
ചികിത്സാ നിരക്കും പാക്കേജ് നിരക്കും മലയാളത്തിലും ഇംഗ്ലീഷിലും എല്ലാവർക്കും കാണാനാവും വിധം ആശുപത്രികളിൽ ഉൾപ്പെടെ പ്രദർശിപ്പിക്കണം എന്നതടക്കമുള്ള കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്സ് നിയമവും ചട്ടങ്ങളും ഹൈക്കോടതി ശരിവെച്ചു. നിയമത്തിലേയും ചട്ടങ്ങളിലേയും ചില വ്യവസ്ഥകൾ ചോദ്യം ചെയ്ത് കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ, ഐഎംഎ സംസ്ഥാന ഘടകം, മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ തുടങ്ങിയവർ നൽകിയ ഹർജി തള്ളിയാണ് ജസ്റ്റിസ് ഹരിശങ്കർ വി മേനോന്റെ ഉത്തരവ്. എന്നാൽ പ്രായോഗിക ബുദ്ധിമുട്ടുകൾ സർക്കാരിനെ അറിയിക്കാനുള്ള സ്വാതന്ത്ര്യം ഹർജിക്കാർക്ക് ഉണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.
പൊതുജനാരോഗ്യം സംരക്ഷിക്കാൻ നിശ്ചിത നിലവാരം ഓരോ സേവനത്തിനും ഉറപ്പാക്കുന്നതാണ് നിയമം. രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങളാണ് നിയമത്തിലുള്ളത്. എന്നാൽ ഫീ നിരക്ക്, പാക്കേജ് നിരക്ക് എന്നിവ നിർവചിച്ചിട്ടില്ലെന്നും അധികൃതർക്ക് അനിയന്ത്രിതമായ അധികാരമാണ് നൽകുന്നതെന്നും ഹർജിക്കാർ വാദിച്ചു. എന്നാൽ പൊതുജനാരോഗ്യവും രോഗികളുടെ സുരക്ഷയും ഉറപ്പാക്കാനാണ് നിയമം പാസാക്കിയതെന്നും ധാർമിക നിലവാരം ഉൾപ്പെടെ പ്രോത്സാഹിപ്പിച്ച് സുതാര്യതയ്ക്കുള്ള നടപടിയാണിതെന്നും സർക്കാർ വാദിച്ചു.
അനിയന്ത്രിതവും ഏകപക്ഷീയവുമായ അധികാരമാണ് അധികൃതർക്ക് നൽകുന്നതെന്ന ആരോപണത്തിൽ ന്യായമല്ലാത്ത നടപടികളൊന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും കോടതി പറഞ്ഞു. സേവനത്തിന്റെ ഫീസ് നിരക്ക് മലയാളത്തിലും ഇംഗ്ലീഷിലും പ്രസിദ്ധീകരിക്കണമെന്ന് നിയമത്തിൽ നിഷ്കർഷിക്കുന്നതിൽ തെറ്റില്ല. ആശുപത്രിയുടെ രജിസ്ട്രേഷനടക്കം റദ്ദാക്കുന്നതിൽ കൃത്യമായ നടപടിക്രമങ്ങൾ നിർദേശിക്കുന്നുണ്ട്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ എന്നിവയിൽ നിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തുമ്പോൾ സേവനം സ്വീകരിക്കുന്നവരിൽ നിന്നുള്ള പ്രതിനിധികളേയും ഉൾപ്പെടുത്താമെന്നും കോടതി വിലയിരുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.