25 December 2024, Wednesday
KSFE Galaxy Chits Banner 2

നീണ്ടുനില്‍ക്കുന്ന പോരാട്ടങ്ങള്‍ക്ക് തൊഴിലാളിവര്‍ഗം തയ്യാറാവണം

Janayugom Webdesk
April 29, 2024 11:50 pm

നാളെ, ലോകമെമ്പാടും തൊഴിലാളിവർഗം മേയ് ദിനം ആചരിക്കുകയാണ്. തികച്ചും പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിച്ചുകൊണ്ടാണെങ്കിലും ഇന്ത്യൻ തൊഴിലാളിവർഗവും ലോക തൊഴിലാളിവർഗ ദിനാചരണത്തിൽ അണിചേരും. ഇന്ത്യയുടെ ഭാവിയെയും നിലനില്പിനെയും സംബന്ധിച്ച നിർണായക പ്രാധാന്യമർഹിക്കുന്ന 18-ാമത് ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ മധ്യത്തിലാണ് ഇത്തവണ മേയ് ദിനാഘോഷങ്ങൾ നടക്കുന്നത്. മനുഷ്യസമുദായത്തിന്റെ കൂട്ടായ സമ്പത്തുല്പാദന യത്നത്തിലും ജനാധിപത്യ സാമൂഹ്യക്രമത്തിന്റെ സൃഷ്ടിയിലും സുപ്രധാന പങ്കുവഹിക്കുന്ന തൊഴിലാളിവർഗം അവന്റെ അവകാശങ്ങൾക്കുവേണ്ടി നടത്തിയ ധീരോദാത്ത പോരാട്ടങ്ങളുടെ അനുസ്മരണം കൂടിയാണ് ഈ ദിനാചരണത്തിലൂടെ നടക്കുന്നത്. അത് കേവലം ഒരു ദിനാചരണം എന്നതിലുപരി തങ്ങളുടെയും അധ്വാനിക്കുന്ന മറ്റെല്ലാ ജനവിഭാഗങ്ങളുടെയും അവകാശപ്പോരാട്ടങ്ങൾ തുടർന്ന് മുന്നോട്ട് കൊണ്ടുപോകാനുള്ള അവസരം കൂടിയാണ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രതിലോമകരമായ രാഷ്ട്രീയസാഹചര്യത്തിലും ദുരിതപൂർണമായ സാമ്പത്തിക വെല്ലുവിളികളുടെ മധ്യത്തിലും കൂടിയാണ് രാജ്യവും തൊഴിലാളികളടക്കം ജനങ്ങളും കടന്നുപോകുന്നത്. തൊഴിലാളികളുടെയും കർഷകരുടെയും മറ്റെല്ലാ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും സമസ്ത അവകാശങ്ങളും ചവിട്ടിമെതിക്കുന്ന കോർപറേറ്റ് ചങ്ങാത്ത മുതലാളിത്ത ഭരണസംവിധാനത്തിലാണ് രാജ്യം അമർന്നുപോയിരിക്കുന്നത്. അവർ പൊതുസമ്പത്ത് കൊള്ളയടിച്ച് മഹാഭൂരിപക്ഷത്തിന്റെ ചെലവിൽ അതിസമ്പന്നരുടെ മടിശീലകളെ പരിപോഷിപ്പിക്കുന്നു. തൊഴിൽരാഹിത്യവും തൊഴിൽനിഷേധവും നിർബാധം തുടരുന്നു. തൊഴിലില്ലായ്മയുടെയും തൽഫലമായുള്ള ദാരിദ്ര്യത്തിന്റെയും ആരോഗ്യത്തകർച്ചയുടെയും ഇരകളായി ഗണ്യമായ ഒരു ജനവിഭാഗം മാറിയിരിക്കുന്നു. ഇതിനെതിരായ രാഷ്ട്രീയ പ്രതികരണത്തിനുള്ള അവസരമായി ലോക്‌സഭാ തെരഞ്ഞെടുപ്പിനെ മാറ്റുകയെന്നതാണ് ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ അടിയന്തരകടമ. കേരളത്തിലെ തൊഴിലാളിവർഗം ആ ഉത്തരവാദിത്തം ഇതിനകം നിർവഹിച്ചുകഴിഞ്ഞു എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കേരളത്തിന് പുറത്ത് ഇന്ത്യൻ നഗരങ്ങളിലും തൊഴിൽ കേന്ദ്രങ്ങളിലുമുള്ള നമ്മുടെ ദശലക്ഷക്കണക്കിനുവരുന്ന സഖാക്കളെയും സഹോദരീ സഹോദരന്മാരെയും ആ ചരിത്രദൗത്യത്തിൽ പങ്കാളികളാക്കുക എന്നതായിരിക്കണം അടുത്ത ദൗത്യം. 

കഴിഞ്ഞ 10 വർഷത്തെ ബിജെപി ഭരണം രാജ്യത്തെയും ജനങ്ങളെയും കൊടിയ തകർച്ചയിലേക്കാണ് തള്ളിവിട്ടത്. തൊഴിലില്ലായ്മ ഇക്കൊല്ലം എക്കാലത്തെയും ഉയർന്ന 29 ശതമാനത്തിൽ എത്തിനിൽക്കുന്നു. തൊഴിൽരാഹിത്യം സർവസാധാരണമായിരിക്കുന്നു. കോവിഡ് മഹാമാരിയിലും തുടർന്നും അടച്ചുപൂട്ടപ്പെട്ട സ്റ്റാർട്ടപ്പുകളിൽ പണിയെടുത്തിരുന്ന പതിനായിരങ്ങളാണ് വഴിയാധാരമായത്. പ്രമുഖ ഐടി കമ്പനികളിലും മറ്റും തൊഴിലെടുത്തിരുന്ന 30–40 ശതമാനം എന്‍ജിനീയറിങ് ബിരുദധാരികളടക്കം സാങ്കേതിക വൈദഗ്ധ്യം കരസ്ഥമാക്കിയവർ പോലും പുറന്തള്ളപ്പെട്ടു. പൊതുമേഖലയുടെ വിനാശകരമായ സ്വകാര്യവൽക്കരണം മാന്യവും സുരക്ഷിതവുമായ തൊഴിൽ എന്ന സങ്കല്പത്തിന്റെ കടയ്ക്കലാണ് കോടാലി വച്ചത്. അടുത്ത ഒരു ദശകത്തിൽ ഇന്ത്യയിൽ ഏഴുകോടി തൊഴിലെങ്കിലും സൃഷ്ടിക്കപ്പെടേണ്ടിവരുമെന്ന കണക്കുകൂട്ടൽ ലക്ഷ്യം കാണാതെ, 2.4 കോടി തൊഴിലവസരം എന്ന നിലയിൽ കലാശിക്കുമെന്നാണ് പഠനങ്ങൾ പലതും പ്രവചിക്കുന്നത്. യുവജനങ്ങളുടെ തൊഴിലില്ലായ്മ രാജ്യത്തെ സ്ഫോടനാത്മകമായ സ്ഥിതിവിശേഷത്തിലേക്കാണ് നയിക്കുന്നത്. ജനങ്ങളുടെ നൈരാശ്യത്തെ വർഗീയവിദ്വേഷത്തിന്റെയും തീവ്രദേശീയതയുടെയും അന്തരീക്ഷം സൃഷ്ടിച്ച് മുതലെടുക്കാനാണ് ബിജെപി-സംഘ്പരിവാർ ശക്തികൾ ശ്രമിക്കുന്നത്. അതാവട്ടെ കർഷകരും തൊഴിലാളികളും ഉൾപ്പെടെയുള്ള അടിസ്ഥാനവർഗങ്ങളുടെ കൂടുതൽ അവകാശനിഷേധത്തിലേക്കും ചൂഷണത്തിലേക്കുമായിരിക്കും നയിക്കുക. അത്തരമൊരു മർദകവാഴ്ചയെ പ്രതിരോധിക്കുന്നതിലും പരാജയപ്പെടുത്തുന്നതിലും തൊഴിലാളിവർഗത്തിന് നിർണായക പങ്കാണ് നിർവഹിക്കാനുള്ളത്. 

തെരഞ്ഞെടുപ്പിന്റെ രണ്ടുഘട്ടങ്ങൾ പൂർത്തിയപ്പോൾത്തന്നെ ബിജെപി-സംഘ്പരിവാർ വൃത്തങ്ങളില്‍ അസ്വസ്ഥതയും പരിഭ്രാന്തിയും പ്രകടമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയടക്കം നേതാക്കൾ വർഗീയ വിദ്വേഷ പ്രചരണവും പ്രതിപക്ഷവേട്ടയും അനുനിമിഷം ശക്തമാക്കിയിരിക്കുന്നു. ഭരണഘടനാവിരുദ്ധ മാർഗങ്ങളിലൂടെ ആർജിച്ച പണവും 10 വർഷത്തെ ബിജെപി ഭരണത്തിന്റെ തണലിൽ തടിച്ചുകൊഴുത്ത കോർപറേറ്റ് മുതലാളിത്തത്തിന്റെ സാമ്പത്തിക കരുത്തും മോഡി ഭരണത്തിന്റെ വാലാട്ടികളായി പാകപ്പെടുത്തിയ കേന്ദ്ര ഏജൻസികളുടെയും ഉദ്യോഗസ്ഥ ദുഷ്‌പ്രഭുത്വത്തിന്റെയും ഒത്താശയും കൊണ്ട് തെരഞ്ഞെടുപ്പുഫലങ്ങളെ മാത്രമല്ല അവശേഷിക്കുന്ന ജനാധിപത്യത്തെത്തന്നെയും അട്ടിമറിക്കാൻ ഈ ഫാസിസ്റ്റ് ശക്തികൾ മടിച്ചേക്കില്ല. തെരഞ്ഞെടുപ്പുഫലം എന്തായാലും രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യത്തെയും ഭരണഘടനയെയും ജനങ്ങളുടെ സ്വാതന്ത്ര്യത്തെയും തൊഴിലാളികളടക്കം സമസ്ത ജനവിഭാഗങ്ങളുടെയും അവകാശങ്ങളും സംരക്ഷിക്കാൻ നീണ്ടുനിൽക്കുന്ന പോരാട്ടംതന്നെ വേണ്ടിവരും. സമൂഹത്തിന്റെ മുന്നണിപ്പോരാളികളായ തൊഴിലാളികൾ ആ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നാണ് രാഷ്ട്രം പ്രതീക്ഷിക്കുന്നത്. അതിനുള്ള പ്രതിജ്ഞ പുതുക്കാനുള്ള സുദിനമാണ് നാളത്തെ മേയ്ദിനം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.