16 December 2025, Tuesday

ലോകകപ്പിന് ലോകമാകെ ഒരുങ്ങിക്കഴിഞ്ഞു

Janayugom Webdesk
പന്ന്യന്‍ രവീന്ദ്രന്‍
January 28, 2025 10:44 pm

ടുത്ത വർഷം നടക്കുന്ന ലോകകപ്പ് ഫുട്‌ബോ­ൾ മത്സരങ്ങൾക്ക് ലോകമാകെ ഒരുങ്ങിക്കഴിഞ്ഞു. ക്വാളിഫയിങ് മത്സരങ്ങൾ കടുത്ത വാശിയിലാണ്. ചിലർക്ക് കണക്ക്തീർക്കാനും പകരം ചോദിക്കാനും കിരീടം സ്വന്തമാക്കാനും അവസരമുണ്ട്. ചാമ്പ്യന്മാരായ അർജന്റീന മെസിയെ തന്നെ നായകനാക്കി കപ്പ് നിലനിർത്താൻ കളം പിടിക്കുന്നു. ചാമ്പ്യൻടീമിലെ കളിക്കാരിൽ ഭൂരിഭാഗവും ടീമിലുണ്ട്. എംബാപ്പെയുടെ കരുത്ത് കൂടിയെന്നും കഴിഞ്ഞ കാലത്തെ നിരാശ മാറ്റുമെന്നും ഫ്രാൻസ് ഉറപ്പിക്കുന്നു. കഴിഞ്ഞ വർഷങ്ങളിൽ കൊതിയോടെ മാത്രം മത്സരിച്ച് നിരാശയോടെ മടങ്ങിയ പോർച്ചുഗൽ ഓരോ കൈ നോക്കുവാൻ വീണ്ടും തയ്യാറെടുക്കുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ വലിയ വാശിയിലാണ്. എന്നാൽ എല്ലാവരും ഉറ്റു നോക്കുന്നത് സ്പെയിനിനെയാണ്. ലാമിനെ യാമാല്‍ എന്ന കരുത്തനായ സ്ട്രൈക്കറും ചേരുമ്പോൾ സ്പെയിൻ അത്ഭുതം കാണിക്കും.

ഇത്തവണ അട്ടിമറിയുടെ യോദ്ധാക്കൾ വരുന്നത് ലാറ്റിനമേരിക്കയിൽ നിന്ന് തന്നെയാകും. ഉറുഗ്വേ, കൊളംബിയ, ചിലി തുടങ്ങിയ വമ്പന്മാർ കാത്തിരിക്കുന്നു. യൂറോപ്പിൽ കളികളുടെ പൂരമാണ്. ചാമ്പ്യൻസ് ലീഗ്, ലാലിഗ, യുവേഫ തുടങ്ങി എല്ലാം അട്ടിമറികളിലൂടെ ഫുട്‌ബോളിന്റെ ആവേശം ലോകം ആസ്വദിക്കുകയാണ്. റയൽ മാഡ്രിഡും ബാഴ്സലോണയും മാഞ്ചസ്റ്റർ സിറ്റിയും ബയേൺ മ്യൂണിക്കും ആഴ്സണലും ലിവർപൂളും ചെൽസിയും പിഎസ്ജിയുമെല്ലാം തകർത്താടുകയാണ്. ഇവർക്കെല്ലാം വേണ്ടി പോരാടുന്നവൻ പിറന്നമണ്ണിന് വേണ്ടി പോരാടുന്ന കാഴ്ചകൾ ലോകം വിസ്മയത്തോടെ കാണും. സ്വന്തം നാട്ടിൽ നിന്നും പരാജയത്തിന്റെ കയ്പ്പുനീർ കുടിച്ചതുമുതൽ ലോകചാമ്പ്യൻ പട്ടം കിട്ടാക്കനിയായ ബ്രസീൽ ഇത്തവണ വലിയ പ്രതീക്ഷയിലായിരുന്നു.
പരിക്കിന്റെ മാറാവ്യഥയുമായി കഴിഞ്ഞ നെയ്മറും മോഹിച്ചതാണ് അടുത്ത ലോകകപ്പ്. പക്ഷെ അർജന്റീനയെന്ന യാഗാശ്വത്തിന് മുമ്പിൽ തകർന്നു വീണത് അരഡസൻ ഗോളിനാണ്. പുതിയ തലമുറയുടെ കളിയാവേശം ബ്രസീലിയൻ ടീമിന് ഗുണം ചെയ്യുന്നില്ലെന്നാണോ കരുതേണ്ടത്. വിനീഷ്യസിനെപ്പോലെ ആരെയും വിറപ്പിക്കാൻപോന്ന പുത്തൻ താരങ്ങൾ സ്വന്തം രാജ്യത്തിന് നൽകുന്ന സംഭാവന നിരാശാജനകമാണോ. ആറാടിത്തിമിർത്ത അർജന്റീന എന്നും ഫുട്‌ബോളിൽ ബ്രസീലിന്റെ വൈരികളാണ് എന്ന കാര്യം മറക്കാൻ പറ്റില്ലല്ലോ. കാൽപ്പന്ത് കളിയുടെ കാവ്യനീതി പ്രവചനാതീതമാണന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഉത്തരേന്ത്യന്‍ ലോബി സഞ്ജുവിനെയും ഒതുക്കുന്നു

പ്പോൾ നാടാകെ നടക്കുന്ന ചർച്ചകൾ കളിയിലെ സ്ഥിരതയെക്കുറിച്ചാണ്. ക്രിക്കറ്റിലും ഫുട്‌ബോളിലും ഈ വിഷയം ഇന്ന് പലരും ഏറ്റുപിടിക്കുന്നു. സഞ്ജു സാംസണാണ് ഇതിൽ പ്രധാനമായി ചർച്ചകളിൽ നിറഞ്ഞു നിൽക്കുന്നത്. സഞ്ജു ശക്തനായ ബാറ്ററും വിക്കറ്റ് കീപ്പറുമാണ്. മൊത്തത്തിൽ ഓൾറൗണ്ടർ തന്നെയാണ്. ക്രിക്കറ്റ് ഭാഗ്യ കടാക്ഷം കൂടി ചേർന്ന കളിയാണ്. എത്രവലിയ കളിക്കാരനും ചില സമയത്ത് വട്ടപൂജ്യമാകും. ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസതാരമായ സച്ചിൻ തന്നെ പലപ്പോഴും തികഞ്ഞ പരാജയമായിരുന്നു. 

ഗ്രൗണ്ടും കാലാവസ്ഥയും പിച്ചിന്റെ പ്രത്യേകതകളും കളിയെബാധിക്കാം. അഞ്ചു കളികളിൽ ആദ്യ രണ്ടു കളികൾ പരാജയമായിട്ടും തുടർന്ന് സെഞ്ചുറിയും മാൻ ഓഫ് ദി മാച്ചും ആയ സംഭവങ്ങൾ നിരവധിയാണ്. ബിസിസിഐ സെലക്ഷൻ കമ്മിറ്റി ടീം സെലക്ഷൻ നടത്തുന്നത് കളിക്കാരന്റെ കഴിവിന്റെ അടിസ്ഥാനത്തിലാണെന്ന് പറയാൻ പറ്റുമോ ?, പ്രാദേശിക താല്പര്യം, വ്യക്തി താല്പര്യം, മറ്റു താല്പര്യങ്ങൾ, തുടങ്ങി പല തലത്തിലുള്ള ചരട് വലികളും ഇതിന്റെ പിന്നിൽ കാണാം. മാത്രമല്ല, ഇന്ത്യൻ കളിക്കാർ മധ്യഇന്ത്യക്കാർ മാത്രമാണെന്നത് ഒരലിഖിത നിയമം പോലെയാണ്. തികഞ്ഞ പ്രാദേശികതയും മറ്റു പല സ്വാധീനങ്ങളും മാത്രമാണ് നടക്കുന്നത്. ദക്ഷിണ ഇന്ത്യയിൽ നിന്നുള്ള കളിക്കാർ പേരിന് വേണ്ടിയുള്ളവർ മാത്രമാണ്. 

കേരളത്തിലുള്ളവരെ ഒഴിവാക്കാൻ ഒരുപാട് തൊടുന്യായങ്ങൾ പറയാറുണ്ട്. നമ്മുടെ രാജ്യത്തെ ലോകകപ്പിൽ ജയിപ്പിച്ച ശ്രീശാന്തിന്റെ യാത്ര തടഞ്ഞത് ഇത്തരം ലോബിയായിരുന്നു. ശ്രീശാന്ത് ചതിക്കുഴിയിൽ വീണതാണ്. അയാളുടെ ഭാവി തകർത്തത് ഉത്തരേന്ത്യൻ ലോബിയായിരുന്നു. ഇപ്പോൾ സഞ്ജു സാംസണിന്റെയും ഭാവിക്ക് മുമ്പിൽ കരിനിഴൽ വീഴ്ത്തുന്നതും ഇതേ ലോബിയാണ്. ഇപ്പോൾ കേരളത്തിലെ ചർച്ചയിൽ കെസിഎ ആണ് വിമർശിക്കപ്പെടുന്നത്. എന്നാൽ ഈ ചർച്ചയുടെ ശരി തെറ്റുകൾ നമുക്ക് ചർച്ചചെയ്യാം. അതിനു മുമ്പ് ഒരു കാര്യം ഉറപ്പ്, ബിസിസിഐയാണ് ഇതിലെ ആദ്യ പ്രതികൾ. കാരണം വിക്കറ്റ് കീപ്പർമാരിൽ സഞ്ജുവിനോളം കഴിവുള്ള കളിക്കാർ ഇന്ന് നിലവിലില്ലെന്ന് ക്രിക്കറ്റിനെ ആധികാരികമായി നിരീക്ഷിക്കുന്ന വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ ക്രിക്കറ്റ് രംഗം കയ്യടക്കിവച്ചിരിക്കുന്നവർക്ക് അവരുടെ സ്വന്തം താല്പര്യമാണ് നടത്തേണ്ടത്. കഴിഞ്ഞ ഞായറാഴ്ച ഈ പംക്തിയിൽ ചൂണ്ടിക്കാട്ടിയതുപോലെ സഞ്ജു പതറരുത് എന്നാണ് വീണ്ടും ഓർമ്മിപ്പിക്കുവാനുള്ളത്. കഴിവും ബാറ്റിങ്ങിന്റെ അസാധാരണ ശക്തിയും നിലനിർത്തി കളിക്കളത്തിൽ തിളങ്ങാൻ സഞ്ജുവിന് കഴിയും. ക്രിക്കറ്റിനെ ആരാധിക്കുന്നവരും സ്നേഹിക്കുന്നവരും വളരെ വേദനയോടെയാണ് ഈ സംഭവങ്ങൾ കാണുന്നത്. നമ്മുടെ നാട്ടിൽ കഴിവുള്ള കളിക്കാരുണ്ടായിട്ടും അവരെ കണ്ടില്ലെന്ന് നടിക്കുന്നത് കടുത്ത അനീതിയാണ്. ഒരു കളിക്കാരന്റെ കരിയറും പ്രായവുംകൂടി ചേർത്ത് പരിശോധിക്കണം. സഞ്ജുവിന് പ്രായം 30 കഴിഞ്ഞു. അർഹതപ്പെട്ട സമയത്ത് തന്നെ അതിനുള്ള അവസരം നൽകുന്നതാണ് ശരി. ‘കഴിഞ്ഞ ദിവസം സൂര്യകുമാർ യാദവ് ശക്തമായി പ്രതികരിച്ചു. ലോകക്രിക്കറ്റിൽ ചാമ്പ്യൻ പദവി മാറി മാറി എടുത്തവരാണ് ഇന്ത്യ. പണത്തിന്റെ ആസക്തിയിൽ മതിമയങ്ങി ലോകചാമ്പ്യൻ പദവിയിൽ എത്താവുന്ന രാജ്യത്തെ ബിസിസിഐ പിന്നോട്ടടിപ്പിക്കരുത് എന്നാണ് കളിയെ സ്നേഹിക്കുന്നവർക്ക് പറയാനുള്ളത്. താല്പര്യത്തിന്റെ സൂക്ഷിപ്പുകാർ എന്തിനും തൊടുന്യായം നിരത്തി അവരുടെ ഭാഗമാണ് ശരിയെന്ന് വാദിക്കാറുണ്ട്. 

ബ്ലാസ്റ്റേഴ്സ് കേരളത്തിന്റെ ഫുട്ബോള്‍ ആവേശം

ക്രിക്കറ്റിൽ താല്പര്യ സംരക്ഷകരുടെ നിലനിൽപ്പിന് വേണ്ടിയാണ് കളിസ്ഥിരതയുടെ വാദമെങ്കിൽ ഫുട്‌ബോളിൽ വ്യത്യസ്തമാണ്. കാരണം, കേരള ഫുട്‌ബോൾ നിശ്ചലതയുടെ പെരുവഴിയിൽ നിൽക്കുമ്പോഴാണ് ഐഎസ്എല്ലിന്റെ ഉദയം നടന്നത്. കേരളത്തിന്റെ ഫുട്‌ബോൾ ആവേശം ഏകോപിപ്പിക്കുവാൻ ബ്ലാസ്റ്റേഴ്സിന്റെ വരവിന് കഴിഞ്ഞു. വിദേശകളിക്കാരും ദേശീയ, നാടൻ താരങ്ങളും ചേർന്ന മിശ്രണം ഇന്ത്യൻ ഫുട്‌ബോളിന്റെ വളർച്ചയ്ക്ക് ഊർജം തന്നെയായിരുന്നു. കേരളത്തിൽ ജനഹൃദയങ്ങളെ കീഴടക്കിയാണ് മഞ്ഞപ്പട മുന്നേറിയത്. ഇന്ത്യയിലെ എല്ലാടീമുകൾക്കും കടുത്ത വെല്ലുവിളി ഉയർത്തിയാണ് തേരോട്ടം നടത്തിയത്. ഓരോവർഷവും ടീമിന്റെ പ്രവർത്തനം നിയന്ത്രിക്കാനുള്ള ശാസ്ത്രീയമായ ഇടപെടൽ പേരിന് മാത്രമായി. ലോകമറിയുന്ന മഞ്ഞപ്പടയ്ക്ക് പോറലേൽക്കുന്നത് പോലും ആരാധകർ സഹിക്കില്ല. ഇത്തവണ കളിക്കാരുടെ സൈനിങ്ങിലും കോച്ചിന്റെ പിൻമാറ്റത്തിലും അണിയറയിലുള്ള സ്വരച്ചേർച്ചയില്ലായ്മ കാരണമായി. കളിയിൽ ജയവും തോൽവിയും സാധാരണമാണ്. എന്നാൽ ഉള്ള കളിക്കാരെ വച്ചു കളിയിൽ ഇടപെടൽ നടക്കാത്ത പ്രശ്നം വന്നു. ഏറ്റവും ഒടുവിൽ ഈസ്റ്റ് ബംഗാളിനോട് തോറ്റു. പോയിന്റ് നിലയിൽ എട്ടാം സ്ഥാനത്താണ്. പ്രായോഗിക വീക്ഷണമുള്ള നാട്ടുകാരൻ കോച്ചിന്റെ സേവനം ടീമിനെ കുറെക്കൂടി ജാഗ്രതപ്പെടുത്തിയിട്ടുണ്ട്. ഒരു സീസണിലെ കളിയിൽ പിറകിൽ പോയാൽ ഗൃഹപാഠം ചെയ്തു മാനേജ്മെന്റും കോച്ചും കളിക്കാരും ചേർന്ന് പരിശ്രമിച്ചാൽ ഊർജസ്വലമായി തിരിച്ചുവരാമെന്ന് ബാഴ്സലോണ കളിച്ചു കാണിക്കുന്നത് നാമെല്ലാം അകലെ നിന്നും കാണുന്നതാണ്.

അഭിമാനവും അഹങ്കാരവുമാണ്…

കേരളത്തിലെ കായിക രംഗത്തിന് അഭിമാനിക്കാൻ കഴിയുന്ന വലിയ പ്രഖ്യാപനമാണ് റിപ്പബ്ലിക് ദിനത്തിൽ നമ്മെയെല്ലാം തേടിയെത്തിയത്. ഇന്ത്യൻ ഫുട്‌ബോളിൽ മലയാളികളുടെ അന്തസ് ഏഷ്യയോളം ഉയർത്തിക്കാട്ടിയ മലയാളികളുടെ കറുത്തമുത്ത് ഐ എം വിജയനും, ഹോക്കിയിൽ ഇന്ത്യൻ കരുത്ത് ലോകത്തോളം ഉയർത്തിക്കാട്ടിയ പി ആർ ശ്രീജേഷിനും ലഭിച്ച പത്മശ്രീ ബഹുമതി എല്ലാവരെയും സന്തോഷത്തിലാക്കുന്നതാണ്. പലവട്ടം ഇന്ത്യൻ കുപ്പായത്തിൽ കളിച്ച ഐ എം വിജയൻ ഇതുവരെ ആർക്കും തകർക്കാൻ കഴിയാത്ത ഏഷ്യൻ റെക്കോഡിനുടമയാണ്. ഏറ്റവും വേഗതയേറിയ ഗോൾ നേടിയ ഏഷ്യൻ കളിക്കാരൻ വിജയൻ മാത്രമാണ്. അതുപോലെ തന്നെയാണ് പി ആർ ശ്രീജേഷ്. ഹോക്കിയിൽ ഇ­ന്ത്യൻ വിജയകൂതിപ്പ് നിശ്ചലമായെന്ന് തോന്നിയ ഘട്ടത്തിൽ ഗോൾ പോസ്റ്റ് കാവൽ ഭടനും ടീമിന്റെ നായകനുമായി ഇന്ത്യൻ അഭിമാനം ഉയർത്തിപ്പിടിച്ച വൻ വിജയം നേടിയ അപൂർവ സിദ്ധിയുടെ ഉടമയുമാണ്. രണ്ടു മഹാപ്രതിഭകളും നമുക്ക് എന്നും അഹങ്കാരവും അഭിമാനവുമാണ്.

Kerala State - Students Savings Scheme

TOP NEWS

December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.