പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളന കാലയളവില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ പ്രതിപക്ഷ തൊഴിലാളി സംഘടനകളും കര്‍ഷക സംഘടനകളും രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തും. ഇന്നലെ ജന്തര്‍മന്ദറില്‍ ചേര്‍ന്ന കേന്ദ്ര തൊഴിൽ സംഘടനകളുടെയും സ്വതന്ത്ര ഫെഡറേഷനുകളുടെയും അസോസിയേഷനുകളുടെയും സംയുക്ത കണ്‍വെന്‍ഷനിലാണ് തീരുമാനം. ശൈത്യകാല സമ്മേളനം ആരംഭിക്കുന്ന നവംബര്‍ 29 മുതല്‍ സമ്മേളനം അവസാനിക്കുന്ന ഡിസംബര്‍ 23 വരെ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് തീരുമാനമായത്. യോഗത്തില്‍ പങ്കെടുത്ത കര്‍ഷക സംഘടനകളും പിന്തുണ ഉറപ്പുനല്കിയതോടെ ഒരു മാസം കേന്ദ്രസര്‍ക്കാര്‍ നേരിടേണ്ടി വരുന്നത് വന്‍ പ്രതിസന്ധിയാകുമെന്നുറപ്പായി.
പാര്‍ലമെന്റിന് അകത്തും പുറത്തും സര്‍ക്കാരിനെതിരെയുള്ള പോരാട്ടം ശക്തമാകുന്നത് സര്‍ക്കാരിന് വന്‍ വെല്ലുവിളിയുയര്‍ത്തും. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ, തൊഴിലാളി വിരുദ്ധ, കര്‍ഷക വിരുദ്ധ നിലപാടുകള്‍ക്ക് ഒപ്പം കോര്‍പറേറ്റുകളെ പിന്തുണയ്ക്കാന്‍ സ്വീകരിക്കുന്ന ദേശദ്രോഹ നടപടികളും യോഗം വിലയിരുത്തി. ‘ജനങ്ങളെ രക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യം ഉയർത്തി, 2022 ലെ ലോക്സഭാ ബജറ്റ് സമ്മേളനത്തില്‍ രണ്ട് ദിവസത്തെ സമ്പൂർണ സമരത്തിന് തയാറെടുക്കണമെന്നും സംയുക്ത കൺവെൻഷൻ ആഹ്വാനം ചെയ്തു.
അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വീര്പ്പിച്ചുകാട്ടാനാണ് മോഡി സര്‍ക്കാര്‍ വ്യഗ്രത കാട്ടുന്നത്. അതേസമയം അന്താരാഷ്ട്ര തലത്തില്‍ പട്ടിണി മാപിനിയില്‍ ഇന്ത്യ 101-ാം സ്ഥാനത്താണെന്ന വാസ്തവം സര്‍ക്കാര്‍ മറച്ചുവയ്ക്കുകയാണെന്നും യോഗം വിലയിരുത്തി. കാര്‍ഷിക നിയമങ്ങളും ലേബര്‍ കോഡുകളും പിന്‍വലിക്കുക, സ്വകാര്യവല്‍ക്കരണത്തില്‍ നിന്നും പിന്തിരിയുക, ആദായ നികുതി നല്‍കാത്ത കുടുംബങ്ങള്‍ക്ക് 7,500 രൂപയുടെ പ്രതിമാസ ധനസഹായത്തിനൊപ്പം ഭക്ഷ്യധാന്യങ്ങളും നല്‍കുക, പെട്രോളിയം ഉല്പന്നങ്ങളുടെ കേന്ദ്ര നികുതികള്‍ കുറയ്ക്കുക, കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തുകയും സ്ഥിരം ജോലിക്കാരുടെ വേതനം ഉറപ്പാക്കുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും യോഗം മുന്നോട്ടു വച്ചു.
എഐടിയുസി, ഐഎൻടിയുസി, എച്ച്എംഎസ്, സിഐടിയു, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, എപിഎഫ്, യുടിയുസി എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് കണ്വെന്ഷന് സംഘടിപ്പിച്ചത്. എഐടിയുസി ദേശീയ ജനറല്‍ സെക്രട്ടറി അമര്‍ജിത് കൗര്‍, അശോക് സിങ് (ഐഎൻടിയുസി), സുകുമാർ ദാംലെ (എഐടിയുസി), ഹർഭജൻ സിങ് സിദ്ധു (ഹിന്ദ് മസ്ദൂർ സഭ), തപൻ സെൻ (സിഐടിയു), സോണിയ ജോർജ്ജ് (സേവ) തുടങ്ങിയവര്‍ സംസാരിച്ചു.
English Summary: The winter session of Parliament was a time of agitation
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.