22 December 2024, Sunday
KSFE Galaxy Chits Banner 2

അതിഥി തൊഴിലാളി ആവാസ് പദ്ധതിയിൽ അംഗങ്ങളായവർ അഞ്ചുലക്ഷം

ഷാജി ഇടപ്പള്ളി
കൊച്ചി
April 20, 2023 10:11 pm

സംസ്ഥാനത്ത് തൊഴിൽ ചെയ്യുന്ന അതിഥി തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നതിനായി സംസ്ഥാന തൊഴിൽ വകുപ്പ് നടപ്പാക്കുന്ന ‘ആവാസ്’ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 5,16,320 പേര്‍. പദ്ധതിയിൽ അംഗങ്ങളായവർക്ക് ചികിത്സക്കും മരണാനന്തര അനുകൂല്യവുമായി ഇതുവരെ വിതരണം ചെയ്തിട്ടുള്ളത് 1,22,98,583 രൂപയാണ്. വിവിധ ഭാഷകളിൽ സംസ്ഥാനത്തുടനീളം പരസ്യം നൽകിയും കരാറുകാരെയും ഏജൻസികളെയും മറ്റു എല്ലാവിധത്തിലുമുള്ള ഇടപെടൽ നടത്തിയിട്ടും പദ്ധതിയിൽ അംഗങ്ങളാകുന്നതിൽ അതിഥി തൊഴിലാളികൾ വിമുഖത കാണിക്കുകയാണ്.

പ്രതിവർഷം 15,000 രൂപയുടെ സൗജന്യ ചികിത്സ, അപകടമരണത്തിന് രണ്ടു ലക്ഷം രൂപയുടെ പരിരക്ഷ, ബയോമെട്രിക് കാർഡ് മുഖേന പണരഹിതമായി ആശുപത്രി സേവനങ്ങൾ തുടങ്ങിയവ പദ്ധതി പ്രകാരം ലഭിക്കും. സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിൽ നിന്നും ആവാസ് പദ്ധതിയിൽ എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിൽ നിന്നും പദ്ധതി പ്രകാരം ചികിത്സാ സഹായം ലഭിക്കും.

സംസ്ഥാനത്തെ മുഴുവൻ ഇതരസംസ്ഥാന തൊഴിലാളികളെയും പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള തീവ്രശ്രമത്തിലാണ് തൊഴിൽ വകുപ്പ്. 2017 ഡിസംബറിൽ പ്രാഥമിക ഘട്ട വിവരശേഖരണം പൂർത്തിയാക്കിയ ആരോഗ്യ ഇൻഷുറൻസ് സ്കീമിന്റെ പ്രവർത്തനം 2018 ജൂൺ ഒന്നിനാണ് ആരംഭിച്ചത്. 2013ൽ ശേഖരിച്ച ഔദ്യോഗിക കണക്കുകൾ പ്രകാരം മാത്രം ഏകദേശം 25 ലക്ഷം കുടിയേറ്റ തൊഴിലാളികൾ കേരളത്തിൽ ജോലി ചെയ്യുന്നുണ്ടെന്നാണ്, ഓരോ വർഷവും 2.35 ലക്ഷം പേർ കൂടി വർധിക്കുന്നതായും വിലയിരുത്തുന്നു. ആ നിലക്ക് ആവാസ് പദ്ധതിയിൽ അംഗങ്ങളായവരുടെ എണ്ണം വളരെ പരിമിതമാണ്.

ഏറ്റവും കൂടുതൽ പേർ അംഗങ്ങളായിട്ടുള്ളത് എറണാകുളം ജില്ലയിലാണ്. 1,15,053 പേർ ചേർന്നതിൽ 105038 പേർ പുരുഷന്മാരും 9,986 സ്ത്രീകളും നാലു ട്രാൻസ്ജെഡർമാരുമാണ്. തൊട്ടുപിന്നിൽ തിരുവനന്തപുരമാണ് ഇവിടെ 63,788 പേരും കോഴിക്കോട് 44,628 പേരുമാണ് ചേർന്നിട്ടുള്ളത്. ഏറ്റവും കുറവ് വയനാട് ജില്ലയിലാണ്. 11,839 പേർ മാത്രമാണ് അംഗമായിട്ടുള്ളത്. മറ്റു ജില്ലകളിൽ ആലപ്പുഴ (36,927 ), ഇടുക്കി (19,587), കണ്ണൂർ (28,874 ), കാസർഗോഡ് (15,858), കൊല്ലം (24,946), കോട്ടയം (34,251), മലപ്പുറം (29,856), പാലക്കാട് (24,694), പത്തനംതിട്ട (24,119), തൃശൂർ (41,900) പേരുമുൾപ്പെടെ 2023 ജനുവരി 31 വരെയുള്ള കാലയളവിൽ പദ്ധതിയുടെ ഗുണഭോക്താക്കളായി ചേർന്നിട്ടുള്ളത് 5,16,320 പേർ മാത്രമാണ്.

കാക്കനാട് സ്വദേശി രാജു വാഴക്കാലക്ക് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടതിന് തൊഴിൽ വകുപ്പ് നൽകിയ മറുപടിയിലാണ് ഇക്കാര്യം വിശദമാക്കിയിട്ടുള്ളത്. 374 പേർക്ക് ചികിത്സാ അനുകൂല്യമായി 50, 48,583 രൂപയും മരണാനന്തര അനുകൂല്യമായി 36 പേർക്കായി 72 ലക്ഷം രൂപയും അംഗപരിമിതിക്ക് 50, 000 രൂപയുമാണ് ഇതുവരെ പദ്ധതിയിൽ നിന്നും വിതരണം ചെയ്തിട്ടുള്ളത്.

Eng­lish Summary:There are five lakh mem­bers of guest work­er Awas scheme
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.