
രാജ്യത്തെ മിക്ക തൊഴിലാളികള്‍ക്കും തൊഴില്‍ സ്ഥിരതയും സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങളുമില്ലെന്ന് കേന്ദ്രസര്‍ക്കാരിന്റെ നയരൂപീകരണ ഗവേഷണ ഏജന്‍സിയായ നിതി ആയോഗിന്റെ റിപ്പോര്‍ട്ട്. തൊഴില്‍ മേഖല ഏറ്റവും വളരുന്ന വിഭാഗമായി തുടരുമ്പോഴും കുറഞ്ഞ വേതനം മാത്രമാണ് തൊഴിലാളികള്‍ക്ക് ലഭിക്കുന്നതെന്നും ഇത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും നിതി ആയോഗ് മുന്നറിയിപ്പ് നല്‍കുന്നു. സേവന മേഖലയില്‍ അസംഘടിത തൊഴിലുകളാണ് ആധിപത്യം പുലര്‍ത്തുന്നതെന്നും ‘ഇന്ത്യയുടെ സേവന മേഖല: തൊഴില്‍ പ്രവണതകളില്‍ നിന്നുള്ള ഉള്‍ക്കാഴ്ചകള്‍’ എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ട് പറയുന്നു. 2023–24ല്‍ സേവന മേഖലയില്‍ 18.80 കോടി ആളുകള്‍ ജോലിയെടുത്തിട്ടുണ്ടെന്നും ആറ് വര്‍ഷത്തിനിടെ ഏകദേശം നാലുകോടി തൊഴിലവസരങ്ങള്‍ വര്‍ധിച്ചെന്നും നിതി ആയോഗ് അവകാശപ്പെടുന്നു. ആകെ തൊഴിലുകളില്‍ ഈ മേഖലയുടെ പങ്ക് 2011–12ല്‍ 26.9% ആയിരുന്നത് 2023–24ല്‍ 29.7% ആയി ഉയര്‍ന്നു.
ദേശീയ ഉല്പാദനത്തിന്റെ പകുതിയിലധികവും സേവനമേഖല സൃഷ്ടിക്കുന്നുണ്ടെങ്കിലും അവ മൊത്തം തൊഴിലുകളുടെ മൂന്നിലൊന്നില്‍ താഴെ മാത്രമേ നല്‍കുന്നുള്ളൂ. അതില്‍ ഭൂരിഭാഗവും അസംഘടിതവും കുറഞ്ഞ വേതനം ലഭിക്കുന്നതുമാണ്. സാമ്പത്തിക ഘടനയില്‍ സേവനങ്ങള്‍ പ്രധാനമായിട്ടും ഭൂരിഭാഗം തൊഴിലാളികള്‍ക്കും തൊഴില്‍ സുരക്ഷയോ സാമൂഹ്യ സംരക്ഷണമോ ലഭ്യമാകുന്നില്ല.
വിവരസാങ്കേതികവിദ്യ, ധനകാര്യം, ആരോഗ്യസംരക്ഷണം, പ്രൊഫഷണല്‍ സേവനങ്ങള്‍ തുടങ്ങിയ ആധുനികവും ആഗോളതലത്തില്‍ മത്സരാധിഷ്ഠിതവുമായ വിഭാഗങ്ങള്‍ ഉല്പാദനക്ഷമതയ്ക്ക് ഗണ്യമായ സംഭാവന നല്‍കുന്നുണ്ട്, എന്നാല്‍ ഈ മേഖലകളില്‍ താരതമ്യേന കുറച്ച് തൊഴിലാളികള്‍ക്ക് മാത്രമാണ് അവസരം ലഭിക്കുന്നത്. വ്യാപാരം, ഗതാഗതം എന്നീ പരമ്പരാഗത മേഖലകള്‍ കൂടുതല്‍ തൊഴിലാളികളെ ഉള്‍ക്കൊള്ളുന്നു. എന്നാല്‍ കുറഞ്ഞ വേതനവും പരിമിതമായ വളര്‍ച്ചയും അസംഘടിത തൊഴില്‍ രീതിയുമാണ് ഈ മേഖലകളില്‍ നിലനില്‍ക്കുന്നതെന്നും നിതി ആയോഗ് വിലയിരുത്തുന്നു.
അസംഘടിത മേഖലയില്‍ ഏറ്റവും കൂടുതലുള്ളത് സേവന മേഖലയില്‍ സ്വയംതൊഴില്‍ എടുക്കുന്ന തൊഴിലാളികളാണ്. 55.7% വരും ഇത്. സാമൂഹ്യ സംരക്ഷണമില്ലാത്ത സ്ഥിരം വേതനക്കാരോ, ശമ്പളക്കാരോ ആയ 29% ജീവനക്കാരും ഗാര്‍ഹിക സംരംഭങ്ങളിലെ 9.2% പേരും കാഷ്വല്‍ തൊഴിലാളികളില്‍ 6.1% പേരും അസംഘടിത മേഖലയിലുള്ളവരാണ്. ജോലി സ്ഥിരതയുള്ള സേവന മേഖലയിലെ അഞ്ച് ജീവനക്കാരില്‍ രണ്ട് പേര്‍ക്ക് അടിസ്ഥാന സാമൂഹ്യ സുരക്ഷാ പരിരക്ഷകള്‍ ലഭിക്കാത്ത സാഹചര്യവും നിലനില്‍ക്കുന്നു. രാജ്യത്തെ വ്യവസായിക മേഖലയെ സംബന്ധിച്ച ആശങ്കാജനകമായ വസ്തുതകളും നിതി ആയോഗിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഉല്പാദനവും അനുബന്ധ വ്യവസായങ്ങളും ഒരു ദശാബ്ദത്തിലേറെയായി സ്തംഭിച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2011-12 മുതല്‍ മൊത്ത മൂല്യവർധനവില്‍ വ്യവസായിക മേഖലയുടെ പങ്ക് 28 ശതമാനത്തിനും 29 ശതമാനത്തിനും ഇടയില്‍ ഏതാണ്ട് സ്ഥിരമായി തുടരുകയാണെന്ന് പഠനം കണ്ടെത്തി.
2023–24ല്‍ ഇത് 28.8% ആയി. ഇതിന് ശേഷം കാര്യമായ വളര്‍ച്ച രേഖപ്പെടുത്തിയിട്ടില്ലെന്നും നിതി ആയോഗ് വിലയിരുത്തുന്നു.
വ്യവസായിക മേഖലയുടെ സിംഹഭാഗവും സംഭാവന നല്‍കുന്ന ഉല്പാദനത്തിന്റെ പ്രകടനം മോശമായതാണ് സ്തംഭനാവസ്ഥയ്ക്ക് പ്രധാനകാരണമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.