
സംസ്ഥാനത്ത് ജല വൈദ്യുത പദ്ധതികളുള്ള ഡാമുകളിലെ ആകെ ജലശേഖരം 40 ശതമാനത്തിലേക്ക് താഴ്ന്നു.
ആഭ്യന്തര വൈദ്യുതോല്പാദനത്തിൽ നേരിയ പ്രതിസന്ധി നേരിടുന്നതിനിടെയാണ് പ്രധാന അണക്കെട്ടുകളിലെ ജലശേഖരം 40 ശതമാനത്തിലേക്ക് എത്തിയത്. 1664.332 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനാവശ്യമായ ജലമാണ് ഡാമുകളിൽ നിലവിൽ അവശേഷിക്കുന്നത്. അതേസമയം മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 150.38 ദശലക്ഷം യൂണിറ്റ് ഉല്പാദിപ്പിക്കാനാവശ്യമായ ജലം അധികമായുണ്ട്.
വൈദ്യുതോല്പാദന കേന്ദ്രമായ ഇടുക്കി അണക്കെട്ടിൽ ജലശേഖരം ആകെ സംഭരണ ശേഷിയുടെ 41 ശതമാനമാണ്. ഷോലയാറിൽ 38 ശതമാനം, പമ്പയിൽ 41, ഇടമലയാർ 34, കുണ്ടള 91, മാട്ടുപ്പെട്ടി 46, കുറ്റ്യാടി 50, തരിയോട് 25, ആനയിറങ്കൽ 38, പൊന്മുടി 65, നേര്യമംഗലം 65, പൊരിങ്ങൽകുത്ത് 28, ലോവർ പെരിയാർ 71 ശതമാനം എന്നിങ്ങനെയാണ് കെഎസ്ഇബിയുടെ നിയന്ത്രണത്തിലുള്ള മറ്റ് ഡാമുകളിലെ ജലശേഖരം.
കഴിഞ്ഞദിവസം കക്കി ഡാമിൽ പെൻസ്റ്റോക്കിലുണ്ടായ ചോർച്ചയെ തുടർന്ന് വൈദ്യുതോല്പാദനത്തിൽ 150 മെഗാവാട്ടിന്റെ കുറവ് നേരിടുന്നുണ്ട്. ഇത് പൂർണ നിലയിൽ പുനഃസ്ഥാപിക്കാനുള്ള നടപടികൾ ദ്രുതഗതിയിൽ നടന്നു വരികയാണെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ അറിയിച്ചു. സംസ്ഥാനത്ത് വൈദ്യുതോപയോഗം ഇന്നലെയും തുടർച്ചയായി 100 ദശലക്ഷം യൂണിറ്റ് മറികടന്നിരുന്നു. ഇന്നലെ ഉപയോഗം 100.5936 ദശലക്ഷം യൂണിറ്റായിരുന്നു. പുറമെ നിന്ന് 76.2755 ദശലക്ഷം യൂണിറ്റ് വൈദ്യുതി എത്തിച്ചപ്പോൾ 24.3181 ദശലക്ഷം യൂണിറ്റായിരുന്നു ആഭ്യന്തര ഉല്പാദനം.
അതേസമയം സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിങ് ഏർപ്പെടുത്തിയെന്ന രീതിയിൽ പ്രചരിച്ച വാർത്തകൾ കെഎസ്ഇബി തള്ളിക്കളഞ്ഞു. നിലവിൽ ഉത്തര കേരളത്തിൽ മാത്രമാണ് പ്രതിസന്ധി നേരിടുന്നത്. പീക്ക് മണിക്കൂറിൽ ഉണ്ടാകുന്ന കുറവ് നേരിടുന്നതിനാണ് ഇവിടെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയതെന്നും വ്യാപകമായി ലോഡ്ഷെഡിങ് ഏർപ്പെടുത്തിയെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്നും കെഎസ്ഇബി അധികൃതർ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.