22 December 2024, Sunday
KSFE Galaxy Chits Banner 2

മോഡി സര്‍ക്കാരിന്റെ സാധുതയെ ചോദ്യം ചെയ്യുന്ന വിധി

Janayugom Webdesk
February 16, 2024 5:00 am

നരേന്ദ്ര മോഡി സർക്കാർ 2017–2018 യൂണിയൻ ബജറ്റിന്റെ ഭാഗമായുള്ള ഫൈനാൻസ് ബിൽ 2017ലൂടെ നടപ്പിലാക്കിയ തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായുള്ള അഞ്ചംഗ ബെഞ്ച് വിധിച്ചു. ഇന്ത്യൻ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം അതീവ നിർണായകവും ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുന്നതുമായ ഇന്നലത്തെ സുപ്രീം കോടതി വിധി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും അദ്ദേഹം നേതൃത്വം നൽകുന്ന സര്‍ക്കാരിനും ബിജെപിക്കും ഏറ്റ കനത്ത പ്രഹരമാണ്. ഭരണഘടനാ വിരുദ്ധമായ തെരഞ്ഞെടുപ്പ് ബോണ്ടിന്റെ പിൻബലത്തിൽ 2019ൽ രണ്ടാംതവണയും അധികാരത്തിൽ വന്ന നരേന്ദ്ര മോഡി സർക്കാരിന്റെ ഭരണഘടനാപരവും ധാർമ്മികവുമായ സാധുതയാണ് ഇതോടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. അതെ തെരഞ്ഞെടുപ്പ് ബോണ്ട് നൽകുന്ന പണക്കൊഴുപ്പിന്റെ അടിസ്ഥാനത്തിൽ ആസന്നമായ പൊതുതെരഞ്ഞെടുപ്പിനെ നേരിടുന്ന രാഷ്ട്രീയ പാർട്ടികൾക്ക് അതിനുള്ള ഭരണഘടനാപരവും ധാർമ്മികവുമായ അവകാശവും സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ചോദ്യംചെയ്യപ്പെടുന്നു. സുപ്രീം കോടതിയുടെ ഈ വിധി എല്ലാ അർത്ഥത്തിലും ഇന്ത്യൻ ജനാധിപത്യക്രമത്തെ അതിന്റെ ചരിത്രത്തിലെ ഏറ്റവും കടുത്ത പ്രതിസന്ധിയിലാണ് എത്തിച്ചിരിക്കുന്നത്. ജനാധിപത്യത്തിനും ഭരണഘടനയ്ക്കും രാഷ്ട്രീയ ധാർമ്മികതയ്ക്കും നരേന്ദ്ര മോഡിയും ബിജെപിയും എന്തെങ്കിലും വില കല്പിക്കുന്നുണ്ടെങ്കിൽ പ്രധാനമന്ത്രിയും സര്‍ക്കാരിനും സത്വരം രാജിവച്ച് സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂർവവുമായ തെരഞ്ഞെടുപ്പിന് വഴിയൊരുക്കുകയാണ് വേണ്ടത്. മോഡി സർക്കാർ അധികാരത്തിൽ തുടർന്നുകൊണ്ട് നടത്തുന്ന തെരഞ്ഞെടുപ്പ് ഭരണഘടനാ വിരുദ്ധവും കോർപറേറ്റ് പണക്കൊഴുപ്പുകൊണ്ട് മലീമസവും അക്കാരണത്താൽത്തന്നെ ജനാധിപത്യവിരുദ്ധവും നീതിരഹിതവുമായിരിക്കും.

 


ഇതുകൂടി വായിക്കൂ: ദുരന്തങ്ങള്‍ക്കെതിരെ എല്ലാവരും ജാഗ്രത്താകണം


 

തെരഞ്ഞെടുപ്പ് ബോണ്ട് നിയമംവഴി സമ്പന്ന കോർപറേറ്റുകൾക്ക് അനിയന്ത്രിത തോതിൽ രാഷ്ട്രീയ സംഭാവന നല്കാൻ അനുമതി നൽകിയത് ‘ഭരണഘടനാ വിരുദ്ധവും പ്രകടമായി സ്വേച്ഛാപരവു‘മാണെന്നു സുപ്രീം കോടതി വിധി വിലയിരുത്തുന്നു. തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിയുടെ ഭാഗമായി ജനപ്രാതിനിധ്യ നിയമം, കമ്പനി നിയമം, വരുമാന നികുതി നിയമം എന്നിവയിൽ വരുത്തിയ ഭേദഗതികൾ ഭരണഘടനയുടെ അനുച്ഛേദം 19 (1) (എ) അനുസരിച്ച് രാഷ്ട്രീയ സംഭാവനകൾ സംബന്ധിച്ച വിവരങ്ങൾ അറിയാനുള്ള വോട്ടർമാരുടെ അവകാശത്തിന്റെ ലംഘനമാണെന്നും വിധി വ്യക്തമാക്കുന്നു. ഈ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ വില്പന സത്വരം നിർത്തിവയ്ക്കാൻ അതിന് ചുമതലപ്പെട്ട സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് സുപ്രീം കോടതി ഉത്തരവായി. 2019 ഏപ്രിൽ 12 മുതൽ ഇതുവരെ നടത്തിയ ബോണ്ട് വില്പനയുടെ സമ്പൂർണവിവരങ്ങൾ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷന് മാർച്ച് ആറിനുള്ളിൽ കൈമാറാനും കമ്മിഷൻ പ്രസ്തുത വിവരം മാർച്ച് 13നുള്ളിൽ തങ്ങളുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും വിധി നിർദേശിക്കുന്നു. ‘രാഷ്ട്രീയ സംഭാവന സംബന്ധിച്ച വിവരങ്ങൾ പൂർണമായും മറച്ചുവയ്ക്കുന്നത് അഴിമതിക്കും ഭരണകക്ഷി നയവ്യതിയാനങ്ങളിലൂടെ ലൈസൻസുകളിലടക്കം കൊടുക്കൽ വാങ്ങലുകൾക്കും കാരണമാകുമെന്ന്’ തന്റെ മുഖ്യ വിധിന്യായത്തിൽ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി. ഇത് ‘തെരഞ്ഞെടുപ്പ് പ്രക്രിയയിൽ കോർപറേറ്റുകൾക്ക് അനിയന്ത്രിത സ്വാധീനമാണ് നൽകുന്നതെന്ന്’ ചന്ദ്രചൂഡ് അടിവരയിടുന്നു. ‘വൻ തോതിൽ പണം നൽകി തെരഞ്ഞെടുപ്പുകളെ കൊടുക്കൽ വാങ്ങലുകൾക്കുള്ള അവസരമാക്കി മാറ്റുന്ന കമ്പനികൾക്ക് മുന്നിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അവരെ തെരഞ്ഞെടുക്കുന്നവരോട് എത്രമാത്രം സത്യസന്ധമായി പ്രതികരിക്കാനാവും. നിർധനരുടെ പ്രതിഷേധങ്ങളും നിലവിളികളും തെരഞ്ഞെടുക്കപ്പെടുന്നവർ കേൾക്കാൻ തയ്യാറാവാത്തിടത്തോളം നമുക്ക് എങ്ങനെ ഒരു ജനാധിപത്യമായി തുടരാനാവും’- ചന്ദ്രചൂഡ് തന്റെ വിധിന്യായത്തിൽ ചോദിക്കുന്നു.


ഇതുകൂടി വായിക്കൂ:ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയും വികസനതന്ത്രവും


 

ഇന്ത്യയുടെ രാഷ്ട്രീയ അധികാരം കയ്യാളുന്നതും ഭരണം നടത്തുന്നതും ഒരു ജനാധിപത്യ രാഷ്ട്രീയപാർട്ടിയല്ലെന്നും തൽസ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത് ഒരു ചങ്ങാത്ത മുതലാളിത്ത സംവിധാനമാണെന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയടക്കം ഇടതുപക്ഷ പാർട്ടികളും ഇതര പ്രതിപക്ഷവും ഉന്നയിച്ചുപോരുന്ന വിമർശനങ്ങളെ ഭരണഘടനാ വ്യവസ്ഥകളുടെയും ജനാധിപത്യ മൂല്യങ്ങളുടെയും അടിസ്ഥാനത്തിൽ വിശകലനം ചെയ്യുകയും വിലയിരുത്തുകയുമാണ് സുപ്രീം കോടതി ചെയ്തിരിക്കുന്നത്. ഈ വിധിയോടെ നരേന്ദ്രമോഡി സർക്കാരിന് അധികാരത്തിൽ തുടരാനുള്ള ഭരണഘടനാപരവും ധാർമ്മികവുമായ എല്ലാ അവകാശങ്ങളും റദ്ദാക്കപ്പെട്ടിരിക്കുന്നു. മാത്രമല്ല ഈ സർക്കാർ അതിന്റെ ഭരണകാലത്ത് പാസാക്കിയ ജനവിരുദ്ധ നിയമങ്ങളും നടപ്പാക്കിയ ജനദ്രോഹ പദ്ധതികളും ഭരണഘടനാ വിരുദ്ധവും ജനദ്രോഹവുമാണെന്നും വ്യക്തമാകുന്നു. രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കാൻ മോഡി സർക്കാർ രാജിവയ്ക്കുകയും അവരുടെ ഭരണകാലത്തെ സമസ്ത ഭരണഘടനാ വിരുദ്ധനയങ്ങളും പരിപാടികളും തിരുത്തുകയെന്നതും അനിവാര്യമായിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.