23 January 2026, Friday

Related news

January 14, 2026
January 5, 2026
December 21, 2025
December 20, 2025
December 18, 2025
December 8, 2025
November 30, 2025
November 5, 2025
October 31, 2025
October 27, 2025

അബലാശരണം സ്കൂളിന്റെ പട്ടയം സാനുമാഷിന്റെ പ്രയത്നവും സ്വപ്നവും

Janayugom Webdesk
കൊച്ചി
August 2, 2025 10:30 pm

അനാഥ കുട്ടികൾക്കും അശരണർക്കും ആശ്രയവും സാന്ത്വനവുമായി പ്രവർത്തിച്ച തപസ്വിനി അമ്മ 1921ൽ സ്ഥാപിച്ച അബലാശരണം സ്കൂളിന് പട്ടയം നേടിയെടുക്കൽ എന്നത് പ്രൊഫ എം കെ സാനുമാഷിന്റെ ജീവിതാഭിലാഷവും സ്വപ്‍നവുമായിരുന്നു.
എറണാകുളം കാനൻ ഷെഡ് റോഡിനു സമീപത്ത് ബ്രിട്ടീഷുകാരുടെ ഭരണകാലത്തു പീരങ്കികൾ സൂക്ഷിച്ചിരുന്ന കെട്ടിടം കൊച്ചി മഹാരാജാവാണ് തപസ്വിനി അമ്മയ്ക്കു സേവന പ്രവർത്തനം നടത്തുന്നതിനായി കൈമാറിയത്. ഇവിടെ ആരംഭിച്ച അബലാശരണം ഗേൾസ് ഇൻഡസ്ട്രിയൽ സ്കൂൾ നിരവധി സ്ത്രീകൾക്ക് വഴികാട്ടിയും കൈത്താങ്ങുമായി മാറുകയായിരുന്നു. ആരുമില്ലാതിരുന്ന പെൺകുട്ടികളെ വളർത്തിയെടുത്ത് അവർക്ക് ഒരു വരുമാന മാർഗം ഉണ്ടാക്കികൊടുക്കുക എന്ന ലക്ഷ്യത്തോടെ തയ്യൽ ക്ലാസുകൾക്കായി ആരംഭിച്ചതാണ് അബലാശരണം സ്കൂൾ. നാലു മുറികളുള്ള കെട്ടിടത്തിൽ നിന്നും എസ്എൻവി സദനമായി പ്രസ്ഥാനം വളർന്നതോടെ 1968 മുതൽ എസ്‌എൻവി സദനം ട്രസ്റ്റിനു കീഴിലായി അബലാശരണം ഗേൾസ് ഇൻഡസ്ട്രിയൽ സ്കൂ‌ൾ. ഇപ്പോഴും ഈ കെട്ടിടത്തിലാണു പ്രവർത്തിച്ചുവരുന്നത്. എന്നാൽ കെട്ടിടം ഉൾപ്പെടുന്ന എട്ടു സെന്റ് സ്ഥലത്തിന് പട്ടയം ഇല്ലാതിരുന്നതിനാൽ ഈ ചരിത്രസ്മാരകം പുതുക്കി പണിയുന്നത് ഉൾപ്പെടെയുള്ള ലക്ഷ്യങ്ങൾ സഫലമാക്കാൻ കഴിഞ്ഞ 15 വർഷമായി ട്രസ്റ്റ് പട്ടയത്തിനായി നടത്തിയിട്ടുള്ള പരിശ്രമങ്ങൾ അനവധിയാണ്. ഇതിന് നേതൃത്വം നൽകിയത് ട്രസ്റ്റ് പ്രസിഡന്റായ സാനുമാഷും സെക്രട്ടറി എം ആർ ഗീതയുമാണ്.

പട്ടയത്തിന് വേണ്ടി 2010 ഡിസംബറിലാണു ആദ്യമായി അപേക്ഷ നൽകുന്നത്. റവന്യു മന്ത്രിയായിരുന്ന കെ പി രാജേന്ദ്രൻ ഭൂമി 100 രൂപ പാട്ടത്തിനു നൽകാമെന്നു തീരുമാനിച്ചെങ്കിലും സർക്കാർ ഉത്തരവിറങ്ങുന്നതിന് മുമ്പ് സർക്കാർ മാറി. തുടർന്ന് അടുത്ത മന്ത്രിസഭയുടെ കാലത്ത് 3,87,000 രൂപ വർഷത്തിൽ പാട്ടമായി നൽകണമെന്ന വ്യവസ്ഥയിൽ ഉത്തരവിറങ്ങി. ഇതു നൽകാൻ ട്രസ്റ്റിനു കഴിയുമായിരുന്നില്ല. അങ്ങിനെ 2017ൽ ജപ്തി നോട്ടീസ് വന്നു. ഇതിനെതിരെ ട്രസ്‌റ്റ് കോടതിയിൽ നിന്നു സ്റ്റേ വാങ്ങി ഭൂമി പതിച്ചു നൽകണമെന്ന ആവശ്യവുമായി നിരന്തരം സർക്കാർ ഓഫിസുകൾ കയറിയിറങ്ങി. കഴിഞ്ഞ സർക്കാരിന്റെ കാലത്തും ശ്രമങ്ങൾ തുടർന്നെങ്കിലും കെ രാജൻ റവന്യു മന്ത്രി ആയപ്പോൾ സാനു മാഷ് ഇക്കാര്യത്തിനായി മന്ത്രിയെ നേരിൽ കാണുന്നതിനുള്ള സമയം തിരക്കിയപ്പോൾ തിരുവനന്തപുരത്തേക്ക് വരേണ്ടതില്ലായെന്നും മാഷിനെ ഞാൻ വന്നു കണ്ടുകൊള്ളാം എന്ന് പറഞ്ഞ മന്ത്രി രാജൻ, മാഷിന്റെ വീട്ടിൽ നേരിട്ടെത്തിയാണ് കാര്യങ്ങൾ മനസിലാക്കിയത്. പലതരത്തിലുള്ള നിയമ തടസങ്ങൾ മുന്നിലുണ്ടായിട്ടും അതൊക്കെ പരിഹരിച്ച് വൈകാതെ കുടിശിക ഒഴിവാക്കി സൗജന്യമായി പട്ടയം അനുവദിക്കുകയായിരുന്നു. 

എന്റെ കാലത്ത് പട്ടയം കിട്ടി കാണാൻ ആഗ്രഹമുണ്ടെന്നായിരുന്നു മന്ത്രിയോട് സാനു മാഷിന്റ വാക്കുകൾ. അങ്ങനെയാണ് സർക്കാരിന്റെ പ്രത്യേക പരിഗണനയിൽ റൂൾ 21 പ്രകാരം എസ്എൻവി സദനം ട്രസ്റ്റിന് സൗജന്യമായി പട്ടയം നൽകാൻ തീരുമാനിച്ചതെന്ന് അബലശരണം സ്കൂളിൽ ജൂലൈ 14ന് നടന്ന ചടങ്ങിൽ സാനുമാഷിന് പട്ടയം കൈമാറിക്കൊണ്ട് മന്ത്രി കെ രാജൻ പറഞ്ഞിരുന്നു.
കുടിശിക ഉൾപ്പെടെ 2.22 കോടി രൂപ സർക്കാർ വേണ്ടെന്നുവച്ചപ്പോൾ ഭൂമി പോക്കുവരവു നടത്താൻ 280 രൂപ മാത്രമാണ് ട്രസ്റ്റിനു ചെലവായത്. വാർധക്യത്തിന്റെ പരാധീനതകൾ മറന്നും 98-മത് വയസിൽ സാനു മാഷ് എഴുതി പ്രസിദ്ധീകരിച്ച ‘തപസ്വിനി അമ്മ: അബലകൾക്ക്‌ ശരണമായി ജീവിച്ച പുണ്യവതി’ എന്ന പുസ്തകവും മന്ത്രി രാജന് ചടങ്ങിൽ സമ്മാനിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.