23 January 2026, Friday

Related news

January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 21, 2026
January 19, 2026
January 19, 2026

ഭീഷണി ഫലിച്ചില്ല, യുഡിഎഫ് തള്ളി; അൻവർ ത്രിശങ്കുവിൽ

 നില്‍ക്കക്കള്ളിയില്ലാതെ കീഴടങ്ങുമെന്ന് സൂചന 
 ലക്ഷ്യം നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ്
സ്വന്തം ലേഖകന്‍
നിലമ്പൂർ
May 27, 2025 10:42 pm

എൽഡിഎഫിനെതിരെ ഇല്ലാക്കഥകൾ മെനയാൻ കയ്യടി നൽകിയ യുഡിഎഫ് നിർണായക ഘട്ടത്തിൽ കൈവിട്ടതോടെ പി വി അൻവർ ത്രിശങ്കുവിൽ. യുഡിഎഫ് സ്ഥാനാർത്ഥി നിർണയത്തിൽ ഇടപെടാൻ കിണഞ്ഞു ശ്രമിച്ചെങ്കിലും അൻവറിനെ പോലെ പൊതുസമൂഹത്തിന് ഒട്ടും വിശ്വാസ്യത ഇല്ലാത്ത ഒരാളുടെ സമ്മർദങ്ങൾക്ക് കീഴടങ്ങേണ്ടതില്ലെന്നാണ് കോൺഗ്രസ് സ്വീകരിച്ച നിലപാട്. ഇതോടെ എൽഡിഎഫിനെതിരെ അൻവർ ഉയർത്തിയ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് യുഡിഎഫ് തന്നെ സമ്മതിക്കുന്ന സ്ഥിതിയായി. 

ആര്യാടന്‍ ഷൗക്കത്തിനെ ഒരു ഘട്ടത്തിലും അംഗീകരിക്കില്ലെന്ന് തുറന്നടിച്ച അൻവർ ഡിസിസി പ്രസിഡന്റ് വി എസ് ജോയി, അതല്ലെങ്കിൽ തനിക്കു കൂടി സ്വീകാര്യനായ മറ്റൊരാളെ സ്ഥാനാർത്ഥിയാക്കണമെന്ന നിബന്ധന മുന്നോട്ടുവച്ചെങ്കിലും അതൊന്നും തന്നെ കോൺഗ്രസ് ഗൗരവത്തോടെ എടുത്തില്ലെന്നു വേണം മനസിലാക്കാൻ. തന്ത്രം പാളിയതോടെ മുസ്ലിം ലീഗിന്റെ സഹായത്തോടെ സമ്മർദം ശക്തമാക്കാൻ പാണക്കാട്ടേക്കും പി കെ കുഞ്ഞാലിക്കുട്ടിയുടെ വസതിയിലേക്കും എത്തിയെങ്കിലും അവിടെയും അനുകൂല പ്രതികരണമല്ല ലഭിച്ചത്. 

അതിനിടെ അൻവറിന്റെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിനെ അസോസിയേറ്റ് ഘടകകക്ഷിയാക്കാമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചെങ്കിലും അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് അൻവർ. പൂർണ ഘടകകക്ഷിയാക്കി ഔദ്യോഗിക പ്രഖ്യാപനം നടത്തണമെന്നാണ് അൻവർ മുന്നോട്ടുവച്ച നിബന്ധന. രണ്ടുദിവസത്തിനകം തീരുമാനം ആയില്ലെങ്കിൽ മത്സരവുമായി മുന്നോട്ട് പോകുമെന്നും അൻവർ കോൺഗ്രസ് നേതാക്കളെ അറിയിച്ചു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ, കെപിസിസി ജനറൽ സെക്രട്ടറി ജയന്ത്, സിഎംപി നേതാവ് വിജയകൃഷ്ണൻ ഉൾപ്പെടെയുള്ളവർ ഇന്നലെ നിലമ്പൂരിൽ അൻവറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 

എന്നാല്‍ നിലനില്പ് ഭീഷണി നേരിടുന്ന അന്‍വര്‍ ഒടുവില്‍ യുഡിഎഫിന് കീഴടങ്ങുമെന്നാണ് സൂചന. ലീഗ് നേതാക്കളുടെയും കെപിസിസി മുന്‍ പ്രസിഡന്റുമാരായ കെ സുധാകരന്റെയും കെ മുരളീധരന്റെയും സഹായത്തോടെ അടുത്ത തെരഞ്ഞെടുപ്പിൽ സീറ്റ് ഉറപ്പാക്കിയെടുക്കാനാണ് അൻവറിന്റെ ശ്രമം. സീറ്റിന്റെ കാര്യത്തിൽ ഉറപ്പുണ്ടായാൽ ഏതു ചെകുത്താനേയും പിന്തുണയ്ക്കാൻ അൻവർ തയ്യാറാകുമെന്നുമുറപ്പാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.