5 May 2024, Sunday

Related news

May 5, 2024
May 4, 2024
May 3, 2024
May 1, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 25, 2024

അതിഥി തൊഴിലാളികളെ ചേര്‍ത്തുനിര്‍ത്തി കേരളം; സുരക്ഷയ്ക്കായി വിനിയോഗിച്ചത് 1.2 കോടി

പി ആര്‍ റിസിയ 
തൃശൂര്‍
May 14, 2023 9:13 pm

കേരളത്തിലെ മികച്ച സാമൂഹികാന്തരീക്ഷവും ഉയർന്ന വേതനവും കണ്ട് കേരളത്തിലേക്കെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളെ ചേര്‍ത്തുനിര്‍ത്തി കേരളം. ഇവിടെ തൊഴിലെടുക്കുന്ന ഇതരസംസ്ഥാനക്കാരുടെ ആരോഗ്യ സുരക്ഷയ്ക്കും മരണാനന്തര സഹായത്തിനുമായി 1.2 കോടി രൂപയാണ് സര്‍ക്കാര്‍ വിനിയോഗിച്ചത്. കഴിഞ്ഞ ആറുവര്‍ഷത്തെ കണക്കാണിത്. ഇവര്‍ക്കായുള്ള ആരോഗ്യ സുരക്ഷാ പദ്ധതിയായ ആവാസിൽ അംഗമായ തൊഴിലാളികൾക്കാണ് സർക്കാരിന്റെ 1,22,98,583 രൂപ സഹായഹസ്തം ലഭിച്ചത്.
തൊഴിലാളികളുടെ രജിസ്ട്രേഷനും ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനുമായി സംസ്ഥാന സർക്കാർ 2017ല്‍ തുടക്കമിട്ട ആവാസ് പദ്ധതിയില്‍ ഇന്ന് 5,16,320 തൊഴിലാളികൾ ആണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവരില്‍ 374 പേർക്ക് ആരോഗ്യപരിരക്ഷയ്ക്കായി 50,48,583 രൂപയും ചെലവഴിച്ചതായി തൊഴിൽവകുപ്പിന്റെ രേഖകളില്‍ പറയുന്നു. അഞ്ച് ലക്ഷത്തില്‍പ്പരം ഇതരസംസ്ഥാന തൊഴിലാളികള്‍ അംഗങ്ങളായ പദ്ധതിയില്‍ ഇനിയും നിരവധി പേര്‍ ഉള്‍പ്പെട്ടിട്ടില്ല. ഏകദേശം 30 ലക്ഷത്തില്‍പരം ഇതരസംസ്ഥാന തൊഴിലാളികള്‍ കേരളത്തിലുണ്ടെന്നാണ് 2022ലെ സംസ്ഥാന ആസൂത്രണ ബോർഡിന്റെ കണക്ക്.
ആവാസിൽ രജിസ്റ്റർ ചെയ്ത തൊഴിലാളിക്ക് 25,000 രൂപയുടെ സൗജന്യ ചികിത്സയാണ് ലഭിക്കുന്നത്. അപകടത്തെ തുടർന്നുണ്ടാകുന്ന അംഗവൈകല്യത്തിന് ഒരു ലക്ഷം വരെയും അപകട മരണത്തിന് രണ്ടു ലക്ഷം രൂപയും പരിരക്ഷ ലഭിക്കും. കേരളത്തിലെ ഏതൊരു കുടിയേറ്റ തൊഴിലാളിക്കും പദ്ധതിയിൽ അംഗമാകാൻ സാധിക്കും. കണക്കനുസരിച്ച് എറണാകുളം ജില്ലയിലാണ് അന്യസംസ്ഥാന തൊഴിലാളികള്‍ കൂടുതല്‍. 9,986 സ്ത്രീകള്‍ ഉള്‍പ്പെടെ 1,15,053 പേരാണിവിടുള്ളത്.
തിരുവനന്തപുരം 63,788, കോഴിക്കോട് 44,628, തൃശൂർ 41,900, ആലപ്പുഴ 36,927, കോട്ടയം 34,524, മലപ്പുറം 29,856, കണ്ണൂർ 28,827, കൊല്ലം 24,946, പാലക്കാട് 24,694, പത്തനംതിട്ട 24,119, ഇടുക്കി 19,587, കാസർകോട് 15,858, വയനാട് 10410 എന്നിങ്ങനെയാണ് മറ്റുജില്ലയിലെ കണക്കുകള്‍. കേരളത്തിലെ തൊഴിലാളികളില്‍ കൂടുതലും പശ്ചിമ ബംഗാൾ, ആസാം, ഉത്തർ പ്രദേശ്, ബീഹാർ, ഒഡീഷ, ജാർഖണ്ഡ് മുതലായ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.

eng­lish summary;1.2 crores has been allo­cat­ed by Ker­ala for the secu­ri­ty of guest workers

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.