11 February 2026, Wednesday

Related news

February 11, 2026
February 10, 2026
February 8, 2026
February 7, 2026
February 7, 2026
February 7, 2026
February 6, 2026
February 6, 2026
February 5, 2026
February 4, 2026

ലോകം ഇനി പുത്തൂരിലേക്ക് ഒഴുകും: മന്ത്രി കെ രാജന്‍

Janayugom Webdesk
തൃശൂര്‍
October 20, 2025 10:05 pm

ഏഷ്യയിലെ തന്നെ വലിയ രണ്ടാമത്തെ സുവോളജിക്കല്‍ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നതോടെ ലോകമെമ്പാടുമുള്ള ജനങ്ങള്‍ ഇനി പുത്തൂരിലേക്കെത്തുമെന്ന് ഒല്ലൂര്‍ എംഎല്‍എയും റവന്യു മന്ത്രിയുമായ കെ രാജന്‍ പറഞ്ഞു. തൃശൂരിലെ കാഴ്ച ബംഗ്ലാവിലെ മൃഗങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങളോടെ പാര്‍ക്കാന്‍ ഒരിടം എന്നതായിരുന്നു ആദ്യഘട്ടത്തിലെ ആലോചന. പിന്നെ സ്ഥലം ലഭിച്ചു, സൗകര്യങ്ങള്‍ വന്നു, ഓസ്ട്രേലിയന്‍ സൂ ഡിസൈനറായിട്ടുള്ള ജോൺ കോ മനോഹരമായി ഡിസൈന്‍ ചെയ്തതോടെ മൂന്ന് ഘട്ടങ്ങളിലായാണ് സുവോളജിക്കല്‍ പാര്‍ക്ക് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നത്.

347 ഏക്കര്‍ ഭൂമിയില്‍ 300 ഏക്കര്‍ പൂര്‍ണമായും പാര്‍ക്കിനായാണ് മാറ്റിവച്ചിരിക്കുന്നത്. വിദേശത്ത് നിന്നുള്ള മ‍ൃഗങ്ങള്‍ക്കൊപ്പം കര്‍ണാടകത്തില്‍ നിന്നും 247 മൃഗങ്ങളും പക്ഷികളും തമിഴ്‌നാട്ടില്‍ നിന്നും പരസ്പര കൈമാറ്റത്തിലൂടെ നിരവധി മ‍ൃഗങ്ങളും പാര്‍ക്കിലെത്തും. ഇന്ത്യയില്‍ ആദ്യമായി സൂ രംഗത്ത് ഹോളോഗ്രാം പരീക്ഷണം നടത്തി ആദ്യ ഹോളോഗ്രാം സൂവും ഇവിടെ സജ്ജമാക്കുന്നുണ്ട്. 75 ഏക്കര്‍ ഭൂമിയില്‍ മാന്‍ സഫാരി, പെറ്റിങ് സൂ എന്നിവയുമുണ്ട്. 

28ന് മുഖ്യമന്ത്രി ഇത് നാടിന് സമര്‍പ്പിക്കുമ്പോള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് കിഫ്ബി നടത്തിയിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട സംഭാവനകളൊന്നായി മാറും. 371 കോടി രൂപയാണ് ഈ സുവോളജിക്കല്‍ പാര്‍ക്കും ഇതിനോട് ചേര്‍ന്നുള്ള റോഡുമുള്‍പ്പെടെ പുത്തൂരിനെ ആധുനിക വിധത്തിലുള്ള നഗരമാക്കി മാറ്റുന്നതിനായി ഇവിടെ ചെലവഴിക്കപ്പെട്ടിട്ടുള്ളത്. ഇതിലൂടെ അത്ഭുതകരമായ മാറ്റമായിരിക്കും തൃശൂരിന് തന്നെ ഉണ്ടാവുക. ലോകം തന്നെ ഇനി പുത്തൂരിലേക്ക് ഒഴുകും. ഒരു വര്‍ഷക്കാലത്തിനുള്ളില്‍ ഇവിടെ നട്ട നാല് ലക്ഷത്തോളം ചെടികള്‍ വന്‍ മരങ്ങളായി വളര്‍ന്നു കഴിഞ്ഞാല്‍ പൂര്‍ണമായും കാടിനകത്തുള്ള ആവാസവ്യവസ്ഥയായി ഇത് മാറും. ഏഴ് ലക്ഷം ലിറ്റര്‍ വെള്ളമാണ് സൂവില്‍ പ്രതിദിനം ആവശ്യമായി വരുന്നത്. അതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പാര്‍ക്കിനുള്ളില്‍ കിലോമീറ്ററുകളോളം ചുറ്റിനടന്ന് കാണേണ്ടതുണ്ട്. അതിനായി ടിക്കറ്റ് സെന്ററില്‍ നിന്നും ആരംഭിച്ച് എപ്പോഴും കറങ്ങിക്കൊണ്ടിരിക്കുന്ന ഇലക്ട്രിക് ബസുകള്‍ ഏര്‍പ്പെടുത്തും. ഉദ്ഘാടനത്തിനുശേഷം രണ്ടു മാസം ട്രയല്‍ റണ്ണായിരിക്കും. 2026 ജനുവരിയോടെ പാര്‍ക്കിലേക്ക് പ്രവേശനം അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.