14 October 2024, Monday
KSFE Galaxy Chits Banner 2

Related news

March 26, 2024
March 25, 2024
March 5, 2024
March 4, 2024
March 3, 2024
January 30, 2024
July 5, 2022
June 9, 2022
June 8, 2022
May 25, 2022

സംഘ്പരിവാറിന്റെ ട്രോജന്‍ കുതിര

ജയ്സണ്‍ ജോസഫ്
കോട്ടയം
May 1, 2022 11:11 pm

പി സി ജോര്‍ജ് അനന്തപുരി ഹിന്ദുമഹാസഭാ സമ്മേളനത്തിനിടെ വമിച്ച വെറുപ്പിന്റെ ഭാഷ മധ്യതിരുവിതാംകൂര്‍ കേന്ദ്രീകരിച്ച് സംഘ്പരിവാര്‍ ആസൂത്രണം ചെയ്യുന്ന രാഷ്ട്രീയ അജണ്ട. കേരള രാഷ്ട്രീയത്തിൽ കാലുറപ്പിക്കാൻ നാളിതുവരെ പയറ്റിയ തന്ത്രങ്ങൾ ഓരോന്നും തകർന്നു മണ്ണടിഞ്ഞിടത്ത് വിഭജനത്തിന്റെയും വിദ്വേഷത്തിന്റെയും പുതു തന്ത്രം പയറ്റുകയാണ് സംഘ്പരിവാർ. ആ യുദ്ധതന്ത്രത്തിലെ പുതിയ ട്രോജൻ കുതിരയാണ് പി സി ജോര്‍ജ്.

ചുമതലയൊഴിഞ്ഞ പ്രബലനായൊരു സഭാമേലധ്യക്ഷനെ കേന്ദ്രീകരിച്ച് കേരളാ കോണ്‍ഗ്രസിലെ ഏതാനും ചില മുന്‍ എംഎല്‍എമാര്‍ മുന്നില്‍ നയിക്കുന്നൊരു രാഷ്ട്രീയ സംഘടനയുടെ നിര്‍മ്മിതിയിലാണ് ആര്‍എസ്എസ്. ഇതു സാധ്യമായാല്‍ വിഷം വിളമ്പി മുന്നേ നയിക്കാന്‍ തനിക്കുപോരുന്ന മറ്റൊരുവനില്ല എന്ന സാക്ഷ്യം പറച്ചിലായിരുന്നു ജോര്‍ജ് സമ്മേളനത്തിനിടെ നടത്തിയത്. ജൂത വേട്ടയ്ക്കു തുല്യമായി എല്ലാ ദുഷിപ്പിനെയും ഇസ്‌ലാമിനെയും കൂട്ടിക്കുഴയ്ക്കുന്നത് ജോര്‍ജിന്റെ പൊതു പ്രസംഗങ്ങളിലെ സ്വഭാവമായിരിക്കുന്നു.

കടുത്ത തീവ്ര വലതുപക്ഷ സംഘടനകളെക്കാളും രൂക്ഷവും പ്രകോപനപരവുമായ ഭാഷ ഉപയോഗിച്ച്, ക്രിസ്ത്യന്‍, ഹിന്ദു പെണ്‍കുട്ടികളുടെ മതംമാറ്റത്തിനും സംസ്ഥാനത്തിന്റെ സാമൂഹിക ഘടന നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്കും മുസ്‌ലിങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ആഖ്യാനം ആര്‍എസ്എസ് ഉപദേശത്തില്‍ ജോര്‍ജ് കൗശലപൂര്‍വം രൂപപ്പെടുത്തുന്നു. സമീപ വര്‍ഷങ്ങളില്‍ മധ്യ തിരുവിതാംകൂറിന്റെ പൊതു വ്യവഹാരത്തില്‍ കൂടുതല്‍ ഇടം നേടിയ ലൗ ജിഹാദും ഇസ്‌ലാമിക ഭീകരതയും മുതലെടുക്കാനുള്ള സംഘ്പരിവാര്‍ ലക്ഷ്യത്തില്‍ വിശുദ്ധവേഷം അണിയുകയാണ് ജോര്‍ജ്. ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിങ്ങള്‍ക്കും ഇടയില്‍ വിടവ് സൃഷ്ടിക്കാനുള്ള സംഘ്പരിവാര്‍-ബിജെപി ലക്ഷ്യം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിലൂടെ ഔദ്യോഗികവുമാക്കി.

സ്ഥാനമാനങ്ങളിൽ കണ്ണുനട്ടും സംസ്ഥാനത്തിന് പുറത്ത്‌, വിശേഷിച്ചും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ തങ്ങൾക്കുള്ള അളവറ്റ സമ്പത്തും സ്ഥാപനങ്ങളും സംരക്ഷിക്കാൻ ബിജെപി ബാന്ധവം കൂടിയേതീരു എന്നും കരുതുന്ന ഒരുപറ്റം മത ന്യൂനപക്ഷ നേതാക്കളും കുറച്ചുകാലമായി സംഘ്പരിവാർ നേതൃത്വത്തിന്റെ പാദമുദ്രയ്ക്ക് കീഴിലാണ്. ദേശീയ ന്യൂനപക്ഷ കമ്മിഷനടക്കം പദവികളും സമ്പദ്‌സംരക്ഷണവും നേരത്തെതന്നെയുള്ള വാഗ്ദാനമാണ്. എന്നാൽ കേരള രാഷ്ട്രീയത്തിൽ നേരിട്ട് പോരിനിറങ്ങാനുള്ള ട്രോജൻ കുതിരക്കുവേണ്ടിയുള്ള കാത്തിരിപ്പാണ് ഇപ്പോൾ സഫലമായിരിക്കുന്നത്‌.

പി സി ജോർജും ഈരാറ്റുപേട്ടയിലെ പ്രബലമായ മുസ്‌ലിം സമുദായവുമായുള്ള ബന്ധത്തിന് അദ്ദേഹം നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടും വരെയുള്ള ദൈർഘ്യമുണ്ട്. കേരള രാഷ്ട്രീയത്തിൽ നിയാമക ശക്തികളായ എൽഡിഎഫ്- യുഡിഎഫ് മുന്നണികളിൽ ഇടമില്ലെന്നു വന്നതോടെ ബിജെപി പാളയത്തിൽ അഭയം തേടാനുള്ള വ്യഗ്രതയിൽ മുസ്‌ലിം സമുദായത്തിനെതിരെ തിരിഞ്ഞ ജോർജിനെ അവർ തെരഞ്ഞെടുപ്പിൽ കയ്യൊഴിഞ്ഞു. ബിജെപി ജോർജിനെ പ്രതീക്ഷിച്ചതുപോലെ സ്വീകരിക്കാനോ പിന്തുണയ്ക്കാനോ തയാറായില്ല. വെടക്കാക്കി തനിക്കാക്കുക എന്ന ബിജെപി തന്ത്രമാണ് ഇപ്പോൾ വിജയിച്ചിരിക്കുന്നത്.

മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ ജനക്കൂട്ടം തുടര്‍ച്ചയായി ആക്ഷേപിക്കുകയും അകറ്റിനിര്‍ത്തുകയും ചെയ്തതിനെത്തുടര്‍ന്ന് ഈരാറ്റുപേട്ടയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് ജോര്‍ജിന് പിന്മാറേണ്ടി വന്നിരുന്നു. നിരുപാധികം മാപ്പ് പറയുകയും മുസ്‌ലിം സംഘടനകളുമായി രമ്യതയിലെത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.

സാമുദായിക അസന്തുലിതാവസ്ഥയിലൂടെ മധ്യ തിരുവിതാംകൂറിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ അസ്ഥിരത തീര്‍ത്ത് ഇടംതേടാനാണ് സംഘ്പരിവാര്‍ നീക്കം. ഈ കളത്തിലൊരു കരുവായി പി സി ജോര്‍ജ് മാറുകയാണ്.

Eng­lish Sum­ma­ry: The Tro­jan horse of the Sangh Parivar

You may like this video also

TOP NEWS

October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.