ഒരു ദിവസം ഭൂമിയെന്ന ഈ വാടക വീട് ഒഴിഞ്ഞു പോകുമ്പോൾ എന്‍റെ ഏറ്റവും ചൈതന്യവത്തായൊരംശം ഞാൻ ഇവിടെ ഉപേക്ഷിച്ചു പോകും, അതാണെന്‍റെ കവിത’ ജ്ഞാനപീഠം ഏറ്റുവാങ്ങിക്കൊണ്ട് ഒഎന്‍വി പറഞ്ഞ വാക്കുകളാണിവ. കവിതകളിലൂടെ സാഗരങ്ങളെ പോലും പാടിയുണര്‍ത്തിയ മലയാളത്തിന്‍റെ പ്രിയകവി ഒ.എന്‍.വി കുറുപ്പ് വിടപറഞ്ഞിട്ട് ആറ് വര്‍ഷമാകുന്നു. പകരം വെക്കാനില്ലാത്ത ആ ത്രയാക്ഷരം തന്‍റെ രചനകളിലൂടെ ഇന്നും മലയാളി മനസില്‍ ജീവിക്കുന്നു. അവിസ്മരണീയ ഗാനങ്ങളുടെ നറുതേൻ നിലാവ് പൊഴിച്ച കാവ്യഭംഗിക്കുടമ. മലയാളത്തെ ഭാവസാന്ദ്രമാക്കിയ കാവ്യ സൂര്യൻ, അങ്ങിനെ വിശേഷണങ്ങൾ ഏറെയാണ് ഒ.എന്‍.വിക്ക്. പ്രകൃതിയുടെയും മണ്ണിന്‍റെയും ജീവാംശമുള്ള ആ ഭാഷാ സൌന്ദര്യം മലയാളിയുടെ അഭിമാനമാണ്. പ്രകൃതിയുടെ നോവും സാമൂഹിക ഉത്കണ്ഠകളുമെല്ലാം കവി തന്‍റെ വരികളില്‍ ആവാഹിച്ചു. ഒ.എന്‍.വിയുടെ ആദ്യ കവിതകളിലെല്ലാം തന്നെ മാനവരാശിയുടെ മുന്നേറ്റത്തിനായുള്ള പ്രഖ്യാപനങ്ങള്‍ കാണാം. കയ്പേറിയ ബാല്യം അദ്ദേഹത്തിന്‍റെ വാക്കുകളെ കൂടുതല്‍ തെളിച്ചമുള്ളതാക്കിയിരുന്നു. ഓരോ പുതിയ കവിതയിലും ആ തെളിച്ചം ഏറിക്കൊണ്ടിരുന്നു. ഒ.എന്‍.വി കവിതകളുടെ ശീര്‍ഷകങ്ങള്‍ പോലും അത്രമേല്‍ കാവ്യസാന്ദ്രമായിരുന്നു. 1931 മേയ് 27ന് ഒ.എന്‍. കൃഷ്ണക്കുറുപ്പിന്‍റെയും കെ. ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനായി കൊല്ലം ജില്ലയിലെ ചവറയിലായിരുന്നു ഒ.എന്‍.വിയുടെ ജനനം. പരമേശ്വരന്‍ എന്നായിരുന്നു ആദ്യ പേര്. അപ്പു എന്ന് ഓമനപ്പേരും. സ്കൂളില്‍ ചേര്‍ത്തപ്പോള്‍ മുത്തച്ഛനായ വേലുക്കുറുപ്പിന്‍റെ പേരു നല്‍കി. ഒറ്റപ്ളാക്കല്‍ നീലകണ്ഠന്‍ വേലുക്കുറുപ്പ് എന്നാണ് പൂര്‍ണമായ പേര്. ഇന്നത്തെ അഞ്ചാം ക്ളാസിനു തുല്യമായ പ്രിപ്പറേറ്ററിക്കാണ് ഒഎന്‍വി ആദ്യമായി സ്കൂളില്‍ എത്തിയത്. പ്രവേശന പരീക്ഷയിലൂടെയായിരുന്നു കൊല്ലത്തെ ഗവ.ഇംഗ്ളീഷ് സ്കൂളില്‍ പ്രവേശനം ലഭിച്ചത്. പിന്നീട് പിതാവിന്‍റെ ആകസ്മിക മരണത്തോടെ കൊല്ലം നഗരത്തോട് വിടപറഞ്ഞ് ഒഎന്‍വി ചവറ ശങ്കരമംഗലം സര്‍ക്കാര്‍ സ്കൂളില്‍ പഠനം ആരംഭിച്ചു.
1946ല്‍ പതിനഞ്ചാം വയസ്സിലാണ് ആദ്യ കവിതയായ ‘മുന്നോട്ട്’ പ്രസിദ്ധപ്പെടുത്തിയത്. സ്വരാജ്യം എന്ന വാരികയിലാണ് ഈ കവിത അച്ചടിച്ചു വന്നത്. 1949ല്‍ പുരോഗമന സാഹിത്യ സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന കവിതാ മത്സരത്തില്‍ ‘അരിവാളും രാക്കുയിലും’ എന്ന കവിതയ്ക്കു ചങ്ങമ്പുഴയുടെ പേരിലുള്ള സമ്മാനം ലഭിച്ചു. അതേവര്‍ഷം തന്നെ ‘പൊരുതുന്ന സൗന്ദര്യ’മെന്ന ആദ്യ കവിതാ സമാഹാരവും പുറത്തിറങ്ങി. മുക്കുവരുടെ ജീവിതത്തെ കുറിച്ച് ഒഎന്‍വി എഴുതിയ കവിതയാണ് ‘മാറിയ കൂത്തുകള്‍’. എം.എസ്. ബുക്ക് ഡിപ്പോ കൊല്ലമാണ് കവിയുടെ ആദ്യ ഔദ്യോഗിക പ്രസാധകര്‍. നിരന്തരം കവിതകളെഴുതികൊണ്ടിരുന്ന ഒഎന്‍വി സ്വയം ഒരു കവിതയായി മാറുകയായിരുന്നു. കവിതയെഴുത്തില്‍ ദീര്‍ഘമായ ഒരു നിശബ്ദത ഒരിക്കലും ഒഎന്‍വിക്കുണ്ടായിട്ടില്ലെന്ന് എം.ടി.വാസുദേവന്‍ നായര്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്‍റെ മധ്യത്തില്‍ നിന്നാണ് അദ്ദേഹം കവിതകളെഴുതി തുടങ്ങിയത്. അന്നു പ്രബലമായിരുന്ന കാല്പനികതയില്‍ നിന്ന് വ്യത്യസ്തമായി നവകാല്പനികധാരയിലൂടെയാണ് ഒഎന്‍വി സഞ്ചരിച്ചത്. ഇത് മലയാള കവിതയിലെ പുതിയ ഏടായിരുന്നു. കവിതകളില്‍ വിപ്ളവവും സമരവും സ്വാതന്ത്ര്യവും പിറന്നു. ജീവിതാവസനം വരെ ആ കാവ്യയാത്ര നീണ്ടു. അതിനിടയില്‍ പലതരം പരിവര്‍ത്തനങ്ങള്‍ക്ക് ഒഎന്‍വിയുടെ കവിത വിധേയമായിട്ടുണ്ട്. വിപ്ളവ പ്രതീക്ഷയില്‍ നിന്ന് കാല്പനിക വിഷാദത്തിലേക്കും അതില്‍ നിന്ന് ജീവിതാശയിലേക്കും തീവ്രമായ പ്രകൃതി ബോധത്തിലേക്കും ഒഎന്‍വിയിലെ കവി വികസിച്ചു.
മാറ്റുവിന്‍ ചട്ടങ്ങളെ പോലുള്ള വിപ്ളവ കവിതകളും ഇടക്ക് കൃഷിപ്പാട്ടിന്‍റെയും പടപ്പാട്ടിന്‍റെയും വരികളും ഒഎന്‍വിയില്‍ നിന്ന് മലയാളികളെ തേടിയത്തെി. സമരത്തിന്റെ സന്തതികള്‍, ഞാന്‍ നിന്നെ സ്നേഹിക്കുന്നു, ദാഹിക്കുന്ന പാനപാത്രം, ഒരു ദേവതയും രണ്ടു ചക്രവര്‍ത്തിമാരും, ഗാനമാല, നീലക്കണ്ണുകള്‍, മയില്‍പ്പീലി, അക്ഷരം, ഒരു തുള്ളി വെളിച്ചം, കറുത്ത പക്ഷിയുടെ പാട്ട്, കാറല്‍മാര്‍ക്സിന്റെ കവിതകള്‍, ഞാന്‍ അഗ്നി, അരിവാളും രാക്കുയിലും, അഗ്നിശലഭങ്ങള്‍, ഭൂമിക്ക് ഒരു ചരമഗീതം, മൃഗയ, വെറുതെ, ഉപ്പ്, അപരാഹ്നം, ഭൈരവന്റെ തുടി, ശാര്‍ങ്ഗകപ്പക്ഷികള്‍, ഉജ്ജയിനി, മരുഭൂമി, നാലുമണിപ്പൂക്കള്‍, തോന്ന്യാക്ഷരങ്ങള്‍, നറുമൊഴി, വളപ്പൊട്ടുകള്‍, ഈ പുരാതന കിന്നരം, സ്നേഹിച്ചു തീരാത്തവര്‍, സ്വയംവരം, പാഥേയം, അര്‍ധവിരാമകള്‍, ദിനാന്തം, സൂര്യന്‍റെ മരണം എന്നിവയാണ് ഒ.എന്‍.വിയുടെ പ്രധാന കവിതാ സമാഹാരങ്ങള്‍. 1948ല്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും ഇന്‍റര്‍മീഡിയറ്റ് പാസ്സായ ഒഎന്‍വി കൊല്ലം എസ്എന്‍.കോളേജില്‍ ബിരുദപഠനത്തിനായി ചേര്‍ന്നു. 1952ല്‍ സാമ്പത്തികശാസ്ത്രത്തില്‍ ബിരുദമെടുത്തു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും 1955ല്‍ മലയാളത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.1957ല്‍ എറണാകുളം മഹാരാജാസില്‍ അധ്യാപകനായി ഒഎന്‍വി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഇവിടെവെച്ചാണ് ജീവിതസഖിയായ സരോജിനിയെ ആദ്യമായി കണ്ടുമുട്ടുന്നത്. 1958 മുതല്‍ 25 വര്‍ഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും കോഴിക്കോട് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലും തലശ്ശേരി ഗവ: ബ്രണ്ണന്‍ കോളേജിലും തിരുവനന്തപുരം ഗവ: വിമന്‍സ് കോളേജിലും മലയാളവിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു.
1986 മേയ് 31നു ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചെങ്കിലും പിന്നീട് ഒരു വര്‍ഷക്കാലം കോഴിക്കോട് സര്‍വ്വകലാശാലയില്‍ വിസിറ്റിങ് പ്രൊഫസര്‍ ആയിരുന്നു. കേരള കലാമണ്ഡലത്തിന്‍റെ ചെയര്‍മാന്‍, കേന്ദ്ര സാഹിത്യ അക്കാദമി അംഗം , കേരള സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ പ്രോഗ്രസ്സീവ് റൈറ്റേഴ്സ് ദേശീയ അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2007 ജ്ഞാനപീഠത്തിനും 1998ല്‍ പത്മശ്രീ, 2011ല്‍ പത്മവിഭൂഷണ്‍ബഹുമതികള്‍ക്കും പുറമേ ഒട്ടനേകം പുരസ്കാരങ്ങള്‍ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, എഴുത്തച്ഛന്‍ പുരസ്കാരം, ചങ്ങമ്പുഴ പുരസ്കാരം, ഭാരതീയ ഭാഷാപരിഷത്ത് അവാര്‍ഡ്, ഖുറം ജോഷ്വാ അവാര്‍ഡ്, എം.കെ.കെ.നായര്‍ അവാര്‍ഡ്, സോവിയറ്റ്ലാന്‍ഡ് നെഹ്രു പുരസ്കാരം, വയലാര്‍ രാമവര്‍മ പുരസ്കാരം, ആശാന്‍ പുരസ്കാരം, ഓടക്കുഴല്‍ പുരസ്കാരം, ബഹറിന്‍ കേരളീയ സമാജം സാഹിത്യ പുരസ്കാരം, പുഷ്കിന്‍ മെഡല്‍ എന്നിവയാണ് ഒഎന്‍വിക്ക് ലഭിച്ച പ്രധാന പുരസ്കാരങ്ങള്‍. ഒഎന്‍വിയുടെ വരികള്‍ക്ക് പഴയ തലമുറ, പുതിയ തലമുറ എന്ന വ്യത്യാസമില്ലായിരുന്നു. മാറിവരുന്ന അഭിരുചികള്‍ക്കനുസരിച്ച് തന്‍റെ വരികളുടെ ഭാവവും ചലനവും മാറ്റാന്‍ അദ്ദേഹത്തിനായി. 1955ല്‍ ആദ്യമായി കാലം മാറുന്ന എന്ന ചലച്ചിത്രത്തിന് ഗാനവുമെഴുതി. ആ മലര്‍പ്പൊയ്കയില്‍ ആടിക്കളിക്കുന്നൊരോമനത്താമരപ്പൂവേ എന്ന ഗാനമാണെഴുതിയത്. ബാബുരാജ്, എം.ബി. ശ്രീനിവാസന്‍, രാഘവന്‍ മാഷ്, ദേവരാജന്‍, എം.കെ. അര്‍ജുനന്‍ തുടങ്ങി നിരവധിപ്പേര്‍ക്കൊപ്പം ഒരിക്കലും മറക്കാത്ത വരികള്‍ സമ്മാനിച്ചു.
ഗാനരചന ആരംഭിച്ചത് ബാലമുരളി എന്ന പേരിലായിരുന്നു. ഗുരുവായൂരപ്പന്‍ എന്ന സിനിമ മുതലാണ്ഒഎന്‍വി എന്ന പേരില്‍ എഴുതി തുടങ്ങിയത്. 230ലധികം സിനിമകളിലായി 930ല്‍ അധികം ഗാനങ്ങള്‍ എഴുതി. ഗാനരചനക്കുഗള്ള സംസ്ഥാന അവാര്‍ഡ് 13 തവണ നേടിയിട്ടുണ്ട്. ഒ.എൻ.വി തന്‍റെ ആദ്യ കവിത എഴുതുന്നത് 15ാം വയസ്സിലാണ്. 1949‑ൽ പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ് ആദ്യത്തെ കവിതാസമാഹാരം. നല്ല അധ്യാപകനും നല്ല കവിയും അതിലുപരി നല്ല മനുഷ്യനുമായിരുന്നു മലയാളിക്ക് ഒ.എൻ.വി. ഭാഷ നശിക്കുന്നിടത്ത് മനുഷ്യന് സ്വത്വം നഷ്ടപ്പെടുമെന്ന് അദ്ദേഹം വിശ്വസിച്ചു.സമൂഹത്തിന്‍റെ എല്ലാ തുറകളിൽ പെട്ടവരെയും തന്‍റെ കവിതയുടെ ഭാഗമാക്കാൻ ഒഎൻവി കുറുപ്പിന് കഴിഞ്ഞു. ഉപ്പ്, ഉജ്ജയിനി, ദാഹിക്കുന്ന പാനപാത്രം, ഭൂമിക്കൊരു ചരമഗീതം എന്നിങ്ങനെ 40ലേറെ കവിതാസമാഹാരങ്ങള്‍. കവിതയും പാട്ടും തമ്മിലുള്ള അകലം ഇല്ലാതാക്കിയ കവിയാണ് അദ്ദേഹമെന്ന് ഡോ. എം.ലീലാവതി അഭിപ്രായപ്പെട്ടിരുന്നു. 1949ല്‍ കമ്മ്യൂണിസ്റ്റ് നേതാവ് എം.എന്‍.ഗോവിന്ദന്‍ നായര്‍ കൊല്ലത്ത് ഒളിവില്‍ താമസിക്കുന്നതിനിടയില്‍ അഷ്ടമുടിക്കയലിന്‍റെ തീരത്തെ ഒരു വള്ളപ്പുരയില്‍ കാവലിന് എത്തിയത് ഒഎന്‍.വിയും ദേവരാജന്‍ മാസ്റ്ററുമായിരുന്നു. സന്ധ്യാസമയത്ത് വെറുതെയിരുന്നു സമയം കളയാതെ സര്‍ഗാത്മകമായി എന്തെങ്കിലും ചെയ്യാനുള്ള അദ്ദേഹത്തിന്‍്റെ നിര്‍ദേശം കേട്ട ഒഎന്‍വി ചന്ദ്രക്കലയില്‍ നോക്കി എഴുതിയതാണ് “പൊന്നരിവാളമ്പിളിയില് കണ്ണെറിയുന്നോളേ/ആ മരത്തിന്‍ പൂന്തണലില് /വാടി നില്‍ക്കുന്നോളേ’ എന്ന കവിത. പിന്നീട് ഈ കവിത “കേരളം’ എന്ന പത്രത്തിനായി “ഇരുളില്‍ നിന്നൊരു ഗാനം’ എന്ന പേരില്‍ വിപുലീകരിച്ചെഴുതി. 1951ല്‍ കൊല്ലം എസ്എന്‍. കോളജില്‍ എകെ.ജിക്ക് നല്‍കിയ സ്വീകരണത്തില്‍ ദേവരാജന്‍ ഈ ഗാനം പാടിയിരുന്നു. ഇത് കേട്ട് ഇഷ്ടപ്പെട്ട കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ഈ ഗാനം കെപിഎസിയുടെ തോപ്പില്‍ ഭാസി രചിച്ച “നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകത്തില്‍ ഉള്‍പ്പെടുത്തി.ആ ഗാനം ജനമനസ്സുകളിൽ കുടിയേറി കെപിഎ.സിക്കായി 30 നാടകങ്ങളില്‍ 140 പാട്ടുകള്‍ രചിച്ചു. 12 തവണ നാടകഗാന രചനക്കുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഒ. മാധവന്‍ ആരംഭിച്ച കാളിദാസ കലാകേന്ദ്രത്തിനായി ഗാന രചന നടത്തിയിരുന്നു.
“പൊന്നരിവാള്‍ അമ്പിളിയില്‍ കണ്ണെറിയുന്നോളേ (നിങ്ങളെന്ന കമ്യൂണിസ്റ്റാക്കി 1952), വെള്ളാരം കുന്നിലേ (നിങ്ങളെന്ന കമ്യൂണിസ്റ്റാക്കി 1952), പുഞ്ചവയലേലയിലെ (നിങ്ങളെന്ന കമ്യൂണിസ്റ്റാക്കി1952), മാരിവില്ലിന്‍ തേന്‍മലരേ (സര്‍വേക്കല്ല്1954), വള്ളിക്കുടിലിന്‍ (സര്‍വേക്കല്ല്1954), അമ്പിളിയമ്മാവാ (മുടിയനായ പുത്രന്‍1956), ചില്ലിമുളം കാടുകളില്‍ (മുടിയനായ പുത്രന്‍1956), ചെപ്പുകിലുക്കണ ചങ്ങാതീ (മുടിയനായ പുത്രന്‍1965), തുഞ്ചന്‍ പറമ്പിലെ തത്തേ (മുടിയനായ പുത്രന്‍1965), എന്തിനു പാഴ്ശ്രുതി (ഡോക്ടര്‍1961), ജനിച്ചെന്ന തെറ്റിന് (ജീവപര്യന്തം (1991) എന്നിവയാണ് ഒ.എന്‍.വിയുടെ പ്രശസ്തമായ നാടക ഗാനങ്ങള്‍. വിദ്യാര്‍ഥി ജീവിതത്തില്‍ പുരോഗമനപരമായ നിലപാടെടുക്കുകയും കൊല്ലം എസ്.എന്‍. കോളജ് യൂണിയന്‍ ചെയര്‍മാനാകുകയും ചെയ്ത ഒ.എന്‍.വിക്ക് രാഷ്ട്രീയം അന്യമായിരുന്നില്ല. ഒ.എന്‍. വിയുടെ രാഷ്ട്രീയം അദ്ദേഹത്തിന്‍െറ കവിതകളിലും പ്രകടമായിരുന്നു. മാറിമാറി വരുന്ന ഓരോ സാഹചര്യങ്ങിലും വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാട് വെച്ചുപുലര്‍ത്തിയ ഒ.എന്‍.വി അത് കവിതകളിലേക്ക് പകര്‍ത്തി. ആരും മിണ്ടാന്‍ ധൈര്യപ്പെടാത്ത വിഷയങ്ങില്‍ പോലും തന്‍േറതായ ആശയം കൈക്കൊള്ളുകയും അത് തുറന്നു പറയുകയും ചെയ്തിരുന്നു.
ഒരു തത്വശാസ്ത്രത്തെ പ്രവാചകസ്ഥാനത്ത് നിര്‍ത്തി‘’ ആരംഭിച്ച കാവ്യയാത്രയില്‍ എക്കാലത്തും സ്വന്തം കവിതയിലൂടെ തനതായ ഒരു സംസ്കൃതിക്ക് രൂപംനല്‍കിയ കവിയാണ് ഒ എന്‍ വി. നിസ്വവര്‍ഗപക്ഷപാതം, സ്ത്രീത്വത്തോടുള്ള ആദരം, വിശ്വമാനവികതബോധം, നാടന്‍കര്‍ഷകന്റെ നിഷ്കളങ്കത, സംഗീതസാന്ദ്രവുമായ ജനകീയഭാഷ, ക്ളാസിക്കല്‍ കലയുടെയും സാഹിത്യത്തിന്റെയും അന്തസ്സത്ത ഇവ ഉള്‍ച്ചേര്‍ന്നതാണ് ഒ എന്‍ വിയുടെ കാവ്യസംസ്കൃതി. ഒ എന്‍ വിയെ മറ്റു കവികളില്‍നിന്ന് വേര്‍തിരിച്ചുനിര്‍ത്തുന്നത് ഈ കാവ്യസംസ്കൃതിയാണ്. പൊരുതുന്ന സൌന്ദര്യം, സമരത്തിന്റെ സന്തതികള്‍, ഞാന്‍ നിന്നെ സ്നേഹിക്കുന്നു, ന്റെ പൊന്നരിവാള്‍, മാറ്റുവിന്‍ചട്ടങ്ങളെ, കടിഞ്ഞൂല്‍ കനികള്‍ എന്നീ ഒ എന്‍ വിയുടെ ആറ് ആദ്യകാലകൃതികളിലെ ‘63’ കവിതകള്‍ മലയാളകവിതയിലെ സമരതീക്ഷ്ണമായ ഒരു കാലഘട്ടത്തിന്റെ ഹൃദ്സ്പന്ദങ്ങളാണ്. മലയാളത്തിന്റെ സാഹിത്യത്തിലും രാഷ്ട്രീയത്തിലും സംഘര്‍ഷങ്ങള്‍ നിറഞ്ഞ കാലത്താണ് ഒ എന്‍ വിയുടെ കാവ്യപ്രവേശം. 1948ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ നിരോധകാലത്ത് ‘കലേശന്‍’ എന്ന തൂലികാനാമത്തില്‍ പ്രസിദ്ധീകരിച്ച ‘കലയും കശാപ്പും’ എന്ന കാവ്യസമാഹാരംമുതല്‍ 2016 മേയില്‍ പ്രസിദ്ധീകരിച്ച ‘അനശ്വരതയിലേക്ക്’ എന്ന കാവ്യസമാഹാരംവരെയുള്ള പ്രസിദ്ധീകരിക്കപ്പെട്ട കൃതികളെല്ലാം കൈരളിയുടെ സ്വത്തുകളാണ്.ഒ.എന്‍.വി. എന്ന ത്രയാക്ഷരത്തിന്റെ കാതലായിരുന്നു മനുഷ്യന്‍, പ്രകൃതി, ഭാഷ, എന്നീ ആശയങ്ങള്‍. മലയാളത്തിന്റെ വിശുദ്ധിയും സൗരഭ്യവും ലോകമാനം പരത്തിയ ഒ.എന്‍.വി തന്റെ ഭാഷയെ ഒരു പ്രകാശനാളമായി കരുതി എന്നും കെടാതെ സൂക്ഷിച്ചിരുന്നു. ഭാഷയാണ് മനുഷ്യന്റെ സ്വാതന്ത്ര്യമെന്ന് ഉദ്ഘോഷിച്ച കവിയായിരുന്നു മലയാളഭാഷക്ക് ക്ളാസിക്കല്‍ പദവി ലഭിക്കാന്‍ കാരണമായ ശ്രമങ്ങള്‍ക്ക് പിന്നിലെ മുഖ്യ ചാലകശക്തിയായിരുന്നു അദ്ദേഹം. അവിസ്മരണീയ ഗാനങ്ങളുടെ നറുതേന്‍നിലാവ് പൊഴിച്ച കവി, മലയാളത്തെ ഭാവസാന്ദ്രമാക്കിയ കാവ്യസൂര്യന്‍, മാനവസ്നേഹത്തിന്‍റെയും പ്രകൃതിസ്നേഹത്തിന്‍റെയും പ്രവാചകന്‍ വിശേഷണങ്ങള്‍ അനന്തമായി നീളുകയാണ്. ഒറ്റ വാക്കിലോ വരിയിലോ വിശേഷിപ്പിക്കാനാവില്ല ഒ.എന്‍.വിയെ. വാക്കില്‍ വിരിഞ്ഞ വസന്തമായിരുന്നു ഒ.എന്‍.വി. അദ്ദേഹത്തിന്‍റെ ഓരോ വരിയും കാലാതീതമായി പുതിയ അര്‍ഥങ്ങളും ആനന്ദവും ആശ്വാസവും പകര്‍ന്ന് അലയടിച്ചുകൊണ്ടേയിരിക്കും. 2016 ഫെബ്രുവരി 13ന് ആ തൂലിക നിലച്ചെങ്കിലും ആയിരമായിരം വരികളിലൂടെ മലയാളികളുയുടെ മനസില്‍ പ്രിയകവി ഇന്നും ജീവിക്കുന്നു.
English summary; the triad of onv
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.