24 January 2026, Saturday

Related news

January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 15, 2026
January 12, 2026
January 8, 2026
January 7, 2026
January 6, 2026
January 4, 2026

രക്തസാക്ഷി സ്മരണയിൽ വയലാർ തിളങ്ങി; പുന്നപ്ര‑വയലാർ വാർഷിക വാരാചരണത്തിന് കൊടിയിറങ്ങി

സ്വന്തം ലേഖകൻ
ആലപ്പുഴ
October 27, 2025 8:02 pm

കേരളത്തിന്റെ രാഷ്ട്രീയ‑സാമൂഹിക ജീവിതം ഉടച്ചുവാർക്കാൻ ഹൃദയരക്തം നൽകിയ വയലാർ രക്തസാക്ഷികൾക്ക് ആയിരങ്ങളുടെ സ്മരണാഞ്ജലി. അഭിവാദ്യം അർപ്പിക്കാൻ ഒരു നാടാകെ വയലാർ സമരഭൂമിയിലേക്ക് ഒഴുകിയെത്തി. അഴിമതി മുഖ്യതൊഴിലാക്കുകയും സാമ്രാജ്യത്വ ശക്തികൾക്ക് ദാസ്യവൃത്തി ചെയ്യുകയും ചെയ്യുന്ന കേന്ദ്ര ഭരണാധികാരികൾക്കെതിരെ കൂടുതൽ കരുത്തോടെ പോരാടുമെന്ന് വയലാർ രക്തസാക്ഷികളുടെ പിൻമുറക്കാർ പ്രതിജ്ഞ ചെയ്തു. പോരാളികളെ സ്മരിക്കാൻ സമരസേനാനികളും കർഷകരും തൊഴിലാളികളും വിദ്യാർത്ഥികളും ഉദ്യോഗസ്ഥരുമെല്ലാം പുഷ്പചക്രവുമായാണെത്തിയത്. ഇതോടെ പുന്നപ്ര‑വയലാർ വാർഷിക വാരാചരണത്തിന് ഇന്നലെ കൊടിയിറങ്ങി.

രക്തസാക്ഷികളും പി കൃഷ്ണപിള്ള ഉൾപ്പെടെ നേതാക്കളും അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട്ടിൽ മുൻ മന്ത്രി ജി സുധാകരനും മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് സിപിഐ(എം) നേതാവ് കെ വി ദേവദാസും തെളിയിച്ച് നൽകിയ ദീപശിഖകൾ അത്‌ലറ്റുകൾ കൈമാറി വയലാർ സമരഭൂമിയിലെ രക്തസാക്ഷി മണ്ഡപത്തിൽ എത്തിച്ചു. പുഷ്പങ്ങൾ അർപ്പിച്ചും കതിനാവെടി മുഴക്കിയും അഭിവാദ്യമർപ്പിച്ചും വഴിനീളെ പതിനായിരങ്ങൾ ദീപശിഖാ റിലേയെ സ്വീകരിച്ചു. വാരാചരണ കമ്മിറ്റി പ്രസിഡന്റ് എം സി സിദ്ധാർത്ഥൻ ദീപശിഖകൾ ഏറ്റുവാങ്ങി വയലാർ രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാപിച്ചു.

വൈകിട്ട് പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മന്ത്രിമാരായ പി പ്രസാദ്, സജി ചെറിയാൻ, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ടി ജെ ആ‍ഞ്ചലോസ്, ടി ടി ജിസ്‌മോൻ, ജില്ലാ സെക്രട്ടറി എസ് സോളമൻ, സിപിഐ (എം) ജില്ലാ സെക്രട്ടറി ആർ നാസർ, ഇരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടേയും നേതാക്കളായ ടി എം തോമസ് ഐസക്, സി എസ് സുജാത, സി കെ ആശ എംഎൽഎ, സി ബി ചന്ദ്രബാബു, എം കെ ഉത്തമൻ, എൻ എസ് ശിവപ്രസാദ്, കെ പ്രസാദ്, എ എം ആരിഫ്, മനു സി പുളിക്കൽ തുടങ്ങിയവർ പങ്കെടുത്തു. വാരാചരണ കമ്മിറ്റി പ്രസിഡന്റ് എം സി സിദ്ധാർത്ഥൻ അധ്യക്ഷനായി. സെക്രട്ടറി എൻ പി ഷിബു സ്വാഗതം പറഞ്ഞു.
രക്തസാക്ഷി മണ്ഡപത്തിൽ നടന്ന വയലാർ രാമവർമ്മ അനുസ്മരണ സമ്മേളനത്തിൽ ആലങ്കോട് ലീലാകൃഷ്ണൻ, ജി എസ് പ്രദീപ്, എ ജി ഒലീന, വിദ്വാൻ കെ രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. എം കെ ഉത്തമൻ, ഒ കെ മുരളീകൃഷ്ണൻ, ആസിഫ് റഹിം തുടങ്ങിയർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.