28 December 2025, Sunday

വിവര്‍ത്തനത്തിന്റെ ‘ദന്ത സിംഹാസനം’

ജി ആർ ഗായത്രി
August 3, 2025 4:08 am

തിരുവിതാംകൂർ രാജവംശത്തിന്റെ അതിശയകരമായ നാൾവഴികളെക്കുറിച്ച് പ്രതിപാദിയ്ക്കുന്ന ‘ഐവറി ത്രോൺ’ എന്ന ഇംഗ്ലീഷ് പുസ്തകം ഒഴിവു സമയങ്ങളിൽ അമ്മൂമ്മയ്ക്ക് മലയാളത്തിലേയ്ക്ക് തർജ്ജമ ചെയ്ത് പ്രസന്ന കെ വർമ്മ വായിച്ചു കൊടുത്തു കൊടുക്കുകയാണ്. സാധനങ്ങൾ പൊതിഞ്ഞു കൊണ്ടുവരുന്ന കടലാസ് പോലും കളയാതെ വായിച്ചു തീർക്കുന്നയാളാണ് അമ്മൂമ്മ സേതു തമ്പുരാട്ടി. അവർക്ക് ഏറെക്കുറെ അറിയാവുന്നതും ആകാംക്ഷയുള്ളതുമായ സംഭവങ്ങൾ വളരെ വിശദമായി എഴുതിയിരിയ്ക്കുന്ന ചരിത്രകാരൻ മനു എസ് പിള്ളയുടെ പുസ്തകത്തിലെ വിവരണം അമ്മൂമ്മ ആസ്വദിച്ചു കേട്ടു. പിന്നെ ഹരമായി. വായന നീണ്ടുനീണ്ടുപോയി. അമ്മൂമ്മയുടെ ആവേശം കണ്ട് പ്രസന്ന വര്‍മ്മ ചിന്തിച്ചു, പുസ്തകം മലയാളത്തിലായിരുന്നെങ്കിൽ അമ്മൂമ്മ എന്തുമാത്രം ആസ്വദിച്ചേനെ…!
അതിനിടയിലാണ് മനു എസ് പിള്ളയുടെ മെയിൽ ഐഡി പ്രസന്ന വർമ്മയ്ക്ക് അപ്രതീക്ഷിതമായി കിട്ടുന്നത്. പുസ്തകത്തെപ്പറ്റി അഭിപ്രായം എഴുതാതിരിയ്ക്കാനായില്ല. ഒരു മെയിൽ അയച്ചു; ‘കൃതി അതിഗംഭീരമായിരിയ്ക്കുന്നു. കേരളത്തിൽ നടന്ന സംഭവമായതുകൊണ്ടും തിരുവിതാംകൂർ രാജവംശത്തെക്കുറിച്ച് മലയാളികളറിയാനാഗ്രഹിയ്ക്കുന്നത് കൊണ്ടും ഇത് മലയാളത്തിൽ ലഭിച്ചിരുന്നെങ്കിൽ വളരെ ഉപകാരപ്രദമായേനെ.’ അമ്മൂമ്മയ്ക്ക് വിവർത്തനം ചെയ്ത് വായിച്ചു കൊടുത്തു കൊണ്ടിരിയ്ക്കുകയാണെന്നും കൂട്ടിച്ചേർത്തു. പിറ്റേന്ന് തന്നെ മറുപടി തന്നു; ‘വലിയ പുസ്തകമായതുകൊണ്ടാവാം, ആരും ഇതേവരെ സമീപിച്ചിട്ടില്ല. അങ്ങനെയൊന്ന് ആവശ്യം തന്നെയാണ്. പറ്റുമെങ്കിൽ താങ്കൾക്ക് വിവർത്തനം ചെയ്യാൻ ശ്രമിച്ചു കൂടെ?’ അന്നത് പ്രസന്ന വർമ്മ തമാശയായിട്ട് മാത്രമേ എടുത്തുള്ളൂ. എന്നാല്‍ അതൊരു ചരിത്ര നിയോഗമായിരുന്നു. മലയാളികള്‍ ആവേശത്തോടെ വായിച്ച പുസ്തകങ്ങളുടെ വിവര്‍ത്തകയുടെ പിറവിയായിരുന്നു അത്.

കവിതകൾ ഇംഗ്ലീഷിലും മലയാളത്തിലുമായി കുത്തിക്കുറിയ്ക്കുന്ന ശീലമുണ്ടെങ്കിലും അതൊക്കെ പെട്ടിയ്ക്കുള്ളിൽ തന്നെ ഭദ്രമായിരുന്നു. വീട്ടിൽ എല്ലാവരും നല്ല വായനക്കാരും, ഭാഷാപ്രാവീണ്യമുള്ളവരും ആയതുകൊണ്ട് അതിൽ അസാധാരണമായി ഒന്നും തോന്നിയില്ല, പ്രസിദ്ധീകരിയ്ക്കണമെന്നും ചിന്തിച്ചിട്ടില്ല. മാസികകളിൽ എപ്പോഴോ വന്നതൊക്കെ കൂട്ടുകാർ കണ്ടുപിടിച്ച് അയച്ചവയായിരുന്നു. പിന്നെ തൃപ്പൂണിത്തുറ ഹിസ്റ്റോറിക്കൽ സൊസൈറ്റിയ്ക്ക് വേണ്ടി സ്ക്രിപ്റ്റ് തയ്യാറാക്കിയതും മറ്റുമായി ചെറിയ ചില എഴുത്തുകുത്തുകൾ മാത്രം. അങ്ങനെയിരിയ്ക്കെ ഒരു മാസത്തിനു ശേഷം മനു എസ് പിള്ളയുടെ ഇമെയിൽ വീണ്ടുമെത്തുന്നു. ‘ഡിസി ബുക്സ് ഈ കൃതിയുടെ മലയാളം കോപ്പിറൈറ്റ്സ് എടുക്കുന്നുണ്ട്, ഒന്ന് ശ്രമിച്ചു നോക്കൂ…’ ഇതുവരെയും അങ്ങനെ ചെയ്ത് പരിചയമില്ലെന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെയും ആദ്യത്തെ പുസ്തകമാണെന്നു പറഞ്ഞ് ധൈര്യം തന്നു. എന്നിട്ടും അതിലേയ്ക്ക് കടക്കാൻ മടിച്ചു. പിന്നീടൊരു ദിവസം മഹാരാജാസിലെ സുഹൃത്തുക്കളും എഴുത്തുകാരുമായ സുഭാഷ് ചന്ദ്രനും രാംമോഹൻ പാലിയത്തും വീട്ടിലെത്തിയപ്പോൾ ഈ കാര്യം സൂചിപ്പിച്ചു. കൂട്ടുകാരി ഇംഗ്ലീഷിലും മലയാളത്തിലും കവിതകൾ എഴുതുമെന്ന് കേട്ടപ്പോൾ അവർക്ക് അദ്ഭുതമായി. സുഭാഷ് ചന്ദ്രൻ ഉടനെ തന്നെ ഡിസി ബുക്സിൽ വിളിയ്ക്കുകയും അവർ അതേ കൃതിയുടെ കുറച്ചു പേജുകൾ മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തു തരാൻ ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെയാണ് കട്ടിയുള്ള ഇംഗ്ലീഷിലെഴുതിയ ‘ഐവറി ത്രോൺ’ മലയാളത്തിന്റെ വശ്യമനോഹാരിതയിൽ ‘ദന്തസിംഹാസനം’ എന്ന പേരിൽ പുനർജ്ജനിയ്ക്കുന്നത്. ചരിത്ര പുസ്തകമായതുകൊണ്ട് ആദ്യത്തെ പതിപ്പ് തന്നെ വിറ്റഴിയ്ക്കുമോ എന്നു സംശയമുണ്ടായിരുന്നുല്ലാവരെയും അത്ഭുപ്പെടുത്തിക്കൊണ്ട് മലയാളവിവർത്തനം പതിനഞ്ചിൽ കൂടുതൽ പതിപ്പുകളുമായി ജൈത്രയാത്ര തുടരുകയാണ്.

തൃപ്പൂണിത്തുറ പാലസ് എച്ച് എസ് എസിലും മഹാരാജാസ് കോളജിലുമായിട്ടായിരുന്നു പ്രസന്ന വർമ്മയുടെ പഠനം. ഇംഗ്ലീഷായിരുന്നു ഐച്ഛികവിഷയം. വീട്ടിലെ പുസ്തക ശേഖരത്തിൽ നിന്ന് കുട്ടിക്കാലം തൊട്ടേ മലയാളത്തിന് പുറമേ ഇംഗ്ലീഷ് ക്ലാസിക്കുകൾ വായിച്ചു തുടങ്ങിയതാണ് ഭാഷാ വികസനത്തിനും എഴുത്തിനും സഹായകരമായത്. അച്ഛൻ പി കേരളവർമ നല്ലൊരു വായനക്കാരനായിരുന്നു. തൃപ്പൂണിത്തുറ മുനിസിപ്പൽ ചെയർമാൻ കൂടിയായിരുന്നു അദ്ദേഹം. മലയാളത്തിലും സംസ്കൃതത്തിലും പണ്ഡിതയായ അമ്മൂമ്മ സേതുതമ്പുരാട്ടി ‘ശ്രീകൃഷ്ണ വിലാസം’ മലയാളത്തിലേക്ക് വൃത്താനുവൃത്തം തർജ്ജമ ചെയ്തിട്ടുണ്ട്. അതിന്റെ ഒരു സർഗം കാലിക്കറ്റ് യൂണിവേഴ്സിറ്റി പഠന വിഷയമായെടുത്തിരുന്നു. അമ്മൂമ്മ മരിച്ചിട്ടിപ്പോൾ രണ്ട് വർഷമായി. വിവർത്തനം ചെയ്തത് മിക്കവയും ചരിത്രപുസ്തകങ്ങളായതുകൊണ്ട് പ്രസന്ന വർമ്മയ്ക്ക് വലിയ വെല്ലുഴിയായിരുന്നു. ചിലപ്പോഴൊക്കെ ഡിക്ഷ്‌ണറി നോക്കേണ്ടി വന്നിട്ടുണ്ട്. മനു എസ് പിള്ളയുടെ കൃതികൾ കഠിനമായ ഇംഗ്ലീഷിലുള്ളതാണ്. ചുറ്റിവളഞ്ഞു വരുന്ന വാക്യങ്ങളായതുകൊണ്ട് ചിലപ്പോഴൊക്കെ ഒരു വാക്യത്തെ രണ്ടായി ഭാഗിയ്ക്കാറുണ്ട്. ഒറിജിനൽ പുസ്തകമിറങ്ങി അധികം താമസിയാതെ തന്നെ വിവർത്തനവും ഇറങ്ങേണ്ടത് പ്രസാധകരുടെ ആവശ്യമാണ്. അതുകൊണ്ട് അധിക കാലതാമസം എടുക്കാതെ ചെയ്തു കൊടുക്കാറുണ്ട്. ‘മലയാളത്തിൽ സാങ്കേതികമായി ഉപയോഗിക്കേണ്ടി വരുന്ന വാക്കുകൾ പലതും സംസ്കൃതമാണ്. അപ്പോൾ വാക്കുകൾക്ക് ഘനം കൂടും, വായന സങ്കീർണമാകും. ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിക്കുകയായിരുന്നെങ്കിൽ എളുപ്പമായേനെയെന്ന് പലപ്പോഴും തോന്നിപ്പോകും. വിവർത്തനം ചെയ്യുന്നത് വായനക്കാർക്ക് ഏറ്റവും മനസിലാവുന്ന രീതിയിൽ ലളിതമായി എഴുതണമെന്നാണ് ആഗ്രഹം. വളരെ കട്ടിയുള്ള കൃതികൾ ചെയ്തത് കൊണ്ട് തന്നെ അത് എത്രത്തോളം സാധ്യമായിട്ടുണ്ട് എന്നത് സംശയമാണ്’ പ്രസന്ന വര്‍മ്മ പറഞ്ഞു നിറുത്തി. ചില കൃതികൾ കുറച്ചു പരിഭാഷപ്പെടുത്തി കഴിഞ്ഞ് മനസിന് തൃപ്തിയില്ലാതെ പ്രസന്ന വര്‍മ്മയ്ക്ക് ഉപേക്ഷിക്കേണ്ടി വന്നിട്ടുമുണ്ട്.

‘ദന്തസിംഹാസന’ത്തിൽ തിരുവിതാംകൂറിലെ അവസാനത്തെ റാണിയായിരുന്ന സേതുലക്ഷ്മി ഭായിയുടെ ജീവിതത്തെ കേന്ദ്രീകരിച്ചുള്ള ചരിത്രവും അധികാര വടംവലികളും അവതരിപ്പിക്കുന്നു. ഈ പുസ്തകത്തിന് ശേഷം മനു എസ് പിള്ളയുടെ ‘ദ കോർട്ടിസാൻ ദ മഹാത്മ ആൻഡ് ദ ഇറ്റാലിയൻ ബ്രാഹ്മിൻ’, ‘ഫാൾസ് എലൈസ് ’ എന്നീ കൃതികളും പ്രസന്ന വർമ്മ വിവർത്തനം ചെയ്തു. ഇവയിൽ രവിവർമ്മക്കാലത്തെ മഹാരാജാക്കന്മാരെ കുറിച്ചും ചരിത്രത്തിലെ നമ്മൾ കേൾക്കാത്ത കഥകളെക്കുറിച്ചും അനന്യ സുന്ദരമായ ഭാഷയിലൂടെ അവതരിപ്പിക്കുന്നു. യുവൽ നോവ ഹരാരിയുടെ ‘ഹോമോദിയൂസ് ‘, ശ്രീലങ്കൻ എഴുത്തുകാരനായ ഷെഹാൻ കരുണതിലകയുടെ ബുക്കർ സമ്മാനം കിട്ടിയ കൃതിയായ ‘സെവൻ മൂൺസ് ഓഫ് മാലി അൽമേദാ’, പൗലോ കൊയ്‌ലോയുടെ ‘മക്തൂബ് ‘, മലയാളിയായ ടോണി ജോസഫിന്റെ ‘ഏർലി ഇന്ത്യൻസ് ’ എന്നീ കൃതികളും പരിഭാഷപ്പെടുത്തി. ഹോമോദിയൂസിന്റെ വിവർത്തനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ സയൻസ് ആൻഡ് ടെക്നോളജി വിഭാഗത്തിലെ ബെസ്റ്റ് ട്രാൻസലേഷൻ അവാർഡ് ലഭിച്ചു. ഇപ്പോൾ മനു എസ് പിള്ളയുടെ ‘ഗോഡ്സ് ഗൺസ് ആൻഡ് മിഷനറീസ് ’ എന്ന പുസ്തകത്തിന്റെ പരിഭാഷ ചെയ്തുകൊണ്ടിരിയ്ക്കുകയാണ്. കൂട്ടുകാരി രോഷ്നിയുടെ കവിതാസമാഹാരം വിവർത്തനം ചെയ്തത് പ്രസിദ്ധീകരണ പാതയിലാണ്. വാടക ഗർഭം പോലെ തന്നെയാണ് വിവർത്തനവുമെന്ന് പ്രസന്ന വർമ്മ പറയും. ഗർഭത്തിന്റെ എല്ലാ സങ്കീർണതകളിലൂടെയും കടന്നുപോകുമെങ്കിലും അവകാശം സൃഷ്ടിയ്ക്കുന്നവന് മാത്രം സ്വന്തം. സ്വന്തം സൃഷ്ടിയായി കാണുന്നത് കവിതകളെത്തന്നെയാണ്. ഇപ്പോഴും ഇംഗ്ലീഷിലും മലയാളത്തിലും കവിതകൾ എഴുതുന്നുണ്ട്. അതൊരു സ്വകാര്യ സന്തോഷമാണ്. ചെയ്തിട്ടുള്ളവയിൽ ഏറ്റവും സന്തോഷവും സംതൃപ്തിയും തോന്നിയത് ടോണി ജോസഫിന്റെ ‘ഏർലി ഇന്ത്യൻസ് ’ ആണ്. മലയാളം അറിയുന്നത് കൊണ്ട് തന്നെ അദ്ദേഹം അത് വായിച്ച് നല്ല അഭിപ്രായം പറഞ്ഞിരുന്നു. അങ്ങനെയുള്ള അനുഭവങ്ങൾ അപൂർവമാണല്ലോയെന്ന് പ്രസന്ന.

തൃപ്പൂണിത്തുറ ഹിൽ പാലസിന്റെ നറേറ്ററായും പ്രസന്ന വർമ്മ പ്രവർത്തിച്ചിട്ടുണ്ട്. അതിനുവേണ്ടി പ്രമേയം തയ്യാറാക്കുകയും കഥാതന്തു രൂപകല്പന ചെയ്യുകയും ചെയ്തു. യാത്രകളും ട്രക്കിങ്ങും ഇവർ ഒരുപാട് ഇഷ്ടപ്പെടുന്നു. എവറസ്റ്റ് ബേസ് ക്യാമ്പ്, ആഫ്രിക്കയിലെ കിളിമഞ്ചാരോ, നേപ്പാളിലെ മർദി ഹിമാൽ, കൈലാസ്- മാനസസരോവർ എന്നിവയൊക്കെ ട്രക്കിങ് ചെയ്ത സ്ഥലങ്ങളാണ്. മൂന്ന് വർഷമായി ക്രാഫ്റ്റ് (കളിക്കോട്ട റെസിഡന്റ്സ് അസോസിയേഷൻ ഫെസ്റ്റിവൽ ഓഫ് തോട്ട്സ്)എന്ന പേരിൽ കെ പ്രദീപ് ഉൾപ്പെടെയുള്ള സുഹൃത്തുക്കളുമായി ചേർന്ന് ലിറ്റററി ഫെസ്റ്റിവൽ നടത്തിവരുന്നു. മനു എസ് പിള്ള, സുഭാഷ് ചന്ദ്രൻ, രാം മോഹൻ പാലിയത്ത്, സുരേഷ് ഏറിയാട്ട്, ഇ പി ഉണ്ണി, എൻ എസ് മാധവൻ, ആനന്ദ് ഏകർഷി തുടങ്ങിയ പ്രശസ്തർ ഇതിൽ സജീവമായി പങ്കെടുക്കുന്നു.
ബിപിസിഎല്ലിൽ നിന്ന് ജനറൽ മാനേജരായി വിരമിച്ച എസ് അനുജനാണ് പ്രസന്ന വർമ്മയുടെ ഭർത്താവ്. മകൾ കൃഷ്ണ അനുജൻ അമേരിക്കയിൽ പോസ്റ്റ് ഡോക്ടറൽ റിസർച്ച് ഫെല്ലോയാണ്. കൃഷ്ണ എഴുതിയ ‘വയലറ്റ് കുക്കൂ’ എന്ന പരിസ്ഥിതി സംബന്ധമായ പരമ്പര മാതൃഭൂമി ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതും പുസ്തകമാക്കാനുള്ള തയ്യാറെടുപ്പിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.