23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 30, 2024
November 16, 2024
October 26, 2024
October 2, 2024
September 20, 2024
August 23, 2024
August 20, 2024
August 7, 2024
August 3, 2024
August 3, 2024

കേരളം കൈവരിച്ച നേട്ടങ്ങളെ പുകഴ്ത്തി ഉപരാഷ്ട്രപതി

രാജ്യത്തെ ഐടി മേഖലയുടെ നായകത്വം കേരളത്തിന് 
Janayugom Webdesk
തിരുവനന്തപുരം
May 22, 2023 6:00 pm

ടെക്നോളജി പാർക്കുകളും ഇലക്ട്രോണിക് നഗരങ്ങളും സൃഷ്ടിച്ച് രാജ്യത്തിന്റെ ഐടി മേഖലയുടെ നായകത്വം കേരളം വഹിക്കുകയാണെന്ന് ഉപരാഷ്ട്രപതി ജ‌‌‌‌ഗ‌്ദീപ് ധന്‍ഖര്‍. കേരള നിയമസഭാ മന്ദിരത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ് തുടങ്ങിയ അതിനൂതന സാങ്കേതികവിദ്യകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിലും കേരളം മുൻപന്തിയിലാണ്. രാജ്യം തുടങ്ങിവച്ചിട്ടുള്ള ഡിജിറ്റൽ ഇന്ത്യ പദ്ധതി പൂർണമായി പ്രയോജനപ്പെടുത്താൻ സാഹചര്യമുള്ള സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. ലോകത്തിന്റെ വിവിധയിടങ്ങളിലുള്ള മലയാളി പ്രവാസികൾ രാജ്യത്ത് നടത്തുന്ന നിക്ഷേപം മൊത്ത ആഭ്യന്തര ഉല്പാദനത്തിൽ വലിയ സംഭാവന ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പുരോഗമന ജനാധിപത്യത്തിലേക്കുള്ള നിയമനിർമ്മാണത്തിൽ മഹത്തായ പാരമ്പര്യമാണു കേരള നിയമസഭയ്ക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ പരിണാമത്തിനു കാരണമായ നിരവധി നിയമ നിർമ്മാണങ്ങളുടെ നാഡീകേന്ദ്രമായി മാറാൻ സഭയ്ക്കു കഴിഞ്ഞിട്ടുണ്ട്. ഇഷ്ടികയും ചാന്തുംകൊണ്ടുള്ള കെട്ടിടമെന്നതിലുപരി, ജനങ്ങളുടെ പ്രതീക്ഷകളുടെ കേന്ദ്രങ്ങളാണ് നിയമ നിർമ്മാണ സഭകൾ. ജനാധിപത്യ മൂല്യങ്ങൾ പൂത്തുലയുന്ന വടവൃക്ഷമായി മാറാൻ കേരള നിയമസഭയ്ക്കു കഴിഞ്ഞിട്ടുണ്ടെന്ന് നിസംശയം പറയാൻ കഴിയും.
ഓരോ കാലയളവിലും നൂറിലധികം നിയമ നിർമ്മാണങ്ങൾ പാസാക്കാൻ കേരള നിയമസഭയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പ്രതിവർഷം ശരാശരി 44 ദിവസത്തോളം നിയമസഭ സമ്മേളിക്കുന്നുവെന്നതുതന്നെ ജനാധിപത്യത്തിന്റെ ശക്തിയെയാണ് കാണിക്കുന്നത്. ‘നിയമസഭ’ എന്ന പേരിന് ശരിക്കും ഉചിതമാകുന്ന തരത്തില്‍ ജനഹിതത്തെയും ജനാധിപത്യത്തിന്റെ ആത്മാവിനെയും ഭരണഘടനയുടെ അന്തഃസത്തയെയും സംരക്ഷിക്കുന്നുവെന്നാണ് കാണിക്കുന്നതെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.

ക്ലിഫ് ഹൗസിൽ നടന്ന വിരുന്നിനു ശേഷം നിയമസഭാ മന്ദിരത്തിലെത്തിയ ഉപരാഷ്ട്രപതിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ എൻ ഷംസീർ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മന്ത്രി കെ രാധാകൃഷ്ണൻ, പ്രതിപക്ഷനേതാവ് വി ഡി സതീശൻ എന്നിവർ ചേർന്നു സ്വീകരിച്ചു. നിയമസഭയുടെ ഉപഹാരമായി സ്പീക്കർ ആറന്മുള കണ്ണാടി സമ്മാനിച്ചു. നിയമസഭാ രാജ്യാന്തര പുസ്തകോത്സവം 2023ന്റെ സുവനീർ മുഖ്യമന്ത്രിക്കു നൽകി ഉപരാഷ്ട്രപതി പ്രകാശനം ചെയ്തു. ലെജിസ്ലേച്ചർ കോംപ്ലക്സ് നവീകരണത്തിന്റെ ശിലാസ്ഥാപനവും അദ്ദേഹം നിർവഹിച്ചു. ആർ ശങ്കര നാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രിമാർ, എംഎൽഎമാർ, മുൻ എംഎൽഎമാർ, മുൻ സ്പീക്കർമാർ, ജനപ്രതിനിധികൾ, ജീവനക്കാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഉപരാഷ്ട്രപതിയായി അധികാരമേറ്റ ശേഷം ആദ്യമായി കേരളത്തിലെത്തിയ ജ‌ഗ‌്ദീപ് ധന്‍ഖര്‍ നിയമസഭാ വളപ്പിൽ വൃക്ഷത്തൈ നട്ടു.

അസഹിഷ്ണുത ന്യായീകരിക്കാനാകില്ല

വിഭിന്ന കാഴ്ചപ്പാടുകളോടുള്ള അസഹിഷ്ണുതയെ ന്യായീകരിക്കാനാവില്ലെന്ന് ഉപരാഷ്ട്രപതി ജഗ‌്ദീപ് ധൻഖർ പറഞ്ഞു. എല്ലാത്തരം ചിന്തകൾക്കും കാഴ്ചപ്പാടുകൾക്കും അർഹമായ പരിഗണന ലഭിക്കുമ്പോഴാണ് ജനാധിപത്യം പൂവണിയുന്നത്. അഭിപ്രായങ്ങളെ രാഷ്ട്രീയക്കണ്ണുകളിലൂടെ മാത്രം കാണുന്ന രീതി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Summary;The Vice Pres­i­dent praised the achieve­ments of Kerala

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.