെന്നും വിലയിരുത്തലുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ച ആപല്‍ക്കരമാണെന്ന് വലതുപക്ഷ സ്വിസ് മാധ്യമങ്ങള്‍ ആശങ്കപ്പെടുന്നുണ്ട്. പാര്‍ട്ടിയുടെ രൂപീകരണത്തിനുശേഷം പാര്‍ട്ടി മുഖപത്രമായ ‘ലെ കമ്മ്യൂണിസ്റ്റ’യുടെ പ്രചാരം 17 മടങ്ങ് വര്‍ധിച്ചതും വളര്‍ച്ചയുടെ സൂചകമാവുന്നു. ഇതിനകം 8,360 മുഴുവന്‍സമയ പ്രവര്‍ത്തകരെ അണിനിരത്തിക്കഴിഞ്ഞു. 800 പേര്‍ സ്ക്രൂട്ടിനി കമ്മിറ്റികളിലുണ്ട്. പുതുതായി പാര്‍ട്ടിയില്‍ ചേരുന്നവരുടെ പശ്ചാത്തലമടക്കം പരിശോധിക്കുകയാണ് ഇവരുടെ ദൗത്യം. പ്രചാരണവിഭാഗത്തില്‍ മാത്രം 2300 പേര്‍. സ്വിറ്റ്സര്‍ലാന്‍ഡിലെമ്പാടുമുള്ള പാര്‍ട്ടിയുടെ ചുവരെഴുത്തുകള്‍ ഈ വിഭാഗത്തിന്റെ ചുമതലയിലാണ്.

വനാധിഷ്ഠിത വ്യവസായങ്ങള്‍, കാര്‍ഷികമേഖല, വ്യവസായശാലകള്‍ തുടങ്ങി നാനാതുറയിലും പാര്‍ട്ടി ഘടകങ്ങള്‍ രൂപീകരിക്കുന്ന തീവ്രശ്രമവും മുന്നേറുന്നു. വന്‍ ‍നഗരങ്ങള്‍ ഒഴിഞ്ഞ് ഗ്രാമങ്ങളിലേക്ക് സ്വിസ് ജനത കുടിയേറുന്ന പുതിയൊരു സംസ്കാരം രൂപപ്പെട്ട സാഹചര്യത്തില്‍ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് പാര്‍ട്ടി ഘടകങ്ങള്‍ രൂപീകരിക്കാനുള്ള പരിപാടികള്‍ക്കും ആവേശകരമായ സ്വീകാര്യതയാണുള്ളതെന്നും ഹെറി അറിയിച്ചു. ‘പത്തുവര്‍ഷം ഞങ്ങള്‍ക്ക് തരൂ. സ്വിറ്റ്സര്‍ലാന്‍ഡിനെ ചുവപ്പിക്കുന്ന യജ്ഞം ഞങ്ങള്‍ പൂര്‍ത്തിയാക്കും.’ എന്നായിരുന്നു സഖാവിന്റെ പ്രത്യാശാനിര്‍ഭരമായ വാക്കുകള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.