20 January 2026, Tuesday

Related news

January 1, 2026
December 19, 2025
December 11, 2025
October 20, 2025
October 13, 2025
September 16, 2025
August 24, 2025
July 13, 2025
June 28, 2025
June 20, 2025

ലോകം ഉറ്റുനോക്കുന്ന ബക്കു കാലാവസ്ഥാ ഉച്ചകോടി

Janayugom Webdesk
November 9, 2024 5:00 am

കോൺഫറൻസ് ഓഫ് പാർട്ടീസ് 29 (സിഒപി 29) എന്നറിയപ്പെടുന്ന ഐക്യരാഷ്ട്ര സഭയുടെ പ്രതിവർഷ കാലാവസ്ഥാ വ്യതിയാന സമ്മേളനം നവംബർ 11 മുതൽ 22 വരെ അസർബെയ്ജാൻ തലസ്ഥാനമായ ബക്കുവിൽ നടക്കുകയാണ്. സമ്മേളന നഗരത്തിന്റെ തെരഞ്ഞെടുപ്പുമുതൽ കാലാവസ്ഥ വ്യതിയാന നിരാസകരിൽ പ്രമുഖനായ ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതുവരെയുള്ള നിരവധി പ്രാതികൂല്യങ്ങളുടെ പശ്ചാത്തലത്തിലാണ് സിഒപി 29 സമ്മേളിക്കുന്നത്. എന്നിരിക്കിലും ആഗോള താപനം വ്യവസായവല്‍ക്കരണത്തിന് മുമ്പുണ്ടായിരുന്നതിനെക്കാൾ 1.5 ഡിഗ്രി സെൽഷ്യസിൽ അധികരിക്കാതെ പരിമിതപ്പെടുത്തുക എന്ന കാലാവസ്ഥാ വ്യതിയാന സമ്മേളനങ്ങളുടെയും 2015 ലെ പാരിസ് ഉടമ്പടിയുടെയും പൊതുലക്ഷ്യം കൈവരിക്കാനാവുമെന്ന പ്രതീക്ഷ ഇപ്പോഴും ലോകജനത കൈവിട്ടിട്ടില്ല. ബക്കു സമ്മേളന സ്ഥലമായി തിരഞ്ഞെടുക്കപ്പെട്ടതിനെ വിമർശനാത്മകമായി വിലയിരുത്തുന്നവർ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത് ആ രാജ്യത്തിന്റെ സാമ്പത്തിക നിലനില്പിൽ പെട്രോളിയം ഇന്ധനങ്ങളുടെ മേലുള്ള അമിത ആശ്രിതത്വമാണ്. രാജ്യത്തിന്റെ കയറ്റുമതി വരുമാനത്തിന്റെ 90 ശതമാനവും പെട്രോളിയം ഉല്പന്നങ്ങളിൽ നിന്നുമാണ്. മാത്രമല്ല, ആ വ്യവസായത്തിന്റെ കുത്തക നിയന്ത്രണം ഭരണകുടുംബമായ ഇൽഹാം അലിയേവിന്റെയോ ആ കുടുംബവുമായി ഉറ്റബന്ധം പുലർത്തുന്നവരുടെയോ കൈകളിലാണ്. അലിയേവ് കുടുംബം സ്വേച്ഛാധിപത്യത്തിനും ജനാധിപത്യ അവകാശ നിഷേധങ്ങൾക്കും കുപ്രസിദ്ധമാണ്. രാഷ്ട്രങ്ങളുടെയും സർക്കാരുകളുടെയും തലവന്മാർ മുതൽ പരിസ്ഥിതി, കാലാവസ്ഥാ പ്രവർത്തകർ വരെ പതിനായിരങ്ങൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന കാലാവസ്ഥാ ഉച്ചകോടിയുടെ ജനാധിപത്യ സ്വഭാവത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും ബക്കുവിലെ രാഷ്ട്രീയ അന്തരീക്ഷം എങ്ങനെ സ്വാധീനിക്കുമെന്ന ഉത്കണ്ഠ ഏറെ പ്രസക്തമാണ്. ഉച്ചകോടിയെ സ്വാധീനിക്കാൻ ശ്രമിക്കുന്ന പരമ്പരാഗതവും കാലാവസ്ഥാ വ്യതിയാനത്തിന് ആക്കംകൂട്ടുന്നതുമായ ഊർജ ഇന്ധന കുത്തകകൾക്കും അവരുടെ സംരക്ഷകരായ സർക്കാരുകൾക്കും എതിരായ അഭിപ്രായ പ്രകടനങ്ങളും പ്രതിഷേധങ്ങളും ഈ വാർഷിക സമ്മേളനങ്ങളുടെ ചട്ടക്കൂടിൽ പതിവാണ്. അതാണ് സർക്കാരുകളുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്ന ബഹുജന ഇടപെടൽ. അതിനുള്ള അവസരങ്ങൾ നിഷേധിക്കപ്പെടുകയും പരിമിതപ്പെടുകയും ചെയ്യുമോ എന്ന ആശങ്ക നിലനിൽക്കുന്നു. 

യുഎസ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് കൈവരിച്ച വിജയം ആഗോളതാപനം പരിമിതപ്പെടുത്താനുള്ള പാരിസ് ഉടമ്പടിയിൽനിന്നും ഒരിക്കൽക്കൂടി യുഎസിന്റെ പിന്മാറ്റത്തിന് കാരണമായേക്കുമോ എന്ന ആശങ്കയ്ക്ക് വഴിവച്ചിട്ടുണ്ട്. 2020ൽ ട്രംപ് അധികാരത്തില്‍ നിന്നും പുറത്തായിട്ടും യുഎസിന്റെ ഫോസിൽ ഇന്ധന ഉല്പാദനം നിയന്ത്രിക്കുന്നതിന് പകരം 20 ശതമാനം വർധനവിന് വഴിവച്ചിരുന്നു. ഫോസിൽ ഇന്ധനങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താവായ യുഎസ്, ട്രംപ് ഭരണത്തിൽ അവയുടെ ഉപയോഗം ഇനിയും വർധിപ്പിക്കുന്നത് പാരിസ് ഉടമ്പടി ലക്ഷ്യങ്ങൾക്ക് ഭീഷണിയായി മാറിയേക്കാം. ലോകമാകെ കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികളുടെ നിഴലിലായിരിക്കെ യുഎസിന്റെ പിന്മാറ്റം ദുരന്ത നിവാരണ, പ്രതിരോധ പ്രവർത്തനങ്ങളെ എങ്ങനെ ബാധിക്കുമെന്നത് ഉച്ചകോടിയുടെ പ്രമുഖ ചിന്താവിഷയമാണ്. ആഗോള താപനം 1.5 ഡിഗ്രി സെൽഷ്യസിൽ പരിമിതപ്പെടുത്താൻ ആവശ്യമായ കാലാവസ്ഥാ നടപടികൾക്കുള്ള നിക്ഷേപം കണ്ടെത്തുക എന്നതായിരിക്കും ഉച്ചകോടി വിലപേശലുകളിൽ പ്രമുഖം. കാലാവസ്ഥാ വ്യതിയാനത്തിന്റെ കടുത്ത നഷ്ടങ്ങൾക്കും കെടുതികൾക്കും ഇരകളാകുന്ന ദ്വീപ് രാഷ്ട്രങ്ങൾക്കും അവികസിത രാഷ്ട്രങ്ങൾക്കും മതിയായ സഹായം എത്തിക്കുക ആഗോള ഉത്തരവാദിത്തമാണ്. അതോടൊപ്പം ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം ക്രമാനുഗതമായി അവസാനിപ്പിക്കുക, പുനരുപയോഗ്യ ഇന്ധനങ്ങളുടെ ഉപയോഗം വർധിപ്പിക്കുക, കാർബൺ ഇതര മീഥെയ്ന്‍ വിസർജ്യ പ്രശ്നങ്ങളെ നേരിടുക തുടങ്ങിയവയ്ക്ക് ആവശ്യമായ ദേശീയവും അന്തർദേശീയവുമായ നിക്ഷേപം കണ്ടെത്തുക തുടങ്ങിയ വെല്ലുവിളികൾക്കും ഉത്തരം കണ്ടെത്തേണ്ടതുണ്ട്. അതിൽ യുഎസ് അടക്കം വികസിത സമ്പദ്ഘടനകൾക്ക് നിർണായക പങ്കാണ് നിർവഹിക്കാനുള്ളത്. അത് എത്രത്തോളം ഏറ്റെടുക്കാൻ ആ രാഷ്ട്രങ്ങൾ സന്നദ്ധമാകും എന്നതിനെ ആശ്രയിച്ചായിരിക്കും പാരിസ് ഉടമ്പടി ലക്ഷ്യങ്ങളുടെ സാക്ഷാത്ക്കാരം. 

കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികൾ ഏതെങ്കിലും ഭൂപ്രദേശത്തായി ഒതുങ്ങിനിൽക്കുന്ന ഒന്നല്ലെന്ന് ലോകമെമ്പാടും മതിയായ മുന്നറിയിപ്പുകൾ കൂടാതെ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിദുരന്തങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. അതിന് വികസിതമെന്നോ വികസ്വരമെന്നോ അവികസിതമെന്നോ വ്യത്യാസമില്ല. സമ്പന്നരും ദരിദ്രരും ഒരുപോലെ അത്തരം കാലാവസ്ഥാ പ്രതിഭാസങ്ങളുടെ ഇരകളായി മാറുകയാണ്. ആഗോള തലത്തിൽ മനുഷ്യരാശി ഒറ്റക്കെട്ടായി പരിഹാരം കാണേണ്ട വെല്ലുവിളിയാണ് കാലാവസ്ഥാ വ്യതിയാനവും തത്ഫലമായുള്ള ആഗോള താപനവും ഉയർത്തുന്നത്. സാമ്പത്തിന്റെ അഭൂതപൂർവമായ കേന്ദ്രീകരണവും അതിന്റെ പൊതുനന്മ ലാക്കാക്കിയുള്ള വിനിയോഗവും നീതിപൂർവമായ വിതരണവും ഉറപ്പുവരുത്തിയാലേ ലോകത്തിനും മനുഷ്യരാശിക്കും അതിന്റെ നിലനില്പിന്റെ ചരിത്രത്തിലെ ഏറ്റവും കടുത്ത വെല്ലുവിളിയെ അതിജീവിക്കാനും മറികടക്കാനും കഴിയു. 

Kerala State - Students Savings Scheme

TOP NEWS

January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 19, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.