10 December 2025, Wednesday

Related news

December 1, 2025
December 1, 2025
November 27, 2025
November 14, 2025
October 27, 2025
October 20, 2025
October 18, 2025
October 18, 2025
October 16, 2025
October 9, 2025

മഴക്കാലത്ത് നമ്മൾ ഏറ്റവും കൂടുതൽ കേൾക്കുന്ന വാക്കുകൾ; എന്താണ് റെഡ്, ഓറഞ്ച്, യെല്ലോ, ഗ്രീൻ അലർട്ടുകൾ

Janayugom Webdesk
തിരുവനന്തപുരം
May 31, 2025 10:55 am

ഴക്കാലത്ത് നമ്മൾ ഏറ്റവും കൂടുതൽ കേൾക്കുന്ന വാക്കുകളാണ് റെഡ്, ഓറഞ്ച്, യെല്ലോ, ഗ്രീൻ അലർട്ടുകൾ എന്നിവ. മഴ വരുമ്പോൾ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അലർട്ടുകൾ പ്രഖ്യാപിക്കാറുണ്ട്. റെഡ് അലർട്ട് പ്രഖ്യാപിച്ചു, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു എന്നെല്ലാം വാർത്തകളിൽ നിറയും. ഏതൊക്കെ ജില്ലകളിൽ എന്തൊക്കെ അലർട്ടുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത് എന്ന് ആകാംക്ഷയോടെ നോക്കിയിരിക്കുന്നവരാണ് നമ്മൾ. അതനുസരിച്ചാണ് യാത്രകൾ പോലും ഇന്ന് പ്ലാൻ ചെയ്യുന്നത്. എന്നാൽ, എന്താണ് ഈ കളർകോഡുകൾ സൂചിപ്പിക്കുന്നത്? ഇവ എങ്ങനെയാണ് കണക്കാക്കുന്നത്?. എന്താണ് റെഡ് അലർട്ട്? എന്തു സാഹചര്യത്തിലാണ് വിവിധ അലർട്ടുകൾ പ്രഖ്യാപിക്കുന്നത്?. അപകടസൂചന നല്‍കുന്നതാണ് എന്നതിലുപരി എന്താണ് ഇവയുടെ ശാസ്ത്രീയ വശം എന്ന് ഭൂരിപക്ഷം പേര്‍ക്കും അറിയണമെന്നില്ല. കാലാവസ്ഥയില്‍, പ്രത്യേകിച്ച് മഴയുടെ ലഭ്യതയില്‍ വരുന്ന വ്യതിയാനങ്ങള്‍ക്കനുസരിച്ചും, കരുതിയിരിക്കേണ്ട പ്രശ്നങ്ങള്‍ക്കും മുന്നോടിയായി അത് ബാധിക്കാന്‍ സാധ്യതയുള്ള പ്രദേശത്തെ ജനങ്ങള്‍ക്ക് നൽകുന്ന മുന്നറിയിപ്പുകളാണ് ഇവ. പ്രവചനത്തിലെ മഴ സാധ്യതാ സ്ഥലങ്ങളെ സംബന്ധിച്ച വിവരം പരിശോധിക്കും. അതിനുശേഷമാണ് അലർട്ടുകൾ നൽകുന്നത്. പ്രവചിക്കുന്ന മഴയ്ക്ക് അനുസരിച്ച് ദുരന്ത തയാറെടുപ്പ് നടപടികൾ തീരുമാനിക്കാനാണ് വിവിധ അലർട്ടുകൾ. ദുരന്ത നിവാരണ അതോറിട്ടി ഈ അറിയിപ്പുകൾ ചുരുക്കി ചിത്രവും പട്ടികയുമായി പൊതുജനങ്ങൾക്ക് നൽകാറുണ്ട്. ദുരന്ത നിവാരണ അതോറിട്ടിയുടെ മാർ‌ഗരേഖയിൽ (ഓറഞ്ച് പുസ്തകം) അലർട്ടുകളുടെ സ്വഭാവത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. ചുവപ്പ് ഒഴികെയുള്ള അലർട്ടുകളെ പൊതുവിൽ ഭീതിയോടെ കാണേണ്ടതില്ല. എങ്കിലും ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചാൽ കരുതലും ജാഗ്രതയും വേണം.

റെഡ് അലർട്ട്

ഏറ്റവും അപകടകരമായ അവസ്ഥയില്‍ ഒടുവിലായാണു റെഡ് അലര്‍ട്ട് നല്‍കുക. 24 മണിക്കൂർ തുറന്ന് പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ ഈ മേഖലകളിൽ ഉണ്ടാകും. 244.4 മില്ലിമീറ്ററിന് മുകളിൽ മഴ ലഭിക്കുന്ന മേഖലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിക്കുന്നത്. മണ്ണിടിച്ചലും ഉരുൾപൊട്ടലും ഉണ്ടാകാൻ ഇടയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ഏതൊരു സമയവും അധികൃതർ നൽകുന്ന നിർദേശങ്ങൾക്കനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണം.

റെഡ് അലർട്ട് പ്രഖ്യാപിച്ചാൽ കർശന സുരക്ഷാ നടപടികൾ സ്വീകരിക്കണം. മാറി താമസിക്കാൻ തയാറാകാത്തവരെ ആവശ്യമെങ്കിൽ നിർബന്ധമായി മാറ്റി താമസിപ്പിക്കണം. രക്ഷാസേനയെ വിന്യസിക്കുക, ക്യാംപുകൾ ആരംഭിക്കുക തുടങ്ങിയ എല്ലാവിധ നടപടിക്രമങ്ങളും റെഡ് അലർട്ട് നൽകിയാൽ പൂർത്തീകരിക്കണം. മലയോര മേഖലകളിലേക്കുള്ള യാത്രകള്‍ക്ക് പൂർണമായും നിരോധനമേര്‍പ്പെടുത്തും. റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന മേഖലകളിൽ ടൂറിസ്റ്റുകളെ പ്രവേശിപ്പിക്കില്ല. വഴിയരികിലുള്ള അരുവികളിലോ പുഴകളിലോ ഇറങ്ങരുത്. സഞ്ചാരികളെ ഒഴിവാക്കി ഹിൽ സ്റ്റേഷനുകളും റിസോർട്ടുകളും അടക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന നിർദേശത്തിൽ വ്യക്തമാക്കുന്നു.

 

ഓറഞ്ച് അലർട്ട്

പ്രതികൂല കാലാവസ്ഥയില്‍ പ്രഖ്യാപിക്കുന്ന രണ്ടാം ഘട്ട മുന്നറിയിപ്പാണ് ഓറഞ്ച് അലർട്ട്. ഈ മേഖലകളിൽ ജനങ്ങൾ പൂർണ ജാഗ്രത പാലിക്കണമെന്ന കർശന നിര്‍ദേശം നല്‍കാറുണ്ട്. 124.5 മുതൽ 244.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുമ്പോഴാണ് ഓറഞ്ച് അലർട്ട് നല്‍കുന്നത്. ഓറഞ്ച് അലർട്ടിലൂടെ അതിജാഗ്രതാ മുന്നറിയിപ്പാണ് നൽകുന്നത്. സുരക്ഷാ തയാറെടുപ്പുകൾ തുടങ്ങണം. മാറ്റി താമസിപ്പിക്കൽ ഉൾപ്പെടെ അധികൃതർ ആരംഭിക്കേണ്ടതോ അതിനുവേണ്ട മുന്നൊരുക്കങ്ങൾ പൂർത്തിയാക്കേണ്ടതോ ആയ ഘട്ടം. ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ കഴിവതും മലയോരമേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.

 

യെല്ലോ അലർട്ട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളപ്പോഴാണ് ‌യെലോ അലർട്ട് പ്രഖ്യാപിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്. യെല്ലോ അലർട്ട് നല്‍കി കഴിഞ്ഞാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല. എന്നാല്‍ എപ്പോഴും ഇത് സംബന്ധിച്ച് അവര്‍ ജാഗരൂകരായിരിക്കണം. അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ചാകണം ഓരോനീക്കവും. യെലോ അലർട്ടുള്ളപ്പോൾ കാലാവസ്ഥയെ കരുതലോടെ നിരീക്ഷിക്കണം. സാഹചര്യങ്ങൾക്ക് അനുസരിച്ച് അപ്ഡേറ്റ് ചെയ്യണം. ഭയപ്പെടേണ്ട സാഹചര്യമില്ല. അപകട സാധ്യത അപ്ഡേറ്റ് ചെയ്യുന്നതിന് അനുസരിച്ച് മുന്നൊരുക്കം നടത്താം.

ഗ്രീൻ അലർട്ട്

ജാഗ്രത പാലിക്കേണ്ട സാഹചര്യമില്ലെന്നാണ് ഗ്രീൻ അലർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.