
അമേരിക്കയിലെ ഇന്ത്യക്കാർക്ക് കനത്ത തിരിച്ചടിയാകുന്ന നിയമ നിർമാണത്തിനൊരുങ്ങി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസിൽ നിന്ന് മറ്റേതെങ്കിലും രാജ്യത്തേക്ക് പണമയയ്ക്കുമ്പോൾ 5% നികുതി ചുമത്താനാണ് പുതിയ തീരുമാനം. ഇത് നടപ്പിലായാൽ 25 ലക്ഷത്തിലേറെ വരുന്ന ഇന്ത്യൻ പ്രവാസികൾ ഓരോ വർഷവും നാട്ടിലേക്ക് അയയ്ക്കുന്ന 2300 കോടി ഡോളറിൻ്റെ 5 ശതമാനം നികുതിയായി നൽകേണ്ടി വരും. ഇത് ഇന്ത്യയുടെ സാമ്പത്തിക രംഗത്തിന് വലിയ തിരിച്ചടിയാകും. ഈ മാസം തന്നെ ബിൽ പാസാക്കി നിയമമാക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. എച്ച്-1ബി വീസ, ഗ്രീൻ കാർഡ് ഉടമകൾ ഉൾപ്പെടെയുള്ളവർക്കും പുതിയ നികുതി നിർദ്ദേശം ബാധകമാകും. ചെറിയ തുകകൾ അയച്ചാൽ പോലും 5% നികുതി നൽകേണ്ടി വരും. പണം നാട്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുന്ന കേന്ദ്രത്തിൽ തന്നെ ഈ നികുതി ഈടാക്കാനാണ് ട്രംപ് ഭരണകൂടത്തിൻ്റെ തീരുമാനം.
പ്രവാസികളുടെ പണം പ്രധാന വരുമാനമായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഈ വർഷം ജൂണിലോ ജൂലൈയിലോ നിയമം പ്രാബല്യത്തിലാകുമെന്നാണ് സൂചനകൾ. നിയമം നടപ്പാകുംമുമ്പ് യുഎസിലെ പ്രവാസികൾ വലിയതോതിൽ പണം നാട്ടിലേക്ക് അയക്കാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.