
റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിലൂടെ ഇന്ത്യയും ചൈനയും ഉക്രൈന്‍ യുദ്ധത്തിന് പ്രാഥമിക മൂലധനം നല്‍കുകയാണെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്‌ക്കെതിരെ ചൈന. അമേരിക്കയും യൂറോപ്യന്‍ യൂണിയനും റഷ്യയുമായി വ്യാപാരം നടത്തുന്നുണ്ടെന്ന് ചൈന ചൂണ്ടിക്കാണിച്ചു. റഷ്യയുമായി ചൈനീസ് കമ്പനികള്‍ നടത്തുന്ന വ്യാപാരത്തിന് തടസം നേരിട്ടാല്‍ ആവശ്യമായ പ്രതികാര നടപടികള്‍ കൈക്കൊള്ളുമെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുന്‍ പറഞ്ഞു.
യൂറോപ്യന്‍ യൂണിയനിലെ നിരവധി രാജ്യങ്ങള്‍ റഷ്യയുമായി വ്യാപാരം നടത്തുന്നുണ്ട്. യുഎസും വ്യാപാരം നടത്തുന്നുണ്ട്. ലോകവ്യാപാര സംഘടനയുടെ നിയമങ്ങള്‍ പാലിച്ചാണ് റഷ്യന്‍ കമ്പനികളുമായുള്ള ചൈനീസ് കമ്പനികളുടെ വ്യാപാരവും സഹകരണവുമെല്ലാം. ചൈനയുടെ നടപടികള്‍ ഒരിക്കലും മൂന്നാം കക്ഷിയെ ലക്ഷ്യം വെച്ചുള്ളതല്ലെന്നും ചൈനീസ് വക്താവ് പറഞ്ഞു. ചൈനയുടെ വ്യാപാരത്തില്‍ ഇടപെടുകയോ സ്വാധീനിക്കുകയോ ചെയ്യരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. റഷ്യ- ഉക്രെയ‍്ന്‍ വിഷയത്തില്‍ വസ്തുനിഷ്ഠവും നീതിയുക്തവുമായ നിലപാടാണ് ചൈന സ്വീകരിച്ചിട്ടുള്ളത്. തങ്ങളുടെ അവകാശങ്ങളും താല്‍പര്യങ്ങളും സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഗുവോ ജിയാകുന്‍ വിശദമാക്കി.
യുഎന്‍ പൊതുസഭയില്‍ സംസാരിക്കുന്നതിനിടെയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയും ചൈനയും റഷ്യയുമായി എണ്ണവ്യാപാരം നടത്തുന്നതിലൂടെ ഉക്രെയ‍്ന്‍ യുദ്ധത്തിന് പ്രാഥമിക ഫണ്ട് നല്‍കുകയാണെന്ന് വിമര്‍ശിച്ചത്. കൂടാതെ, യൂറോപ്യന്‍ രാജ്യങ്ങളുള്‍പ്പടെ റഷ്യയില്‍ നിന്നും എണ്ണവാങ്ങുന്നത് ഉടനടി നിര്‍ത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. റഷ്യയും ട്രംപിന്റെ പരാമര്‍ശത്തിന് എതിരെ രംഗത്തെത്തിയിരുന്നു. കടലാസ് പുലിയെന്ന് പരിഹസിച്ചാണ് ട്രംപിന്റെ വാക്കുകളെ തള്ളിക്കൊണ്ട് റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പ്രതികരിച്ചത്. ആഗോള എണ്ണ മാര്‍ക്കറ്റിനെ കൈപ്പിടിയിലൊതുക്കാനുള്ള അമേരിക്കയുടെ തന്ത്രമാണിതെന്നാണ് റഷ്യയുടെ വിമര്‍ശനം. ട്രംപ് ഒരു ബിസിനസുകാരനാണെന്നും അമേരിക്കയുടെ എണ്ണയും വാതകവും ഉയര്‍ന്ന വിലയ്ക്ക് വാങ്ങാന്‍ ലോകരാജ്യങ്ങളെ നിര്‍ബന്ധിക്കുകയാണ് അദ്ദേഹമെന്നും റഷ്യ തിരിച്ചടിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.