
ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ കടന്നുവരവിനിടയില്‍ റേഡിയോ പുതുതലമുറക്ക് അന്യമാകുന്നുണ്ടെങ്കിലും റേഡിയോയിലെ വാര്‍ത്തകളും പാട്ടുകളും കേള്‍ക്കുന്നത് വലിയൊരു വിഭാഗത്തിന്റെ ദിനചര്യയാണ് ഇന്നും. ഫെബ്രുവരി 13നാണ് ലോക റേഡിയോ ദിനമായി ആചരിക്കുന്നത്. 1946 ഫെബ്രുവരി 13ന് ഐക്യരാഷ്ട്ര സഭ റേഡിയോ സംപ്രേഷണം ആരംഭിച്ചതിന്റെ ആദരവ് സൂചകമായാണ് ഇത്. 2013 ല്‍ നടന്ന യുനസ്‌കോയുടെ സമ്മേളനത്തിലാണ് ഫെബ്രുവരി 13ന് ലോക റേഡിയോ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. യുദ്ധക്കെടുതിയിലും പ്രകൃതി ദുരന്തങ്ങളിലും ലോകം വലയുമ്പോൾ റേഡിയോ എന്ന കണ്ടുപിടിത്തം മനുഷ്യരാശിയെ എത്രമാത്രം സഹായിച്ചിട്ടുണ്ടെന്ന് ഓർത്തുനോക്കൂ. ഒരു പക്ഷേ മനുഷ്യരെ ഇത്രയേറെ സ്വാധീനിച്ച ഒരു ഇലക്ട്രോണിക് ഉപകരണം വേറെ ഉണ്ടായിട്ടില്ല എന്ന് പറയാം.
കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം വരെ സന്ദേശങ്ങള്‍ കൈമാറാനും ലോകത്തിലുള്ള ജനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുവാനും ഉള്ള ഏറ്റവും വിലകുറഞ്ഞ ഒരു ഉപകരണമായിരുന്നു റേഡിയോ. 1927 ജൂലൈ 23ന് ഇന്ത്യയിൽ റേഡിയോ പ്രക്ഷേപണം തുടങ്ങി. 1923ൽ തന്നെ പ്രക്ഷേപണം ആരംഭിച്ച റേഡിയോ ക്ലബുകൾ ഇന്ത്യയിൽ ഉണ്ടായിരുന്നു. 1936 ജൂൺ 8ന് ഓൾ ഇന്ത്യ റേഡിയോ പ്രവർത്തനം ആരംഭിച്ചു. 1956 മുതൽ ഇത് ആകാശവാണി എന്നറിയപ്പെടുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ റേഡിയോ നെറ്റ്‌വർക് ആണ് ആകാശവാണിയുടേത്. ടെലിവിഷൻ വന്നതോടെ റേഡിയോ ശ്രോതാക്കളുടെ എണ്ണത്തിൽ വലിയ കുറവ് വന്നു.
അതിന് ഒരു മാറ്റം വന്നത് എഫ് എം സ്റ്റേഷനുകളും സ്വകാര്യ എഫ് എം ചാനലുകളും വന്നതോടെയാണ്. വളരെ മികച്ച ശബ്ദ പുനരാവിഷ്കാരം എഫ് എമ്മിന്റെ പ്രത്യേകതയാണ്. വാൽവ് ഉപയോഗിച്ച് പ്രവർത്തിച്ച വലിയ റേഡിയോകൾ ട്രാൻസിസ്റ്ററിന്റെ വരവോടെ ചെറുതായി. ഇന്ന് മൊബൈലിലും ബ്ലൂടൂത്ത് സ്‌പീക്കറിലും ലഭ്യമായതോടെ, ഇടക്കാലത്ത് മങ്ങിയ റേഡിയോ കൂടുതൽ സജീവമായി.
ആകാശവാണിയിൽ ഇന്ത്യയിലുടനീളം സ്ഥിതിചെയ്യുന്ന 414 സ്റ്റേഷനുകൾ ഉൾപ്പെടുന്നു. 23 ഭാഷകളിൽ ആകാശവാണി പ്രക്ഷേപണം നടത്തുന്നുണ്ട്. നിലവിൽ, ലോകത്തിലെ ഏറ്റവും വലിയ പ്രക്ഷേപണ സ്ഥാപനങ്ങളിലൊന്നാണ് ആകാശവാണി. ടെലിവിഷൻ വരുന്നത് വരെ റേഡിയോ ആയിരുന്നു രാജ്യത്തിന്റെ മുഴുവൻ വിനോദത്തിന്റെയും വിവരങ്ങളുടെയും പ്രധാന ഉറവിടം.
നാടിന്റെ സാംസ്‌കാരിക പുരോഗതിയില്‍ ചരിത്രത്തിനു ശാസ്ത്രം നല്‍കിയ വലിയ സംഭാവന ആയിരുന്നു റേഡിയോയുടെ കണ്ടു പിടുത്തം .റേഡിയോയുടെ പിതാവായി അറിയപ്പെടുന്നത് മാര്‍ക്കോണിയാണ് .എന്നാല്‍ 1920ല്‍ ബ്രിട്ടിഷ് ശാസ്ത്രഞ്ഞനായ അംബ്രോസ് ഫ്ലെമിംഗ് താപ അയോണിക വാല്‍വ് കണ്ടുപിടിച്ചതോടെ, പ്രഭാഷണങ്ങള്‍ വ്യക്തമായി പ്രക്ഷേപണം ചെയ്യാന്‍ സാധിച്ചു. ഇതോടെ ഒരു വിജ്ഞാന ഉപാധിയായി റേഡിയോക്ക് വളരാന്‍ സാധിച്ചു.ആദ്യകാലത്ത് വൻപ്രചാരത്തിലുണ്ടായിരുന്നത് ക്രിസ്റ്റൽ റേഡിയോ ആയിരുന്നു. അത് പ്രവർത്തിക്കാൻ വൈദ്യുതിയോ ബാറ്ററിയോ വേണ്ടിയിരുന്നില്ല. പിന്നീടാണ് ട്രാൻസിസ്റ്റർ റേഡിയോകൾ വന്നത്. വ്യക്തികൾക്ക് സ്വന്തമായി റേഡിയോ പ്രക്ഷേപണം നടത്താനുളള അമെച്വർ റേഡിയോ എന്നറിയപ്പെടുന്ന ഹാം റേഡിയോയും പിന്നീട് വന്നു.
ഇന്ത്യ സ്വാതന്ത്ര്യം നേടിയ ഉടൻ അർധരാത്രി ജവഹര്‍ലാല്‍ നെഹ്‌റു ആകാശവാണിയിലൂടെ നല്‍കിയ പ്രസംഗമാണ് “വിധിയുമായി ഒരു കൂടിക്കാഴ്ച്ച” എന്ന പേരിലറിയപ്പെടുന്നത്. അന്ന് റേഡിയോയിലൂടെയാണ് രാജ്യം സ്വതന്ത്രമായ വാര്‍ത്ത ഇന്ത്യയിലെ ജനങ്ങള്‍ അറിഞ്ഞത്. അക്കാലത്ത് രാജ്യത്ത് ഒരു ടെലിവിഷൻ ട്രാൻസ്മിറ്റർ പോലും ഉണ്ടായിരുന്നില്ല. നിരവധി ആളുകൾ സ്വാതന്ത്രലബ്ദി എന്ന ആ ചരിത്ര നിമിഷം റേഡിയോയിലൂടെയാണ് അറിഞ്ഞത്. രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച മഹാത്മാ ഗാന്ധിയുടെ നിര്യാണവും ഇന്ത്യയിലെ ജനങ്ങള്‍ അറിഞ്ഞത് റേഡിയോയിലൂടെയാണ്. 1948ൽ ഗാന്ധിജി കൊല്ലപ്പട്ട വിവരം ആള്‍ ഇന്ത്യ റേഡിയോയിലൂടെ രാജ്യത്തെ അറിയിച്ചത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നു. ‘നമ്മുടെ ജീവിതത്തിലെ പ്രകാശം നമ്മെ വിട്ടു പോയി, എങ്ങും ഇരുട്ട് മാത്രം’ എന്നായിരുന്നു നെഹ്‌റുവിന്റെ വാക്കുകള്‍.
വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നത് മാത്രമല്ല കലകളുടെ പ്രോത്സാഹനവും റേഡിയോയുടെ ഉത്തരവാദിത്തമാണെന്ന് തെളിയിച്ച പരിപാടിയായിരുന്നു വാദ്യ വൃന്ദ. 1952ല്‍ അന്നത്തെ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രിയായിരുന്ന ബിവി കേസ്‌കര്‍ ആണ് ഈ ആശയം കൊണ്ടുവന്നത്. സിത്താര്‍ മാന്ത്രികന്‍ പണ്ഡിറ്റ് രവി ശങ്കറിന് കീഴില്‍ വാദ്യ വൃന്ദത്തിന്റെ ഒരു യൂണിറ്റ് അദ്ദേഹം ഡല്‍ഹിയില്‍ സ്ഥാപിച്ചു. നിരവധി വാദ്യകലാകാരന്‍മാര്‍ക്ക് അവസരം നല്‍കിയ പരിപാടിയായിരുന്നു ഇത്. പിടി പന്ന ലാൽ ഘോഷ്, അനിൽ ബിശ്വാസ്, എച്ച്എൽ സെഹ്ഗാൾ, ടി കെ ജയറാം അയ്യർ എന്നിവരുൾപ്പെടെ ഇന്ത്യയിലെ ശാസ്ത്രീയ സംഗീതരംഗത്തെ പല പ്രമുഖരും ഇതിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്നു. ഇന്ത്യയുടെ ദേശീയ ഗാനമായ വന്ദേമാതരത്തിന്റെ ആലാപനം ആയിരുന്നു ഇതിൽ ഏറ്റവും മികച്ച പ്രക്ഷേപണങ്ങളിലൊന്ന്. ആധുനിക സാങ്കേതിക വിദ്യകൾക്ക് ലോകം വഴിമാറിയപ്പോൾ മറ്റ് ഇലക്ട്രോണിക്ക് ഉപകരണങ്ങൾ പെരുകിയെങ്കിലും ഇന്നും റേഡിയോയെ നെഞ്ചോട് ചേർത്തു പിടിക്കുന്ന നിരവധി മലയാളികളുണ്ട് .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.